പേടി തോന്നുന്ന വള്ളപ്പാട്ട് വീട്; കൗതുകം മാറാതെ തിത്തിമിക്കുട്ടി
Mail This Article
അധ്യായം: ആറ്
ചോറുണ്ണാൻ വിളിച്ചതും തിത്തിമി അനുസരണക്കുട്ടിയായി മുത്തശ്ശിയുടെ അടുത്തു ചെന്നിരുന്നു. മീൻ വിളമ്പാൻ ചട്ടിയുമായി മുത്തശ്ശി അടുത്തേക്ക് വന്നതും തിത്തിമി ചട്ടിയിലേക്ക് തലനീട്ടി നോക്കി. ചട്ടിയിൽ കിടക്കുന്ന ഒരു മീൻ ചൂണ്ടി തിത്തിമി പറഞ്ഞു, 'മുത്തശ്ശി ആ തല എനിക്ക്.'
മുത്തശ്ശി ഒരു തലഭാഗം കൊടുത്തപ്പോ തിത്തിമി ശാഠ്യം പിടിച്ചു, 'മുത്തശ്ശീ ആ തലയല്ല, ദേ ചട്ടീടെ നടുക്കിരിക്കുന്ന തല.' മുത്തശ്ശി പറഞ്ഞു, 'അയ്യേ, ആരെങ്കിലും കേട്ടാൽ നാണക്കേടാ. പണ്ട് വള്ളപ്പാട്ട് വീട്ടി മീൻ വെളമ്പുമ്പം ബഹളം ഇവിടെ വരെ കേൾക്കാരുന്ന്.'
തിത്തിമി ചോദിച്ചു, 'പിന്നേ വള്ളപ്പാട്ട് വീട്ടി മീൻ വെളമ്പുന്നത് ഇവിടെ വരെ കേൾക്കാരുന്ന്. അതെങ്ങനെയാ?'
മുത്തശ്ശി പറഞ്ഞു, 'അന്ന് ഇന്നത്തെപ്പോലെ അടുത്തടുത്ത് വല്ലതും വീടുകളുണ്ടോ? ചാമ്പക്കടവിളയിൽ വരെ ഇവിടിരുന്നാ കാണാരുന്ന്. വള്ളപ്പാട്ട് വീട്ടിൽ എല്ലാരേം നിരത്തിയിരുത്തി ചോറ് വെളമ്പുമ്പം ആ മത്തീടെ തലയെനിക്ക്, ഈ മത്തീടെ തലയെനിക്ക് എന്നൊക്കെപ്പറഞ്ഞ് ബഹളം വയ്ക്കുന്നത് കേട്ട് നിങ്ങട മുത്തച്ഛൻ ഇവിടിരുന്ന് ചിരിക്കുവാരുന്ന്,' മുത്തശ്ശി പറഞ്ഞു.
വള്ളപ്പാട്ട് വീടെന്നു കേട്ടതും തിത്തിമിക്ക് ആകെപ്പാടെ കൗതുകമായി. എന്നാലോ ചെറിയൊരു പേടിയും തോന്നി. അതിന്റെ കാരണം എന്താണെന്നോ? പണ്ടൊരിക്കൽ മുത്തശ്ശി അവളോട് വള്ളപ്പാട്ട് വീട്ടിൽ നടന്ന കാര്യങ്ങൾ കഥ പോലെ പറഞ്ഞു കേൾപ്പിച്ചത് അവളുടെ മനസ്സിലൂടെ കടന്നുപോയി. മുത്തശ്ശി പറഞ്ഞു, 'അവിടെ എല്ലാ ദിവസവും രാവിലെ എണീറ്റ് നോക്കുമ്പം കൊറേ ഓട് പൊട്ടി തറയിൽ കിടക്കുന്നു. വീട്ടുകാർ എവിടെയെങ്കിലും പോയിട്ട് വന്ന് നോക്കുമ്പോഴും വേറെ കുറേ ഓട് പൊട്ടിക്കിടക്കുന്നു. ഇത് ചാത്തനേറ് തന്ന്യാ. വിവരമറിഞ്ഞ് വന്നവർ ഉറപ്പിച്ചു. എന്നാൽ കാര്യങ്ങൾ അവിടെ തീർന്നില്ല.'
'ഒരു ദിവസം ഉച്ചയ്ക്ക് എല്ലാവരും ചോറുണ്ണാനിരുന്നു. ചോറുകലം തുറന്നുനോക്കുമ്പം കലത്തിലാകെ മണ്ണെണ്ണ. ചോറിലാരോ മണ്ണെണ്ണ ഒഴിച്ചിരിക്കുന്നു. അങ്ങനെ പല ദിവസങ്ങളിലും അവർ ഉണ്ണാനാവാതെ എഴുന്നേറ്റ് പോയി. ചാത്തൻ ഒപ്പിച്ച പണിയാണതെന്ന് ചോറിൽ മണ്ണെണ്ണ കണ്ടപ്പോഴേ ആളുകൾ അടക്കം പറഞ്ഞു.'
'ഒരു ദിവസം നാട്ടുകാർ തേങ്ങയിടാൻ വരുന്ന നാരായണൻ മൂപ്പരെ രാത്രി മുഴുവൻ തെങ്ങിന്റെ മണ്ടയ്ക്കു തന്നെയിരുത്തിക്കളഞ്ഞു. എന്നിട്ട് വിവരം രഹസ്യമാക്കിവച്ചു, നേരം ഇരുട്ടിയതും വീടിന്റെ ഓട് പൊട്ടിക്കുന്ന ചാത്തനെ കാണാൻ നാരായണൻ മൂപ്പര് ഉറങ്ങാതെ തെങ്ങിന്റെ മണ്ടേൽ ഇരിപ്പായി. വള്ളപ്പാട്ട് വീട്ടിലെ രാമഭദ്രന്റെ മോനൊണ്ട് വീടിനു പുറത്തിറങ്ങി ആരും കാണുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം സ്വന്തം വീടിന്റെ ഓട് കല്ലെറിഞ്ഞ് പൊട്ടിക്കുന്നത് നാരായണൻ മൂപ്പര് കണ്ടു.'
'അപ്പോ ചോറ്റുകലത്തി മണ്ണെണ്ണ കണ്ടതോ?' തിത്തിമി ചോദിച്ചു. 'അതും ആ പയ്യന്റെ പണിയായിരുന്നെന്ന് ആരൊക്കെയോ മാറി നിന്ന് അവരുടെ വീട് നോക്കിയപ്പം കണ്ടു.' മുത്തശ്ശി പറഞ്ഞു. 'എന്തിനാരുന്നു മുത്തശ്ശീ ആ ചേട്ടൻ ഇങ്ങന ചെയ്തത്?' തിത്തിമിക്ക് അതാണിപ്പം അറിയേണ്ടത്. 'എന്തോ അവന്റെ പ്രായത്തിൽ അവനങ്ങനെയങ്ങ് തോന്നി. അവന്റെ മനസ്സിന് എന്തോ ഒരു വയ്യാഴ്ക തോന്നിയതാവാം. പിന്നെ വലുതായപ്പോ അവൻ നല്ല മിടുക്കനായി. ആളേ ആകെ മാറി." മുത്തശ്ശി പറഞ്ഞു.
എല്ലാം പറഞ്ഞുകഴിഞ്ഞ് ദീർഘനിശ്വാസത്തോടെ മുത്തശ്ശി പറഞ്ഞു, 'അല്ലാതെ അവിടെങ്ങും വന്നത് ചാത്തനുമല്ല, കുട്ടിച്ചാത്തനുമല്ല. മനുഷ്യനൊപ്പിക്കുന്ന എടങ്ങേറിന് കുട്ടിച്ചാത്തനെ പറയുന്നതെന്തിനാ. ഇന്ന് വള്ളപ്പാട്ട് വീടിനു മുന്നിലൂടെ എത്ര തിരക്കിട്ട് പോയാലും ആരോ ഓട് എറിഞ്ഞ് പൊട്ടിക്കുന്നതായും അടുക്കളയിൽ ചോറ് കലത്തിൽ ആരോ മണ്ണെണ്ണയൊഴിക്കുന്നതായുമൊക്കെ തിത്തിമിക്ക് തോന്നും.
(തുടരും)