ബിഎ മലയാളം തോറ്റ അലസ കവി; സിനിമയിൽ പാട്ടെഴുതാൻ തുടങ്ങിയപ്പോൾ ആളുകൾ തിരിച്ചറിഞ്ഞു
Mail This Article
കവികൾ എത്രതരം? ഉത്തരമില്ലാത്ത ചോദ്യങ്ങളിൽ ഒന്നാണത്. വായനയിൽ വിടരുന്ന ഒരേ കവിതയ്ക്ക് പല ഭാവങ്ങൾ ഉണ്ടാകുമല്ലോ. ക്യാന്‍സര്‍ വാര്‍ഡ്, കോട്ടയം ക്രിസ്തു, ആ ഉമ്മകൾക്കൊപ്പമല്ലാതെ എന്നീ കവിതാസമാഹാരങ്ങൾ അജീഷ് ദാസന്റേതായുണ്ട്. ദേശീയമൃഗം, കാന്‍സര്‍ വാര്‍ഡ്, തര്‍ജ്ജമ, ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ വിചാരണ, മരിച്ച വീട്ടിലെ പാട്ട്, ശവപ്പെട്ടി മാര്‍ച്ച് തുടങ്ങിയ കവിതകൾ സഹൃദയർക്കിടയിൽ ചർച്ചയ്ക്കു വഴി തെളിച്ചിരുന്നു. മനോരമ ഓൺലൈൻ പരിപാടി 'വരിയോര'ത്തിൽ അജീഷ് ദാസൻ സംസാരിക്കുന്നു.
മരിക്കുന്നതു വരെ കവിത എഴുതണം
ഞാൻ അമ്മൂമ്മയുടെ കൂടെയാണ് ജീവിച്ചിരുന്നത്. അമ്മൂമ്മ എപ്പോഴും ഹരിനാമകീർത്തനം പാടി തരും. കുമാരനാശാന്റെ കൃതികള്‍ വായിപ്പിക്കും. എല്ലാ ദിവസവും ഇതിങ്ങനെ കേട്ടുകൊണ്ടോയിരിക്കുകയല്ലേ. അതിന്റെ ഗുണം ഉണ്ടാകുമല്ലോ. കൗമാരകാലമായപ്പോൾ അടുത്തുള്ള ലൈബ്രറിയിൽ പോയി വായന തുടങ്ങി. കോളേജിൽ പഠിക്കുമ്പോൾ അറിയാതെ എഴുതാൻ തുടങ്ങി.
അങ്ങനെ കവിയായി. എനിക്ക് ഇഷ്ടമാണ് കവിത എഴുതാൻ. കവിയായി ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ എത്രത്തോളം അത് നടന്നു എന്നെനിക്കറിയില്ല. ഞാൻ വളരെ കുറച്ചു കവിതകൾ എഴുതിയിട്ടുള്ള ഒരാളാണ്. മരിക്കുന്നതു വരെ കവിത എഴുതണം എന്നാണ് എന്റെ ആഗ്രഹം.
സിനിമയിൽ പാട്ടെഴുതാൻ തുടങ്ങിയപ്പോൾ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. കവി മാത്രമായിരുന്നപ്പോൾ എനിക്കു ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കവിതയ്ക്കു പറ്റിയ സമൂഹം
കവിതയ്ക്ക് പറ്റിയ സമൂഹമാണിത്. നമ്മുടെ കവിതകൾ ആഴമുള്ളതാണല്ലോ. സമൂഹം ആവശ്യപ്പെടുന്നില്ല എങ്കിൽ നല്ല കവിതകൾ ഉണ്ടാകില്ലല്ലോ. കുമാരനാശാനും ഉളളൂരുമൊക്കെ കവിതകൾ എഴുതുന്ന കാലത്ത് നമ്മുടെ സാക്ഷരത ചിലപ്പോൾ 30 ശതമാനം പോലും ഉണ്ടായിരുന്നില്ല. ആ കവിതകളുടെ വ്യാപ്തി മനസിലാക്കാനാകുന്ന സമൂഹമൊന്നുമല്ല ഉണ്ടായിരുന്നത് എന്ന് കരുത്താമല്ലോ. എന്നിട്ടും ആ കവിതകളൊക്കെ കാലാതിവർത്തിയായില്ലേ.
അലസ കവിയാണ് ഞാൻ
ഒന്നിനോടും ഇപ്പോൾ താൽപര്യമില്ലാത്തൊരു സമയമാണ്. കുറച്ചു പാട്ടെഴുതുന്നുണ്ട്. അത്രേയുള്ളൂ. പേന പോലും ഞാൻ ഉപയോഗിക്കാറില്ല. ഒന്നും രണ്ടും മൂന്നും വർഷമൊക്കെ ഞാൻ ഇങ്ങനെ അലഞ്ഞു നടക്കും. കവിത മനസ്സിൽ പോലും ഉണ്ടാവില്ല. പക്ഷേ ഒരു ദിവസം ഞാൻ എഴുതാനിരിക്കും. ചിലപ്പോൾ ആ ഒരു മാസം മുഴുവൻ എനിക്ക് ഭ്രാന്തായിരിക്കും.
ആ ഒരു മാസം കൊണ്ട് ഞാൻ 100 മുതൽ 150 കവിതകളെഴുതും. പേനയും പേപ്പറും ഉണ്ടാകും. ഊണിലും ഉറക്കത്തിലും കവിതകൾ. പുലർച്ചെ വരെ ഇരുന്നെഴുതും. അതുകഴിഞ്ഞാൽ ഞാൻ ഉപേക്ഷിച്ചു. പിന്നെ ഒരിക്കലും വരല്ലേ എന്നു പറഞ്ഞ് കവിതകളെ ചവിട്ടി പുറത്താക്കും. പക്ഷേ അത് വീണ്ടും തേടി വരും.
ബി എ മലയാളം തോറ്റ കവിയാണ് ഞാൻ
പറയത്തക്ക കഴിവുള്ള ഒരാളല്ല ഞാൻ. ചട്ടക്കൂടുകൾ ഉള്ള തൊഴിൽ ചെയ്യാൻ പറ്റില്ല. കാര്യമായൊന്നും പഠിച്ചിട്ടില്ല. ബി എ മലയാളം തോറ്റ മലയാളം കവിയാണു ഞാൻ. പക്ഷേ എന്റെ കവിത എം.എ.യ്ക്കു എംജി. യൂണിവേഴ്സിറ്റിയിൽ പഠിക്കാനുണ്ട്. എന്റെ ജീവിതം ഒരു ശരിയല്ല. എനിക്കെപ്പോഴും സങ്കടമാണത്. എനിക്ക് ഒന്നുമറിയില്ല. എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല. പാട്ടു പാടാനറിയില്ല. ഞാൻ നല്ലൊരു കുടുംബനാഥൻ പോലുമല്ല. ഒരു മടിയൻ. എഴുതാൻ മാത്രമേ അറിയൂ.