ഒന്നര മണിക്കൂറിൽ കീഴ്മേൽ മറിയുന്ന ലോകം; ക്രോണിക്കിൾ തുറക്കുന്നത് മനസ്സുകളുടെ പൂട്ട്
Mail This Article
കഥ പറയുന്ന രീതിയിലൂടെയാണ് സഹറു നുസൈബ കണ്ണനാരി എഴുതിയ ഇംഗ്ലിഷ് നോവൽ ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ് വായനക്കാരുടെ മനസ്സ് കീഴടക്കുന്നത്. മലപ്പുറം അരീക്കോടിന് സമീപം ചാലിയാർ പുഴയുടെ തീരത്തുള്ള ‘വൈഗ’ എന്ന സാങ്കൽപിക ദേശത്ത് ഒന്നര മണിക്കൂറിനുള്ളിൽ നടക്കുന്ന ഒരു സംഭവമാണ് നോവലിന്റെ കേന്ദ്രബിന്ദു. പക്ഷേ, സമകാലീന ഇന്ത്യയിൽ എവിടെയും ഏതുനിമിഷവും സംഭവിക്കാൻ സാധ്യതയുള്ളൊരു സംഭവമാണ് 200 പേജുള്ള നോവലിലൂടെ സഹറു വരച്ചിടുന്നത്. ഇരകളും വേട്ടക്കാരും കാഴ്ചക്കാരുമെല്ലാം അവരുടെ കഥ അവരവരുടെ വീക്ഷണകോണിൽ അവതരിപ്പിക്കുന്ന രീതിയാണ് സഹറു അവലംബിച്ചിരിക്കുന്നത്.
അവസാനപുറവും വായിച്ചുകഴിയുമ്പോൾ വായനക്കാർക്ക് അവരുടേതായ നിഗമനങ്ങളിലേക്ക് എത്തിച്ചേരാവുന്ന സ്വാതന്ത്ര്യമാണ് എഴുത്തുകാരൻ നൽകിയിരിക്കുന്നത്. നബീസുമ്മ, റെയ്ഹാന, ഇമാം ഷാനവാസ്, അഷ്റഫ്, അഹമ്മദ്, പാത്തുമ്മ, ജൂൺ, ഹക്കീം, ചിന്നൻ, ഷഹീദ്, ഇമ്രാൻ, ഫവാസ്, നജീബ് മാഷ്, ഫണ്ണി, ദീപു തുടങ്ങിയ കഥാപാത്രങ്ങളുടെ വാക്കുകളിലൂടെയാണ് നോവലിന്റെ ഇതിവൃത്തം ചുരുൾനിവരുന്നത്. ഇവരുടെ പേരുകളിൽ തന്നെയാണ് ഓരോ അധ്യായങ്ങളും. ഈ കഥാപാത്രങ്ങളുടെ ആത്മഭാഷണങ്ങളാണ് നോവലിന്റെ കാതൽ.
നന്മയുടെയും തിന്മയുടെയും പക്ഷം എഴുത്തുകാരൻ പിടിക്കുന്നില്ല. കഥാപാത്രങ്ങളുടെ മാനസികവിചാരങ്ങളെ അങ്ങേയറ്റം സ്വതന്ത്രമായി വിടുകയാണ്. ആ സത്യസന്ധത വായനക്കാരുടെയുള്ളിൽ തൊടുന്നുണ്ട്. നമ്മുടെയൊക്കെ മനസ്സുകളുടെ അടച്ചുപൂട്ടിയിരിക്കുന്ന ഉള്ളറകളിലെ നല്ലതും കെട്ടതുമായ കാഴ്ചകളിലേക്കാണ് സഹറു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. അതു നമ്മെ അസ്വസ്ഥമാക്കുമെന്നത് തീർച്ച. സഹറു സംസാരിക്കുന്നു:
∙മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരിയിലെ ജീവിതം എങ്ങനെയൊക്കെ സഹറുവിലെ എഴുത്തുകാരനെ രൂപപ്പെടുത്തി?
എന്റെ നാടിന് കേരളത്തിലെ മറ്റേതൊരു പ്രദേശത്തിൽ നിന്നും വിഭിന്നമായ ഒരു അസ്തിത്വമില്ല. മനുഷ്യാവസ്ഥ ജില്ലകൾ തോറും, അല്ലെങ്കിൽ പഞ്ചായത്തുകൾ തോറും മാറുന്ന ഒന്നല്ല. മലപ്പുറത്ത് പ്രത്യേകമായി ഒരു സദാചാര ധാരാളിത്തം ഇല്ല.
∙പ്രകൃതിയിലെ മാറ്റങ്ങളെ നോവലിൽ മനുഷ്യവികാരങ്ങളോട് സഹറു കൃത്യമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കാത്ത മഴയും കലങ്ങിയൊഴുകുന്ന നദിയും കാറ്റിൽ നിലംപതിക്കുന്ന മരങ്ങളും ഇടിമിന്നലുമെല്ലാം നോവലിലെ മനുഷ്യരുടെ വികാരവിചാരങ്ങളുമായി ആണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് ആ നാട്ടിൽ വ്യാപിക്കുന്ന ഇരുട്ടും അവിടുത്തെ മനുഷ്യമനസുകളിൽ കൂടിയാണല്ലോ കാളിമ പരത്തുന്നത്. പ്രകൃതി തന്നെ കൃത്യമായ ഒരു കഥാപാത്രമായി മാറുകയാണ് നോവലിൽ. അതേപ്പറ്റി പറയാമോ?
മഴ തിരഞ്ഞെടുക്കാൻ പല കാരണങ്ങളുണ്ട്. ഒന്ന്: കേരളത്തിന്റെ ഏറ്റവും പരിചിതമായിട്ടുള്ള കാലാവസ്ഥയാണ് മഴ. രണ്ട്: കഥ അത്യന്തം നാടകീയമാണെന്നുള്ളത് ഒരു സമാനമായ നാടകീയതയുള്ള കാലാവസ്ഥയെയും നിർബന്ധിതമാക്കി. മൂന്ന്: മഴ കാൽപനികതകൾക്കപ്പുറം പാവപ്പെട്ടവരുടെ ജീവിതത്തിൽ ദുരിതകാലമാണ്. തോരാമഴ എനിക്ക് നബീസുമ്മയുടെ തോരാദുരിതത്തിന്റെ ഉപമയായിരുന്നു എന്നു പറയാം. തീർച്ചയായും കൊടുംമഴയ്ക്കൊരു ബിബ്ലിക്കൽ ആയിട്ടുള്ള ഒരു ക്വാളിറ്റി കൂടിയുണ്ട്. ആ അർഥത്തിൽ കഥയിൽ വരാനിരിക്കുന്ന ഒരു ദുരന്തത്തിന്റെ പ്രതീതി നൽകാനും ഞാൻ മഴയെ ഉപയോഗിച്ചു.
∙കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലെ നാട്ടുഭാഷ ഇംഗ്ലിഷിൽ എഴുതിയപ്പോൾ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകൾ എന്തായിരുന്നു?
ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. നേർവിപരീതമാണ് ശരി. ഇംഗ്ലിഷ് എനിക്ക് നൽകിയ സ്വാതന്ത്ര്യം മലയാളത്തിൽ എനിക്ക് ലഭിക്കുമായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.
∙വിവിധ കഥാപാത്രങ്ങളിലൂടെ കഥ പറഞ്ഞ് പോകാൻ തീരുമാനിച്ചത് എന്തുകൊണ്ടായിരുന്നു?
അതിനുകാരണം കുറഞ്ഞ പേജുകളിൽ എനിക്ക് ഒരു നാടിനെ പുസ്തകരൂപത്തിൽ ആക്കാനുള്ള ആഗ്രഹത്തിൽ നിന്നു വന്നതാണ്. വില്യം ഫോക്നർ എഴുതിയ As I lay Dying എന്ന പുസ്തകത്തിൽ ഒരു കുടുംബത്തിനെയും ചുറ്റുമുള്ളവരെയും വരച്ചിടുന്നതുപോലെ. ഫോക്നറിന്റെ ഈ പുസ്തകം ഘടനാപരമായി എന്റെ നോവലിനെ സ്വാധീനിച്ചിട്ടുണ്ട്.
∙പൊളിറ്റിക്കൽ ആയ ഒട്ടേറെ പ്രമേയങ്ങൾ നമ്മുടെ സമകാലീന എഴുത്തിൽ ഇപ്പോൾ കടന്നുവരുന്നുണ്ട്. സഹറുവിന്റെ നോവലിൽ പക്ഷേ, അതൊട്ടും ഉച്ചത്തിലല്ല ഉപയോഗിച്ചിരിക്കുന്നത്. വളരെ അത്യാവശ്യമായി പറയേണ്ട സന്ദർഭങ്ങളിൽ മാത്രം കഥാഗതിക്കുള്ളിൽ ചേർന്ന് നിശ്ശബ്ദമായി പറഞ്ഞുപോകുകയാണ്. അത്തരം ശൈലി തിരഞ്ഞെടുത്തതിന്റെ കാരണം?
എഴുത്തിലെ പൊളിറ്റിക്കൽ കറക്ട്നെസ് ഇപ്പോൾ പ്രയോജനവാദത്തിലേക്കും സാഹിത്യഗുണ നഷ്ടത്തിലേക്കും വന്നിരിക്കുന്നുവെന്ന് തോന്നുന്നു. ഒരു സാഹിത്യരചനയ്ക്ക് രചയിതാവിനേക്കാളും ബുദ്ധിയും സഹിഷ്ണുതയും സങ്കീർണതയും നൽകുക എന്നുള്ള സാഹിത്യധർമം പൊളിറ്റിക്കൽ കറക്ടനെസ് നഷ്ടപ്പെടുത്തും എന്നാണ് എന്റെ അഭിപ്രായം. നിഘണ്ടുവിലുള്ള ഒരു വാക്കും നിരോധിക്കപ്പെടരുത്, അത് സാഹിത്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒരാളും ക്രൂശിക്കപ്പെടരുത് എന്നാണ് എനിക്ക് പറയാനുള്ളത്. സമൂഹത്തിലുള്ള ഏതു ജീവിതവും സാഹിത്യവിഷയമാണ്. നമുക്ക് ഇഷ്ടമില്ലാത്തവരെ വിശ്വസനീയമായി ആ വ്യക്തിയുടെ ഭാഷയിലും പ്രവൃത്തികളിലും വിശദീകരിക്കുക എന്നുള്ളത് വളരെ അടിസ്ഥാനപരമായ ഒരു സാഹിത്യഗുണമാണ്. പൊളിറ്റിക്കൽ കറക്ട്നെസ് പലപ്പോഴും രചയിതാവിന്റെ ധാർമിക പരിമിതികളിൽ ഒതുങ്ങുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ കലാശിക്കുന്നു. നോവലെഴുത്ത് എന്നുള്ളത് പണ്ട് കാലത്തുണ്ടായിരുന്ന ദൈവനിന്ദയുടെ ഒരു ആധുനികരൂപമായിട്ടാണ് ഞാൻ കാണുന്നത്. പക്ഷേ, ദൈവത്തിനു പകരം ഒരു നോവലിസ്റ്റ് മനുഷ്യനെയാണ് നിന്ദിക്കുന്നത്, പരിഹസിക്കുന്നത്, വിചാരണ ചെയ്യുന്നത്.
മനുഷ്യൻ വിശുദ്ധനല്ല. മനുഷ്യനെക്കുറിച്ചുള്ള കഥകളും വിശുദ്ധമായിരിക്കില്ല. കൂടുതൽ വ്യക്തമായിട്ട് പറഞ്ഞാൽ നല്ല സാഹിത്യം സന്ദേശത്തെ ചെറുക്കും എന്നതാണ് എന്റെ സാഹിത്യ വീക്ഷണം. ‘Great cases make bad laws' എന്ന് അമേരിക്കൻ ജഡ്ജി ഒലിവർ വെൻഡെൽ ഹോംസ് ജൂനിയർ പറഞ്ഞതു പോലെ Great Novels make bad laws എന്ന് ഞാൻ പറയും. സാഹിത്യം മനുഷ്യാവസ്ഥയെ ആണ് വർണിക്കുന്നത്. അതിന് കഥയുടെയും കഥാപാത്രത്തിന്റെയും സത്യത്തിൽ വർണിക്കേണ്ടി വരും. സത്യം നല്ലതോ ചീത്തയോ അല്ല. സത്യം സത്യമാണ്. സത്യം പുരോഗമനവാദിയെയും യാഥാസ്ഥിതികവാദിയെയും ഒരേപോലെ നിരാശപ്പെടുത്തും.
∙സഹറുവിന്റെ കുടുംബം?
മലപ്പുറം അരീക്കോട്ടുകാരനാണ്. ഉപ്പ ഖാദർ കെ. തേഞ്ഞിപ്പാലം, രാഷ്ട്രീയക്കാരനായിരുന്നു. ഉമ്മ നുസൈബ ബീവി. സൈഫുദ്ദീനും സിറാജുദ്ദീനും സഹോദരങ്ങൾ. അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ജെഎൻയുവിൽ നിന്ന് അതേവിഷയത്തിൽ ബിരുദാനന്തരബിരുദവും.