ക്രോസ്‌വേഡ് പുരസ്കാരം നേടി സഹറു; ആൺകൂട്ടത്തെ ഭ്രാന്ത് പിടിപ്പിക്കുന്ന ക്രോണിക്കിളിലെ കരുത്തരായ സ്ത്രീകൾ
Mail This Article
ആദ്യ നോവൽ കൊണ്ടു തന്നെ പുരസ്‌കാരനിറവിലാണ് സഹറു നുസൈബ കണ്ണനാരി. തന്റെ ആദ്യ ഇംഗ്ലിഷ് നോവൽ ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ 2024ലെ ജെസിബി പുരസ്കാരത്തിന്റെ ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയ സന്തോഷത്തിൽ നിൽക്കുന്ന സഹറുവിന് ഇരട്ടി മധുരമായി ക്രോസ്‌വേഡ് പുരസ്‌കാരവിജയം. മലപ്പുറം അരീക്കോടിന് സമീപം ചാലിയാർ പുഴയുടെ തീരത്തുള്ള ‘വൈഗ’ എന്ന സാങ്കൽപിക ദേശത്ത് ഒന്നര മണിക്കൂറിനുള്ളിൽ നടക്കുന്ന ഒരു സംഭവമാണ് ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ നോവലിന്റെ കേന്ദ്രബിന്ദു. സഹറു നുസൈബ കണ്ണനാരിയുമായി അജീഷ് മുരളീധരൻ നടത്തിയ ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം.
ആൺകോയ്മ പ്രവർത്തിക്കുന്ന വിചിത്രവഴികളും അതിനെ ചെറുത്തു നിൽക്കുന്ന കരുത്തുറ്റ സ്ത്രീകളുമാണ് സഹറു നുസൈബ കണ്ണനാരി എഴുതിയ ഇംഗ്ലിഷ് നോവൽ ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫിന്റെ പ്രമേയം. വ്യവസ്ഥയിൽ ചലിച്ചുകൊണ്ടിരുന്ന ഒരു ഗ്രാമം നിമിഷങ്ങൾക്കുള്ളിൽ അവ്യവസ്ഥയിലേക്കും സമ്പൂർണ അരാജകത്വത്തിലേക്കും പതിക്കുകയാണ്. ആൺ–പെൺ ബന്ധത്തിലെ ചില നിഗൂഢ ഇടങ്ങളുടെ രൂപീകരണവും അതിലൂടെ ആണധികാരത്തിന് സംഭവിക്കുന്ന ഇടർച്ചയുമാണ് അതിനു കാരണമാകുന്നത്. സമൂഹനിയമങ്ങളോടു ചേർന്നു ജീവിക്കുമ്പോൾ തന്നെ തങ്ങളുടെ ജീവിതത്തിലെ പുരുഷൻമാരോടു നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്നവരാണ് സഹറുവിന്റെ സ്ത്രീകൾ. അസാമാന്യ സ്വാതന്ത്ര്യബോധമുള്ളവരും ജീവിതത്തിൽ സത്യസന്ധരുമാണവർ. നബീസുമ്മ, റെയ്ഹാന, പാത്തുമ്മ, ജൂൺ, പഞ്ചമി തുടങ്ങിയവരെല്ലാം തന്നെ തങ്ങളുടേതായ രീതിയിൽ ആൺലോകത്തെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്നുണ്ട്. അതിലവർ വിജയിക്കുന്നുവെന്നു പറയാനാകില്ലെങ്കിലും ആ ശ്രമം പോലും രോമാഞ്ചമുണ്ടാക്കുന്ന തരത്തിലാണ് സഹറു അവതരിപ്പിച്ചിരിക്കുന്നത്. സഹറു സംസാരിക്കുന്നു:
∙ 'അയാൾ എനിക്ക് 5 മക്കളെ നൽകി, പിന്നീട് വിശ്രമിച്ചു. സൃഷ്ടിക്ക് ശേഷം ദൈവം വിശ്രമിച്ച പോലെ'. നോവൽ തുടങ്ങുന്ന ആ വാചകം വളരെ സ്പർശിച്ചു. പ്രത്യേകിച്ചും 'വിശ്രമിച്ചു' എന്ന വാക്ക്. കാരണം അത് ദൈവത്തിനും പുരുഷനും മാത്രമുള്ള പ്രിവിലേജ് ആണല്ലോ. 5 മക്കളുടെ അമ്മ നബീസുമ്മ പിന്നീടൊരിക്കലും വിശ്രമിക്കുന്നതേയില്ല. അവരെ വളർത്തി വലുതാക്കിയ ശേഷവും വീടു പുലർത്തുന്നത് നബീസുമ്മ തന്നെയാണ്. 5 ആൺമക്കളും ഭർത്താവും വിശ്രമം തുടരുകയാണ്. നോവലിന്റെ നെടുംതൂൺ ആയ നബീസുമ്മയെ രൂപപ്പെടുത്തിയത് എങ്ങനെയാണ്?
നോവലിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് നബീസുമ്മ എന്നു പറയാം. അവരെ രൂപപ്പെടുത്തിയത് എങ്ങനെയെന്ന് എനിക്ക് അറിയില്ല. അവരുടെ രൂപത്തെക്കുറിച്ചും എനിക്ക് ഈ പുസ്തകം വായിച്ച ഒരാളേക്കാളും ധാരണയുണ്ടെന്ന് തോന്നുന്നില്ല. അതിനു കാരണം നോവൽ കുറച്ചു മുൻപ് എഴുതിയതാണ്. എഡിറ്റിങ് കഴിഞ്ഞതിനു ശേഷം ഞാൻ പുസ്തകം വായിച്ചിട്ടില്ല. പക്ഷേ, പറഞ്ഞത് ശരിയാണ്. ഞാനെന്റെ ഉമ്മച്ചി വളരെ അപൂർവമായി മാത്രമെ ഉറങ്ങുന്നത് കണ്ടിട്ടുള്ളു. എല്ലാവർക്കും ശേഷം ഉറങ്ങി, എല്ലാവർക്കും മുൻപേ എണീക്കുന്നവരാണ് നമ്മുടെയൊക്കെ അമ്മമാർ. അമ്മ എപ്പോഴും സേവനവ്യാപൃതയായിരിക്കണം എന്നാണ് നമ്മുടെ കുടുംബ വ്യവസ്ഥിതി കൽപിക്കുന്നത്. അതുകൊണ്ടാണ് നബീസുമ്മ തനിക്ക് ഒരുദിവസം രോഗിയാകാനുള്ള സ്വാതന്ത്ര്യം പോലുമില്ല എന്നു പറയുന്നത്. നമ്മളൊക്കെ അമ്മമാരുടെ ജീർണതയിലാണ് പൂക്കളായി വിടരുന്നത് എന്നു തോന്നുന്നു. ആ അർഥത്തിൽ സ്വന്തം വിശുദ്ധിയാൽ മരണപ്പെടുന്ന ചില നദികളെപ്പോലെയാണ് അമ്മയുടെ അമാനുഷികവൽക്കരണം എന്നും തോന്നുന്നു.
∙സഹറു നോവലിൽ അവതരിപ്പിച്ചിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളെല്ലാവരും തന്നെ അസാമാന്യ ധൈര്യവും വ്യക്തിത്വവും ഉള്ളവരാണ്. സ്വാതന്ത്ര്യബോധത്തിന്റെ ഏറ്റവും തീക്ഷ്ണമായ ചിന്തകളിലൂടെയാണ് അഞ്ച് മുതിർന്ന മക്കളുടെ അമ്മയും തീർത്തും സാധാരണക്കാരിയുമായ നബീസുമ്മ പോലും കടന്നുപോകുന്നത്. റെയ്ഹാന, ജൂൺ, പഞ്ചമി തുടങ്ങിയവരെല്ലാം തന്നെയും ശക്തമായ സ്വയംബോധത്താൽ ശാക്തീകരിക്കപ്പെട്ട ജീവിതം നയിക്കുന്നവരുമാണ്. എങ്ങനെയാണ് ഈ സ്ത്രീകളെ, അവരുടെ ജീവിതത്തെ കണ്ടെടുത്തത്?
ഞാൻ ഈ സ്ത്രീ കഥാപാത്രങ്ങളെ ഉച്ചത്തിൽ, സത്യസന്ധമായി സംസാരിപ്പിക്കാൻ ശ്രമിച്ചു എന്നു പറയാം. ഇവരെല്ലാം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ട്, പക്ഷേ, അതൊരിക്കലും ലഭ്യമാകില്ല എന്ന അവബോധം ഉള്ളതുകൊണ്ടു തന്നെ അവർ അവരുടെ അവസ്ഥയിൽ പരിതപിക്കുന്നുമുണ്ട്. സ്വന്തം സ്വത്വത്തോടുള്ള ആ പരിതാപം സ്വാതന്ത്ര്യം എന്ന ആഗ്രഹത്തിന്റെ പരിമിതികളെക്കുറിച്ചുള്ള ബോധ്യത്തിൽ നിന്ന് വരുന്നതാണ്. ധൈര്യം എന്നുള്ളതിനേക്കാളും നന്നായി ഈ കഥാപാത്രങ്ങൾ സ്വന്തം അവസ്ഥയെക്കുറിച്ച് തീക്ഷ്ണ ബോധ്യമുള്ളവരാണെന്ന് പറയാം.
∙രണ്ട് നോവലുകൾ മുമ്പ് എഴുതിയിരുന്നെങ്കിലും പബ്ലിഷറെ കിട്ടിയിരുന്നില്ല എന്ന് സഹറു എഴുതിയിട്ടുണ്ട്. ക്രോണിക്കിൾ പ്രസിദ്ധീകരിക്കാനെടുത്ത ശ്രമം കഠിനമായിരുന്നോ?
മോശം നോവലുകൾ എഴുതിയാണ് നല്ല നോവലുകൾ ഉണ്ടാകുന്നതെന്ന് അറിയാമായിരുന്നു. അത് അതിന്റെ സ്വാഭാവിക പ്രക്രിയ ആണ്. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ മറ്റൊന്നും പ്രത്യേകമായി എന്നെ നിരുൽസാഹപ്പെടുത്തിയിട്ടില്ല. ഞാൻ എന്റെ തൊഴിൽ ആയ എഴുത്തിനെ അഗാധമായി സ്നേഹിക്കുന്നു. ഒരു ഘട്ടത്തിലും എഴുത്ത് എനിക്കൊരു ബാധ്യത ആയി തോന്നിയിട്ടില്ല.
∙സഹറുവിന്റെ വായന?
എനിക്ക് വായന വളരെ കുറവാണ്. അധികസമയവും വായിച്ച പുസ്തകങ്ങൾ വീണ്ടും വായിക്കുന്നതാണ് ശീലം. ഡോൺ ഡെലില്ലോയുടെ അണ്ടർ വേൾഡ് (Under world), ജയിംസ് ജോയ്സിന്റെ യൂലീസസ് (Ulysses), വാലസ് സ്റ്റീവൻസന്റെ തിരഞ്ഞെടുത്ത കവിതൾ (Collected poems) തുടങ്ങിയ പുസ്തകങ്ങളാണ് എനിക്ക് നിരന്തരം വായിക്കാൻ ഇഷ്ടം. ഫിക്‌ഷനിൽ ഞാനിപ്പോൾ വായിക്കുന്നത് തോമസ് പിഞ്ചൻ എഴുതിയ മെയ്സൺ & ഡിക്സൺ (Mason & Dixon) ആണ്. മുൻപ് പലവട്ടം വായിച്ചിട്ടുള്ളതാണ്. നോൺ ഫിക്‌ഷൻ ഒരേസമയം പല പുസ്തകങ്ങളും വായിക്കാറുണ്ട്. ഇപ്പോൾ 2 പുസ്തകങ്ങൾ വായിക്കുന്നുണ്ട്. ഡോണൾഡ് അകെൻസൻ എഴുതിയ Surpasssing Wonder - invention of the Bible and the Talmuds, നേഹ ദീക്ഷിത് എഴുതിയ The many lives of Syeda X എന്നിവയാണവ.
∙കേരളത്തിലെ എഴുത്ത്, വായനാ സംസ്കാരവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേതും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ്?
കേരളത്തിൽ പൊതുവെ വായനയുടെ വലിയ ജനാധിപത്യവൽക്കരണം നടന്നിട്ടുണ്ട്. സാധാരണ മലയാളിയിൽ സാധാരണ ഉത്തരേന്ത്യനേക്കാളും വായനാശീലം വളർന്നുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ നാട്ടിലുള്ള മറ്റേത് വിഭാഗത്തിലുള്ളവരെപ്പോലെയും നമ്മുടെ എഴുത്തുകാരും സാധാരണക്കാരിൽ നിന്നാണ് കൂടുതലും ഉയർന്നുവരാറുള്ളത്. പക്ഷേ, ഇതൊക്കെ നല്ല ഗുണങ്ങളാണെങ്കിലും നമ്മുടെ വായനയിൽ നമ്മുടെ അധികാര രാഷ്ട്രീയം നിരുൽസാഹജനകമായിട്ടുള്ള ഒരു സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം. വിദേശസാഹിത്യമെടുത്താൽ റഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് നമ്മൾ കൂടുതലും വായിച്ചിട്ടുള്ളത്. കേരളത്തിലുള്ള ഇടതുപക്ഷ സ്വാധീനം മൂലമാണത്. നല്ലകാര്യം തന്നെ. പക്ഷേ, നമ്മുടെ വായനയെ അതു പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ലാറ്റിൻ അമേരിക്ക ഒരു വികസ്വര സമൂഹമാണ്. അതുകൊണ്ട് സ്വാഭാവികമായും അവരെപ്പോലെ ജീവിക്കുന്ന നമ്മളെ സ്വാധീനിക്കും. എന്നാൽ ചില പ്രത്യേക ലാറ്റിൻ അമേരിക്കൻ എഴുത്തുകാരെ മാത്രമെ നമ്മൾ വായിക്കൂയെന്നും അംഗീകരിക്കൂയെന്നും തോന്നിയിട്ടുണ്ട്. പൊതുവെ പരന്ന ഒരു ലാറ്റിൻ അമേരിക്കൻ വായനയെക്കുറിച്ച് കേരളത്തിൽ ഞാനധികം കേട്ടിട്ടില്ല. മലയാളത്തിലെ വിവർത്തനകൃതികൾ ഈ രണ്ടു പ്രദേശത്തു നിന്നാണ് കൂടുതൽ വന്നിട്ടുള്ളത്. ഈ വായന നമുക്കു മുന്നിൽ ഒരുപാടു സാധ്യതകൾ തുറന്നിട്ടു എന്നുള്ളത് സത്യമാണ്. അതേസമയം, നമ്മുടെ സാഹിത്യ ആസ്വാദനത്തെ ചെറിയ രീതിയിലെങ്കിലും പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.