ADVERTISEMENT

പുതിയ തലമുറ സംസാരത്തിൽ ഉപയോഗിക്കുന്ന പ്രയോഗങ്ങളാണ് 'മരിയ വെറും മരിയ’ നോവലിന്റെ പ്രത്യേകത. ജയശ്രീ കളത്തിലാണ് 'Maria Just Maria' എന്ന പേരിൽ പുസ്തകം ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. പുറത്തിറങ്ങിയ നാൾ മുതൽ സാഹിത്യ ചർച്ചകളിൽ ഇടം നേടിയ നോവൽ ക്രോസ്‌വേഡ് പുരസ്‌കാരത്തിന്റെ ഇംഗ്ലീഷ് വിവർത്തന വിഭാഗത്തിൽ പുരസ്കാരം നേടിയിരിക്കുന്നു. സന്ധ്യ മേരിയുമായി അജീഷ് മുരളീധരൻ നടത്തിയ ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം.

sandhya-mary-maria-just-maria

സംസാരിക്കുന്ന ഒരു പട്ടിയും കൊച്ചുമകളെ ഷാപ്പിലും പാടത്തും പറമ്പിലും കടയിലുമൊക്കെ കൂടിക്കൂട്ടി ‘വഷളാക്കുന്ന’ ഒരു വല്യപ്പച്ചനും. സന്ധ്യാമേരി എഴുതിയ ‘മരിയ വെറും മരിയ’ എന്ന നോവലിന്റെ (ജയശ്രീ കളത്തിൽ അത് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത് Maria Just Maria എന്ന പേരിൽ) യുഎസ്പി ഈ മൂന്നുപേർ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ആശയവിനിമയവുമാണ്. കുഞ്ഞുമരിയയോട് മാത്രമേ ചാണ്ടിപ്പട്ടിക്ക് സംസാരിക്കാനാകൂ. അതേപോലെ മരിയയ്ക്കു തിരിച്ചും. മനുഷ്യന്റെ ശ്രേഷ്ഠ ബോധത്തെയും യജമാനഭാവത്തെയുമെല്ലാം ചാണ്ടിപ്പട്ടി കണക്കിന് കളിയാക്കുന്നുണ്ട്. അമ്മയുടെ അച്ഛൻ ഗീവർഗീസിനെയാണ് മരിയ കുഞ്ഞായിരിക്കുമ്പോഴും വലുതായിരിക്കുമ്പോഴും ഏറ്റവുമധികം സ്നേഹിക്കുന്നത്. ഗീവർഗീസിന്റെ തലതിരിഞ്ഞ രീതികളെപ്പറ്റി കുടുംബത്തിൽ വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും മരിയയും വല്യപ്പച്ചനും തമ്മിൽ നല്ല സിങ്കാണ്.

അബ്നോർമൽ എന്ന് ബ്രാൻഡ് ചെയ്യപ്പെട്ടേക്കാവുന്ന ചില കഥാപാത്രനിർമിതികളിലൂടെ സമൂഹത്തെയും അതിന്റെ നോർമൽ എന്നു കരുതപ്പെടുന്ന രീതികളെയും തമാശ കലർന്ന ഗൗരവത്തോടെ നിശിതമായി വിമർശിക്കുകയാണ് സന്ധ്യാമേരി. മരിയയെ ഒരു യൂണിവേഴ്സൽ കഥാപാത്രമായാണ് സന്ധ്യാമേരി വിഭാവനം ചെയ്തിരിക്കുന്നത്. മറ്റേതൊരു ഭാഷയിലേക്കു മൊഴിമാറ്റിയാലും അതുകൊണ്ടു തന്നെ മരിയയ്ക്ക് വായനക്കാരുണ്ടാകും.‌ മരിയ, ചാണ്ടിപ്പട്ടി, അമ്മിണിത്തത്ത, ഗീവർഗീസ് വല്യപ്പച്ചൻ, അരവിന്ദ്, മാത്തിരി വല്യമ്മച്ചി, മാത്യു, മറിയാമ്മ, ഗീവർഗീസ് സഹദ, ചിറമ്മേൽ കത്തനാർ തുടങ്ങി വൈവിധ്യം നിറഞ്ഞ ഒരുപിടി കഥാപാത്രങ്ങളിലൂടെ ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും മതത്തെക്കുറിച്ചും വായനക്കാരോടു രസകരമായി സംവദിക്കുകയാണ് ‘മരിയ വെറും മരിയ’.

പതിനഞ്ചു വർഷത്തെ സ്കൂൾ ജീവിതത്തെക്കുറിച്ച് മുതിർന്നു കഴിഞ്ഞപ്പോൾ മരിയയ്ക്ക് ആകെ ഓർമയുള്ളത് കുറേ വാക്കുകൾ മാത്രമാണെന്ന് സന്ധ്യ എഴുതുന്നുണ്ട്. ഉസാഘ, ലസാഗു, സൈൻതീറ്റ, കോസ്തീറ്റ, മട്ടകോൺ, സ്വെറ്റ്സ്ക്വയർ, തുഗ്ലക്കിന്റെ ഭരണപരിഷ്കാരം, ബാജിറാവു പേഷ്വ, ചേതക്, വൃക്ക രണ്ടായി ഛേദിച്ചത്, ചിത്രത്തിൽ കാണുന്നത് പോലെ ഒരു ടംബ്ലർ എടുക്കുക, അക്ഷാംശരേഖ, രേഖാംശരേഖ, ഭൂമധ്യരേഖ, E=MC2, നിത്യാഭ്യാസി ആനയെ എടുക്കും, ഗായ് ഏക് പാൽതൂ ജാൻവർ ഹേ, ചന്ത്രക്കാരൻ, പരാഗണം, പ്രകാശ സംശ്ലേഷണം, suppose a cobra bites a man തുടങ്ങിയവയൊക്കെയാണ് ആ വാക്കുകൾ. വായനക്കാരെ മറ്റൊരു കാലഘട്ടത്തിലേക്ക് കണ്ണടച്ചുതുറക്കുന്ന നേരത്തിൽ ടൈംട്രാവൽ ചെയ്യിക്കുകയാണ് ഈ വാക്കുകളിലൂടെ എഴുത്തുകാരി. സന്ധ്യാമേരിയുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്:
 

sandhya-mary-lit-l
സന്ധ്യ മേരി, Image Credit: Special Arrangement

∙ചാണ്ടിപ്പട്ടിയും അമ്മിണിത്തത്തയും നോവലിലെ മറ്റേതൊരു കഥാപാത്രത്തെയും പോലെ തന്നെയാണ്. ഒരൽപം മാറിപ്പോയാൽ പാളിപ്പോകുമായിരുന്ന കഥാപാത്ര സൃഷ്ടിയാണ് ചാണ്ടിപ്പട്ടിയുടേത്. അതുപക്ഷേ, നോവൽ ശരീരത്തോട് കൃത്യമായി ചേർത്തുറയ്ക്കാൻ സന്ധ്യക്കായി. ചാണ്ടിപ്പട്ടിയെ ഒരു കഥാപാത്രമായി സൃഷ്ടിച്ചതിനെപ്പറ്റി പറയാമോ? 

എനിക്ക് മറുപടി പറയാൻ ഇഷ്ടമുള്ള ഒരു ചോദ്യമാണ് ഇത്. എന്റെ ജീവിതത്തിൽ മനുഷ്യരെപ്പോലെ തന്നെയോ അതിനേക്കാളേറെയോ പ്രാധാന്യം പട്ടികൾക്കും പൂച്ചകൾക്കും ഒക്കെ ഉണ്ട്. ഞാൻ മനുഷ്യരേക്കാൾ കൂടുതൽ സംസാരിക്കുന്നത് അവരോടാണ്. എന്തു രസമാണെന്നോ അവരുമായിട്ടുള്ള കമ്യൂണിക്കേഷൻ! അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ രചനകളിൽ മനുഷ്യർ വരുന്നതുപോലെയാണ് എനിക്ക് എന്റെ എഴുത്തിൽ പട്ടിയും പൂച്ചയുമൊക്കെ വരുന്നത്. ഞാൻ ഇനിയും എന്തെങ്കിലും എഴുതിയാലും അതിലും പട്ടീം പൂച്ചേം ഒക്കെ വരും. കാരണം they are so much part of my life! എന്നെ അറിയുന്നവർക്കൊക്കെ അതറിയാം. കുറച്ചുമുമ്പ് ഞാൻ ട്രൂകോപ്പിയിൽ എഴുതിയ ‘ആനിയമ്മയുടെ വീട്’ എന്ന കഥയിൽ എന്റെ പൂച്ച പപ്പുടു ഒരു പ്രധാന കഥാപാത്രമായിരുന്നു. ചാണ്ടിയുടെ ഐഡിയ എനിക്കു കിട്ടിയത് ഒരിക്കൽ ഞാൻ ഒരു ബസ് സ്‌റ്റോപ്പിൽ വച്ചുകണ്ട ഒരു ടോട്ടലി ക്രേസി ആയ പട്ടിയിൽ നിന്നായിരുന്നു. എന്തു രസമായിട്ടാണ് അവനാ ക്രേസിനെസ് എൻജോയ് ചെയ്യുന്നതെന്നോ! അന്ന് മരിയ നോട്ട്‌സ് സ്‌റ്റേജിലാണ്. ഞാനവനെ നേരേ മരിയേലോട്ടു ചേർത്തു.
 

∙ കരയാതിരിക്കാനുള്ള കുറേയേറെ ശ്രമങ്ങളാണ് ജീവിതം എന്ന് മരിയ പറയുന്നതാണ് നോവലിൽ എന്നെ പിടിച്ചുലച്ച വാചകം. അതു വായിച്ച് കണ്ണു നിറഞ്ഞ് ഇരുന്നുപോയി. കുഞ്ഞു മരിയ അവളുടേതായി പറയുന്നതാണെങ്കിലും അത് എല്ലാവർക്കുമുള്ള പറച്ചിലായി എനിക്ക് തോന്നി. നന്ദി, ആ വാചകം എഴുതിയതിന്. കുട്ടിക്കാലം നമ്മൾ നിർമിച്ചു വച്ചിരിക്കുന്ന പോലെ അത്ര ചിരിയും മധുരവും മാത്രം നിറഞ്ഞതൊന്നുമല്ലല്ലേ. കുട്ടിക്കാലം മനോഹരകാലം എന്ന ആപ്തവാക്യം ഒരു മുട്ടൻ നുണയാണല്ലേ? 

സ്‌കൂൾ കാലത്ത് ഞാനൊരു മോശം സ്റ്റുഡന്റ് ഒന്നും അല്ലായിരുന്നു. പക്ഷേ, കണക്കും സയൻസും ഭയങ്കര പേടിയായിരുന്നു. ഇപ്പോഴും സൈൻ തീറ്റേം കോസ് തീറ്റേം ഒക്കെ സ്വപ്‌നം കണ്ട് ഞാൻ ഞെട്ടി എണീക്കാറുണ്ട്. അതുപോലെ ലസാഗു, ഉസാഘ. ചാണ്ടിപ്പട്ടിയെയും അമ്മിണിത്തത്തയെയും ഒക്കെ ഉണ്ടാക്കാൻ എനിക്ക് വളരെ എളുപ്പാണ്. പക്ഷേ, ലസാഗൂം ഉസാഘേം ആ പേരിലുള്ള കൗതുകമൊഴിച്ചാൽ ഒരിക്കലും ഞാനുമായിട്ട് കൂടില്ല എന്ന് ആരോടാ നമ്മൾ പറയുക? നമ്മുടെ ഒരു ഭാഗ്യക്കേട് എന്താന്നുവച്ചാൽ, കണക്കു സാറമ്മാര് ആയിരിക്കും ഏറ്റവും വലിയ അടിക്കാര്. എന്റെ ഒരു അനുഭവം പറയാം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം. ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ പിരീയഡ് ആണ് കണക്ക്.

നമ്മൾ ബെല്ലൊക്കെ അടിച്ച് ഇങ്ങനെ ക്ലാസിൽ ഇരിക്കുമ്പോൾ ദൂരേന്ന് അതിഭീകര അടിയുടെ പേരിൽ മാത്രം അറിയപ്പെടുന്ന കണക്ക് സാറ് ചൂരലുമായിട്ട് ഇറങ്ങി നടന്നുവരുന്നതു കാണാം. ആ കാഴ്ച കാണുമ്പോൾ കണക്കിൽ മോശമായ ഒരു പത്തുവയസ്സുകാരീടെ നെഞ്ചിലുണ്ടാവുന്ന പടപടാ ഇടിയുണ്ടല്ലോ. അതിൽ തീരും നമ്മടെ കുട്ടിക്കാലത്തിന്റെ സകലമാനരസങ്ങളും. എൺപതുകളിലായിരുന്നു എന്റെ കുട്ടിക്കാലം. ടീച്ചർമാരുടെ സകല ഫ്രസ്‌ട്രേഷനും കുട്ടികളിൽ തീർക്കാവുന്ന കാലം. വീട്ടിലാണെങ്കിലോ അവടേം അടി! പിള്ളേരായിരിക്കുമ്പോൾ‌ നമ്മളൊക്കെ പരീക്ഷക്കുമുമ്പേ പോയി പള്ളീലെയോ അമ്പലത്തിലെയോ ഒക്കെ ഭണ്ഡാരത്തിൽ പൈസ ഇടൂല്ലോ. ഞാൻ പൈസ ഇടുമ്പോൾ ഒരിക്കലും എനിക്ക് നല്ല മാർക്ക് കിട്ടാനല്ല പ്രാർഥിക്കുന്നത്, ഇന്നയാൾക്ക് മാർക്ക് കുറയ്ക്കണേ ഗീവർഗീസ് സഹദാന്നാണ്! എപ്പോഴും നൂറിൽ നൂറു കിട്ടുന്ന അയൽവക്കത്തെ കുട്ടികളൊക്കെ കുട്ടിക്കാലത്ത് നമ്മുടെ പേടിസ്വപ്‌നമാണല്ലോ!

sandhya-mary-lit-ll
സന്ധ്യ മേരി, Image Credit: Special Arrangement

ഇതൊന്നും കൂടാതെ ചെറുപ്പം മുതൽ നമ്മളിൽ ഒരു റിബൽ എലമെന്റ് ഉണ്ടെങ്കിൽ കുട്ടിക്കാലം കൂടുതൽ ബുദ്ധിമുട്ടായിരിക്കും. നമ്മൾ വലിയവരെ ചോദ്യം ചെയ്ത്, എതിർത്ത് എക്‌സ്ട്രാ അടി വാങ്ങിച്ചുകൂട്ടും. ടീനേജിലേക്കെത്തുമ്പോഴേക്കും അത് വേറൊരു തലത്തിലേക്കെത്തും. നമ്മൾ വിശ്വാസത്തെ, പള്ളിയെ ചോദ്യം ചെയ്യുന്നു. പൂർണമായും മനസ്സിലാക്കിയിട്ടല്ലെങ്കിൽ പോലും പേട്രിയാർക്കിയെ ചോദ്യം ചെയ്യുന്നു. സമൂഹവും കുടുംബവും പെൺകുട്ടിക്ക് ഉദ്ദേശിച്ചിട്ടുള്ള പെരുമാറ്റ രീതിയിൽ നിന്നു മാറുന്നു, ഡ്രസ്സിങ് രീതിയിൽ നിന്നു മാറുന്നു. എനിക്ക് തോന്നുന്നത് ആളുകൾക്ക് കുട്ടിക്കാലം ബ്യൂട്ടിഫുൾ ആയിട്ടു തോന്നുന്നത് പിൽക്കാല ജീവിതം അതിലും ബോറാവുന്നതു കൊണ്ടാണെന്നാണ്. എന്നെ സംബന്ധിച്ച് തിരിച്ചാണ്. 20 വയസ്സിനു ശേഷമുള്ള എന്റെ life was absolutely beautiful. 
 

∙മരിയ വെറും മരിയ വേണ്ടവിധം കേരളത്തിൽ സ്വീകരിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നുവോ? 

2018ലാണ് ‘മരിയ’ ഇറങ്ങുന്നത്. ആദ്യത്തെ കുറച്ചുവർഷങ്ങൾ ആ പുസ്തകം ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല. ഒരു വിധത്തിലും മാർക്കറ്റ് ആഘോഷിച്ച ഒരു പുസ്തകമല്ല അത്. പക്ഷേ, ആ സമയത്തും മരിയ കണ്ടുപിടിച്ചുവായിച്ച കുറേ നല്ല വായനക്കാരുണ്ട്. ജെസിബി, ക്രോസ്‌വേഡ് തുടങ്ങിയ സംഗതികളൊക്കെ വരുന്നതിനു മുമ്പ് മരിയയെ കണ്ടെത്തിയ ആ വായനക്കാരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അവർ പറഞ്ഞറിഞ്ഞാണ് മരിയ പതുക്കെ പതുക്കെ കൂടുതൽ ആളുകളിലേക്കെത്തിയത്. എനിക്കു തോന്നുന്നത് പരമ്പരാഗത സാഹിത്യ വായനക്കാരേക്കാൾ മരിയ വായിക്കുന്നത് പുതിയ ജനറേഷനിൽപ്പെട്ടവരാണെന്നാണ്. കാരണം മരിയയുടേത് ഒരു പരമ്പരാഗത നോവൽഘടനയല്ല. അതിനകത്ത് വിഷ്വൽ എഡിറ്റിങ്ങിന്റെ ഒരു പാറ്റേൺ വലുതായിട്ട് ഞാൻ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ ക്രാഫ്റ്റിന്റെയും ലാംഗ്വേജിന്റെയും കളികൾ ധാരാളമായിട്ട് ഉണ്ട്. അതൊക്കെ പുതിയ ജനറേഷനിലെ ആൾക്കാർക്കാണ്, അല്ലെങ്കിൽ ആ ഒരു ടൈപ്പ് ആൾക്കാർക്കാണ് കൂടുതൽ കണക്ടാവുന്നത് എന്നു തോന്നുന്നു.  

∙സ്ത്രീകളും നർമവും

മരിയയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു കമന്റാണ്, സ്ത്രീകൾ അപൂർവമായി മാത്രം കൈകാര്യം ചെയ്യുന്ന നർമം എന്നുള്ളത്. ഇതുപറയുന്ന ആളുകളോട് എനിക്കു ചോദിക്കാനുള്ളത് ഇതാണ്, സ്ത്രീകൾ പബ്ലിക് സ്‌പേസിലോട്ട് കുറച്ചെങ്കിലും ഇറങ്ങാൻ തുടങ്ങിയിട്ട് എത്രകാലമായി? ഇത്രയും കാലം പാചകോം കുട്ടികളെ നോക്കലും മാത്രം ചെയ്തിരുന്ന ഒരു വിഭാഗം എന്തിനെക്കുറിച്ചാണ് തമാശ പറയുക? പുട്ടുംകടലേം ഉണ്ടാക്കുന്നതിനെപ്പറ്റിയോ? മീൽകൂട്ടാൻ ഉണ്ടാക്കുന്നതിനെപ്പറ്റിയോ? എത്രയോ നൂറ്റാണ്ടുകളായിട്ട് നമ്മുടെ കവലകളും പബ്ലിക് സ്‌പേസുകളുമൊക്കെ ആണുങ്ങളുടേതാണ്. തമാശകളും വെടിവട്ടങ്ങളുമൊക്കെ നടക്കുന്നത് അവിടെയല്ലേ? നോക്കൂ, പൊതുഇടങ്ങളിൽ മിണ്ടാൻപാടില്ലെന്ന ആ ഒരു ശാസനം നൂറ്റാണ്ടുകളായി ജീനുകളിൽ പോലും വഹിക്കുന്ന ആളുകളാണ് ഞങ്ങൾ. ജെനറ്റിക്കലി തന്നെ ഞങ്ങളതുമായി കണ്ടീഷൻഡ് ആണ്. അതുമാറാൻ തന്നെ സമയമെടുക്കും. സ്ത്രീകൾ മിണ്ടിത്തുടങ്ങിയിട്ടല്ലേ ഉള്ളൂ. തമാശ പറയാൻ കുറച്ചും കൂടി സമയം താ. അന്തംവിട്ട തമാശകള് അവരും പറയും. ഇപ്പോൾ തന്നെ ആണുങ്ങളേക്കാൾ ഹ്യൂമർസെൻസുള്ള പല സ്ത്രീകളേയും എനിക്കറിയാം. അവരാരും കഥ എഴുതാൻ പോകാത്തതുകൊണ്ട് നമ്മളാരും അറിയുന്നില്ലെന്നേ ഉള്ളൂ.

English Summary:

Sandhya Mary's 'Maria Verum Maria': A Heartfelt Exploration of Childhood, Family, and Societal Expectations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com