മഞ്ഞുറഞ്ഞ മലമുകളിൽ, രാത്രിയിൽ, വീണ്ടും കാണണം; അതുവരെ വിട... ലൂയി ഗ്ലിക്ക്
Mail This Article
എവിടെയാണിരിക്കുന്നതെന്നുപോലും
മറന്നുപോകുന്ന,
കണ്ണുകൾ മാറ്റിയതിനു ശേഷമുള്ള നിമിഷം.
മറ്റെവിടെയോ ആയിരുന്നു;
രാത്രിയാകാശത്തിന്റെ ശാന്തതയിൽ
എവിടെയോ.....
ഈ ലോകത്തിലേ ആയിരുന്നില്ല.
മനുഷ്യജീവിതത്തിന് ഒരു അർഥവുമില്ലാത്ത
മറ്റെവിടെയോ....
ശരീരത്തിൽ വസിക്കുന്ന ജീവനേ ആയിരുന്നില്ല നീ.
വിശാലതയിൽ, നിശ്ശബ്ദതയിൽ നങ്കൂരമിട്ട
നക്ഷത്രങ്ങളെപ്പോലെ ഒരു ജീവിതം.
എന്നാൽ, വീണ്ടുമീ ലോകത്തിൽ എത്തി നീ.
മഞ്ഞുറഞ്ഞ മലമുകളിൽ, രാത്രിയിൽ
ടെലിസ്കോപ്പുമായി.
ദൃശ്യമായിരുന്നില്ല വ്യാജമെന്നറിയാൻ,
ബന്ധമായിരുന്നു വ്യാജമെന്നു തിരിച്ചറിയാൻ.
ഓരോന്നും മറ്റൊന്നിൽ നിന്ന് എത്രമാത്രം
ദൂരെയാണെന്ന് ഒരിക്കൽക്കൂടി
നീ അറിഞ്ഞു.
ടെലിസ്കോപ്പ്– ലൂയി ഗ്ലിക്ക്.
കവി ആർക്കുവേണ്ടിയാണ് എഴുതുന്നതെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. എന്തുകൊണ്ടാണ് അവർ പ്രിയപ്പെട്ടവരാകുന്നതെന്ന സംശയത്തിനും. എന്നാൽ, ഈ ചോദ്യവും സംശയവും ലൂയി ഗ്ലിക്കിന്റെ കാര്യത്തിന്റെ പ്രസക്തമല്ല. കാരണം, ടെലിസ്കോപ്പ് എന്ന ഒറ്റക്കവിത പറഞ്ഞുതരും.
ഓടിച്ചൊരു വായനയല്ല. നിശ്ശബ്ദതയിൽ, ശാന്തതയിൽ, മനസ്സിനെ അഭിമുഖീകരിക്കുന്ന അപൂർവം നിമിഷങ്ങളിൽ ഈ കവിത വായിക്കൂ. ഈ ലോകം തന്നെ വേണ്ടെന്നുവച്ചു പോയതാണ്. മറുലോകത്തിൽ എത്ര സമാധാനപൂർണമായിരുന്നു ജീവിതം. ഒന്നും അറിയേണ്ടിയിരുന്നില്ല. ഓർമിക്കേണ്ടിയിരുന്നില്ല. സങ്കടപ്പെടേണ്ടിയിരുന്നില്ല. കണ്ണുകൾ നനയാത്ത ദിവസങ്ങളും മാസങ്ങളും വർഷങ്ങളും. സ്വപ്നതുല്യം. സ്വർഗ സമാനം. കണ്ണുകൾ അടച്ച്, ഈ ലോകത്തെ മറന്ന്, അവളെ മറന്ന്, എല്ലാറ്റിനെയും മറന്ന്. ജീവിതത്തിന്റെ അർഥത്തെക്കുറിച്ചു വ്യാകുലപ്പെടാതെ. സ്നേഹത്തിന്റെ നിരർഥകത പോറലേൽപിക്കാതെ. അവൾ ഇപ്പോൾ എവിടെയാണെന്നും ആരുടെകൂടെയാണെന്നും ആകുലപ്പെടാതെ. അവളിപ്പോൾ ചിരിക്കുകയാണെന്ന (അ)സമാധാനത്തിൽ. പ്രണയാതുരയാണെന്ന അസൂയയിൽ. അവൾ അവനൊപ്പം നിർമിക്കുന്ന തൂവൽക്കൊട്ടാരം ഒരു കാറ്റിലും കൊഴിയരുതേ എന്നു കൊതിച്ച്. എത്ര പെട്ടെന്നാണ് ആ നിമിഷങ്ങൾ കടന്നുപോയത്. കണ്ണടച്ചു തുറക്കുന്ന വേഗതയിൽ. തിരിച്ചെത്തേണ്ടിവന്നു, ഈ ലോകത്തേക്കു തന്നെ. അവളുള്ള ലോകത്തേക്ക്. അവളുടെ പ്രണയം സജീവമായ ലോകത്തേക്ക്. മുൾക്കുരിശിന്റെയും കാൽവരി മലയുടെയും വിധിയിലേക്ക്. കാർക്കിച്ചു തുപ്പിയും ശപിച്ചും കല്ലെറിഞ്ഞും മല കയറാൻ കൽപിച്ച ന്യായാധിപൻമാരുടെ നാട്ടിലേക്ക്. നിസ്സഹായമായ കണ്ണീരിലേക്ക്. നിരാധാരമായ നിലനിൽപിലേക്ക്. ടെലിസ്കോപ്പുമായി മല കയറുമ്പോൾ എന്തായിരുന്നു മനസ്സിൽ. ആ ദൃശ്യം അവിടെത്തന്നെയുണ്ടോ എന്നുറപ്പിക്കണമായിരുന്നു. അവൾ അവിടെത്തന്നെയുണ്ടോയെന്നും.
ടെലിസ്കോപ്പുമായി മലമുകളിലേക്ക്. മഞ്ഞിനെ കൂസാതെ. ദൂരം വകവയ്ക്കാതെ.
ആ ദൂരം ഒരു ദൂരമേ അല്ലായിരുന്നു.
അതുവരെ അടുത്തടുത്തു നിന്ന നക്ഷത്രങ്ങൾ അപ്പോൾ ദൂരെയായി കണ്ടു. വീണ്ടും വീണ്ടും നോക്കി ഉറപ്പിച്ചു. അറിഞ്ഞു. തിരിച്ചറിഞ്ഞു. അവിടെതന്നെയുണ്ട്. അവയെല്ലാം. മാഞ്ഞില്ല. മറഞ്ഞില്ല. മങ്ങിയില്ല. അവിടെത്തന്നെ. ജീവിതത്തിന്റെ എല്ലാമെല്ലാമെന്നു നിനച്ചതാണോ തെറ്റിയത്. ആത്മാവിന്റെ അംശമെന്നുറപ്പിച്ചതാണോ അല്ലെന്നു തെളിഞ്ഞത്. ഓരോന്നും മറ്റൊന്നിൽ നിന്ന് ദൂരെദൂരെ. തൊടാനാവാതെ. കാണാനാവാതെ. സ്പർശിക്കാനാവാതെ. കേൾക്കാനാവാതെ. എത്രയോ ദൂരെ. അപ്രാപ്യം. അജ്ഞാതം. അതിവിദൂരം.
ടെലിസ്കോപ്പ് ഇനിയെന്തു ചെയ്യും എന്നു ലൂയി ഗ്ലിക്ക് പറയുന്നില്ല. അവർ കവിയാണ്. അതു പറായനുള്ള കടമയും അവർക്കില്ല. അറിവ് പകർന്നു; തിരിച്ചറിവും.
ലൂയി ഗ്ലിക്ക് മടങ്ങുകയാണ്. ദൂരത്തേക്ക്. അതി വിദൂരത്തേക്ക്. അപ്രാപ്യമായ, അജ്ഞാതമായ മറുലോകത്തേക്ക്. വീണ്ടും വരില്ലേ. മഞ്ഞുറഞ്ഞ മലമുകളിൽ, രാത്രിയിൽ, ടെലിസ്കോപ്പുമായി. ഓരോ കവിതയും ഒരു ടെലിസ്കോപ്പാണ്. ആന്തരിക ലോകങ്ങളിലെ സൂക്ഷ്മവസ്തുക്കൾ ഓരോന്നും കാണിച്ചുതന്ന ദൂരദർശിനി. നന്ദി ലൂയി ഗ്ലിക്ക്...വിട പറയുന്നില്ല. വീണ്ടും കാണാം. മഞ്ഞുറഞ്ഞ മലമുകളിൽ. രാത്രിയിൽ. നിശ്ശബ്ദതയിൽ...അന്ന് എവിടെയായിരിക്കും അവൾ..?