ADVERTISEMENT

'ants narrate and the rain erases'

– Mahmoud Darwish / In the Presence of Absence

പണ്ടൊരിക്കൽ തൃക്കാരിയൂർ അമ്പലത്തിൽ കൂട്ടുകാരനൊപ്പം കഥകളി കാണാൻ പോയി. ഞാൻ ആദ്യമായാണു കഥകളി അരങ്ങിൽ കാണുന്നത്. അവന് അദ്ഭുതമായി. കടൽ മാത്രമല്ല, കഥകളിയും പർവതമുകളിലേക്ക് എത്തിയിരുന്നില്ലെന്നു ഞാൻ പറഞ്ഞു. ചെറുപ്പത്തിൽ അറിയാത്ത എല്ലാത്തിനും പിന്നാലെ നാം ജിജ്ഞാസയോടെ പോകുന്നു. എന്നാൽ അതൊന്നും ഒരാളിലെ ഭാവനയെ ജ്വലിപ്പിക്കുന്നില്ല. കുട്ടിക്കാലത്തു ജീവിച്ച ഇടത്തെപ്പറ്റി പലസ്തീൻ കവി മഹ്മൂദ് ദർവീശ് എഴുതിയതു വായിച്ചപ്പോൾ ഞാൻ എന്റെ ഇടങ്ങളെയും അവിടേക്കു വരുന്ന വാക്കുകളെയും ഓർത്തു, നമ്മുടെ സ്വാധീനങ്ങളെ നാമല്ല നിശ്ചയിക്കുന്നതെന്നു തോന്നുന്നു. ഏതാണ്ടു പതിനഞ്ചുവയസ്സുവരെ ജീവിച്ച സ്ഥലത്തെക്കാൾ വലിയ ഒരു സ്വാധീനവും പിന്നീടുണ്ടായിട്ടില്ല. യൗവനം മുഴുവനായും കടലിനോടു ചേർന്നു പാർത്താലും സമതലപാരമ്പര്യം നിങ്ങൾക്കു കിട്ടില്ലെന്ന് എനിക്കു മനസ്സിലായി. പർവതങ്ങളിലെ വെയിലോ മഴയോ അല്ലാതെ മറ്റൊരു സ്ഥിരസ്വാധീനവും നിങ്ങളിലില്ല. അത് ഓരോവട്ടവും തിരിച്ചുവരുന്നു, കുന്നിനുമുകളിലെ വീട്ടിലേക്ക് നടന്നുകയറുമ്പോൾ മേഘം അടുത്താണെന്നു തോന്നുന്നു, കാറ്റ് പലതായി ഊതുന്നത് അറിയുന്നു, മരങ്ങൾനിന്ന മണ്ണ് മഹാമഴയിലും കാറ്റിലും പരവതാനി പോലെ ഊർന്ന് താഴേക്കുപോരുന്നതുകാണുന്നു. പതിനഞ്ചു വയസ്സുവരെ ജീവിച്ച ഇടം, ബോധാബോധങ്ങളുടെ അവകാശമായിത്തീരുന്നു. കടൽ ഒരിക്കലും സ്വപ്നത്തിൽ വരുന്നില്ല, പകരം മരിച്ച മനുഷ്യരെ വഴിയിൽ കാണുന്ന ചെരിവും ഇറക്കങ്ങളും ഉറക്കത്തിൽ തെളിയുന്നു. പലസ്തീൻ കവി മഹ്മൂദ് ദർവീശ്: എന്റെ കയ്യിൽ ഒരു മേഘം മുറിവുണ്ടാക്കുന്നു, പക്ഷേ എനിക്ക് ഒരു ഓറഞ്ചല്ലാതെ മറ്റൊന്നും സൂര്യനിൽനിന്നുവേണ്ട.

ദർവീശിന്റെ അവസാനകൃതി ‘ഫീ ഹദ്റത്തുൽ ഗ്വീയാബ്’ 2006ൽ ആണ് ഇറങ്ങിയത്. രണ്ടുവർഷത്തിനുശേഷം 2008 ഓഗസ്റ്റ് 8നു കവി മരിച്ചു. മരണം അടുത്തെത്തിയെന്ന് അറിയുന്ന കവി തന്നോടുതന്നെ വിടവാങ്ങുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഇത് കവിതയോ ഗദ്യമോ അല്ല, രണ്ടും ചേർന്ന പുതിയൊരിടമാണ്. കവിതയും ഗദ്യവും ചേർന്ന ഒരു രൂപം താൻ തിരയുകയായിരുന്നുവെന്നും ഈ ടെക്സ്റ്റ് അതാണെന്നും ദർവീശ് പറയുന്നു.

ആസന്നമരണചിന്തയാൽ സ്വയം വിടവാങ്ങൽ നടത്തുന്ന ഒരു രീതി അറബ് പാരമ്പര്യത്തിലുണ്ട്. സെൽഫ് എലിജി എന്നു വിളിക്കാവുന്ന ഇതിൽ, മരിച്ചുപോകുന്ന വ്യക്തിയും അനശ്വരമായ സ്വത്വവും തമ്മിലുള്ള സംഭാഷണമാണ്. ഹൃദ്രോഗിയായ ദർവീശ് പലവട്ടം മരണത്തിനു മുഖാമുഖം ചെന്നുനിന്നിട്ടുണ്ട്. മരണം ഒരു ഗുരുത്വാകർഷണശക്തിയായി ദർവീശ് അനുഭവിക്കുന്നു. ഓരോ തവണയും അതിലേക്കു തിരിച്ചുവീഴുന്നു. ഉണങ്ങിയ പുല്ലും മണ്ണും മുറിവിനുമേൽ പുരട്ടുന്നു.

darwish-book

2011ൽ ഇംഗ്ലിഷ് വിവർത്തനം ‘ഇൻ ദ് പ്രസൻസ് ഓഫ് ആബ്സൻസ്’എന്ന പേരിലിറങ്ങി. വിവർത്തകനായ സിനാൻ ആന്റൂൺ ഈ കൃതിയിലെ ദർവീശ് ശൈലിയെ ‘പോയറ്റോഗ്രഫി’എന്നാണു വിളിക്കുന്നത്; ആത്മകഥയ്ക്കു ബദലായ പ്രയോഗമാണത്. കാവ്യനിർഭരമായ ജീവിതത്തിലേക്ക് കവിയുടെ അവസാന തിരിഞ്ഞുനോട്ടം എന്ന നിലയിൽ മാത്രമല്ല, കവിതയുടെയും ഗദ്യത്തിന്റെയും അപൂർവമായ ഒരു ഇടം എന്ന നിലയിലും ഈ പുസ്തകം സവിശേഷമാണെന്നു വിവർത്തകൻ എഴുതുന്നു. അറബ് ഗദ്യത്തിന്റെ പരമാവധി സൗന്ദര്യം കാട്ടിക്കൊടുക്കുകയാണു താൻ ലക്ഷ്യമിട്ടതെന്നു ദർവീശ് പറയുന്നു - ഭാഷയെ ആഘോഷമാക്കുക, അതിനെ നൃത്തം ചെയ്യിക്കുക, അങ്ങനെ അറബിക്കിലെ പക്ഷികളെയും പ്രാവുകളെയും ദുർദേവതകളെയും ഞാൻ സ്വതന്ത്രമാക്കുന്നു. വാക്കുകളുടെ ഈ കളി പ്രാണനെ പഠിപ്പിക്കുന്നതു മെറ്റഫറുകളാണെന്നു ദർവീശ് വിശ്വസിക്കുന്നു; ഒരു നിഴലിൽനിന്നു ഒരു ഭൂപ്രദേശം ഉണ്ടാകുന്നു, ഉറുമ്പുകൾ കഥാകഥനംചെയ്യുന്നു, മഴ അതു മായ്ക്കുന്നു.

കുട്ടിക്കാലത്തുനിന്നുളള കുറെകഥകൾ ദർവീശ് പറയുന്നു; അതിലാണു ഞാൻ വിട്ടുപോന്ന സ്ഥലം എന്താണെന്ന്, അതുണ്ടാക്കുന്ന സ്വാധീനത എന്താണെന്നു ശ്രദ്ധിച്ചത്. ഭാഷയിലെ ഇടം എന്നതു പിറന്ന മണ്ണിൽനിന്ന് പുറപ്പെട്ടുപോകുന്നതാണ്. നിങ്ങൾ ദൂരേക്കുപോയാലും തിരിച്ചുവരാതിരുന്നാലും ആ സ്ഥലം അകത്തുണ്ട്. ഭാഷയുടെ ഇടമാണത്. ദർവീശ് പറക്കാൻ ശ്രമിച്ചതിനെപ്പറ്റി വിവരിക്കുന്നു: ഒരു കുന്നിൻപുറത്തു പാറക്കെട്ടിനു മുകളിൽ കയറിനിന്നു കാറ്റിനെതിരെ രണ്ടു കൈകളും വിരിച്ച് പറക്കാൻ നോക്കുന്നു. ചിത്രശലഭകൾ സഹോദരിമാരെന്നപോലെ ചുറ്റും പറന്ന് അവനെ പ്രോത്സാഹിപ്പിച്ചു. പക്ഷേ അവനു പറക്കാനായില്ല. മറ്റൊരു ദിവസം വീട്ടിലെ കുതിരയുമായി അവൻ മലമുകളിലേക്കു പോയി. കുതിരപ്പുറത്തിരുന്നു പാറക്കെട്ടിനു മുകളിൽനിന്ന് താഴേക്ക് ഓടിച്ചു. അപ്പോൾ താൻ പറക്കുന്നതായി അവനുതോന്നി. കണ്ണുതുറക്കുമ്പോൾ രാത്രിയായിരുന്നു. കുതിരപ്പുറത്തുനിന്ന് എവിടേക്കാണു വീണതെന്ന് ഓർമയില്ല. കുതിര തനിയെ വീട്ടിലേക്കു മടങ്ങിപ്പോയി. രാത്രിയായപ്പോൾ അവൻ വീണുകിടക്കുന്നിടത്തേക്കു വീട്ടുകാരെയെത്തിച്ചത് ആ കുതിരയാണ്. വലതു കൺപുരികത്തിനുമുകളിൽ അന്നൊരു മുറിവുണ്ടായി. ആ മുറിപ്പാട്, ജിജ്ഞാസ അടക്കാനാവാത്ത സ്ത്രീകൾ ദേഹം വിരലുകൾ തൊട്ടു തിരയുമ്പോൾ കണ്ടെത്താറുണ്ട്. ചിത്രശലഭം കഴുകനെ അനുകരിക്കാൻ ശ്രമിച്ചതിന്റെ ഓർമയായി അതവിടെ മായാതെ കിടന്നു.

mahmoud-darwish
മഹ്മൂദ് ദർവീശ്, Image Credit: Getty Images

വളരെ വൈകിപ്പോയിട്ടാണു സമയം നാമറിയുന്നത്, വൈകിയെത്തുന്ന സ്ഥലത്തിന്റെ വക്കിൽ നമ്മെ കാത്തിരിക്കുന്ന കെണിയാണതെന്നു മഹ്മൂദ് ദർവീശ് എഴുതുന്നു; തുടക്കവും അവസാനവും വേർപിരിക്കുന്ന ആ വക്കിൽ നമുക്ക് നൃത്തം ചെയ്യാനാവില്ല. കഴിഞ്ഞയാഴ്ച എൺപതാം അന്തരിച്ച അമേരിക്കൻ കവി ലൂയിസ് ഗ്ലിക്കും അവസാനങ്ങളെപ്പറ്റി സരളമെങ്കിലും ദാർശനികമായ ഏകാഗ്രതയോടെ എഴുതി. എപ്പോഴാണു എല്ലാം തികഞ്ഞ വിരാമത്തിലെത്തുന്നതെന്നു കവി ചോദിച്ചു. അങ്ങനെയൊരു തികഞ്ഞവിരാമം ഇല്ലെന്നറിഞ്ഞുതന്നെ; Indeed, there are infinite endings.Or perhaps,once one begins, there are only endings.

ലൂയിസ് ഗ്ലിക് മരിച്ചുകഴിഞ്ഞുള്ള ദിവസങ്ങളിൽ ഞാൻ അവരുടെ പല ഫോട്ടോകൾ എടുത്തുനോക്കി. കോവിഡ് കാലമായിരുന്നതിനാൽ മാസച്യുസിറ്റ്‌സിൽ കേംബ്രിജിലെ വീട്ടിൽ കൊണ്ടുപോയാണു നൊബേൽ സമ്മാനം നൽകിയത്. മഞ്ഞു വീണു കിടക്കുന്ന അവരുടെ വീടിന്റെ പിൻമുറ്റത്ത് അവരും മറ്റൊരാളും മാത്രം. അവർക്കിടയിൽ ഒരു പീഠത്തിൽ നൊബേൽ സമ്മാനം വച്ചിരിക്കുന്നു. ആ ചിത്രം നോക്കിയിരുന്നപ്പോൾ വീടിന്റെ പിൻമുറ്റത്ത് കവി നട്ടുവളർത്തിയ പൂന്തോട്ടത്തെപ്പറ്റി മറ്റാരോ എഴുതിയത് എനിക്കോർമ വന്നു. ആ പിൻമുറ്റത്തേക്കു തുറക്കുന്ന കവിയുടെ കിടപ്പുമുറിയെപ്പറ്റി, വെള്ളച്ചുമരുകൾ,വെള്ളവിരിപ്പുകൾ.. കവി പറഞ്ഞു, ജീവിതം എന്നെ മുറിവേൽപിച്ചതിനെക്കാൾ മരണത്തിന് ഒന്നും ചെയ്യാനാവില്ല.

darwish-books

ഇതു കവിതയാണോ ഇതിലെവിടെയാണു കവിത എന്നു വായനക്കാർക്കു തോന്നുംവിധം ഒരുതരം കാവ്യഭാരരാഹിത്യം അവരുടെ എഴുത്തിലുണ്ടായിരുന്നു. വന്യതയോ കാൽപനികതയോ കാണാതെ, അത് ഇഷ്ടപ്പെടാതിരിക്കാനാണ് ആദ്യം തോന്നുക. യഥാർഥത്തിൽ, ആ ഇടത്തിൽ കുറെസമയം തനിച്ചു ചെലവഴിക്കുമ്പോൾ നമുക്ക് എടുത്തുവയ്ക്കാൻ തോന്നുന്ന ഒരു ദൃശ്യമോ വസ്തുവോ ആയി ആ കവിതകൾ മാറുന്നു. മുറിയിൽ മിന്നാമിനുങ്ങുകൾ പാറുന്ന ഒരു രാത്രിയിൽ, കുഞ്ഞിനൊപ്പമാകണം, ഉറക്കത്തിലേക്കു പോകുന്ന സമയത്തെപ്പറ്റി ലൂയിസ് ഗ്ലിക് എഴുതുന്നു, അതിങ്ങനെയാണ്; ശ്വാസം മാത്രം ശ്രദ്ധിച്ച്, നിന്റെയും എന്റേയും ശ്വാസം മാത്രം ശ്രദ്ധിച്ച് ഉറങ്ങുക. മിന്നാമിനുങ്ങിന്റെ ഓരോ ചെറുശ്വാസത്തിലും ഒരു മാത്ര തെളിയുന്ന വെട്ടത്തിൽ ലോകം പ്രത്യക്ഷമാകുന്നു –

darwish-books-two

listen to my breathing, your own breathing

like the fireflies each small breath

a flare in which world appears.

പിറന്ന ഊരെന്നപോലെ കവിതയിൽ വാക്കുകൾ ചില പ്രത്യേക ഇടങ്ങളിൽ, മിന്നാമിനുങ്ങിന്റെ മിടിപ്പ് പോലെ, ചേരുമ്പോൾ അതു ശ്വസിക്കുന്നുവെന്നു നാം മനസ്സിലാക്കുന്നു. ആഴമേറിയ ഒരു വിലാപത്തിന്റെ ഒരു മിന്നൽ അപ്പോഴുണ്ടാകുന്നു.

English Summary:

Uncovering the unique style of poetography in Mahmoud Darwish's 'In the Presence of Absence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com