ADVERTISEMENT

ഓരോ വർഷവും പുതിയതു മാത്രമല്ല പഴയതും വായിക്കുന്നു. പുസ്തകം വാങ്ങിവയ്ക്കുകയും മറന്നുപോകുകയും ചെയുന്നു. വർഷങ്ങൾക്കുശേഷം മാത്രം പെട്ടെന്ന് അതെടുത്തു വായിക്കുമെങ്കിൽ, കടന്നുപോയ വർഷങ്ങൾ തെളിഞ്ഞുകാണുന്നു. ഒരു പുസ്തകം കിട്ടിയപാടെ വായിക്കാതെ എടുത്തുവയ്ക്കുന്നതു പിന്നീടെപ്പൊഴോ അതു വായിക്കാൻ താനുണ്ടാകുമെന്ന ഉത്തമ വിശ്വാസത്തിലാണല്ലോ. 2003ൽ ആണു ഞാൻ മാർസൽ പ്രൂസ്തിന്റെ 'ഇൻ സേർച്ച്‌ ഓഫ്‌ ലോസ്റ്റ്‌ ടൈം' ആദ്യ വോള്യം 'സ്വാൻസ്‌ വേ', ലിഡിയ ഡേവിസിന്റെ പരിഭാഷ വാങ്ങിയത്‌. പിറ്റേവർഷം ഞാനതു വായിച്ചു തുടങ്ങിയെങ്കിലും നൂറുപേജിനപ്പുറം പോയില്ല. അതിൽ എന്നെകുടുക്കിയിടുന്ന എന്തോ ഒന്നിന്റെ കുറവ്‌ ഉണ്ടായിരുന്നതുകൊണ്ടാകണം, അത്‌ അവിടെ വിട്ടേച്ച്‌ മറ്റു പുസ്തകങ്ങൾക്കു പിന്നാലെ പോയി. ഇരുപതു വർഷത്തിനുശേഷം 2023ൽ ഞാൻ വീണ്ടും അതേ പുസ്തകം എടുക്കുന്നു. ആദ്യ താളിൽ പുസ്തകം വാങ്ങിയ തീയതി കണ്ടപ്പോഴാണ്‌ എനിക്കും പ്രൂസ്തിനുമിടയിൽ അത്രയേറെകാലം കടന്നുപോയല്ലോ എന്നു കണ്ടത്‌. അതിനിടയിൽ ഞാൻ മരിച്ചുപോകുകയോ വായന ഉപേക്ഷിക്കുകയോ ചെയ്തേനെ. ഭാഗ്യവശാൽ രണ്ടുമുണ്ടായില്ല. 

'സ്വാൻസ്‌ വേ' ഞാൻ വായിക്കാനെടുത്തതിന്‌ ഒരു പ്രേരണയായത്‌ അതിനു പുതിയ ഒരു ഇംഗ്ലിഷ്‌ പരിഭാഷ (James Grieve) കൂടി വന്നിരിക്കുന്നു എന്ന വാർത്തയാണ്‌. ഞാൻ കരുതി, വരുന്ന രണ്ടു വർഷം കൊണ്ട്‌ 'ഇൻ സേർച്ച്‌ ഓഫ്‌ ലോസ്റ്റ്‌ ടൈം' 6 വോള്യവും വായിക്കണം. സത്യത്തിൽ ഒന്നിനും ഒരു ഉറപ്പുമില്ലാത്ത ഒരു സ്ഥലം വായനക്കാരന്റെ മനസ്സാണ്‌, അയാൾ എപ്പോൾ വേണമെങ്കിലും ഈ ഇഷ്ടം ഉപേക്ഷിച്ച്‌ പുതിയ ഒന്നിനു പിന്നാലെ പോകാം. എന്നിട്ടും ഞാൻ തീരുമാനിച്ചു എനിക്ക്‌ പ്രൂസ്ത് എന്തായാലും വായിക്കണം. കാരണം വാൾട്ടർ ബെന്യാമിൻ എന്നെ അത്രയേറെ സ്വാധീനിക്കുന്നു - അയാൾ 1926ലോ മറ്റോ റഷ്യയിൽ കൂട്ടുകാരിയെ കാണാൻ പോകുമ്പോൾ പ്രൂസ്തിനെ ജർമ്മനിലേക്ക്‌ പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. മോസ്‌കോയിലെ ആ മഞ്ഞുകാലത്ത്‌ ബെന്യാമിൻ എത്തുമ്പോൾ അവൾ അവിടെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആശുപത്രിയോടു ചേർന്ന ഒരു ഹോട്ടലിലാണ്‌ അയാൾ മുറിയെടുത്തത്‌. 'സ്വാൻസ്‌ വേ'യിൽ നോവലിനുള്ളിൽ മറ്റൊരു നോവലായി സ്വാൻസ്‌ എന്ന കഥാപാത്രത്തിന്റെ അസ്ഥിക്കു പിടിച്ച ഒരു പ്രേമത്തിന്റെ കഥ കൊടുത്തിട്ടുണ്ട്‌. ബെന്യാമിൻ താൻ പരിഭാഷ ചെയ്ത ആ ഭാഗങ്ങളാണ്‌ അവളെ വായിച്ചുകേൾപ്പിക്കുന്നത്‌. 

 വാൾട്ടർ ബെന്യാമിൻ, Picture Credit: Suhrkamp Verlag
വാൾട്ടർ ബെന്യാമിൻ, Picture Credit: Suhrkamp Verlag

ബെന്യാമിന്റെ മോസ്കോ ഡയറി വായിച്ചുതീർന്നതും ഞാൻ പ്രൂസ്ത്‌ കയ്യിലെടുത്തു. 20 വർഷം മുൻപ്‌ ഞാൻ വായിച്ച നൂറിലേറെ താളുകളിലെ പെൻസിൽ വരകൾ കണ്ടു. പക്ഷേ ഞാൻ ആദ്യം മുതൽ വീണ്ടും വായിക്കാൻ തുടങ്ങി.

ആൻ കർസൻ ഒരു ലേഖനത്തിൽ എഴുതിയിട്ടുണ്ട്‌ അവർ 9 വർഷമെടുത്തു 'ഇൻ സേർച്ച്‌ ഓഫ്‌ ലോസ്റ്റ്‌ ടൈം' വായിക്കാനെന്ന്. ദിവസവും അരമണിക്കൂർ വീതം! ഇതിൽ അദ്ഭുതപ്പെടാനില്ല. ഒറ്റയിരുപ്പിൽ അതിലെ ഒരു വോള്യം പോലും വായിച്ചു തീരില്ല. പക്ഷേ ഈ വർഷം എനിക്ക്‌ ആത്മവിശ്വാസമുണ്ടായി, ഞാൻ 'സ്വാൻസ്‌ വേ' ഏറ്റവും സമയമെടുത്ത്‌ വായിച്ചു. പ്രൂസ്റ്റിലെ രണ്ടാം പുസ്തകം വായിച്ചുകൊണ്ടിരിക്കേയാണ്‌ പുതുവർഷം വരുന്നത്‌.

കുറച്ച്‌ എഴുത്തുകാരെ തിരഞ്ഞെടുത്ത്‌ അവരിലേക്ക്‌ ഫോക്കസ്‌ ചെയ്യുന്ന ഒരു ശീലമാണ്‌ കുറെ വർഷമായി ഞാൻ പിന്തുടരുന്നത്‌. വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കുറച്ചു കണിശതയോടെ ചില തിരഞ്ഞെടുപ്പുകൾ നടത്തുമ്പോഴാണ്‌ വായനയിൽ നിന്നു സർഗ്ഗാത്മക ഊർജ്ജവും ആനന്ദവും ലഭിക്കുക. കഴിഞ്ഞ വർഷം ഞാൻ അത്തരത്തിൽ ഏറ്റവും അടുത്തുനിന്നതു റൊമേനിയൻ നോവലിസ്റ്റ്‌ മീർച്ച കർത്തരസ്കുവിന്‌ ഒപ്പമാണ്‌. 'സോളിനോയ്ഡ്‌' എന്ന നോവലിന്റെ വായന ഒരു കൊടുങ്കാറ്റിനകത്തെ സഞ്ചാരം പോലെയായിരുന്നു. അത്‌ എനിക്ക്‌ ഒരു വായനക്കാരൻ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും പുതിയ ബോധ്യങ്ങൾ തന്നു. കർത്തരസ്കുവിന്റെ 'നൊസ്റ്റാൾജിയ', ദ്‌ ബ്ലൈൻഡിംഗ്‌, വൈ വീ ലവ്‌ വിമൻ എന്നീ ഇംഗ്ലിഷിൽ ലഭ്യമായതെല്ലാം തേടിപ്പിടിച്ചു വായിച്ചു. 

മീർച കർത്തരസ്കു Image Credit: Wikimedia Commons Photo by Amrei-Marie
മീർച കർത്തരസ്കു Image Credit: Wikimedia Commons Photo by Amrei-Marie

കമ്യുണിസ്റ്റ്‌ സർവ്വാധിപത്യത്തിനു കീഴിൽ, ചെഷസ്കുവിന്റെ റൊമേനിയയിൽ ചെലവഴിച്ച ബാല്യവും യൗവനവുമാണ്‌. കർത്തരസ്കു നോവലുകളിൽ നാം വായിക്കുന്നത്‌. എഴുത്ത്‌ എന്ന പ്രക്രിയയെ പലതലത്തിൽ വിശകലനം ചെയ്യുന്നുണ്ട് സോളിനോയ്ഡ്. അതിൽ സർവാധിപത്യഭരണകൂടത്തെ പല്ലുപറിക്കുന്ന ഒരു ദന്തഡോക്ടറായാലും സർവാധിപത്യസംവിധാനത്തെ പല്ലുപറിക്കാനിരിക്കുന്ന കസേരയായും സങ്കൽപിക്കുന്നു. എന്നാൽ ഈ ഡെന്റൽ ചെയറിന്റെ തടവിൽനിന്ന് ഒരു ബദൽ ലോകത്തിലേക്ക്‌ നമുക്കു പോകാനാകുമെന്നു കർത്തരസ്കു കരുതുന്നു. കലയുടെ അനുഭവം ഈ ലോകത്തുതന്നെ ഫോർത്ത് ഡൈമൻഷനിലേക്കു നമ്മെ നയിക്കുമെന്നാണ് കർത്തരസ്കു സങ്കൽപിക്കുന്നത്. ഈ സർറിയലിസത്തിനകത്താണു സോളിനോയ്ഡ് സംഭവിക്കുന്നത്. അതുനിങ്ങളെ ഭൂമിയിൽനിന്ന് ഉയർത്തിനിർത്തുന്നു. Dreams of levitations എന്നു വിശേഷിപ്പിക്കാവുന്ന ഒരു കാന്തികമണ്ഡലമാണത്. കൃതിയിലെ കാലം എഴുപതുകളിലെ ചെസഷ്ക്യൂവിന്റെ കമ്യൂണിസ്റ്റ് റൊമേനിയയാണ്. രാജ്യതലസ്ഥാനമായ ബൂക്കാറെസ്റ്റ്, ലോകത്തിലെ ഏറ്റവും വിഷാദഭരിതമായ, അവശിഷ്ടങ്ങളുടേതുമാത്രമായ നഗരമാണെന്നു എഴുത്തുകാരൻ ആവർത്തിച്ചുപറയുന്നു. ആ നഗരത്തിൽ ചെലവഴിച്ച കുട്ടിക്കാലത്തിന്റെ ഭ്രമാത്മകമായ അനുഭവങ്ങൾ പിന്നിട്ടാണു 24-ാം വയസ്സിൽ നഗരപ്രാന്തത്തിലെ ഒരു സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നത്. വായനയിൽനിന്നും എഴുത്തിൽനിന്നും നിർമ്മിച്ചെടുത്ത പ്രതിഭാവനയാണു സോളിനോയ്ഡിലുള്ളത്.

മീർച കർത്തരസ്കു Image Credit Wiki Commons Photo by Cosmin Bumbutz
മീർച കർത്തരസ്കു Image Credit Wiki Commons Photo by Cosmin Bumbutz

പ്രാരംഭത്തിൽ യുവാവായ നരേറ്റർ സ്വയം വിശേഷിപ്പിക്കുന്നതു താൻ സാഹിത്യകാരനല്ല എന്നാണ്. പക്ഷേ ഒരിക്കൽ താനെഴുതിയിരുന്നു. പത്തൊൻപതാം വയസ്സിൽ ഏറ്റവും ശ്രേഷ്ഠമെന്നു വിശ്വസിച്ചു താനെഴുതിയ കാവ്യം നിർദയം തിരസ്കരിക്കപ്പെട്ടതോടെ എഴുത്ത് അവസാനിപ്പിച്ചു. സർവകലാശാലയിലെ സാഹിത്യസദസ്സിലാണ് ആ കാവ്യം ആദ്യം വായിച്ചത്. 30 കയ്യെഴുത്തുതാളിലായി ഒരു മണിക്കൂർ നീണ്ട വായന. ആ വായനയ്ക്കൊടുവിൽ അവിടെയിരുന്ന നിരൂപകൻ ഈ കവിതയെ നിശിതം വിമർശിച്ചു. സാഹിത്യവ്യാധി എന്നാണ് അയാൾ ആ രചനയെ വിശേഷിപ്പിച്ചത്. നിരൂപകനുപിന്നാലെ മറ്റുള്ളവരും അതേറ്റുപിടിച്ചു. കൊടിയ അപമാനത്തിനും അപകർഷത്തിനും നടുവിൽ കവി ഇല്ലാതായിപ്പോയി. അന്നേ ദിവസം വീട്ടിലെത്തിയശേഷം ആ കടലാസുകൾ അലമാരയിൽ വച്ചുപൂട്ടി. കവിജീവിതം അന്ന് അവസാനിച്ചുവെന്നാണു കർത്തരസ്കുവിന്റെ നായകൻ പറയുന്നത്. അന്ന് അവർ ആ കവിതയെ പ്രശംസിച്ചിരുന്നുവെങ്കിൽ താനിപ്പോൾ ഡസൻകണക്കിനു പുസ്തകങ്ങളെഴുതിയ ഒരെഴുത്തുകാരനായി തീർന്നേനെ എന്നും അയാൾ പറയുന്നു.സ്വയം നടത്തുന്ന പുച്ഛമായും ഈ പ്രസ്താവന സംശയിക്കപ്പെടാം. 'സോളിനോയ്ഡിന്റെ' ഏറ്റവും ഉന്മാദകരമായ അനുഭവം മറ്റു പലർക്കുമൊപ്പം കാഫ്കയുടെയും ബോർഗെസിന്റെയും സാന്നിധ്യമാണ്. ആദ്യഭാഗത്തു കാഫ്കയുടെ ഡയറിയിലെ ഒരു കഥ നോവലിന്റെ തീം എന്നപോലെ വിവരിക്കുന്നുണ്ട്. അന്ത്യഭാഗത്തു ഒരു വലിയ ലൈബ്രറിയും അവിടെ ഒരു ലൈബ്രേറിയനും പ്രത്യക്ഷപ്പെടുന്നു. 

ഫ്രാന്‍സ് കാഫ്ക Image Credit: Wikimedia Commons, Klaus Wagenbach Archiv, Berlin
ഫ്രാന്‍സ് കാഫ്ക Image Credit: Wikimedia Commons, Klaus Wagenbach Archiv, Berlin

ആകസ്മികമെന്നു പറയാം, സോളിനോയ്ഡിൽ കാഫ്കയുടെ ഡയറിയുടെ സാന്നിധ്യം എനിക്ക്‌ ആ ഡയറി വായിക്കാൻ ശക്തമായ പ്രേരണയുണ്ടാക്കി. മാക്സ്‌ ബ്രോഡ്‌ എഡിറ്റ്‌ ചെയ്ത കാഫ്കയുടെ ഡയറിയുടെ ഇംഗ്ലിഷ്‌ പരിഭാഷ വായിച്ചുകൊണ്ടിരിക്കേയാണ്‌ മറ്റൊരു സംഭവം ശ്രദ്ധയിൽ വന്നത്‌. ഇതേ ഡയറി അതിന്റെ പൂർണ്ണരൂപത്തിൽ ഇംഗ്ലിഷിൽ ഇറങ്ങിയിരിക്കുന്നു. റോസ്‌ ബെഞ്ചമിൻ നടത്തിയ പൂർണ്ണ പരിഭാഷ ഒരു നോവൽ പോലെയാണു എനിക്ക്‌ അനുഭവപ്പെട്ടത്‌. റോസ്‌ ബെഞ്ചമിന്റെ പരിഭാഷ രണ്ടു ഗുണങ്ങളാണു ചെയ്തത്‌. ഒന്നാമതായി 'സോളിനോയ്ഡ്‌' എന്ന നോവലിലേക്ക്‌ ഒരു രഹസ്യജാലകം അതു തുറന്നു; രണ്ടാമതായി കാഫ്ക എന്ന എഴുത്തുകാരൻ എത്ര രസികനായിരുന്നുവെന്ന അറിവാണ്‌. സജീവമായ ഒരു സാമൂഹിക ജീവിതം അയാൾക്കുണ്ടായിരുന്നു - കൂട്ടുകാർക്കൊപ്പം പതിവായി നാടകം കാണാൻ പോകുന്നു, നടിമാരുമായി സൗഹൃദം ഉണ്ടാക്കുന്നു, അവരെ പ്രേമിക്കുന്നതായി സങ്കൽപിക്കുന്നു. ഇഷ്ടനടിയെ യാത്രയാക്കാൻ റെയിൽ സ്റ്റേഷനിൽ പോകുന്നതൊക്കെ എത്ര ഭംഗിയായാണ്‌ അയാൾ ജേണലിൽ എഴുതിയത്‌. ഇതിനെല്ലാം പുറമേ നാടകങ്ങളെ സംബന്ധിച്ച്‌ വിശദമായ കുറിപ്പുകൾ, നാടകവും നോവലും തമ്മിലുള്ള വ്യത്യാസം എന്നിവയും നാം വായിക്കുന്നു. കാഫ്കയ്ക്ക്‌ യഥാർത്ഥ പ്രതിസന്ധിയായിരുന്നത്‌ സ്വന്തം വീട്ടിലെ അന്തരീഷം മാത്രമാണ്‌. വീടായിരുന്നു എഴുത്തിനു തടസ്സം. തന്റെ എഴുത്തിനു പിന്തുണ തരാനും ഇരുന്നെഴുതാൻ ഒരു അന്തരീഷം ഉണ്ടാക്കാനും മാതാപിതാക്കൾക്കു കഴിഞ്ഞില്ലെന്നത്‌ കാഫ്കയെ എന്നും അലട്ടി. കാഫ്‌ക ഡയറിയിൽ ഉന്നയിക്കുന്ന ക്രിയേറ്റിവിറ്റിയുമായി ബന്ധപ്പെട്ട ധർമ്മസങ്കടങ്ങൾ, 'സോളിനോയ്‌ഡിൽ' ആഴത്തിൽ ഫിക്ഷന്റെ തന്നെ ജനിതകവുമായി ബന്ധപ്പെടുത്തി കർത്തരസ്കു അന്വേഷിക്കുന്നു. പുസ്തകങ്ങൾ പരസ്പരം പൂരിപ്പിക്കുന്നതിന്റെ സർഗ്ഗാത്മക അനുഭവമായി ഞാൻ ഈ വായനകളെ കാണുന്നു.

darwish-book

സ്വന്തം ജനതയുടെ മോചനത്തിനായി അന്ത്യംവരെ സ്വരമുയർത്തിയ പലസ്തീൻ കവി മഹ്മൂദ്‌ ദർവീശിന്റെ ആത്മകഥാപരമായ 'ഇൻ ദ്‌ പ്രസൻസ്‌ ഓഫ്‌ ആബ്സൻസ്‌' ഒരു വിടവാങ്ങൽ പുസ്തകമാണ്‌. മണ്ണും വെള്ളവും ആകാശവും ഇത്ര അടുപ്പത്തോടെ സ്ഥിതി മറ്റൊരു പുസ്തകം സമീപ വർഷങ്ങളിൽ വായിച്ചിട്ടില്ല. കവിതയും ഗദ്യവും വേർപിരിയുന്ന ഒരിടം അവിടെയില്ല. ആനന്ദവും വേദനയും കൂടി കലർന്നുപോയിരിക്കുന്നു. രാഷ്ട്രീയവും കവിതയും അവിടെ ചേർന്നുനിന്ന് പൊരുതുന്നു. ഇടയ്ക്കിടെ വായിക്കാനായി ദർവീശിന്റെ ഈ അവസാന പുസ്തകം മേശപ്പുറത്തുതന്നെ വയ്ക്കാമെന്ന് ഞാൻ കരുതുന്നു. 

English Summary:

Reading as a Lifelong Journey: Unearthing Gems from Proust to Kafka and Darwish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com