ADVERTISEMENT

ഒരു ജന്മാന്തരഭാഗ്യമാണു ജീവിതമെന്നു തോന്നും. കുമാരനാശാന്റെ കൊച്ചുമകൾ എന്ന അഭിമാനം ജീവിതത്തിലെ ഓരോ നിമിഷവും ലാളിത്യത്തോടെ അനുഭവിക്കാനായിട്ടുണ്ട്. അപ്പൂപ്പന്റെ ‘നളിനി’ എന്ന കാവ്യത്തോടുള്ള തീരാത്ത ഇഷ്ടംകൊണ്ടാണ് അച്ഛൻ എനിക്കു ‘നളിനി’ എന്നു പേരിട്ടത്. കാലം ചെല്ലുന്തോറും എത്ര കനമുള്ള പേരാണെന്നു ബോധ്യപ്പെടുന്നു. കുമാരനാശാന്റെ ആഴമേറിയ കാവ്യജീവിതത്തിന്റെ പ്രതീകം! 

കുമാരനാശാന്റെയും ഭാനുമതിയമ്മയുടെയും മൂത്തമകൻ കെ.സുധാകരനാണ് എന്റെ അച്ഛൻ. കുട്ടിക്കാലത്ത് അച്ഛനിൽനിന്നാണ് അപ്പൂപ്പനെപ്പറ്റി അറിഞ്ഞത്. മുതിർന്നപ്പോൾ അപ്പൂപ്പന്റെ കൃതികൾ‍ വായിച്ചു ഹൃദിസ്ഥമാക്കി. ഇന്നും അതു തുടരുന്നു. ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദധാരിയായ അച്ഛൻ 17–ാം വയസ്സിൽ പഠനത്തിനും ജോലിക്കുമായി മദിരാശിയിലെത്തി. അവിടെ വച്ചാണ് ഞാനും ജ്യേഷ്ഠൻ ബാലചന്ദ്രനും ജനിച്ചത്. 

Nalini-kumaranasan
നളിനി വിജയരാഘവൻ.

ഇംഗ്ലിഷിലായിരുന്നു എന്റെ പഠനം. ചെറുപ്പത്തിൽ മലയാളം പഠിക്കാൻ കഴിയാതിരുന്നതു വളരെയേറെ വേദനയുണ്ടാക്കി. മലയാളഭാഷയിൽ എത്ര ശേഷിയും സ്വാധീനവുമുണ്ടെന്നറിയാൻ കുമാരനാശാന്റെ നാലുവരിക്കവിത ചൊല്ലാമോയെന്ന് അക്കാലത്ത് പലരും ചോദിച്ചിരുന്നു. കുഞ്ഞുന്നാളിൽ എനിക്കതിനായില്ല. ആ ദുഃഖം പതിയെ മാറി. മലയാളം പഠിച്ചു, പരിശ്രമിച്ചും സമയമെടുത്തും ആശാന്റെ കൃതികളെല്ലാം പഠിച്ചു. 

കാവ്യരചനയ്ക്കു മുൻപായി അപ്പൂപ്പൻ മനസ്സിൽ നല്ല തയാറെടുപ്പുകൾ നടത്തിയിരുന്നതായി അറിയാം. ‘ചിന്താവിഷ്ടയായ സീത’ എഴുതിയ നോട്ടുപുസ്തകത്തിൽ കവിത കുറിക്കുന്നതിനു മുൻപായി ഇംഗ്ലിഷിൽ നാലുവരി രൂപരേഖ എഴുതിവച്ചിരുന്നു. ‘സീത’യുടെ കാച്ചിക്കുറുക്കിയ പ്ലാൻ ! എഴുതിയ വരികൾ പത്നി ഭാനുമതിയമ്മയെ ചൊല്ലിക്കേൾപ്പിച്ചിരുന്നു. വീടിനകത്തുകൂടെയുള്ള ഉലാത്തലിൽ അതിമനോഹരമായ ശബ്ദത്തിൽ മൂളുകയും ചെയ്തു. അതു കേൾക്കാനും കാണാനും കഴിഞ്ഞിരുന്നവർക്ക് ജീവിതത്തിലൊരിക്കലും ആ കാഴ്ച മറക്കാൻ കഴിയുന്നതല്ലെന്നും അച്ഛൻ‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇളയമകനായ പ്രഭാകരൻ ശാഠ്യം പിടിച്ചു കരയുമ്പോൾ കുഞ്ഞിനെ തോളിലിട്ടുകൊണ്ട് അപ്പൂപ്പൻ ഉറക്കും. ആ സമയം കുട്ടിയായിരുന്ന അച്ഛൻ ‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ’ എന്ന കവിത ചൊല്ലും. അത് അപ്പൂപ്പൻ സന്തുഷ്ടിയോടെ തോളിൽ തട്ടി അഭിനന്ദിച്ചത് അച്ഛന്റെ ഓർമയിലുണ്ടായിരുന്നു. ‘പുഷ്പവാടി’ എന്ന ബാലകവിതാ സമാഹാരത്തിന്റെ ഒരു പ്രതി ‘എന്റെ സുധാകരന്’ എന്നെഴുതി സമ്മാനിച്ചതും പറഞ്ഞിരുന്നു. അപ്പൂപ്പൻ മരിക്കുമ്പോൾ അച്ഛന് 6 വയസ്സായിരുന്നു പ്രായം. എങ്കിലും എല്ലാക്കാര്യങ്ങളും ഓർമിച്ചിരുന്നു. 

മഹാകവി കുമാരനാശാന്റ തോന്നയ്ക്കലെ വീടും എഴുത്തുപുരയും (2007ലെ ചിത്രം) ചിത്രം: മനോരമ
മഹാകവി കുമാരനാശാന്റ തോന്നയ്ക്കലെ വീടും എഴുത്തുപുരയും (2007ലെ ചിത്രം) ചിത്രം: മനോരമ

1924 ജനുവരി 16ലെ റെഡീമർ അപകടത്തിനുശേഷം പല്ലനയാറ്റിലൂടെ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ അമ്മൂമ്മയുടെ മടിയിൽ കമിഴ്ന്നുകിടന്ന് അച്ഛൻ തേങ്ങിക്കരയുമായിരുന്നു. പറക്കമുറ്റാത്ത 2 കുഞ്ഞുങ്ങളെയും കൊണ്ടാണു പിന്നീട് അമ്മൂമ്മ ജീവിതപ്പുഴ നീന്തിയത്. 

അപ്പൂപ്പനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഏറെയിഷ്ടം തോന്നയ്ക്കൽ ആണ്. സ്വന്തം സമ്പാദ്യത്തിൽ നിന്ന് വാങ്ങിയതായിരുന്നു ആ 18 ഏക്കർ. അവിടെ അദ്ദേഹം പനിനീർ ചാമ്പയും രാജമല്ലിച്ചെടിയും നട്ടുവളർത്തിയിരുന്നു. ചാണകം മെഴുകിയ മൺകുടിലിലിരുന്നാണ് ‘ചണ്ഡാലഭിക്ഷുകി’യും ‘ദുരവസ്ഥ’യും ‘ശ്രീബുദ്ധചരിത’വും ‘കരുണ’യും എഴുതിയത്. അവിടെ അതിവിശിഷ്ടമായ ചെമ്പകമരം ഞങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. അതു വളരെവേഗം വളരുകയും പുഷ്പിക്കുകയും ചെയ്തു. 

തോന്നയ്ക്കലെ  മഹാകവി കുമാരനാശാൻ സ്മൃതി മണ്ഡപം
തോന്നയ്ക്കലെ മഹാകവി കുമാരനാശാൻ സ്മൃതി മണ്ഡപം

ഒഎൻവി ഒരിക്കൽ ആ മരച്ചുവട്ടിൽനിന്ന് അതിരറ്റു സന്തോഷിക്കുകയും ‘രാജൽക്കര കേസരങ്ങൾ വിളങ്ങുന്നു, ദുരത്തൊരു രാജമല്ലിമരം പൂത്തുവിലസും പോലെ’ എന്ന കവിതാശകലം നീട്ടിച്ചൊല്ലുകയും ചെയ്തു. പിൽക്കാലത്ത് പരിഷ്കരണങ്ങളുടെ ഭാഗമായി ആ മരം മുറിച്ചു വലിയ വേദനയുണ്ടാക്കി. 

(മഹാകവി കുമാരനാശാന്റെ കൊച്ചുമകളായ ലേഖിക പ്രശസ്ത കാർഡിയോളജിസ്റ്റും കിംസ് വൈസ് ചെയർമാനുമായ ഡോ. ജി.വിജയരാഘവന്റെ പത്നിയാണ്.)