ADVERTISEMENT

എന്തുകൊണ്ടാണ് നമ്മൾ കുറ്റകൃത്യങ്ങളുടെയും ദുരന്തങ്ങളുടെയും കഥകളിലേക്ക് ആകർഷിക്കപ്പെടുന്നത്? 

മനുഷ്യ മനസ്സിന്റെ ഇരുണ്ട വശങ്ങൾ മനസ്സിലാക്കാനും അതിൽ അന്തർലീനമായ അപകടങ്ങളെക്കുറിച്ച് പഠിക്കാനുമുള്ള ആഗ്രഹമായിരിക്കാം അതിന് കാരണം.

അചിന്തനീയമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തികളുടെ മനോവ്യാപാരങ്ങൾ, അപകടം വരാൻ സാധ്യതയുള്ള അവസരങ്ങൾ, അതിൽനിന്ന് രക്ഷ നേടാൻ സ്വീകരിക്കേണ്ട നടപടികൾ, ഇരകളായവരുടെ അതിജീവനം എന്നിങ്ങനെ നിരവധി വിഷയങ്ങളിലേക്ക് വെളിച്ചം വീശുവാൻ ഇത്തരം സംഭവകഥകൾക്ക് സാധിക്കുന്നു. യഥാർഥത്തിൽ സംഭവിച്ചതാണ് എന്ന ബോധ്യത്തോടെ ഇത്തരം കഥകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, സുരക്ഷിതത്വത്തെ കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങൾ പഠിക്കുവാനും സമൂഹത്തിന്റെ ഉപരിതലത്തിനടിയിൽ ഒളിഞ്ഞിരിക്കുന്ന അസുഖകരമായ സത്യങ്ങളെ അഭിമുഖീകരിക്കാനും അവ പ്രേരിപ്പിക്കും.

ഇരുളിമയ്ക്കിടയിലും പ്രത്യാശയുടെ പ്രകാശം പരത്തുന്ന ഈ കഥകൾ, കുറ്റവാളികളെക്കുറിച്ചു മാത്രമല്ല, അവരെ വേട്ടയാടുന്ന ധീരരായ മനുഷ്യരെക്കുറിച്ചു കൂടിയാണ്. ധീരരായ ഇരകൾ, നിശബ്ദരാകാൻ വിസമ്മതിക്കുന്ന കുടുംബങ്ങൾ, അശ്രാന്തരായി പരിശ്രമിക്കുന്ന അന്വേഷകർ എന്നിവരെയും ഓർമിപ്പിക്കുന്ന യഥാർഥ കുറ്റകൃത്യങ്ങളുടെ കഥകൾ, സഹിഷ്ണുത നിറഞ്ഞ അന്വേഷണത്തിന്റെയും കഥകളാണ്.

യഥാർഥ കുറ്റകൃത്യങ്ങളുടെ കഥ പറഞ്ഞ 5 പുസ്തകങ്ങൾ പരിചയപ്പെടാം.

1. ഇൻ കോൾഡ് ബ്ലഡ് – ട്രൂമാൻ കപോട്ട് 

RichardEugeneHickockandPerryEdwardSmith-PhotobyRichardAvedon-courtesyofRadicalMedia
ഡിക്ക് ഹിക്കോക്ക്, പെറി സ്മിത്ത് Photo Credit: Richard Avedon, courtesy of RadicalMedia

1959 നവംബറിൽ കൻസാസില്‍ നടന്ന ക്ലട്ടർ കൊലപാതകങ്ങളെയാണ് ഈ ക്ലാസിക് ക്രൈം നോവൽ വിശകലനം ചെയ്യുന്നത്. ഹെർബ്, ബോണി, നാൻസി, കെനിയോൺ ക്ലട്ടർ എന്നിവരെ ഡിക്ക് ഹിക്കോക്ക്, പെറി സ്മിത്ത് എന്ന രണ്ട് കുറ്റവാളികൾ വീട്ടിൽ കടന്നു കയറി ക്രൂരമായി കൊലപ്പെടുത്തിയതാണ് സംഭവം. മോഷണം ലക്ഷ്യമിട്ടു നടത്തിയ കൊലപാതകം അന്വേഷിക്കുന്ന അമേരിക്കൻ എഴുത്തുകാരൻ ട്രൂമാൻ കപോട്ട്, കൊലയാളികളുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. ന്യൂ ജേണലിസം ശൈലിയിൽ ഇറങ്ങിയ കൃതി, 1966 ലാണ് പ്രസിദ്ധീകരിച്ചത്.

in-cold-blood

കൊലയാളികൾ പിടിയിലാകുന്നതിനു മുമ്പു തന്നെ കൊലപാതകത്തെക്കുറിച്ച് കേട്ടറിഞ്ഞ കപോട്ട്, അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തും സഹ എഴുത്തുകാരനുമായ ഹാർപ്പർ ലീയോടൊപ്പം കൻസാസിലേക്ക് പോയി. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അഭിമുഖം ചെയ്ത് ആയിരത്തിലധികം പേജുകൾ വരുന്ന കുറിപ്പുകൾ തയാറാക്കി. കൊലപാതകികളായ റിച്ചാർഡ് ഹിക്കോക്കും പെറി സ്മിത്തും കൊലപാതകം നടന്ന് ആറാഴ്ചയ്ക്ക് ശേഷം അറസ്റ്റിലാകുകയും പിന്നീട് വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുകയും ചെയ്തു. കപോട്ട് ഈ പുസ്തകത്തിന്റെ രചനയ്ക്കായി ആറു വർഷമാണ് ചെലവഴിച്ചത്.

2. ഐ വിൽ ബി ഗോൺ ഇൻ ദ് ഡാർക്ക് – മിഷേൽ മക്‌നമാര 

JoseLuisVillegas-AssociatedPress
ജോസഫ് ജെയിംസ് ഡി ആഞ്ചലോ ജൂനിയർ, Photo Credit: AP

പതിറ്റാണ്ടുകളായി കലിഫോർണിയയെ ഭീതിയിലാഴ്ത്തിയ സീരിയൽ റേപ്പിസ്റ്റും കൊലപാതകിയുമായ ഗോൾഡൻ സ്റ്റേറ്റ് കില്ലറെ വേട്ടയാടി പിടികൂടിയതിന്റെ വൈകാരിക വിവരണമാണ് മിഷേൽ മക്‌നമാരയുടെ ഐ വിൽ ബി ഗോൺ ഇൻ ദ് ഡാർക്ക്. 1974 നും 1986 നും ഇടയിൽ കലിഫോർണിയയിലുടനീളം 13 കൊലപാതകങ്ങളും 51 ബലാത്സംഗങ്ങളും 120 കവർച്ചകളും നടത്തിയ ഒരു അമേരിക്കൻ സീരിയൽ കില്ലറായിരുന്നു ജോസഫ് ജയിംസ് ഡി ആഞ്ചലോ ജൂനിയർ. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഇയാൾ ചെയ്ത കുറ്റക‍ൃത്യങ്ങളെ സൂക്ഷ്മമായി ഗവേഷണം നടത്തി ക്രൈം എഴുത്തുകാരനായ മിഷേൽ മക്‌നമാരയാണ് 2013 ന്റെ തുടക്കത്തിൽ ഗോൾഡൻ സ്റ്റേറ്റ് കില്ലർ എന്ന പേര് ആദ്യമായി ഉപയോഗിച്ചത്.

i-will-be-gone-in-the-dark

2013 ലും 2014 ലും ഈ കൊലയാളിയെപ്പറ്റി ലൊസാഞ്ചലസ് മാസികയിൽ ലേഖനങ്ങൾ എഴുതിയ മക്‌നമാര, പിന്നീട് ഹാർപ്പർകോളിൻസുമായി ഒരു കരാർ ഒപ്പിടുകയും കേസിനെക്കുറിച്ച് ഈ പുസ്തകം എഴുതാൻ തുടങ്ങുകയും ചെയ്തു. 2016 ഏപ്രിൽ 21ന് 46–ാം വയസ്സിൽ, രക്തപ്രവാഹത്തിനുള്ള മരുന്ന് അബദ്ധവശാൽ അമിതമായി കഴിച്ചതിനെത്തുടർന്ന് മക്നമാര ഉറക്കത്തിൽ മരിച്ചു. മക്‌നമാരയുടെ മരണത്തിന് രണ്ടു വർഷത്തിനു ശേഷം, 2018 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പുസ്തകത്തെ അടിസ്ഥാനമാക്കി, 2020ൽ എച്ച്ബിഒ ഡോക്യുമെന്ററി സീരീസ് നിർമിച്ചു. 2018 ൽ പ്രതിയെ അറസ്റ്റു ചെയ്യാൻ മക്‌നമാരയുടെ അർപ്പണബോധവും അശ്രാന്തമായ ഗവേഷണവും സഹായിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പറയുകയുണ്ടായി. 

3. ഹെൽട്ടർ സ്കെൽട്ടർ – വിൻസെന്റ് ബഗ്ലിയോസി, കർട്ട് ജെൻട്രി 

manson-vienna-report-ai
ചാൾസ് മാൻസൻ, Photo Credit: vienna-report-it

വിൻസെന്റ് ബഗ്ലിയോസിയും കർട്ട് ജെൻട്രിയും ചേർന്ന് 1974 ൽ എഴുതിയ പുസ്തകമാണ് ഹെൽട്ടർ സ്കെൽട്ടർ: ദ് ട്രൂ സ്റ്റോറി ഓഫ് ദ് മാൻസൺ മർഡേഴ്‌സ്. ചരിത്രത്തിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ യഥാർഥ കുറ്റകൃത്യ പുസ്തകമാണിത്. 1969 ഓഗസ്റ്റ് ഒൻപത്, പത്ത് തീയതികളിൽ കലിഫോർണിയയിലെ ലൊസാഞ്ചലൽ ടെക്സ് വാട്‌സണിന്റെയും ചാൾസ് മാൻസണിന്റെയും നേതൃത്വത്തിൽ മാൻസൺ കുടുംബം എന്ന് വിളിക്കപ്പെടുന്ന സംഘം നടത്തിയ കൊലപാതകങ്ങളുടെ പരമ്പരയാണ് ടേറ്റ്-ലാബിയങ്ക കൊലപാതകങ്ങൾ. മാൻസൺ മർഡേഴ്‌സ് എന്നറിയപ്പെടുന്ന കൊലപാതകത്തിൽ ലെനോ, റോസ്മേരി ലാബിയങ്ക, നടി ഷാരോൺ ടേറ്റിൻ തുടങ്ങിയർക്ക് ജീവൻ നഷ്ടമായി. 

helter-skelter

ഒരു വംശീയ യുദ്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി തങ്ങൾ 35 പേരെ കൊന്ന് മരുഭൂമിയിൽ കുഴിച്ചിട്ടതായി പിടിക്കപ്പെട്ട മാൻസണും അനുയായികളും അവകാശപ്പെട്ടു. അന്വേഷണം, അറസ്റ്റ്, പ്രോസിക്യൂഷൻ എന്നിവ വിവരിക്കുന്ന പുസ്തകം 1974 ലാണ് പ്രസിദ്ധീകരിച്ചത്. ഈ കേസ് വിജയകരമായി കൈകാര്യം ചെയ്ത പ്രോസിക്യൂട്ടർ വിൻസെന്റ് ബഗ്ലിയോസിയാണ് രചയിതാവ് എന്നതിനാൽ കേസിന്റെ എല്ലാ വസ്തുതകളും സമഗ്രമായി അവതരിപ്പിക്കാൻ അദ്ദേഹം വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്.

4. ദ് സ്ട്രേഞ്ചർ ബിസൈഡ് മി – ആൻ റൂൾ

Ted-Bundy-JerryGay
ടെഡ് ബണ്ടി, Photo Credit: Jerry Gay

സീരിയൽ കില്ലർ ടെഡ് ബണ്ടിയെക്കുറിച്ച് ആൻ റൂൾ എഴുതിയ ആത്മകഥാപരവും ജീവചരിത്രപരവുമായ ക്രൈം പുസ്തകമാണ് ദ് സ്ട്രേഞ്ചർ ബിസൈഡ് മി. 1970 കളിൽ യുവതികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അമേരിക്കൻ സീരിയൽ കില്ലറാണ് തിയഡോർ റോബർട്ട് ബണ്ടി. ഒരു ദശാബ്ദക്കാലം കുറ്റം നിഷേധിച്ച ശേഷം, 1974 നും 1978 നും ഇടയിൽ താൻ 30 കൊലപാതകങ്ങൾ നടത്തിയതായി ബണ്ടി സമ്മതിച്ചിരുന്നു.

the-stranger-beside-me

1970കളിൽ നടന്ന കൊലപാതക പരമ്പരകൾക്കും അറസ്റ്റിനും മുമ്പ് ബണ്ടിയെ വ്യക്തിപരമായി അറിയാമായിരുന്ന ആളാണ് ആൻ റൂൾ. 1971-ൽ വാഷിങ്ടൻ യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജി വിദ്യാർഥിയായിരിക്കെ ബണ്ടിയെ കണ്ടുമുട്ടിയ ആൻ, പിന്നീട് അയാൾക്കൊപ്പം ജോലി ചെയ്തു. അടുത്ത സൗഹൃദത്തിലായി. 30 ദിവസത്തിലൊരിക്കൽ സ്ത്രീകൾ കൊല്ലപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വന്നതോടെയാണ് ആൻ ബണ്ടിയെക്കുറിച്ച് എഴുതുന്നത്. അവർ ഒരുമിച്ച് പ്രവർത്തിച്ച സമയത്ത്, റൂൾ ബണ്ടിയുടെ വ്യക്തിത്വത്തിൽ അപകടകരമായ ഒന്നും നിരീക്ഷിച്ചില്ലെന്നും അദ്ദേഹത്തെ അനുകമ്പയുള്ളവനായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും ആൻ പറയുന്നു. താൻ കൊലപ്പെടുത്തിയ സ്ത്രീകളുടെ എണ്ണം പൊലീസ് കണ്ടെത്തിയതിനേക്കാൾ വളരെ വലുതാണെന്ന് ബണ്ടി തന്നോട് പറഞ്ഞതായി ആൻ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

5. ദ് നൈറ്റ് സ്റ്റോക്കർ – ഫിലിപ് കാർലോ

ramirez-bettmann
റിച്ചാർഡ് റാമിറെസ്, Photo Credit: Bettmann/ Getty Images

ഇരുപത്തിയഞ്ചിലധികം ഇരകളെ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ഒരു ഡസനിലധികം ആളുകളെ കൊല്ലുകയും ചെയ്ത അമേരിക്കൻ സീരിയൽ കില്ലറിന്റെ ജീവചരിത്ര പുസ്തകമാണ് ദ് നൈറ്റ് സ്റ്റോക്കർ: ദ് ലൈഫ് ആൻഡ് ക്രൈംസ് ഓഫ് റിച്ചാർഡ് റാമിറെസ്. നൈറ്റ് സ്റ്റോക്കർ എന്നറിയപ്പെടുന്ന റിച്ചാർഡ് റാമിറെസ്, രണ്ട് വർഷം കൊണ്ട് കലിഫോർണിയ മുതൽ ലൊസാഞ്ചലസ് വരെ നടത്തിയ കൊലപാതകങ്ങളും അവയുടെ അന്വേഷണവുമാണ് പുസ്തകം വിവരിക്കുന്നത്. 

night-stalker

1984 ജൂൺ മുതൽ 1985 ഓഗസ്റ്റിൽ പിടിക്കപ്പെടുന്നതുവരെ റാമിറെസ്, 14 പേരെ കൊലപ്പെടുത്തുകയും അഞ്ച് പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. കുട്ടിക്കാലത്തുതന്നെ അപസ്മാര രോഗിയായിരുന്ന അയാൾ അമിതമായി ലഹരിമരുന്ന് ഉപയോഗിക്കുമായിരുന്നു. തന്റെ കൊലപാതകങ്ങൾ പിശാചിനുള്ള വഴിപാടാണെന്ന് റാമിറെസ് വിശ്വസിച്ചു. തന്റെ ഇരകളെ, പ്രത്യേകിച്ച് തന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരെ അല്ലെങ്കിൽ കൊല്ലേണ്ടെന്ന് തീരുമാനിച്ചവരെ ഉപദ്രവിക്കുന്നത് അയാൾ ആസ്വദിച്ചു. റാമിറെസുമായുള്ള നിരവധി അഭിമുഖങ്ങൾക്ക് ശേഷമാണ്, ഫിലിപ്പ് കാർലോ പുസ്തകം എഴുതിയത്.

English Summary:

The Life of a Serial Killer; True crime stories