ജനാധിപത്യ ഇന്ത്യയുടെ ചരിത്രം അറിയാം; റിപ്പബ്ലിക് ദിനത്തിൽ 5 പുസ്തകങ്ങളിലൂടെ ഒരു സാഹിത്യ യാത്ര
Mail This Article
ജനാധിപത്യം, സ്വാതന്ത്ര്യം, രാജ്യത്തിന്റെ സമ്പന്നമായ ചരിത്രം എന്നിവ ആഘോഷിക്കാനുള്ള സമയമാണ് ഇന്ത്യൻ റിപ്പബ്ലിക് ദിനം. നമ്മുടെ രാഷ്ട്രത്തെ രൂപപ്പെടുത്തിയ കഥകളിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങാനും ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ ധാരണ ആഴത്തിലാക്കുവാനുമുള്ള മികച്ച മാർഗമാണ്, വായിക്കാൻ ശരിയായ പുസ്തകം തിരഞ്ഞെടുക്കുകയെന്നത്. ഈ സുപ്രധാന ദിനത്തിൽ ഇന്ത്യയുടെ സത്ത പ്രതിധ്വനിക്കുന്ന 5 പുസ്തകങ്ങളിലൂടെ ഒരു സാഹിത്യ യാത്ര നടത്താം.
∙ ഇ.എം. ഫോർസ്റ്ററിന്റെ 'എ പാസേജ് ടു ഇന്ത്യ'
1920-കളില്‍ ബ്രിട്ടീഷുകാരും ഇന്ത്യക്കാരും തമ്മിലുണ്ടായിരുന്ന ബന്ധത്തെ വിഷയമാക്കിയ ചെയ്യുന്ന നോവലാണ് എ പാസേജ് ടു ഇന്ത്യ. 1924ൽ ഇ.എം. ഫോർസ്റ്റർ എഴുതിയ നോവൽ, നിരവധി മുൻവിധികളുള്ള ആ കാലഘട്ടത്തിൽ ഒരു ബ്രിട്ടീഷുകാരനും ഇന്ത്യക്കാരനും തമ്മിലുള്ള സൗഹൃദം സാധ്യമാകുമായിരുന്നോ എന്ന് പരിശോധിക്കുന്നു. സംസ്കാരങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന്റെയും സഹാനുഭൂതിയുടെയും വെല്ലുവിളികളെയും അവയുടെ പ്രത്യാഘാതങ്ങളിലേക്കും കഥ കടന്നു ചെല്ലുന്നു.
∙ ജവഹർലാൽ നെഹ്‌റുവിന്റെ 'ദ് ഡിസ്കവറി ഓഫ് ഇന്ത്യ'
ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് ലഭിച്ച നാലുവർഷത്തെ ജയിൽവാസത്തിനിടെ നെഹ്‌റു എഴുതിയ പുസ്തകമാണ് 'ദി ഡിസ്കവറി ഓഫ് ഇന്ത്യ'. ഇന്ത്യൻ ചരിത്രം, സംസ്കാരം, തത്ത്വചിന്ത എന്നിവയുടെ വിശാലമായ വീക്ഷണം നൽകുന്ന ഈ കൃതി, ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള ഏറ്റവും മികച്ച രചനകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. 1944-ൽ എഴുതിയ പുസ്തകം 1946ൽ പ്രസിദ്ധീകരിച്ചു.
ബി.ആർ.അംബേദ്കറുടെ 'അനിഹിലേഷൻ ഓഫ് കാസ്റ്റ്'
1936-ൽ ബി.ആർ. അംബേദ്കർ എഴുതിയ രാഷ്ട്രീയ ലഘുലേഖയാണ് 'അനിഹിലേഷൻ ഓഫ് കാസ്റ്റ്'. രാഷ്ട്രീയവും മതപരവുമായ പരിഷ്കാരങ്ങളേക്കാൾ സാമൂഹിക പരിഷ്കരണത്തിന് മുൻതൂക്കം നൽകേണ്ടതുണ്ടെന്ന വിശ്വാസത്തിന്റെ ഒരു വിവരണമാണിത്. ഇന്ത്യയിലെ തൊട്ടുകൂടാത്ത സമുദായത്തിന്മേൽ സവർണ്ണ ഹിന്ദുക്കൾ പ്രയോഗിക്കുന്ന സ്വേച്ഛാധിപത്യത്തിന്റെ ഉദാഹരണങ്ങൾ നൽകി, ജാതി ഉന്മൂലനം ചെയ്യണമെന്ന് അംബേദ്കർ വാദിക്കുന്നു. വ്യക്തികളെ അവരുടെ ജാതി നോക്കാതെ മാന്യമായും ബഹുമാനത്തോടെയും പരിഗണിക്കുന്ന ഒരു സമൂഹം സൃഷ്ടിക്കണമെന്നതാണ് അംബേദ്കറിന്റെ ആവശ്യം.
റിപ്പബ്ലിക് ദിനത്തെക്കുറിച്ചുളള അറിവ് അളക്കാം, പങ്കെടുക്കൂ
∙ ജോൺ കീയുടെ ‘ഇന്ത്യ: എ ഹിസ്റ്ററി’
ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിപാദിക്കുന്ന പുസ്തകമാണ് ജോൺ കീയുടെ ‘ഇന്ത്യ: എ ഹിസ്റ്ററി’. രാജ്യത്തെ മാറ്റിമറിച്ച പ്രധാന സംഭവങ്ങളുടെ കാലാനുസൃതമായ അവലോകനത്തിലൂടെ ഇന്ത്യൻ ചരിത്രത്തിന്റെ ആഴത്തിലുള്ള വീക്ഷണം കൃതി പ്രദാനം ചെയ്യുന്നു. പുരാതന കാലത്തെ ആദ്യ ഹാരപ്പൻ നാഗരികത മുതൽ ആധുനിക കാലം വരെ, വായനക്കാർക്ക് ഇന്ത്യയുടെ വിശദമായ വിവരണം നൽകാൻ പുസ്തകം ശ്രമിക്കുന്നു.
∙ സുനിൽ ഖിൽനാനിയുടെ 'ദി ഐഡിയ ഓഫ് ഇന്ത്യ'
കിംഗ്‌സ് കോളേജ് ലണ്ടൻ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ പൊളിറ്റിക്‌സ് പ്രഫസറും ഡയറക്ടറുമായ സുനിൽ ഖിൽനാനി 1997ൽ എഴുതിയ നോൺ-ഫിക്ഷൻ പുസ്തകമാണ് 'ദി ഐഡിയ ഓഫ് ഇന്ത്യ'. വിഭജനത്തിനു ശേഷമുള്ള അൻപത് വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ ചരിത്രത്തെ പര്യവേക്ഷണം ചെയ്യുന്ന പുസ്തകം "ഇന്ത്യൻ-നെസ്" നിർവചിക്കാൻ ശ്രമിക്കുന്നു. ഇന്ത്യയുടെ പരിണാമത്തിൽ ജനാധിപത്യം വഹിച്ച പങ്കിലേക്ക് പ്രത്യേകം കൃതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.