റൈവൽ നക്ഷത്രം തന്നെ; വിശേഷണത്തെ കൊന്ന് നാമത്തെ രക്ഷിച്ച ദൈവം!
Mail This Article
അച്‌ഛൻ ചോദിച്ചു: രാവിലെ പോകുന്നോ, വൈകിട്ടോ?
രാവിലെ കയറി തിരിച്ചുകളയാം.
ഭാഷാപ്രേമിയായ അച്‌ഛൻ ശുണ്ഠിയെടുത്തു ചോദിച്ചു: ഇതെന്താ പുതിയ ശൈലി? രാവിലെ തിരിക്കാം എന്നു പറഞ്ഞാൽ പോരേ?
പയ്യൻ വിനയത്തോടെ പറഞ്ഞു: അച്‌ഛൻ മുഷിയരുത്. ഒരു വാക്കെങ്കിൽ ഒരു വാക്ക്. അധികം പറയുകയാണല്ലോ പുതിയ സമ്പ്രദായം.
അച്‌ഛൻ പറഞ്ഞു: അതു വേണ്ട. പഴയ സമ്പ്രദായം മതി.
ശരി.
അച്‌ഛനെ മാത്രമല്ല പയ്യൻ ശുണ്ഠി പിടിപ്പിച്ചത്. വായനക്കാരെക്കൂടിയാണ്. മലയാളത്തെക്കൂടിയാണ്. എന്നാൽ ഒരാവൃത്തി കൂടി വായിക്കുമ്പോഴാണ് ശുണ്ഠി അദ്ഭുതവും പിന്നെ ആരാധനയുമാകുന്നത്. എന്നാൽ അപ്പോഴും പയ്യൻ ചിരിച്ചതേയുള്ളൂ. വായ തുറന്ന്, മനസ്സ് പുറത്തു കാണിക്കുന്ന ചിരി. അനുകരിക്കാനാവില്ലായിരുന്നു പയ്യന്റെ ഭാഷ, ചിരി, എഴുത്ത്, ജീവിതം. പയ്യനു ജീവൻ കൊടുത്ത വികെഎന്നിനെപ്പോലെ തന്നെ.
മലയാളത്തിന് പുതിയൊരു ശൈലി സമ്മാനിച്ച എഴുത്തുകാരനാണ് വികെഎൻ. ശൈലിയെ നവീകരിച്ച മറ്റ് എഴുത്തുകാരുമുണ്ട്. എന്നാൽ, അവരൊക്കെ അനുകരിക്കപ്പെട്ടു. തനതായ ഒരു ലോകം സൃഷ്ടിക്കാൻ വികെഎന്നിന് അധികമൊന്നും എഴുതേണ്ടിയിരുന്നില്ല. വാക്കുകൾ മാത്രം മതിയായിരുന്നു. പലപ്പോഴും ഒരൊറ്റ വാക്കിൽ ഒരു വലിയ ലോകം തന്നെ അദ്ദേഹം സൃഷ്ടിച്ചു. പയ്യൻ എന്ന വാക്കിൽ ഒട്ടേറെ കഥാപാത്രങ്ങളെ ഒതുക്കി അവതരിപ്പിച്ചതുപോലെതന്നെ.
സോഡ, സർ?
ഷോഷയും.
ഇങ്ങനെ എഴുതാൻ മലയാളത്തിൽ ഒരു വികെഎൻ മാത്രമാണുള്ളത്. ലക്ഷ്മിക്കുട്ടിയെ കാണാനുള്ള പോക്കാണ്. അതിനു മുമ്പേ മദ്യഷാപ്പ്. ഒരു വിസ്കി കൂടി പറയുമ്പോഴാണ് വെയിറ്ററുടെ സംശയം. അതിനുള്ള പയ്യന്റെ ഉത്തരമാണ് ഷോഷ. ആദ്യത്തെ പെഗ് പയ്യനിൽ വരുത്തിയ മാറ്റത്തെ ഒരൊറ്റ വാക്കിലാണ് അവതരിപ്പിക്കുന്നത്. അത് കൂടുതലോ കുറവോ അല്ല. കൃത്യമാണ്. അതു തന്നെയാണ് വികെഎന്നും.
അമരൻ എന്ന കഥയിൽ സംസ്കൃതം പറയുന്ന പയ്യനെ മുതലാളി ശരിക്കൊന്ന് കുടയുന്നുണ്ട്. ഡാ, നിങ്ങള് സാഹിത്യകാരൻമാര്ണ്ടല്ലോ, തെണ്ടികള്. നിങ്ങളീ നാടു മുടിക്കും. നേരേ ചൊവ്വേ ഒരു സാധനം പാറഞ്ഞാലെന്താഡാ ദോഷം? ഇവിടെ നക്ഷത്രള്ള ആകാശാണു സങ്ങതി. അതിനാണു നിയ്യിപ്പറേണ ചീര, ചർച്ചാന്നൊക്കെ. ആകാശംന്നു കൂടി നിയ്യ് പറഞ്ഞൂലോ, കർത്താവു നെന്നെ കാക്കും. വേറെ ആരും അതും പറയില്ലെഡാ. അതൊഴിച്ചു ബാക്ക്യൊക്കെ സാഹിത്യത്തിലാ വീക്കും. ആകാശം ന്നു കൊന്നാ പറയില്ല. എന്താഡാ?
എഴുത്തിൽ വികെഎന്നിന് ഏറ്റവുമിഷ്ടം അമേരിക്കൻ എഴുത്തുകാരൻ ഹെമിങ്‌വേ ആയിരുന്നു. അദ്ദേഹത്തിന്റെ രചനാ രഹസ്യം വെളിപ്പെടുത്തിയിട്ടുമുണ്ട് ഒരു കഥയിൽ. ഒരു ഗ്രന്ഥമെഴുതിക്കഴിഞ്ഞാൽ ഒരു വർഷമെങ്കിലും അതിന്റെ കയ്യെഴുത്തുപ്രതി സായ്പ് പെട്ടിയിൽ സൂക്ഷിക്കും. എന്നിട്ടു വീണ്ടും അവയെ പുറത്തെടുത്തു വായിക്കും. എല്ലാ വിശേഷണപദങ്ങളും വെട്ടിക്കളയും. പിന്നെ പ്രസ്സിലേക്കയക്കും. അതായത്, കണ്ടത് ആകാശംന്നാണെങ്കി, സായ്പ് ആകാശംന്നന്നെ പറയും. ചർച്ചേം ചരക്കല്ലും വെട്ടിക്കളയും. നാമത്തിന്റെ ശത്രുവായ വിശേഷണത്തെ വെട്ടിക്കളയുക എന്ന പ്രക്രിയ തന്നെ. കൊച്ചു കൊച്ചു വാക്കുകളിൽ പറയാനുള്ളതെല്ലാം പറഞ്ഞു മാറിനിൽക്കുന്നതായിരുന്നു വികെഎൻ രീതി. വലിയ വാചകങ്ങൾ അദ്ദേഹത്തിനു പതിവില്ലായിരുന്നു. അഥവാ അങ്ങനെ പറയേണ്ടിവന്നപ്പോൾ അതുതന്നെയും ആ സന്ദർഭത്തോട് എത്രയും ചേർന്നു നിന്നു.
മദ്യഷാപ്പിൽ നിന്നിറങ്ങി നടക്കുന്ന പയ്യന്റെ യാത്രയെ വികെഎൻ വിവരിക്കുന്നു: സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, വെൺമണി ശ്ലോക അക്കാദമി മറ്റ് അന്തിയുറക്കത്തിന്റെ അക്കാദമികൾ മുതലായ സ്ഥിരം കലയുടെ സ്ഥാപനങ്ങൾ താണ്ടി നടന്നു. ഒരു നീണ്ടയാത്ര പിൻപറ്റേണ്ടിവന്നപ്പോൾ മാത്രമാണ് രണ്ടു വരിക്കപ്പുറം ഒരു വാചകം വികെഎൻ തൊടുക്കുന്നത്. അതും, ഓരോ വാക്കിലും ആക്ഷേപഹാസ്യം നിറച്ച്. മൂന്ന് അക്കാദമിക്കു ശേഷം നാലാമത്തെ അക്കാമദിയിൽ വെടി പൊട്ടിച്ചുകൊണ്ട്. വികെഎൻ അമരനാവുന്നതും ഇതു കൊണ്ടുതന്നെയാണ്. പറഞ്ഞാലും പറഞ്ഞാലും അവയെല്ലാം അപര്യാപ്തമാക്കി, ഈ പറഞ്ഞതൊന്നുമല്ലല്ലോ പറയേണ്ടിയിരുന്നത് എന്ന തോന്നലുളവാക്കി മാറിനിന്നു ചിരിക്കുന്നതുകൊണ്ടുതന്നെ.
പയ്യൻ ഒരു വാരികയെടുത്ത് മധ്യം തുറന്നുകാട്ടി. ചെറുകഥ. നഗരത്തിൽ. വികെഎൻ.
ആരാണ് വി.കെ.എൻ?
ഞാനാണ്.
ഹൃദയം ശാന്തമാക്കാനും ലോഭമോഹങ്ങൾക്ക് അരുതി വരുത്താനുമായി കണ്ണടച്ച് അറുപത് വരെ എണ്ണിയശേഷം പറഞ്ഞു:
എടേയ്!
എന്തോ!
നീ ദൈവത്തെ കണ്ടിട്ടുണ്ടോ?
ഇല്ല.
ഞാനാണ്.