ADVERTISEMENT

പ്രിയ സുഹൃത്തേ, 

ലാറ്റിനമേരിക്കൻ സാഹിത്യത്തോടുള്ള മലയാളിയുടെ പ്രിയത്തിന് ഇപ്പോഴും കുറവ് വന്നിട്ടില്ല. നെരൂദയും മാർകേസുമാണ് ഇന്നും താരങ്ങൾ. ഇവർ മാത്രമല്ല ലാറ്റിനമേരിക്കയിലെ എഴുത്തുകാരെന്നും ഇവരേക്കാൾ മികച്ച എഴുത്തുകാർ അവിടെയുണ്ടെന്നും കുറച്ചു പേർക്കെങ്കിലും അറിയാമെന്നുള്ളത് ആശ്വാസകരമാണ്. 1973ൽ പുറത്തിറങ്ങിയ ഇപ്പോൾ വിപണിയിൽ ലഭ്യമല്ലാത്ത ഒരു പുസ്തകത്തെക്കുറിച്ച് എഴുതാം. 'ഏഴ് ശബ്ദങ്ങൾ: ഏഴ് ലാറ്റിനമേരിക്കൻ എഴുത്തുകാർ റീറ്റ ഗിബേറിനോട് സംസാരിക്കുന്നു' ഇതാണ് തലക്കെട്ട്. നെരൂദ, ബോർഹസ്, അസ്തൂരിയാസ്, ഒക്ടോവിയോ പാസ്, കോർത്തസാർ, മാർകേസ്, ഇൻഫാന്തേ ഇവരാണ് ആ ഏഴ് ശബ്ദങ്ങൾ. അഞ്ഞൂറ് പേജിനടുത്ത് വരുന്ന ഈ അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രമേ ഇവിടെ എഴുതാനാവൂ. എപ്പോഴെങ്കിലും ഈ പുസ്തകം കിട്ടാനുള്ള മാർഗമുണ്ടെങ്കിൽ താങ്കളുടെ വായനയ്ക്ക് ഗുണകരമാവുമെന്ന് ഉറപ്പുണ്ട്. 

ഒക്ടോവിയോ പാസ്, PhotoCredit: Rafael Doniz
ഒക്ടോവിയോ പാസ്, PhotoCredit: Rafael Doniz

ചോദ്യങ്ങൾ ഒഴിവാക്കിക്കൊണ്ട് ഓരോ എഴുത്തുകാരും പറഞ്ഞ ഉത്തരങ്ങൾ ഇവിടെ എഴുതാം. അത് വായിക്കുമ്പോൾ ഏത് ചോദ്യങ്ങളാണ് ഈ മറുപടികളിലേക്ക് നയിച്ചതെന്ന് ബോധ്യമാവും. 

പാബ്ലോ നെരൂദ എന്ന പേര് തെരഞ്ഞെടുത്തത് എങ്ങനെയെന്ന് കൃത്യമായി ഞാൻ ഓർക്കുന്നില്ല. എനിക്കന്ന് പതിമൂന്നോ പതിനാലോ വയസാണ്. ഞാനൊരു എഴുത്തുകാരനാവുന്നതിൽ അച്ഛന് എതിർപ്പുണ്ടായിരുന്നു. അച്ഛനോട് എതിരിടാനുള്ള ഏകവഴിയായി തെരഞ്ഞെടുത്തത് പേരുമാറ്റുക എന്നതായിരുന്നു. ചെക്ക് കവിയായ ജാൻ നെരൂദയുടെ പേര് അക്കാലത്ത് എനിക്കറിയുമായിരുന്നോ എന്ന് നിശ്ചയമില്ല. അന്ന് ഞാൻ അദ്ദേഹത്തിന്റെ ഒരു കഥ വായിച്ചിട്ടുണ്ട്. കവിതകൾ വായിച്ചിട്ടില്ല. എന്തായാലും ചെക്കുകാർ എന്നെ അവരിലൊരാളായി പരിഗണിക്കുന്നു.

ഹീബ്രുവിൽ പാബ്ലോ എന്നാൽ നല്ല കാര്യങ്ങൾ പറയുന്നവരാരോ അവരെയാണ് പാബ്ലോ എന്ന് വിളിക്കുന്നതെന്ന് നിങ്ങൾ പറയുന്നു. ഉറപ്പാണോ? എങ്കിലത് മറ്റൊരു പാബ്ലോയാണ്. ക്രിസ്തുവിന്റെ അപ്പോസ്തലൻ. കുട്ടിക്കാലം മുതൽക്കേ ഞാൻ പക്ഷികളെയും ചെടികളെയും മരങ്ങളേയും ഇഷ്ടപ്പെട്ടു. കടൽക്കക്കളുടെ വലിയൊരു ശേഖരം തന്നെ എന്റെ കയ്യിലുണ്ട്. സമുദ്രജീവികളുടെ അനന്തമായ വൈവിധ്യം എന്നെ അത്ഭുതപ്പെടുത്തുന്നു. അവയുടെ നിറങ്ങൾ, രൂപങ്ങൾ എല്ലാം. ഞാൻ പക്ഷികളുടെ ജീവിതം പഠിച്ചിട്ടുണ്ട്. കാട്ടിൽ പക്ഷി നിരീക്ഷണത്തിനായി പോയിട്ടുണ്ട്.

പാബ്ലോ നെരൂദ. PHOTO CREDIT: NEIL LIBBERT/BRIDGEMAN IMAGES
പാബ്ലോ നെരൂദ. PHOTO CREDIT: NEIL LIBBERT/BRIDGEMAN IMAGES

'പക്ഷികളുടെ കല'എന്നൊരു പുസ്തകവും എഴുതിയിട്ടുണ്ട്. പ്രകൃതിയിൽ നിന്നും മാറി എനിക്കൊരു നിമിഷം പോലും ജീവിക്കാനാവില്ല. ഹോട്ടലുകളിൽ കുറച്ച് ദിവസം ജീവിക്കാനാവും. ഞാനാ സമയം ആസ്വദിക്കാറുമുണ്ട്. ഒന്നോ രണ്ടോ മണിക്കൂർ വിമാനത്തിൽ ചെലവിടാനും കുഴപ്പമില്ല. എന്നാൽ കാട്ടിൽ,ബീച്ചിൽ,സമുദ്രസഞ്ചാരത്തിൽ ഞാൻ ഏറെ ആനന്ദം കണ്ടെത്തുന്നു. അഗ്നിയും ഭൂമിയും ജലവും വായുവുമായുള്ള പ്രത്യക്ഷ ബന്ധത്തിലാണ് എന്റെ സന്തോഷം. ഈ ഒറ്റക്കാരണമാണ് അതായത് പ്രകൃതിയുമായുള്ള പാസ്റ്റർനാക്കിന്റെ അത്ഭുതകരമായ വിനിമയമാണ് 'ഡോക്ടർ ഷിവാഗോ'യെ എനിക്ക് പ്രിയതരമാക്കുന്നത്. യുവകവികൾക്കായി ഒരുപദേശവും എനിക്ക് നൽകാനില്ല. അവർ അവരുടെ വഴി കണ്ടെത്തട്ടെ. അവർ അവരെത്തന്നെ സാക്ഷാത്ക്കരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാവാം എങ്കിലും അതിനോട് പൊരുതുക തന്നെ വേണം.

പക്ഷേ, അവരെ രാഷ്ട്രീയ കവിതയിൽ നിന്ന് തുടങ്ങാൻ ഞാൻ ഒരിക്കലും ഉപദേശിക്കില്ല.  രാഷ്ട്രീയ കവിത അഗാധമായ വികാരങ്ങളിൽ നിന്നും ബോധ്യങ്ങളിൽ നിന്നും ഉരുത്തിരിയണം. നിങ്ങൾ ഒരു രാഷ്ട്രീയ കവിയാകുന്നതിന് മുമ്പ് നിങ്ങൾ മുഴുവൻ കവിതകളിലൂടെയും സഞ്ചരിച്ചിരിക്കണം. 

ബോർഹസ്, Image Credit: Ulf Andersen/Getty
ബോർഹസ്, Image Credit: Ulf Andersen/Getty

1968 ൽ കേംബ്രിഡ്ജിൽ വെച്ചാണ് ബോർഹസുമായുള്ള ഈ അഭിമുഖം നടക്കുന്നത്. അന്ന് ബോർഹസിന്റെ വിവാഹം കഴിഞ്ഞ സമയമാണ്. വയസ് അറുപത്തിയൊൻപത്. നടത്തം ബോർഹസിന്റെ പ്രിയ ചര്യകളിലൊന്നായിരുന്നു. 

1955ൽ നാഷനൽ ലൈബ്രററിയിൽ ഡയറക്ടറായി എനിക്ക് ഉദ്യോഗം ലഭിച്ചു. അപ്പോഴേക്കും എന്റെ കാഴ്ചശക്തി കുറഞ്ഞിരുന്നു. 'സമ്മാനങ്ങളുടെ കവിത'യിൽ ഞാൻ ദൈവത്തിനോട് പറഞ്ഞു 'ഗംഭീരമായ വിരോധാഭാസത്തോടെ, എനിക്ക് ഒരേ സമയം പുസ്തകങ്ങളും ഇരുട്ടും നൽകി'എന്റെ അച്ഛനും മുത്തശ്ശിയും അന്ധരാവുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ സ്വന്തം കാഴ്ച ഒരിക്കലും നല്ലതായിരുന്നില്ല, വിധി എനിക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. പ്രതിബദ്ധ സാഹിത്യത്തിൽ വിശ്വസിക്കുന്നുണ്ടോ എന്നോ? എന്റെ സാഹിത്യത്തിലും സത്യസന്ധതയിലും മാത്രമേ പ്രതിബദ്ധതയുള്ളൂ.

ഇനി എന്റെ രാഷ്ട്രീയ നിലപാടാണെങ്കിൽ,ഞാനൊരു ആന്റി കമ്മ്യൂണിസ്റ്റാണ്, ആന്റി ഹിറ്റ്ലറാണ്,ആന്റി പെറോണിസ്റ്റാണ്, ആന്റി നാഷണലിസ്റ്റാണ്. ഒരു എഴുത്തുകാരന് തന്റെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനും ശരിയാണെന്ന് വിശ്വസിക്കുന്നതുപോലെ പ്രവർത്തിക്കാനും കഴിയും, എന്നാൽ സാഹിത്യം കെട്ടുകഥകളിലോ ലഘുലേഖകളിലോ ഉൾക്കൊള്ളണമെന്ന് ഞാൻ കരുതുന്നില്ല. ഒരു എഴുത്തുകാരൻ ഭാവനയുടെ സ്വാതന്ത്ര്യവും സ്വപ്നങ്ങളുടെ സ്വാതന്ത്ര്യവും സംരക്ഷിക്കണം. ചെറുപ്പക്കാർക്ക് ഉപദേശമോ? മറ്റുള്ളവരെ ഉപദേശിക്കാൻ ഞാനാളല്ല. എനിക്ക് എന്റെ തന്നെ ജീവിതം കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 

ജൂലിയോ കോർത്താസാർ Image Credit - Sara Facio - Buenos Aires, Buenos Aires, by Alicia D'Amico, Sara Facio & Julio Cortázar - Editorial Sudamericana, Buenos Aires (1968)
ജൂലിയോ കോർത്താസാർ Image Credit - Sara Facio - Buenos Aires, Buenos Aires, by Alicia D'Amico, Sara Facio & Julio Cortázar - Editorial Sudamericana, Buenos Aires (1968)

1971 ൽ  ന്യൂയോർക്കിൽ വെച്ചാണ് മാർകേസുമായുള്ള അഭിമുഖം. മാർകേസുമായുണ്ടായിട്ടുള്ള അഭിമുഖങ്ങൾ ഏറെക്കുറെ മലയാളത്തിൽ മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തിലെ ദീർഘസംഭാഷണം മാർകേസിനെ അടുത്തറിയുവാൻ ഏറെ സഹായകമാണ്. 

കലയുടെ ഏതൊരു ആവിഷ്ക്കാരത്തേക്കാളും സാഹിത്യത്തേക്കാളും ഞാൻ സംഗീതം ആസ്വദിക്കുന്നു. സംഗീതമെനിക്കൊരു ലഹരിപോലെയാണ്. എന്റെ യാത്രയിലുടനീളം സംഗീതമുണ്ടാവും കൂടെ. കേൾക്കുന്ന സംഗീതത്തിലൂടെ ലോകത്തെ ഞാൻ നിരൂപിക്കുന്നു. ഒരിക്കൽ ജർമനിയിലൂടെ യോസയുമൊത്ത് യാത്ര ചെയ്തത് ഓർക്കുന്നു. വല്ലാത്തൊരു ചൂട് ദിവസമായിരുന്നു. ഞാനാകെ അസ്വസ്ഥനായിരുന്നു. പെട്ടന്ന് അബോധത്തോടെ എന്നെത്തന്നെ സ്വയം വിച്ഛേദിച്ചുകൊണ്ട് ഞാൻ സംഗീതം കേൾക്കാൻ തുടങ്ങി. പിന്നീട് യോസ എന്നോട് പറഞ്ഞു "ഇത് അവിശ്വസനീയമാണ്. നിങ്ങളുടെ മാനസികാവസ്ഥ മാറി. ഇപ്പോൾ എത്ര ശാന്തനായിരിക്കുന്നു"ചിലപ്പോൾ വലിയ മാനസിക സമ്മർദ്ദമുള്ളപ്പോൾ ഉച്ചമുതൽ വെളുപ്പിനെ നാല്‌വരെ ഞാൻ സംഗീതം മാത്രം കേട്ടുകൊണ്ട് ഇരിക്കും.

സംഗീതത്തോടുള്ള എന്റെ അഭിനിവേശം ഒരു രഹസ്യ സ്വഭാവം പോലെയാണ്, അതിനെക്കുറിച്ച് ഞാൻ ഒരിക്കലും സംസാരിക്കാറില്ല. അത് എന്റെ സ്വകാര്യ ജീവിതത്തിന്റെ  ഏറ്റവും അഗാധമായ ഭാഗമാണ്. വസ്തുക്കളിൽ അഭിരമിക്കുന്ന ഒരാളല്ല ഞാൻ. പക്ഷേ  സംഗീതം കേൾക്കുവാനുള്ള ഉപകരണങ്ങളില്ലാതെ എനിക്കാവില്ല. ടൈപ്പ് റൈറ്റർ എന്റെ എഴുത്തിന് ആവശ്യമുള്ളതുകൊണ്ട് മാത്രമാണ് സൂക്ഷിക്കുന്നത്. അല്ലായിരുന്നുവെങ്കിൽ ഞാനത് ഉപേക്ഷിക്കുമായിരുന്നു. വായിച്ച പുസ്തകങ്ങൾ ഞാൻ സൂക്ഷിക്കാറില്ല. എഴുത്തിലേക്ക് വന്നാൽ, 'ലീഫ് സ്റ്റോം' എന്റെ ആദ്യ പുസ്തകം തന്നെയാണ് പ്രിയപ്പെട്ടത്.

 മാര്‍കേസ്, Picture Credit: Graziano Arici/AGE fotostock
മാര്‍കേസ്, Picture Credit: Graziano Arici/AGE fotostock

ദൃശ്യങ്ങളാണ് നോവലുകളുടെ തുടക്കത്തിലേക്ക് നയിക്കുന്നത്. ഒരു വൃദ്ധനായ മനുഷ്യൻ തന്റെ കൊച്ചുമകനെ മരിച്ചടക്കത്തിന് കൊണ്ടുപോകുന്ന ദൃശ്യത്തിൽ നിന്നുമാണ് ലീഫ് സ്റ്റോം എഴുതുന്നത്. 'ആരും കേണലിന് എഴുതുന്നില്ല' ഒരു വൃദ്ധന്റെ കാത്തിരിപ്പിൽ നിന്നും. ഒരു വൃദ്ധൻ പേരക്കുട്ടിയെ കാഴ്ചച്ചന്തയിൽ ഐസ് എന്തെന്നു കാണിച്ച് കൊടുക്കാൻ കൊണ്ടുപോകുന്നതിൽ നിന്നും 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' ഉണ്ടായി. ഉള്ളിൽ തിളയ്ക്കുവാൻ സമയം കൊടുക്കുന്നു. അതൊരു ബോധപൂർവ്വമായ പ്രക്രിയ ഒന്നുമല്ല.

'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' പതിനഞ്ച് പതിനേഴ് വർഷം മനസ്സിലുണ്ടായിരുന്നു. എന്നാൽ 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' എഴുതി പൂർത്തിയാക്കുവാൻ രണ്ട് വർഷത്തിൽ താഴെ മാത്രമാണ് സമയം എടുത്തത്. ആദ്യം ഒറ്റ എഴുത്ത്. പിന്നീട് തിരുത്തും. ഫൈനൽ ഡ്രാഫ്റ്റ് കണ്ടാൽ നിങ്ങൾ അത്ഭുതപ്പെടും. അത്രയ്ക്ക് ക്ലീൻ ആയിരിക്കും പേജുകൾ. പുസ്തകങ്ങളുടെ തലക്കെട്ടുകൾ പിന്നീടാണ് നിശ്ചയിക്കുന്നത്. അതൊരു പ്രധാനകാര്യമായി കരുതുന്നില്ല. 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' എഴുതാൻ നേരം സഹായകരമായ കുറിപ്പുകളും ഡയഗ്രങ്ങളുമെല്ലാം ഞാൻ നശിപ്പിച്ച് കളഞ്ഞു. അതൊന്നും സൂക്ഷിക്കേണ്ട ആവശ്യമില്ല. അതെല്ലാം തീർത്തും സ്വകാര്യമാണ്. 

gabriel-garcia-marquez-book-one-hundred-years-of-solitude

ഒന്നു രണ്ട് കാര്യങ്ങൾ കൂടി സൂചിപ്പിച്ച് കത്ത് അവസാനിപ്പിക്കാം എന്നു കരുതുന്നു. 'ഏകാന്തതയുടെ നൂറ് വർഷങ്ങളെ'ക്കുറിച്ച് അസ്തൂരിയാസ് നടത്തുന്ന വിമർശനം ഇതാണ്: "ബൽസാക്കിന്റെ 'The Search for the Absolute'ന്റെ പ്ലോട്ടും കഥാപാത്രങ്ങളും പകർത്തിയെടുത്തതാണ് ആ നോവൽ" ഇവിടെ അവസാനിക്കുന്നില്ല മാർകേസ് വിമർശനം. ഒക്ടോവിയോ പാസ് മാർകേസിനെക്കുറിച്ച് പറയുന്നു: Gabriel Marquez has made himself spokesman for a small group of pseudo-extremists preaching “revolution at once" although they have neither the strength nor the opportunity for creating one !Gabriel Marquez is an opportunist of the left, a man without ideas -without ideas.

ഇനി ഇൻഫാന്തേയിലേക്ക് വരാം. എഴുത്തിൽ തീർത്തും വ്യത്യസ്തനാണല്ലോ ഇൻഫാന്തേ. ക്യൂബൻ എഴുത്തുകാരനായ ഇദ്ദേഹത്തിന്റെ കാസ്ട്രോ വിമർശനങ്ങൾ നമ്മുടെ നാട്ടിലെ ഇടതുപക്ഷക്കാർക്ക് സഹിക്കില്ല. കാസ്ട്രോയുടെ ഭീരുത്വവും ഏകാധിപത്യ പ്രവണതയുമെല്ലാം അക്കാലത്ത് തന്നെ തുറന്ന് എഴുതിയിരുന്നു ഇൻഫാന്തേ. ക്യൂബൻ കമ്മ്യൂണിസമെന്നാൽ മാഫിയ ആണന്നും ട്രോസ്കി സ്റ്റാലിനെ വിശേഷിപ്പിച്ചത് ഗ്യാംഗ്സ്റ്റർ എന്നല്ലേ? അതേ പോലൊരു ഗ്യാംഗ്സ്റ്റർ ആണ് ഫിഡൽ കാസ്ട്രോയും.

love-in-the-time-of-cholera-223-gif

1948 മുതൽ എനിക്കറിയാം അയാളെ. ഞാൻ അയാളെ ഒരു ഗ്യാംഗ്സ്റ്റർ എന്ന് വിളിക്കുമ്പോൾ അത് വെറുമൊരു രൂപകമല്ല, മറിച്ച് അയാളുടെ ഭൂതകാലത്തെക്കുറിച്ചുള്ള വ്യക്തമായ പരാമർശമാണന്ന് ഇൻഫാന്തേ എഴുതുന്നു. 'ബ്ലോ അപ്പ്' എന്ന കഥ അന്റോണിയോണിക്ക് ചലച്ചിത്രമാക്കാൻ കൊടുത്തതിനെക്കുറിച്ച് കോർത്തസാർ പറയുന്ന മനോഹരമായ ഒരു ഖണ്ഡികയുണ്ട്. ഈ അഭിമുഖത്തിൽ കോർത്തസാർ മാത്രം ചോദ്യങ്ങളെല്ലാം ഒന്നു ചേർത്ത് നീണ്ട ഒരു ലേഖനം പോലെ എഴുതിയിരിക്കുന്നു. 

അഭിപ്രായ വൈജാത്യങ്ങൾക്കിടയിലും എന്തുകൊണ്ട് ഞങ്ങൾ ലാറ്റിനമേരിക്കക്കാർ വ്യത്യസ്തരാവുന്നു എന്ന് ഈ സംഭാഷണം വായിക്കുന്നവർക്ക് മനസിലാവും. ഒരുപക്ഷേ നമ്മുടെ പരിമിതമായ അറിവുകൊണ്ടാവാം അല്ലങ്കിൽ അന്ധമായ കമ്മ്യൂണിസ്റ്റ് ഭക്തികൊണ്ടോ മാർകേസ് ഭക്തികൊണ്ടോ ഒക്കെയാവാം വിമർശന ശബ്ദങ്ങൾ അത്രയൊന്നും ഇവിടെ കേൾക്കാൻ കഴിയാതെ പോയത്. ഈ പുസ്തകം വൈകിയിട്ടാണെങ്കിലും അത്തരമൊരു വായനയ്ക്കും സംവാദത്തിനും സഹായകമായേക്കാം. 

സ്നേഹപൂർവ്വം 

UiR

English Summary:

"Unearthing the Literary Gems of Latin America Beyond Neruda and Marquez – A Rare 1973 Interview Compilation Revealed"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com