ADVERTISEMENT

മുൻ മോഡലും അവതാരകയും നടിയുമായ നിക്കി ഡുബോസ് എഴുതിയ ഓർമക്കുറിപ്പ്  സ്വയം കണ്ടെത്താനുമുള്ള യാത്ര മാത്രമല്ല; ഒരു മുന്നറിപ്പുകൂടിയാണ്. ഗാർഹിക പീഡനം, ലൈംഗികമായി ദുരുപയോഗം ചെയ്യൽ, അനാവശ്യ ഭക്ഷണ ക്രമം, മോഡലിങ് രംഗത്തെ കാണാക്കഥകൾ എന്നിങ്ങനെ താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചിലിലൂടെ, സുഖജീവിതമുള്ളവർ എന്നു പൊതുവെ പറയപ്പെടുന്നവരുടെ ജീവിതത്തിലെ യാഥാർഥ്യങ്ങളുടെ നേർമുഖമാണ് പുറത്തു വരുന്നത്.

1985ൽ സൗത്ത് കാരോലൈനയിലെ ചാൾസ്റ്റണിൽ സാന്ദ്ര പിയേഴ്സിന്റെയും വെയ്ൻ ഡുബോസിന്റെയും മകളായിട്ടാണ് താര നിക്കോൾ ഡുബോസ് ജനിച്ചത്. വിക്ടർ ഫ്ലെമിങ് സംവിധാനം ചെയ്ത ‘ഗോൺ വിത്ത് ദ് വിൻഡ്’ എന്ന ചിത്രത്തിലെ സാങ്കൽപിക തോട്ടത്തിന്റെ ഓർമയ്ക്കാണ് സാന്ദ്ര അവൾക്ക് "താര" എന്ന് പേരിട്ടത്. എന്നാൽ താരയെ പലപ്പോഴും അവർ നിക്കോൾ എന്നതിന്റെ ചുരുക്കമായി "നിക്കി" എന്നാണ് വിളിച്ചിരുന്നത്, പിന്നീട് അത് സ്ഥിരം പേരായി.

നിക്കി ഡുബോസ്, Image Credit: www.bellazon.com
നിക്കി ഡുബോസ്, Image Credit: www.bellazon.com

നിക്കിക്ക് രണ്ട് വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയതോടെ, അവളെയും ഇളയ സഹോദരനെയും അമ്മയും രണ്ടാനച്ഛനും ചേർന്നാണ് വളർത്തിയത്. ആ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. നിക്കി എല്ലാ തരത്തിലുമുള്ള ഉപദ്രവവും ഗാർഹിക പീഡനവും അനുഭവിച്ചു. സാന്ദ്ര കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങളാൽ വലയുകയും അമിതമായി മദ്യപിക്കുകയും ചെയ്തതോടെ നിക്കി പതിനേഴു വർഷത്തിലേറെ ശാരീരികവും മാനസികവുമായി തകർന്നു.

ഈ അനുഭവങ്ങളോടൊപ്പം ഭക്ഷണ ക്രമക്കേടുകൾ, വിഷാദം എന്നിവയും അനുഭവിച്ച നിക്കി, മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് തന്റെ ആദ്യ ചെറുകഥ എഴുതുന്നത്. ഹൈസ്കൂളിൽ സ്റ്റാർ റൈറ്ററായിരുന്നുവെങ്കിലും, മാനസികാവസ്ഥ പല കാലഘട്ടങ്ങളിലും എഴുതുന്നതിൽ നിന്ന് അവളെ തടഞ്ഞു. എഴുതാനുള്ള കഴിവ് വർഷങ്ങളോളം നിക്കിയിൽനിന്ന് മാഞ്ഞുപോയെങ്കിലും, സംഘർഷത്തിൽനിന്നു കരകയറാൻ ഇടയ്ക്ക് അവൾ കുത്തിക്കുറിച്ചു. 

നിക്കി ഡുബോസ്, Image Credit: www.bellazon.com
നിക്കി ഡുബോസ്, Image Credit: www.bellazon.com

പോരാട്ടങ്ങൾക്കിടയിലും, നിക്കി തന്റെ സ്വപ്നങ്ങൾ പിന്തുടരുകയും ഒരു മോഡലും ടെലിവിഷൻ അവതാരകയും ആയിത്തീരുകയും ചെയ്തു. എന്നിരുന്നാലും, മോഡലിങ് രംഗത്തെ സമ്മർദങ്ങൾ അവളെ കൊണ്ടെത്തിച്ചത് മദ്യപാനത്തിലും ലഹരിമരുന്നിലുമാണ്. യാഥാർഥ്യബോധമില്ലാത്ത സൗന്ദര്യ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാനുള്ള അവളുടെ സമ്മർദ്ദം വലുതായിരുന്നു. വൈകാരികവും ശാരീരികവും ലൈംഗികവുമായ ദുരുപയോഗം ഉൾപ്പെടെ പലതും സഹിക്കേണ്ടി വന്നു. 

നിക്കി ഡുബോസ്, Image Credit: www.bellazon.com
നിക്കി ഡുബോസ്, Image Credit: www.bellazon.com

ഈ പ്രയാസകരമായ അനുഭവങ്ങൾ അവശേഷിപ്പിക്കുന്ന ദീർഘകാല പ്രശ്നങ്ങളെക്കുറിച്ച് ബോധവതിയായ നിക്കി, ആശ്രിതത്വത്തെ അതിജീവിക്കുന്നതിനും വേദനയെ നേരിടാനുള്ള ആരോഗ്യകരമായ വഴികൾ കണ്ടെത്തുന്നതിനുമുള്ള ശ്രമം തുടങ്ങി. രോഗശാന്തിയിലേക്കുള്ള തന്റെ യാത്ര മാത്രമല്ല, ആന്തരിക മൂല്യത്തെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചും ശക്തമായ ബോധം മറ്റുള്ളവരിലും വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിച്ചു. 

2014 ൽ പ്രസിദ്ധീകരിച്ച ‘വാഷ് എവേ: ഫ്രം ഡാർക്ക്നസ് ടു ലൈറ്റ്’ എന്ന പുസ്തകത്തിൽ കുട്ടിക്കാലം മുതൽ മുതിരുംവരെ താൻ കടന്നുപോയ ദുരനുഭവങ്ങൾ നിക്കി വിവരിക്കുന്നു. ലോകമെമ്പാടും സഞ്ചരിച്ച് ഫാഷൻ മോഡലായും നടിയായും ജോലി ചെയ്ത ശേഷം മാനസികാരോഗ്യ മേഖലയിലാണ് നിക്കി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

നിക്കി ഡുബോസ്, Image Credit: www.bellazon.com
നിക്കി ഡുബോസ്, Image Credit: www.bellazon.com

കുട്ടിക്കാലത്തെ ലൈംഗികാതിക്രമവും ഗാർഹിക പീഡനവും മുതൽ വിവിധ തരത്തിലുള്ള ശാരീരികവും വൈകാരികവും മാനസികവുമായ ആഘാതങ്ങൾ വരെ പരിശോധിക്കുന്ന ‘വാഷ് എവേ’ എന്ന തുറന്നെഴുത്തിന് വായനക്കാരിൽനിന്നും നിരൂപകരിൽനിന്നും നല്ല അഭിപ്രായങ്ങൾ ലഭിച്ചു. ഓർമ, പ്രതിരോധം, അതിജീവനം, രോഗശാന്തി എന്നിവയെക്കുറിച്ച് സംസാരിക്കുന്ന പുസ്തകം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാന്‍ ശ്രമിക്കുന്ന വായനക്കാർക്കുള്ള സന്ദേശമാണ്;  പ്രതീക്ഷയുടെയും ശാക്തീകരണത്തിന്റെയും പ്രതീകവും.

English Summary:

Model, Actress, Survivor: Nikki Dubose Pens Potent Memoir 'Wash Away: From Darkness to Light' on Overcoming Mental Health and Abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com