രണ്ടു വീടുകളിൽ ഒരു കോടി രൂപയുടെ പുസ്തകങ്ങൾ; പരിചയപ്പെടാം കൊൽക്കത്തയിലെ ഈ പുസ്തക ഭ്രാന്തനെ!
Mail This Article
പലതരത്തിലുള്ള പുസ്തക ഭ്രാന്തന്മാരെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ചക്ദായിലുമുണ്ട് അങ്ങനെ ഭ്രാന്തമായി പുസ്തകത്തെ സ്നേഹിക്കുന്നൊരാൾ. കഴിഞ്ഞയിടെ കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തകമേള കാണാൻ പോയ ദേബാരത ചന്ദോപാധ്യായ എന്ന അധ്യാപകൻ പുസ്തകങ്ങൾ വാങ്ങാൻ ചെലവഴിച്ചത് 3.36 ലക്ഷം രൂപയാണ്.
യുജി, പിജി വിദ്യാർഥികളെ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്ന പ്രൊഫസർ ദേബാരത, തന്റെ വിദ്യാർഥികൾക്കൊപ്പമാണ് പുസ്തകമേള കാണാൻ പോയത്. 12 ദിവസങ്ങളിലായി നടന്ന പുസ്തകമേളയിൽ, 8 ദിവസവും ദേബാരത പോയി. ഓരോ പോക്കിനും കൈനിറയെ പുസ്തകങ്ങൾ വാങ്ങിയപ്പോൾ, ഇത്രയധികമുണ്ടാകുമതെന്ന് ദേബാരത കരുതിയില്ല.
'സത്യസന്ധമായി പറഞ്ഞാൽ, ഞാൻ എത്ര പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ടാകുമെന്ന് എനിക്ക് കൃത്യമായി അറിയില്ല'– ദേബാരത പറയുന്നു. ‘ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങുന്നത് വർഷങ്ങളായിട്ടുള്ള ശീലമാണ്. ഇതിനകം തന്നെ 14,000 പുസ്തകങ്ങൾ സ്വന്തമായുണ്ട്. ചക്ദയിലെയും റാണാഘട്ടിലെയും വീടുകളിൽ ഒരു കോടി പതിനഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന പുസ്തകങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. പുതിയതും പഴയതുമായ പുസ്തകങ്ങളുടെ ശേഖരത്തിന് പേരുകേട്ട പ്രദേശമായ കോളേജ് സ്ട്രീറ്റിൽ പതിവായി പോകാറുണ്ട്. വർഷം മുഴുവനും പണം സ്വരൂപിച്ചതിനുശേഷം എല്ലാ വർഷവും പുസ്തകമേളയ്ക്കായി കാത്തിരിക്കാറുണ്ട്’– ദേബാരത വ്യക്തമാക്കി.
‘കോളേജ് സ്ട്രീറ്റിൽ പുസ്തകങ്ങൾക്കിടയിൽ മണിക്കൂറുകൾ ചെലവഴിക്കുന്നത് എന്റെ പ്രിയപ്പെട്ട കാര്യമാണ്. കൊൽക്കത്ത, ഡൽഹി, മുംബൈ, മറ്റ് മെട്രോ നഗരങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രസാധകർ എന്റെ സുഹൃത്തുക്കളാണ്, പുതിയതും അപൂർവവുമായ പുസ്തകങ്ങൾ സ്വന്തമാക്കാനും പുതിയ എഴുത്തുകാരെ കണ്ടെത്താനും അവർ എന്നെ സഹായിക്കുന്നു’–ദേബാരത കൂട്ടിച്ചേർത്തു.