15 വർഷത്തെ ഒറ്റപ്പെടൽ; സ്വാതന്ത്ര്യത്തിന്റെ വില, ഇരുപത് ലക്ഷം റൂബിൾ
Mail This Article
റഷ്യയുടെ വിശ്വസാഹിത്യകാരൻ ആന്റൺ ചെക്കോവിന്റെ പ്രശസ്തമായ ചെറുകഥ (The Bet, 1889) ഒരു ബാങ്കറുടെ ഭവനത്തിലെ ആഘോഷത്തിൽ ആരംഭിക്കുന്നു.
നഗരത്തിലെ പ്രമുഖരും ബുദ്ധിജീവികളും അതിഥികളായുണ്ട്. അവർ ചർച്ചകളിൽ ഏർപ്പെടുന്നു. വധശിക്ഷ വേണമോ വേണ്ടയോ എന്ന വിഷയം ചൂടു പിടിച്ചു. അതിഥികൾ രണ്ടു പക്ഷമായി തിരിഞ്ഞു. ബാങ്കർ വധശിക്ഷയ്ക്ക് അനുകൂലമാണ്. യുവാവായ ഒരു അഭിഭാഷകൻ ജീവപര്യന്തത്തെ അനുകൂലിച്ചു - ജീവനെടുക്കാൻ മനുഷ്യന് അവകാശമില്ല. തർക്കം പന്തയത്തിലേക്ക് നീങ്ങി. അഞ്ചു വർഷം പോലും താങ്കൾക്ക് തടവുശിക്ഷ അതിജീവിക്കാനാകില്ല - ബാങ്കർ വാദിച്ചു. 'അഞ്ചല്ല, പതിനഞ്ചു വർഷം അനുഭവിക്കാൻ ഞാൻ തയ്യാർ!' യൗവനത്തിന്റെ പ്രസരിപ്പിൽ ആദർശവാനായ അഭിഭാഷകൻ വിളിച്ചു പറഞ്ഞു. ജയിച്ചാൽ ബാങ്കർ ഇരുപത് ലക്ഷം റൂബിൾ നൽകണം. ഇനിയുള്ള പതിനഞ്ചു വർഷം അഭിഭാഷകൻ ബാങ്കറുടെ ലോഡ്ജിൽ കഴിയും. മനുഷ്യ സംസർഗ്ഗമില്ല, പക്ഷേ ചോദിക്കുന്നതെന്തും ലഭിക്കും.
തടവുകാലം തുടങ്ങി. ആദ്യ വർഷങ്ങളിൽ അഭിഭാഷകൻ മദ്യമോ പുകയിലയോ ഉപയോഗിച്ചില്ല, പിയാനോയിൽ വിരലോടിച്ചു നേരം കഴിച്ചു. പിന്നീട് ലഹരിയിൽ താൽപര്യം കയറി. തുടർന്നുള്ള ശ്രദ്ധ പുസ്തകങ്ങളിൽ. ശാരീരികമായി സാധ്യമല്ലാത്ത സാഹസങ്ങൾ അയാൾ ഗ്രന്ഥങ്ങളിൽ തേടി. തടവുകാരനായ അന്തേവാസി ആവശ്യപ്പെട്ട പുസ്തകങ്ങൾ ബാങ്കർ ലഭ്യമാക്കി. ക്രമേണ അഭിഭാഷകൻ ഇതര ഭാഷകളിലും പ്രാവീണ്യം നേടി. വർഷങ്ങൾ കടന്നു പോയി. ഏതാണ്ട് എല്ലാത്തരം ഗ്രന്ഥങ്ങളും ഇതിനകം അയാൾ വായിച്ചു തീർത്തു. ലളിതമായതിൽ നിന്നും ഗഹനമായതിലേക്ക് നീങ്ങി. ഇതേസമയം അച്ചടക്കമില്ലാത്ത ബാങ്കർ ബിസിനസിൽ നഷ്ടം വന്നു കടം കയറി. വക്കീൽ പന്തയം ജയിച്ചാൽ ബാങ്കർ പെരുവഴിയിലാകും, നാൽപത് വയസ്സ് തികയുന്ന വക്കീൽ സമ്പന്നനുമാകും. അയാളെയങ്ങ് തീർത്താലോ? അതോടെ പ്രശ്നം തീരും.
കുടില ചിന്തകളാൽ കനം വച്ച മനസ്സുമായി ബാങ്കർ വക്കീലിന്റെ മുറിയിലെത്തി. കക്ഷി ശാന്തനായി ഉറങ്ങുന്നു. ഉള്ളതിലേറെ പ്രായം തോന്നിക്കുന്ന അയാൾ മെലിഞ്ഞിരിക്കുന്നു. മേശമേൽ ഒരു കത്ത്. വൈഞ്ജാനിക സ്വത്തിനു വേണ്ടി ഇഹലോക സുഖം ഉപേക്ഷിക്കുന്നു - അയാൾ എഴുതിയിരിക്കുന്നു. സ്വയം തെരഞ്ഞെടുത്ത തടവ് അയാളെ ലോകത്തു നിന്ന് ശാരീരികമായി മാത്രമല്ല, മാനസികമായും അകറ്റി. ഇനിമേൽ ഒരു ലോകവസ്തുവിനും മനസ്സിലെ ശൂന്യത നികത്താനാവില്ല. അതു തെളിയിക്കാൻ, പതിനഞ്ചു വർഷം പൂർത്തിയായി പന്തയം ജയിക്കുന്നതിന് അഞ്ചു മണിക്കൂർ മുമ്പ് അയാൾ തടവിൽ നിന്നും ചാടിപ്പോകും. ആർക്കു വേണം ഇരുപത് ലക്ഷം റൂബിൾ! കത്ത് വായിച്ച ബാങ്കർ വിങ്ങിക്കരയുന്നു. സർവ്വനാശം വരാതെ അയാൾ രക്ഷപ്പെട്ടു. ശാന്തമായി ഉറങ്ങുന്ന യുവ അഭിഭാഷകന്റെ നെറ്റിയിൽ മൃദുലമായി ചുംബിച്ച് ബാങ്കർ മടങ്ങി. അടുത്ത ദിവസം കാവൽക്കാരൻ ഓടിവന്ന്, തടവുപുള്ളി ചാടിപ്പോയെന്ന് ബാങ്കറെ അറിയിക്കുന്നു. പ്രതീക്ഷിച്ച വാർത്ത. അയാൾ ലോഡ്ജിൽ പോയി വക്കീൽ എഴുതി വച്ച കത്തെടുത്ത് അലമാരയിൽ ഭദ്രമായി വച്ചു പൂട്ടി.
വർഷങ്ങൾക്കു മുമ്പ് ഈ കഥ ആദ്യമായി വായിച്ച ശേഷമുള്ള വിലയിരുത്തലുകളിൽ കണ്ടത് പുസ്തങ്ങൾക്കുള്ള അമിത പ്രശംസയാണ്. ആർജ്ജിച്ച ജ്ഞാനം ശ്രേഷ്ഠം, പണം അതിനു മുന്നിൽ വ്യർത്ഥം. പക്ഷേ അതൊരു ലളിതമായ വ്യാഖ്യാനം മാത്രം. കഥയിൽ ചെക്കോവ് തത്വചിന്താപരമായ ചോദ്യങ്ങൾ ഉയർത്തുന്നു. സാധാരണ ഗതിയിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു പന്തയം. അസാധാരണമായ ആ പന്തയത്തിലൂടെ വിശ്രുതനായ കഥാകാരൻ സാധാരണമായ മനുഷ്യാവസ്ഥയെ സമീപിക്കുന്നു. പന്തയത്തിൽ ഏർപ്പെടുമ്പോൾ വക്കീൽ യുവാവാണ്, എടുത്തുചാട്ടക്കാരൻ. കൂടും കുടുംബവും ഇല്ല. പതിനഞ്ചു വർഷം തടവിൽ കിടന്നാലും പ്രശ്നമില്ല, ഇരുപത് ലക്ഷം റൂബിൾ മോഹിപ്പിക്കുന്നു. പക്ഷേ ആദർശ ധീരത എപ്പോഴും ആശാസ്യമാണോ? യൗവനം പിന്നിട്ടതിനു ശേഷവും അതേ ആദർശങ്ങൾ നിലനിൽക്കുമോ?
സമൂഹത്തിൽ നിന്നും അകലുന്ന ഒരാളുടെ മാറുന്ന വ്യക്തിത്വം ചെക്കാവ് അപഗ്രഥിക്കുന്നു. ലഹരി തിരസ്‌കരിച്ചിരുന്ന അയാൾ പിന്നീട് അതിൽ മുഴുകുന്നു. വായിച്ചു തീർത്ത പുസ്തകങ്ങൾ അയാളിൽ കയ്പ്പ് നിറയ്ക്കുന്നത് എന്തുകൊണ്ട്? കൂടുതൽ അറിയുന്തോറും, അനുഭവിക്കുന്തോറും ആദർശത്തിന്റെ അളവ് കുറയുമോ? പ്രായത്തിനു ചേർന്ന പുതിയ നിലപാടുകൾ രൂപപ്പെടില്ലേ? ഏകാന്തത എപ്പോഴും അഭികാമ്യമോ? സമൂഹത്തിൽ നിന്നകലുന്നത് മനുഷ്യന് ദോഷമല്ലേ? ഡീകൺഷ്ട്രക്ഷൻ എന്ന ആശയം അവതരിപ്പിച്ച ഫ്രഞ്ച് ചിന്തകൻ ദെറിദ പറയുന്നത് എഴുത്തും വായനയും ആശയവിനിമയത്തിന്റെ രണ്ടാം പടി മാത്രമെന്നാണ്. അവയൊന്നും സംഭാഷണത്തിന് പകരമാകുന്നില്ല. സംഭാഷണം പോലും യഥാർത്ഥ മനോവ്യവഹാരങ്ങളെ പൂർണമായി വെളിപ്പെടുത്താൻ പ്രാപ്തമല്ല. സമൂഹം വിലമതിക്കുന്ന ആദർശങ്ങളുടെയും ദർശനങ്ങളുടെയും വിരുദ്ധമായ വശം (Contrarian view) കാണാനും ദെറിദ ആവശ്യപ്പെടുന്നു. ഒന്നും അമിതമാകേണ്ട, എല്ലാം മിതമായി മതി.
നിർബന്ധ ബുദ്ധിയുള്ളവർ നേർക്കുനേർ വരുമ്പോൾ ആരും ജയിക്കുന്നില്ല. പന്തയത്തിൽ പ്രവേശിച്ചത് വിഡ്ഢിത്തമായെന്ന് രണ്ടു പേരും വൈകിയെങ്കിലും തിരിച്ചറിയുന്നു. യൗവനത്തിലെ വിലയേറിയ വർഷങ്ങൾ അഭിഭാഷകന് നഷ്ടമായി. മനസ്സിൽ തിക്തത നിറഞ്ഞ അയാൾക്ക് വർധിച്ച അറിവ് പ്രയോജനപ്പെടുമെന്ന് ഉറപ്പില്ല.
ഇക്കാലം മുഴുവൻ എതിരാളിയെ സംരക്ഷിച്ചതും പോരാഞ്ഞ് ബാങ്കർക്ക് സ്വസ്ഥതയും നഷ്ടമായി. ലഭിച്ച സ്വാതന്ത്ര്യം വക്കീലിനോ, ലാഭിച്ച പണം ബാങ്കർക്കോ, ഉപകാരമാകുമോ എന്ന ചോദ്യം ചെക്കോവ് വായനക്കാരുടെ ഭാവനയ്ക്കു വിടുന്നു. എടുത്തുചാടും മുമ്പ് കടകവിരുദ്ധമായ ചിന്തയും പരിശോധിക്കണം. എന്താണ് അപരന്റെ വീക്ഷണകോൺ? ഞാൻ കാണാത്ത വശത്ത് അയാൾ വെളിച്ചം വീശുന്നുണ്ടോ?