ADVERTISEMENT

പുസ്തകങ്ങൾ കേടാകാതെ സൂക്ഷിക്കാൻ പല മാർഗങ്ങളും നൂറ്റാണ്ടുകളായി പരീക്ഷിക്കപ്പെട്ടു വരുന്നു. പല വസ്തുക്കൾ ഉപയോഗിച്ച് നടത്തുമെങ്കിലും 19-ാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ബുക്ക്‌ബൈൻഡിങ് രീതി അമ്പരപ്പിക്കുന്നതാണ്. പുസ്തകങ്ങൾക്കു കവറായി അന്ന് മനുഷ്യ ചർമ്മം ഉപയോഗിച്ചിരുന്നു എന്നാണ് കണ്ടെത്തൽ. ഇക്കാര്യം ആദ്യമായി കണ്ടെത്തിയത് ഹാർവഡ് ഹൗട്ടൺ ലൈബ്രറി 2014ല്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലായിരുന്നു.

പുസ്തകങ്ങൾ പൊതിയാൻ മനുഷ്യ ചർമം ഉപയോഗിക്കുന്നതിന് ആന്ത്രോപോഡെർമിക് ബിബ്ലിയോപെജി എന്നാണു പറയുന്നത്. ഈ രീതി നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെങ്കിലും ആധികാരികമായ തെളിവുകൾ ലഭിച്ചത് വളരെ വൈകിയാണ്. പതിനാറാം നൂറ്റാണ്ടിൽത്തന്നെ യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്ന രീതി 19-ാം നൂറ്റാണ്ടിൽ മെഡിക്കൽ പ്രഫഷനലുകൾക്കിടയിലാണ് വർധിച്ചതെന്നു പറയപ്പെടുന്നു. 

മനുഷ്യ ചർമ്മത്തിൽ പൊതിഞ്ഞ ഒരു പുസ്തകം, Image Credit: Wellcome Library-Wikimedia Commons
മനുഷ്യ ചർമ്മത്തിൽ പൊതിഞ്ഞ ഒരു പുസ്തകം, Image Credit: Wellcome Library-Wikimedia Commons

മരിച്ചയാളെ ബഹുമാനിക്കുന്നതിനോ മെഡിക്കൽ ഗ്രന്ഥങ്ങൾക്ക് ആധികാരികത നൽകുന്നതിനോ ഉള്ള ഒരു മാർഗമായിട്ടാണ് ചിലർ ഈ രീതിയെ കണ്ടത്. മറ്റു ചിലർ മനുഷ്യ ചർമത്തിന്റെ ദൃഢതയില്‍ ആകൃഷ്ടരായി ഇത് ഉപയോഗിച്ചു. ശരീരഘടനാപരമായ പാഠപുസ്തകങ്ങൾക്കോ വ്യക്തിഗത ഡയറിക്കുറിപ്പുകൾക്കോ വേണ്ടിയാണ് അക്കാലത്ത് ഡോക്ടർമാർ മരണപ്പെട്ട രോഗികളുടെ തൊലി പുറംചട്ടയായി ഉപയോഗിച്ചതെന്നും പറയപ്പെടുന്നു. എന്നാൽ ഈ രീതി വ്യാപകമായില്ല.

ഫ്രഞ്ച് എഴുത്തുകാരൻ ആഴ്‌സെൻ ഹൗസേ എഴുതി, 1880 കളിൽ പ്രസിദ്ധീകരിച്ച ഡെസ് ‍‍‍ഡെസ്റ്റിനിസ് ഡി അയാമെ എന്ന പുസ്തകം ഹാർവഡിലെ ഹൗട്ടൺ ലൈബ്രറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്ട്രാസ്ബർഗിലെ ഒരു പുസ്തക ശേഖരണക്കാരനായ ഡോ. ലുഡോവിക് ബൗലാൻഡിനാണ് ഈ പുസ്തകം ലൈബ്രറിക്കു നൽകിയത്. അതിന്റെ വിവരണത്തിൽ ബൗലാൻഡ് പറയുന്നത് ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ താമസിക്കവേ മസ്തിഷ്കാഘാതം മൂലം മരണമടഞ്ഞ ഒരു സ്ത്രീയുടെ ചർമം കൊണ്ടാണ് അതു പൊതിഞ്ഞത് എന്നാണ്. എന്നാൽ ഈ വാദം സ്ഥിരീകരിച്ചത് 2014 ൽ മാത്രമാണ്. പെപ്റ്റൈഡ് മാസ് ഫിംഗർപ്രിന്റിങ് രീതിലൂടെ, മനുഷ്യ ചർമത്താൽ ബൈൻഡിങ് ചെയ്യപ്പെട്ടെന്നു തെളിഞ്ഞ ആദ്യ പുസ്തകമായിരുന്നു അത്. 

മനുഷ്യ ചർമ്മത്തിൽ പൊതിഞ്ഞ ഒരു പുസ്തകം,Image Credit: Harvard Law School Blog
മനുഷ്യ ചർമ്മത്തിൽ പൊതിഞ്ഞ ഒരു പുസ്തകം,Image Credit: Harvard Law School Blog

അപൂർവ പുരാവസ്തുക്കൾ പരിശോധിക്കുന്നതിനുള്ള ആന്ത്രോപോഡെർമിക് ബുക്ക് പ്രോജക്റ്റ് എന്ന ഗവേഷണ സംരംഭം 2020 ല്‍, മനുഷ്യ ചർമം പുറംചട്ടയായി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന 31 പുസ്തകങ്ങൾ പരിശോധിക്കുകയും അതിൽ 18 എണ്ണം മനുഷ്യ ചർമത്തിലാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

യുകെയിൽ അവശേഷിക്കുന്ന ചുരുക്കം ചില ഉദാഹരണങ്ങളിൽ ഒന്ന് ബ്രിസ്റ്റോൾ റെക്കോർഡ് ഓഫിസിന്റെ ഉടമസ്ഥതയിലുള്ള, ബ്രിസ്റ്റോൾ ഗയോളിൽ തൂക്കിലേറ്റപ്പെട്ട ആദ്യത്തെ മനുഷ്യന്റെ ചർമം കൊണ്ടു നിർമിച്ച പുസ്തകമാണ്. എലിസ ബാൽസത്തിന്റെ കൊലപാതകത്തിന് തൂക്കിലേറ്റപ്പെട്ട 18 കാരനായ ജോൺ ഹോർവുഡിന്റെ ചർമം കൊണ്ടാണ് അതിന്റെ ഇരുണ്ട തവിട്ട് കവർ നിർമിച്ചിരിക്കുന്നത്. വിചാരണയ്ക്കും വധശിക്ഷയ്ക്കും ശേഷം, ഹോർവുഡിന്റെ മൃതദേഹം പരിശോധിച്ച സർജൻ റിച്ചാർഡ് സ്മിത്ത് കേസിനെക്കുറിച്ചുള്ള പേപ്പറുകള്‍ സൂക്ഷിക്കുവാൻ ഹോർവുഡിന്റെ ചർമം ഉപയോഗിക്കുകയായിരുന്നു. പുസ്തകത്തിന്റെ പുറംചട്ടയിൽ തലയോട്ടിയും ക്രോസ്ബോണുകളും വരച്ച്, "ജോൺ ഹോർവുഡിന്റെ യഥാർഥ ചർമം" എന്നർഥമുള്ള "ക്യൂട്ടിസ് വെരാ ജോഹാന്നിസ് ഹോർവുഡ്" എന്ന വാക്കുകൾ അതിൽ എഴുതിച്ചേർത്തു.

ജോർജ് വാൾട്ടൺ എന്ന കുറ്റവാളിയുടെ ചർമ്മത്തിൽ പൊതിഞ്ഞ ഒരു പുസ്തകം, Image Credit: Surgeons' Hall Museum, Edinburgh, Kim Traynor
ജോർജ് വാൾട്ടൺ എന്ന കുറ്റവാളിയുടെ ചർമ്മത്തിൽ പൊതിഞ്ഞ ഒരു പുസ്തകം, Image Credit: Surgeons' Hall Museum, Edinburgh, Kim Traynor

ഇത്തരത്തിൽ കുറ്റവാളികളുടെ ചർമം ഉപയോഗിച്ചിരുന്നവെങ്കിലും ജോർജ് വാൾട്ടൺ എന്ന കുറ്റവാളി മാത്രമാണ് തന്റെ ചർമം ബുക്ക് ബൈൻഡിങ്ങിനായി ഉപയോഗിക്കണമെന്ന് അഭ്യർഥിച്ച ഒരേയൊരു വ്യക്തി എന്നും പറയപ്പെടുന്നു. തന്റെ ഓർമക്കുറിപ്പിന്റെ രണ്ട് പകർപ്പുകൾക്കായി തന്റെ ചർമം ഉപയോഗിക്കണം എന്ന ജോർജിന്റെ അവസാന ആഗ്രഹം നടപ്പിലാക്കുകയായിരുന്നു. ബോസ്റ്റൺ അഥീനിയം എന്ന പുരാവസ്തുകേന്ദ്രത്തിലാണ് ആ പുസ്തകം സൂക്ഷിച്ചിരിക്കുന്നത്.

ആന്ത്രോപോഡെർമിക് ബിബ്ലിയോപെജിയെക്കുറിച്ച് ഇന്ന് ലഭിക്കുന്നതിൽ ഏറ്റവും ആധികാരികമായ പുസ്തകമാണ് മേഗൻ റോസൻബ്ലൂം എഴുതിയ ഡാർക്ക് ആർക്കൈവ്സ്: എ ലൈബ്രേറിയൻ്റെ ഇൻവെസ്റ്റിഗേഷൻ ഇൻ ടു ദ സയൻസ് ആൻഡ് ഹിസ്റ്ററി ഓഫ് ബുക്‌സ് ബൗണ്ട് ഇൻ ഹ്യൂമൻ സ്കിൻ. ഇത്തരം പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പോയി വിശദമായ പഠനം നടത്തിയ മേഗൻ, അതിന്റെ ചരിത്രം മാത്രമല്ല ഇവയുടെ ശാസ്ത്രീയ വശങ്ങളും മരണപ്പെട്ട വ്യക്തികളുടെ വിവരങ്ങളും അതില്‍ നല്‍കിട്ടുണ്ട്.   

dark-archives

കാണുവാൻ 'വളരെ സാധാരണമായ രൂപഭാവങ്ങളോടെ'യുള്ള ഈ പുസ്‌തകങ്ങളുടെ സൃഷ്ടി കണ്ടാൽ അന്തർലീനമായിരിക്കുന്ന ഭീകരത മനസ്സിലാക്കാനാവില്ലെന്ന് മേഗൻ അഭിപ്രായപ്പെടുന്നു. “മനുഷ്യചർമ്മ പുസ്തകങ്ങളെക്കുറിച്ചുള്ള ആശയം പൊതുജനങ്ങൾ നാസികളുമായി ബന്ധിപ്പിക്കുന്നതിൽ അതിശയിക്കാനില്ല. മനുഷ്യത്വമില്ലാത്ത വസ്തുക്കൾ നിർമ്മിക്കുന്നത് നാസികളെയും സീരിയൽ കില്ലർമാരെയും പോലെയുള്ള രാക്ഷസന്മാരാണെന്ന് വിശ്വസിക്കാൻ എളുപ്പമാണ്. തങ്ങളുടെ കുട്ടികൾ എന്നെങ്കിലും ആകണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്ന നല്ല ബഹുമാനമർഹിക്കുന്ന ഡോക്ടർമാരാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കാൻ പാടാണ്." 

ഫ്രഞ്ച് വിപ്ലവമോ നാത്സികളോ ആയി ഈ രീതിയ്ക്ക് ബന്ധമുണ്ടെന്നത് വെറും കെട്ടുകഥയാണെന്നും പൊതുവെ സമ്പത്തും വലിയ പുസ്തക ശേഖരങ്ങളുമുണ്ടായിരുന്ന ഡോക്ടർമാർ ആ പുസ്തകങ്ങളിൽ സ്വന്തം സംഭാവന നൽകാനുള്ള ആഗ്രഹത്തിന്റെ പേരിൽ ചെയ്തവയാണ് ഇവയെന്നും മേഗൻ കണ്ടെത്തിട്ടുണ്ട്. തിരിച്ചറിഞ്ഞിട്ടുള്ള ആന്ത്രോപോഡെർമിക് പുസ്തകങ്ങളിൽ ഭൂരിഭാഗവും വൈദ്യശാസ്ത്രത്തെക്കുറിച്ചോ കുറ്റകൃത്യങ്ങളെക്കുറിച്ചോ ആയത് ഈ കാരണത്താലാണ്. 

മേഗൻ റോസൻബ്ലൂം Image Credit: Polly Antonia Photography - flickr-photosabinka
മേഗൻ റോസൻബ്ലൂം Image Credit: Polly Antonia Photography - flickr-photosabinka

ഇന്ന്, ആന്ത്രോപോഡെർമിക് ബിബ്ലിയോപെജി അനീതിയും അനാദരവുമാണെന്ന് വ്യാപകമായി അപലപിക്കപ്പെടുന്നു. അത്തരം പുരാവസ്തുക്കൾ ശേഖരത്തിലുള്ള മ്യൂസിയങ്ങളിലും ലൈബ്രറികളിലും പൊതു പ്രവേശനം ഒഴിവാക്കണം എന്ന് വാദിക്കുന്നവർ നിരവധിയാണ്. അവയുടെ സംരക്ഷണം, ഉടമസ്ഥാവകാശം എന്നിവയെക്കുറിച്ചുള്ള ധാർമ്മിക ചർച്ചകളും നടന്നുകൊണ്ടേയിരിക്കുന്നു. 

English Summary:

Unveiling the Macabre World of Human Skin-Bound Books: How 'Dark Archives' Unearthing the Past of Anthropodermic Bibliopegy