ADVERTISEMENT

മുംബൈയിലെ സാന്താക്രൂസിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയിലാണ് ഭാസ്‌കറും ലീലയും താമസിക്കുന്നത്. കുറച്ചു ദിവസമായി ലീലയും ഭാസ്‌കറും അയൽപക്കത്തെ പണി തീരാതെ കിടക്കുന്ന കെട്ടിടത്തിൽനിന്ന് ഒരു സ്ത്രീയുടെ കരച്ചിൽ കേൾക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന ആശങ്ക ലീലയ്ക്കുണ്ട്. ആ കരയുന്ന സ്ത്രീയുടെ സുരക്ഷയെക്കുറിച്ച് ആലോചിച്ച് അവൾ വളരെ അസ്വസ്ഥയാണ്. ജനാലയിലൂടെ നോക്കുമ്പോൾ പല പുരുഷന്മാരും ആ കെട്ടിടത്തിലേക്കു കയറിപ്പോകുന്നത് കാണാമായിരുന്നു. അതിനുശേഷം കരച്ചിലിന്റെ ഒച്ച കൂടുന്നതും അവൾ ശ്രദ്ധിക്കുന്നുണ്ട്.

അതേക്കുറിച്ച് അന്വേഷിക്കണമെന്ന അവളുടെ അപേക്ഷ ഭർത്താവ് നിരാകരിക്കുന്നത് ഭയപ്പെടുത്തിക്കൊണ്ടാണ്. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടേണ്ടെന്നും ഒരു തിരക്കേറിയ നഗരത്തിൽ ഏതെങ്കിലും പ്രശ്നത്തിൽ ചെന്നു പെട്ടാൽ ഒടുവിൽ അനുഭവിക്കേണ്ടി വരാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഓർക്കണമെന്നും പറഞ്ഞ് ഭാസ്‌കർ അവളെ നിരുത്സാഹപ്പെടുത്തുന്നു. പൊലീസിൽ പരാതി നൽകണമെന്ന അവളുടെ ആവർത്തിച്ചുള്ള അഭ്യർഥന ഭാസ്കർ അവഗണിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇടപെടാൻ അയാൾ ആഗ്രഹിക്കുന്നില്ല. മാത്രമല്ല ആ സ്ത്രീയുടെ സമ്മതത്തോടെയാണ് അതൊക്കെ സംഭവിക്കുന്നതെങ്കിലോ എന്ന മനുഷ്യത്വരഹിതമായ ചോദ്യവും ഉന്നയിക്കുന്നു. 

book-lights-out

ഇന്ത്യൻ എഴുത്തുകാരിയും നാടകകൃത്തും കലാകാരിയും കാർട്ടൂണിസ്റ്റുമായ മഞ്ജുള പത്മനാഭൻ എഴുതിയ പ്രസിദ്ധ നാടകമാണ് 'ലൈറ്റ്‌സ് ഔട്ട്.' 1986 ൽ മുംബൈയിൽ നാടകം അവതരിപ്പിച്ച സമയത്ത് വൻ സ്വീകാര്യത ലഭിച്ചിരുന്നു. മനുഷ്യത്വത്തിന്റെയും മാനവികതയുടെയും വികാരങ്ങൾ നഷ്ടപ്പെട്ട് ബധിരരും മൂകരുമായി മാറുന്ന സമൂഹത്തെയും ആളുകളെയുമാണ് നാടകം തുറന്നു കാട്ടുന്നത്. വാചക കസർത്ത് കാണിക്കുവാൻ പലതും പറയുമെങ്കിലും യഥാർഥത്തിൽ നാം മറ്റുള്ളവരെ സഹായിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ നാടകം. 

ദിവസങ്ങളായി കേട്ടുക്കൊണ്ടിരിക്കുന്ന ശബ്ദം ലീലയുടെ സമാധാനം കെടുത്തുന്നു. നിർമാണത്തിലിരിക്കുന്ന അയൽപക്കത്തെ കെട്ടിടത്തിൽ നടക്കുന്നത് ഒരു കൂട്ടബലാത്സംഗമാണെന്ന് അവൾ സംശയിക്കുന്നു. കൂടാതെ, ഭാസ്‌കർ വീടിനു പുറത്തായിരിക്കുമ്പോൾ അവൾക്ക് കൂടുതൽ ഭയം തോന്നുന്നു. അവൾ എല്ലാ വാതിലുകളും ജനലുകളും അടയ്ക്കുന്നു, എല്ലാ കർട്ടനുകളും വലിച്ചിടുന്നു. കുടുംബിനിയായ അവൾക്ക് ഭർത്താവിനെ വെറുപ്പിച്ചു കൊണ്ട് ഒന്നും ചെയ്യുവാൻ കഴിയുന്നില്ല. പക്ഷേ നടന്നു കൊണ്ടിരിക്കുന്ന കുറ്റകൃത്യത്തെക്കുറിച്ച് അവൾ ആശങ്കാകുലയാണ്.

അയൽപക്കത്ത് പീഡനത്തിനിരയായ ഒരു സ്ത്രീയെ സഹായിക്കാൻ കഴിയാത്തതിൽ അസ്വസ്ഥയായ ലീലയ്ക്ക് മുന്നിൽ ഭാസ്കർ എന്നും നിർവികാരനാണ്. ആ ശബ്ദം അവഗണിക്കാൻ അവളെ അയാൾ ഉപദേശിക്കുന്നു. അന്ന് രാത്രി അവരുടെ വീട്ടിൽ അത്താഴത്തിന് എത്തുന്ന അതിഥിയെക്കുറിച്ചാണ് അയാൾക്ക് സംസാരിക്കുവാനുള്ളത്. ഭാസ്‌കറിന്റെ സുഹൃത്താണ് മോഹൻ. അതിഥിയായി എത്തുന്ന മോഹനും സംഭവത്തെക്കുറിച്ച് അറിയുന്നു.

manjula-padmanabhan
മഞ്ജുള പത്മനാഭൻ. Image Credit: Divya

പക്ഷേ, ആ സ്ത്രീയെ സഹായിക്കുന്നതിനു പകരം മോഹനും ഭാസ്‌കറിനും ആ സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് താൽപര്യം. ഈ വിഷയത്തിൽ ഇതുവരെ ആരും ഇടപെടാത്തതിനാൽ ഇതൊരു മതപരമായ ചടങ്ങായിരിക്കുമെന്ന് പ്രസ്താവിച്ച് മോഹൻ ചർച്ചയെ മറ്റൊരു വഴിയിലേക്ക് മാറ്റുന്നു. ക്രൂരമായ കുറ്റകൃത്യത്തിന് മതപാരമ്പര്യത്തിന്റെ പേര് നൽകുന്ന ഈ രീതി രക്ഷപ്പെടലിന്റെ വഴിയാണ്. കുറ്റകൃത്യത്തിന് അടുത്തും ചുറ്റിലുമുള്ള ആളുകളുടെ നിർവികാരതയാണ് ഈ മനോഭാവം കാണിക്കുന്നത്.

എന്നെ വിടൂ, ആരെങ്കിലും സഹായിക്കൂ തുടങ്ങിയ നിലവിളി കേട്ട് ഭാസ്‌കറും മോഹനും അസ്വസ്ഥരായില്ലെങ്കിലും ലീല ടെൻഷനിലാണ്. അപ്പോഴാണ് ലീലയുടെ സുഹൃത്തും അയൽക്കാരിയുമായ നൈനയും ഭർത്താവ് സുരീന്ദറും അവിടേക്ക് വരുന്നത്. കാര്യമറിയുന്ന സുരീന്ദർ അക്രമികളെ തുടച്ചുനീക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്, ആ സ്ത്രീയെ രക്ഷിക്കുന്നതിനെക്കുറിച്ച് അപ്പോഴും അവർ സംസാരിക്കുന്നില്ല. പക്ഷേ നൈനയും പിരിമുറുക്കത്തിലാകുന്നു. കുറ്റകൃത്യം നിരീക്ഷിക്കുകയും അവഗണിക്കുകയും ചെയ്യുന്നതിനേക്കാൾ ഇരയെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. എന്നാൽ ഭർത്താവിന്റെ എതിർപ്പിനു മുന്നിൽ അവളും കീഴടങ്ങുന്നു.

ഒരു സ്ത്രീ എന്ന നിലയിൽ ലീലയ്ക്കും നൈനയ്ക്കും മറ്റൊരു സ്ത്രീക്കു സംഭവിക്കുന്ന കുറ്റകൃത്യങ്ങളും ക്രൂരതകളും കണ്ടു നിൽക്കുവാൻ ബുദ്ധിമുട്ടാണ്. പക്ഷേ അവരും ഒടുവിൽ സ്വന്തം കാര്യം നോക്കുന്നു. ഭർത്താവിന്റെ ആഗ്രഹമനുസരിച്ച് മനഃസാക്ഷിയുടെ വാതിൽ അടച്ചിടുന്നു. ദാമ്പത്യത്തിലെ പുരുഷാധിപത്യ ശക്തിയെയും അധികാരത്തെയും സ്ത്രീകളുടെ നിസ്സഹായതയെയുമാണ് ഇത് സൂചിപ്പിക്കുന്നത്.

collage10

ക്രമേണ ശബ്ദം നിലയ്ക്കുന്നു. നിരന്തര പീഡനത്തെ തുടർന്ന് ആ സ്ത്രീ മരിച്ചതാണോ അതോ രക്ഷപ്പെട്ടതാണോ എന്നു നാടകം വ്യകതമാക്കുന്നില്ല. എല്ലാവരും ഒന്നും സംഭവിക്കാത്തതും പോലെ ജീവിതം തുടരുന്നു. ദിവസങ്ങളായി അവർ അനുഭവിച്ചുകൊണ്ടിരുന്ന വേദന മനസ്സിലാക്കിട്ടും നിഷ്‌ക്രിയരായി തുടരാന്‍ ശ്രമിക്കുന്ന ആളുകളെക്കുറിച്ചാണ് മഞ്ജുള പത്മനാഭൻ സംസാരിക്കുന്നത്. ക്രൂരമായ കുറ്റകൃത്യത്തെക്കുറിച്ച് ചർച്ച ഒഴികെ മറ്റൊന്നും ചെയ്യാതിരിക്കുന്ന ആളുകളുടെ മാനസികാവസ്ഥയിൽ പ്രതിഫലിക്കുന്നത് നമുക്ക് ചുറ്റുമുള്ള ലോകത്തെ ഇരുട്ടാണ്. ഒരാളുടെ വേദന പോലും പലർക്കും തമാശയാണ്, നേരം പോക്കാണ്. 

നഗരസമൂഹത്തെയും സാമൂഹിക പ്രതിബദ്ധതയോടു നിസ്സംഗത പുലർത്തുന്ന ആളുകളെയും എടുത്തുകാണിക്കുന്ന മഞ്ജുള പത്മനാഭൻ, ഹാർവെസ്റ്റ് എന്ന നാടകത്തിന് 1997-ൽ ഗ്രീസിൽ തിയറ്ററിനുള്ള ഒനാസിസ് അവാർഡ് നേടിയ നാടകകൃത്താണ്. 'എസ്കേപ്പ്', 'അൺപ്രിൻസസ്', 'ഗെറ്റിങ് ദേർ', 'ദി ഐലൻഡ് ഓഫ് ലോസ്റ്റ് ഗേൾസ്' എന്നീ പുസ്തകങ്ങളും എഴുതിട്ടുണ്ട്. 

English Summary:

Drama 'Lights Out' Written by Manjula Padmanabhan shows the real face of society