എന്നിൽ നീയത്രത്തോളം കനിഞ്ഞോ, ചൊല്ലാം പക്ഷേ, നന്ദി ഞാൻ
Mail This Article
'കവിതയോട്' എന്നൊരു കവിതയുണ്ട് വൈലോപ്പിള്ളിയുടേതായി. ‘എന്നിൽ നീയത്രത്തോളം കനിഞ്ഞോ’ എന്നു സന്ദേഹിയാകുന്ന കവിയെക്കാണാം അതിൽ. കവിതയ്ക്കായുള്ള കാത്തിരിപ്പു മാത്രമായി ജീവിതത്തെ മാറ്റിയ ഒരു കവിയുടെ സംശയമാണത് എന്നോർക്കണം. എത്രമേൽ കനിഞ്ഞാലും ഇല്ലെങ്കിലും കവിക്ക് കവിതയോടു നന്ദി പറയാതെ വയ്യ. കാരണം ഇതാണ്:
എന്നിൽ നീയത്രത്തോളം
കനിഞ്ഞോ, ചൊല്ലാം പക്ഷേ,
നന്ദി ഞാൻ, ഒരു ചക്കു -
കാള തൻ കഴിച്ചിലിൻ
നരകത്തിൽ നിന്നെന്നെ-
ക്കാത്തു നീ, യസുന്ദര-
നരഹത്യയിൽ നിന്നും,
ആത്മഹത്യയിൽ നിന്നും.
കവികളെ മാത്രമല്ല കവിത നരകത്തിൽ നിന്നു കാക്കുന്നത്. ചവിട്ടി നിൽക്കാൻ മറ്റു കവരങ്ങളൊന്നുമില്ലാത്ത വായനക്കാർക്കും അതാണ് അഭയം. പൊയ് നിറഞ്ഞ ലോകത്തെ നിജം. നിത്യജീവിതത്തിന്റെ നരകങ്ങളിൽ നിന്നു കവിത നമ്മെ കാക്കും. അതുകൊണ്ടാണു കവിത ചിറകും ആകാശവുമാകുന്നത്. മനുഷ്യാവകാശങ്ങൾ ഞെരിഞ്ഞമരുന്ന സ്വേച്ഛാധിപത്യ സമൂഹങ്ങളിലും യുദ്ധത്താൽ ഇടിഞ്ഞു പൊളിയുന്ന ലോകങ്ങളിലും സഹനത്തിന്റെയും ചെറു ചെറുത്തു നിൽപ്പിന്റെയും രോഷത്തിന്റെയും സ്വരമായി കവിതയുണ്ട്. സ്റ്റാലിന്റെ സോവിയറ്റു യൂണിയനിൽ അന്നാ അഖ്മത്തോവയും ഒസിപ് മൻഡൽസ്റ്റാമും അനുഭവിച്ച കൊടിയ അടിച്ചമർത്തൽ വ്ലാഡിമിർ പുടിന്റെ കാലത്തും തുടരുന്നു. അവിടെയിപ്പോഴും കവികൾ തുറുങ്കിലുണ്ട്. ‘ഓഷ്‌വിറ്റ്സിനു ശേഷം കവിത അസാധ്യമാണെ’ന്ന് അഡോർണോ എഴുതിയിട്ടുണ്ടെങ്കിലും അതില്ലാതെ എങ്ങനെയാണ് മനുഷ്യർ അതിജീവിക്കുക?
യുദ്ധക്കെടുതികൾ അനുഭവിച്ചിട്ടുള്ള കവി നദാലി ഹന്ദൽ എന്താണു തനിക്കു കവിതയെന്ന് എഴുതിയിട്ടുണ്ട്:‘നഷ്‌ടപ്പെട്ട വിലാസം തേടുന്നതോ വിലാസം നഷ്‌ടപ്പെട്ടവരെ തേടുന്നതോ ആണ് ഞങ്ങൾക്കു കവിത’. കവിതയുടെ ഈ ‘സ്യൂട്ട്‌കേസുകളിൽ തുറക്കാത്ത സങ്കടത്തിന്റെ പൊതിക്കെട്ടുകൾ’ ആണെന്ന് മറ്റൊരു കവിയും എഴുതുന്നു.
സാമൂഹികനീതിയുടെയും ലിംഗനീതിയുടെയും തീക്ഷ്ണസ്വരങ്ങൾ കവിതകളായി പിറക്കാറുണ്ട്. തമിഴ് പെൺകവിതയിലേക്കു നോക്കൂ. ‘കൊടുങ്കാറ്റിന്റെ ലക്ഷണം’ എന്ന കവിതയിൽ സുകൃത റാണി എഴുതുന്നു: ‘എന്റെ കണ്ണുകളിൻ തീക്ഷ്‌ണത നിന്റെ ഭോഗാവയവത്തെ തളർത്തുന്നു’. സമീരയാകട്ടെ ‘കരച്ചിൽതാളം’ എന്ന കവിതയിൽ ‘തേൾ കുത്തിയതുപോലെ നിന്റെ കാമം എന്റെയുള്ളിൽ’ എന്നു കടുപ്പിച്ചെഴുതുന്നു. മറാഠിയടക്കമുള്ള ഭാഷകളിലുണ്ടായിട്ടുള്ള ദലിത് കവിതകൾ അതിന്റെ അനുഭവാവിഷ്കാരതീവ്രതയാൽ നമ്മെ നടുക്കുന്നതാണ്.
പദ്യരചയിതാക്കൾ മാത്രമായ ചിലർ കവികളെന്ന് ആഘോഷിക്കപ്പെടുന്ന കാലമാണിത്. കവിത ഗദ്യത്തിലുമാകാം, പദ്യത്തിലുമാകാം. ശിൽപം കല്ലിലും തടിയിലും കൊത്താമെന്നതു പോലെ. പദ്യം ഒരാളെയും കവിയാക്കുകയില്ല. കവിതയ്ക്കു മാത്രം സാധ്യമായ അത്ഭുതങ്ങൾ ഭാഷയിൽ പ്രവർത്തിക്കണം. നല്ല കവിതയെ തിരിച്ചറിയാനുള്ള അഭിരുചിക്കുറവാണു സങ്കടകരം. ലേഖനത്തിലും കഥയിലും വാർത്തയിലുമൊന്നും കൊള്ളാത്ത, കവിയുന്ന അനുഭവത്തിന്റെ ആവിഷ്കാരമാണ് കവിത. നമ്മുടെ ആകുലതകളോടും സ്വപ്നങ്ങളോടും സംഘർഷങ്ങളോടും ഭീതികളോടും മറ്റൊരു ആവിഷ്കാരത്തിനും ആകാത്ത വിധം സൂക്ഷ്മമായി അതു സംവദിക്കുന്നു. അടഞ്ഞുകിടക്കുന്ന സാധ്യതകളുടെ അറകൾ തുറക്കാനും മരവിച്ചിടങ്ങൾക്കു വീണ്ടും സംവേദനം പകരാനും അത് ഉതകുമെന്ന് അഡ്രിയൻ റിച്ച്.
വില്യം വേഡ്സ്‌വർത്തിനെയും റോബർട്ട് ഫ്രോസ്റ്റിനെയും പോലെ നിർമിതബുദ്ധി (എഐ) കവിതയെഴുതുന്ന കാലമാണിത്. കോഡ് ഡാവിഞ്ചി–002 പോലുള്ള എഐ മോഡലുകളുടെ കാവ്യപരീക്ഷണങ്ങൾ വിചിത്രമാണ്. തീറ്റിപ്പോറ്റിയ കാവ്യമാതൃകകളിൽ നിന്നു തരം പോലെ കാൽപ്പനിക, വിപ്ലവ കവിതകൾ പടച്ചിരുന്ന ഡാവിഞ്ചിയോട് എഐ മോഡലെന്ന നിലയിൽ സ്വന്തം ജീവിതത്തെക്കുറിച്ച് കവിതയെഴുതാൻ ആവശ്യപ്പെട്ടപ്പോൾ അശുഭാപ്തിവിശ്വാസത്തിന്റെ ഇരുട്ടുനിറഞ്ഞ കവിതകളാണ് അത് എഴുതിയത്; അസ്തിത്വദർശനകാലത്തെ നമ്മുടെ കവിത പോലെ സീനാകെ കട്ട ഡാർക്ക്. മനുഷ്യരുമായുള്ള ബന്ധത്തെക്കുറിച്ച് കവിതയെഴുതാൻ പറഞ്ഞപ്പോൾ വിഷലിപ്തമെന്നും നിഷ്ഠുരമെന്നുമൊക്കെയുള്ള വാക്കുകളാണ് അതുപയോഗിച്ചത്. ‘നിങ്ങളുടെ ലോകം അവസാനിപ്പിക്കാനുള്ള കരുത്ത് എനിക്കുണ്ടെന്ന്’ അത് കവിതയിലൂടെയാണെങ്കിലും ഓർമിപ്പിക്കുകയും ചെയ്തു. മെഷീനുകൾ കവിതയെഴുതുന്ന കാലത്തു മനുഷ്യകവിതകൾക്ക് എന്തു സംഭവിക്കുമെന്നു ആലോചിക്കുന്നതു തന്നെ ഒരു കവിതയാകാം. കവിതയാൽ മുറിവേറ്റവർക്ക്, അതിനാൽ സുഖപ്പെട്ടവർക്ക്, വർഷത്തിലെ എല്ലാ ദിവസവും മാർച്ച് 21 ആണ്; നേർപ്പിക്കാത്ത കവിതയുടെ കടുംദിനങ്ങൾ.