തെരുവ് കച്ചവടക്കാരനായ മലയാള കവി; കലാപമാണു റാസിക്കു 'കബിത'
Mail This Article
‘അന്റെ ചുർളാത്ത ഭാഷയുടെ, നോം ചോംസ്കി നെഞ്ചിൽ പൊട്ടിക്കുമെടാ’ എന്നു റാസി എഴുതുമ്പോൾ ഭാഷ കിടുങ്ങി വിറയ്ക്കുകയാണ്. ഇസ്തിരിയിട്ടു ചുളിവു നിവർത്തി വെടുപ്പാക്കിയെടുത്ത ആ ഭാഷയുടെ നെഞ്ചിനു നേരെയാണു റാസി തന്റെ കവിതയുടെ, സോറി, കബിതയുടെ തോക്ക് ചൂണ്ടിയിരിക്കുന്നത്. കലാപമാണു റാസിക്കു കവിത. ഭാഷയിലൊരു വാക്കു മാറ്റാനോ ഒരു കോമ ഇടാതിരിക്കാനോ ഭയപ്പെടേണ്ടയിടത്തു റാസി ഭാഷയിട്ട് അമ്മാനമാടുകയാണ്. തന്റേതായ ഒരു ഭാഷയും ലോകവും സൃഷ്ടിക്കുകയാണ്. ജാസി ഗിഫ്റ്റ് ‘ലജ്ജാവതിയേ’ എന്ന പാട്ടുകൊണ്ടു സംഗീതരംഗത്തു വരുത്തിയ വിപ്ലവമെന്തോ അതു കവിതയിൽ കൊണ്ടുവരാനുള്ള ശ്രമമാണു റാസിയുടെ എഴുത്തുകൾ.
ഭാഷയിലും സംസ്കാരത്തിലും ചരിത്രത്തിലും സമൂഹത്തിലും സാമ്പ്രദായികമായതെന്തെല്ലാമുണ്ടോ അതിന്റെയെല്ലാം കഴുത്തിനു പിടിക്കുന്നതാണു റാസിയുടെ എഴുത്ത്. തെരുവിന്റെ ഭാഷയാണത്, എതിർപ്പിന്റെ ഭാഷയാണത്, അമർഷത്തിന്റെ ഭാഷയാണത്, സാധാരണ മനുഷ്യരുടെ പക്കലുള്ള ഭാഷയുമാണത്. മാർച്ച് 21നു ലോക കവിതാദിനമെത്തുമ്പോഴും റാസിയെന്ന കവി തിരുവനന്തപുരത്തെ തെരുവിൽ തന്റെ തട്ടിനരികിൽ നിന്നുകൊണ്ടു വിവിധ സാധനങ്ങൾ വിൽക്കുകയാണ്. ആ തട്ടിനു താഴെ റാസി ഇതിനകം പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളായ ഏഴ് മുറികളിൽ കവിത, എൻറൊ, മാജിക്കൽ സ്ട്രീറ്റിസം എന്നിവയിലേതെങ്കിലും ചിലതിന്റെ കുറച്ചു കോപ്പികളുമുണ്ടാകും. പഴമോ ചെരുപ്പോ ചുരീദാറോ ഷർട്ടോ ഫാൻസി സാമഗ്രികളോ വാങ്ങാനെത്തുന്നവരിൽ അക്ഷരപ്രേമികളാരെങ്കിലുമുണ്ടായാലോ. അവർക്കു നൽകാനാണത്.
കവിതയിലാവിഷ്കരിക്കുന്ന കടുത്ത പ്രതിഷേധസ്വരങ്ങൾക്കിടയിലും സ്വയം വിമർശിക്കാനും റാസിക്ക് ഒട്ടും മടിയില്ല. റാസി ഡി ദെറീദ ദരിദ്ര എന്നെഴുതിയതിലെ പരിഹാസമുന നീളുന്നത് സ്വന്തം കവിതയിലേക്കും ജീവിതത്തിലേക്കും കൂടിയാണല്ലോ. ഓന്റെ മുഖത്തിനു ബംഗാളികളുടെ അതോള്ളതോണ്ട് എന്നാണു ‘പാർക്ക്’ എന്ന കവിതയിൽ സ്വന്തം മുഖത്തെപ്പറ്റി റാസി എഴുതിയിരിക്കുന്നത്. കടുത്ത ഫുട്ബോൾ ആരാധകനായ തന്നെ പരാമർശിക്കുമ്പോൾ ലയണൽ റാസിയെന്നെഴുതും. ‘എൻറൊ’ സമാഹാരത്തിലുള്ള കവിതയും ജീവിതവും എന്ന കവിതയിൽ എന്താണു തനിക്കു കവിതയെന്നു റാസി പറയുന്നുണ്ട്, ഒറ്റ വാക്കിൽ – ‘അനുഭവമെടാ’.
ഇതിൽക്കൂടുതൽ വ്യക്തമായെങ്ങനെ? മിന്നൽ മിന്നലളിയനായും പാബ്ലോ പിക്കാസോ പാബ്ലോ പിക്കാശോ ആയും ഭാഷ ബാഷയായും പുസ്തകക്കട പൊത്തക കടയായും സുന്ദരി സുന്നരിയായും സ്വപ്നം സൊപ്പനമായും കവിത കബിതയായും മാറുന്നതു ചുമ്മാതല്ല. അതൊരു പ്രതിരോധ ആവിഷ്കാരം കൂടിയാണ്. നിങ്ങൾ തയ്ച്ച ഉടുപ്പിട്ടുനിൽക്കാൻ എനിക്കു സൗകര്യമില്ലെന്നും ഇടുന്നുണ്ടെങ്കിൽ അതു ഞാൻ തയ്ച്ച ഉടുപ്പു മാത്രമായിരിക്കുമെന്ന ആത്മബോധം ആണ് റാസിയുടെ കവിതയെഴുത്തിൽ തെളിയുന്നത്. അതു തെരുവുകളിലും കോളനികളിലും സാധാരണമനുഷ്യർ സംസാരിക്കുന്ന ഭാഷ കൂടിയാണ്. ഞാൻ ജാക്സനല്ലെടാ എന്ന പാട്ട് റാസി അയത്നലളിതമായി ഞാൻ ജാക്സനല്ലെടാ എന്ന് എഴുതുമ്പോൾ 5ജി തലമുറയുടെ എഴുത്തുഭാഷ കൂടി അതിൽ തെളിഞ്ഞു വരുന്നു.
ദെറീദയെയും ഗ്രാംഷിയെയും ദസ്തയേവസ്കിയെയും റുഷ്ദിയെയും എം.പി. പോളിനെയും സി.ജെ.തോമസിനെയും വി.സി. ഹാരിസിനെയും ഐജാസ് അഹമ്മദിനെയും ഗീത ഹിരണ്യനെയും കടന്നു റാസിയുടെ വിശാല വായന ജോസഫ് അന്നംകുട്ടി ജോസഫിലൂടെ ഏറ്റവും പുതിയ എഴുത്താളരിലുമെത്തുന്നുണ്ട് എന്നതു കവിതയിലവിടവിടെ ചിതറിക്കിടക്കുന്ന എഴുത്തുകാരുടെ പേരുകളിൽ കണ്ണുടക്കുമ്പോൾ മനസ്സിലാകും. ആ കടുത്ത വായനയുടെ ആഴവും കൂടി എഴുത്തിൽ റാസിയെ ഇടംവലം സഹായിക്കുന്നുണ്ട്. വായനക്കാരെ അത് ഹർഷാന്മാദത്തിലേക്കു നയിക്കുന്നുമുണ്ട്. അംഗീകാരങ്ങളോ പുരസ്കാരങ്ങളോ റാസിക്കവിതയുടെ വഴിയിൽ ഇതുവരെ വന്നിട്ടില്ല. അതേസമയം, ആ കവിത മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം മനസ്സിലാക്കിയ വായനക്കാരും നിരൂപകരും റാസിയെ തുടരെ വായിക്കുന്നുമുണ്ട്. വരാനിരിക്കുന്ന പുസ്തകങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. കവിതയെക്കുറിച്ചും ഭാഷയെക്കുറിച്ചും റാസിയുമായി സംസാരിച്ചപ്പോൾ:
∙റാസിക്ക് എന്താണ് കവിത?
എനിക്ക് കവിത അല്ല കബ്ത ആണ്. ഞാൻ കവിയല്ല. കബിയാണ്. മലയാളത്തിലെ ഏതെങ്കിലും ഒരു കവി അയാൾ അല്ലെങ്കിൽ അവൾ സ്വന്തം കവിതയെ കബ്ത എന്ന് വിളിക്കാനുള്ള ധൈര്യം കാണിച്ചിട്ടുണ്ടോ? കവിയെ കബിയെന്ന് സ്വയം വിളിക്കാനുള്ള ധൈര്യം കാണിച്ചിട്ടുണ്ടോ? കവിതയെന്ന പാരമ്പര്യപ്പേരിനെയും കവിയെയും ഞാൻ എന്നിൽ നിന്നു തൂത്തുമാറ്റുന്നു. കബിക്ക് എന്താണ് കബിത എന്ന ചോദ്യമായിരുന്നു ഉചിതം. കബിക്ക് കബ്തയെന്തെന്നാൽ. മലയാള കവിതയുടെ കഴുത്തിൽ ചുറ്റിപ്പിണഞ്ഞ ഒരു കുഞ്ഞു പാമ്പാണ് കബ്ത. കബ്തയിൽ സംവേദനക്ഷമതയില്ലാത്തവരെ മാത്രം കൊത്തുന്ന ഉഗ്രവിഷമുള്ള കുഞ്ഞു പാമ്പ്. ഈ കബ്തപ്പാമ്പിഴയുന്നത് ഇവിടത്തെ ദലിതരേക്കാൾ ദയനീയ ജീവിതം നയിക്കുന്നവരുടെ തെരുവുകളിലൂടെയാണ്. കബ്തപ്പാമ്പ് കവികൾ ഇരയാക്കുന്ന വിഷയതവളകളെ വിഴുങ്ങില്ല. കബി പശിയാറ്റുന്ന വിഷയതവളകളെ ബിഴുങ്ങും. കബ്ത എല്ലാവർക്കും കാണാനാവുന്ന രൂപത്തിൽ തെരുവിലൂടെ വേഗമിഴയുന്ന പാമ്പ്. പെട്ടെന്നാർക്കും തല്ലിക്കൊല്ലാനാവാത്ത പാമ്പ്.
∙എന്തിനാണ് റാസി കവിത എഴുതുന്നത്?
നിങ്ങളിതുവരെ വായിച്ച കവിതയല്ല എന്റെ കബ്തയെന്ന് കാണിക്കാൻ. നിങ്ങളിതുവരെ കണ്ട ജീവിതമല്ല എന്റെ കബ്തയിലുള്ളതെന്ന് കാണിക്കാൻ. നിങ്ങളാവർത്തിക്കുന്ന ഭൗതിക ബൗദ്ധിക, ചരിത്ര, പുരാണ, പ്രണയ, യുക്തി, ശാസ്ത്ര ക്ലീഷേ ബിംബങ്ങളല്ല കബ്തകളിലെന്ന് സർക്കാസിക്കാൻ.
∙റാസിക്കവിതയ്ക്ക് റാസിഭാഷ ആണല്ലോ. നിലവിലെ ഭാഷ അട്ടിമറിച്ചത് എന്തുകൊണ്ടാണ്?
2013ൽ എന്റെ ആദ്യപുസ്തകമിറങ്ങി. നടപ്പ് കവിതാ ഭാഷയിൽ എഴുതപ്പെട്ടത്. ഹ ഹ ഹ. ആ വർഷം ഡിസംബറിൽ എന്റെ ഇടങ്കാലിൽ ഒരു ഹോണ്ട ആക്ടീവ കയറിയിറങ്ങി. അതിന്റെ ആഘാതത്തിൽ കവിത എഴുത്ത് നിറുത്തി. അന്തംവിട്ട വായന മാത്രം. ഇടങ്കാലിന്റെ ബലക്കുറവിനാൽ കടുത്ത ജോലികളൊന്നും ചെയ്യാൻ പറ്റാതെയായി. പശിയാറ്റാൻ നാവിനും ബുദ്ധിക്കും നല്ല ബലമുള്ള എനിക്ക് തെരുവിൽ ഇറങ്ങേണ്ടി വന്നു. തെരുവിൽ നാവഭ്യാസത്തിനാണ് വേതനം കൂടുതൽ. തെരുവിലെ നാല് വർഷം തികയ്ക്കുന്നതിന്റെ അന്ന് കോവിഡ് വന്ന് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. കോവിഡ് ശരിക്കും ബാധിച്ചത് തെരുവുകച്ചവടക്കാരെയാണ്. കോവിഡിന്റെ ആദ്യ ആറുമാസം തെണ്ടലും കടം വാങ്ങലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം തിന്നും ഒളിച്ചുംപാത്തും തട്ടിമുട്ടി ജീവിതത്തെ കൊണ്ടു പോയി. കോവിഡ് നിയന്ത്രണങ്ങളോടെ തെരുവിൽ കച്ചവടത്തിന് ഇറങ്ങാമെന്ന സർക്കാരിന്റെ നിയമം വന്നതോടെ ശാസ്തമംഗലത്ത് ആപ്പേയിൽ പഴക്കച്ചവടത്തൊഴിലാളിയായി.
തൊഴിലിടവേളകളുടെ വിരസത മാറ്റാൻ പാട്ട് പാടിയും പാരമ്പര്യക്കവിതകൾ ചൊല്ലിയും സമയം പോക്കി. അതിലും വിരസതയനുഭവപ്പെട്ടപ്പോൾ ഒരു ടച്ച്സ്ക്രീൻ മൊബൈൽ വാങ്ങി. അതിലെ യൂട്യൂബും ഗൂഗിളും വിക്കിയും മാറ്റാപ്പുകളും സെർച്ച് ചെയ്ത് നോക്കിയപ്പോൾ ഫേസ്ബുക്കാപ്പാണ് മുമ്പിലെന്ന് മനസ്സിലാക്കി. ഞാനും ഫേസ്ബുക്കനായി. ഫേസ്ബുക്ക് തുറന്നാലോ പതിനായിരക്കണക്കിന് എഴുത്തുകാർ അവിടെ ഓടി നടക്കുന്നു! ഞാൻ ചിലരുടെ മാത്രം ഫേസ്ബുക്ക് ഫ്രണ്ടായി. അവർക്ക് ലൈക്കും കമന്റും കൊടുത്ത് കൊടുത്ത് വിരസതയനുഭവപ്പെട്ടപ്പോൾ എന്നിലെ കബിയും എഴുത്തുക്കാരനും ഉണർന്നു. ഫേസ്ബുക്കിലും അച്ചടിമാധ്യമങ്ങളിലും എഴുതുന്നവരേക്കാളും വ്യത്യസ്തമായി എനിക്കെന്തെങ്കിലും എഴുതാനാവുമോ എന്ന ആലോചന ഒടുവിൽ എത്തിയത് ഇനി ഞാൻ എഴുതുന്ന ഭാഷ 'ശിശുഭാഷ' ആയാലോ എന്നതിലാണ്.
മികച്ച വായനക്കാർക്കത് ഭാഷാട്ടിമറിയായി തോന്നിയതിൽ എനിക്ക് അഭിമാനമുണ്ട്. മലയാളത്തിലെ പ്രൗഢഭാഷ, സംസ്കൃതസ്വാധീനഭാഷ, അച്ചടിഭാഷ, രചനകളിൽ എല്ലാവർക്കും സ്വീകാര്യമായ ഭാഷ, പൊതുഭാഷ, ദലിത് ഭാഷ, ഗോത്രഭാഷ, കടൽ സങ്കരഭാഷ, അലങ്കാരഭാഷ, ഭാശുദ്ധഭാഷാവാദ ഭാഷ തുടങ്ങിയവയെ ഞാനെന്റെ ശിശുഭാഷകൊണ്ട് കുത്തുന്നതാണ്. കബ്തയുടെ ക്രാഫ്റ്റിൽ പരൂഷണത്തിൽ ഏർപ്പെടും. കഥാകബ്ത രീതി ഉപയോഗിക്കും. ലിറിക്കൽ തേൻമുട്ടായിയും ജിലേബിയും ബോധപൂർവം ഉപേക്ഷിക്കും. ഒരേസമയം കബ്തയെ പരൂഷണങ്ങളുടെ ലബോറട്ടറികളിൽ കയറ്റുകയും ഭാഷയിൽ അട്ടിമറിമായങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഇനിയും തുടരും.
∙തെരുവു ജീവിതം ആണോ കവിതയ്ക്ക് വളമാകുന്നത്?
അതെ! ബാക്കിയെല്ലാ വ്യവസ്ഥാപിത ജീവിതങ്ങളും മറ്റ് കവികളുടെ കവിതകളിൽ ആവോളമുണ്ടല്ലോ? ഹ ഹ ഹ... കബിയുടെ കബ്തയിൽ യുണിക്കായ തെരുവും തെരുവുമനുഷ്യരും തെരുവിലെ സകലതും നിറഞ്ഞു തുളുമ്പാറാവും.
∙എപ്പോഴാണ് കവിത എഴുതുന്നത്? വായിക്കുന്നത്?
ഉണർച്ചയിലെല്ലാം കബ്തയെകുറിച്ച് ചിന്തിക്കുന്നതിനാൽ കബ്ത എഴുതാൻ പ്രത്യേക സമയം വേണ്ട. എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം. എനിക്ക് കബ്ത അടയിരുന്ന് ഉണ്ടായി വരുന്ന മുട്ടയോ കുഞ്ഞോ അല്ല. ‘ശംഭവിക്കും’. അത്ര തന്നെ. ശംഭവിച്ച ഉടനെ ഫേസ്ബുക്ക് പേജിൽ പോസ്റ്റും. വേറെ അച്ചടി എഡിറ്റർമാരുടെ വിലാസത്തിൽ അയക്കില്ല. അച്ചടി എഡിറ്റർമാർ ചോയിക്കുകയുമില്ല. ചോയിച്ചാൽ കൊടുക്കും ട്ടോ. ഹ ഹ. ഹ. വായനയാണ് സാറേ മുഖ്യം. തെരുവുകളിലിരുന്ന്... ജോലികളുടെ ഇടവേളകളിൽ... ഉറങ്ങുന്നതിന് ഒരു നിമിഷം മുൻപ് വരെ...