മൃതദേഹങ്ങളിൽ കോസ്മെറ്റിക് സർജറി, ക്രാഷ് ടെസ്റ്റുകൾ; ഫൊറൻസിക് സയൻസിലെ അറിയാക്കഥകള്‍
Mail This Article
ഒരാളുടെ മരണശേഷം ശരീരത്തിന് എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് കൗതുകമുണ്ടോ? ഫൊറൻസിക് സയൻസില്‍ ശവശരീരങ്ങളുടെ അപ്രതീക്ഷിത ഉപയോഗങ്ങളെക്കുറിച്ചു പറയുന്ന പുസ്തകമാണ് മേരി റോച്ച് എഴുതിയ ‘സ്റ്റിഫ്: ദ് ക്യൂരിയസ് ലൈവ്സ് ഓഫ് ഹ്യൂമൻ കഡവേഴ്‌സ്.’ മരിച്ചയാളുടെ ‘അതുല്യമായ ശാസ്ത്ര സംഭാവനകളെ’ വിശദമാക്കുന്ന പുസ്തകം വിചിത്രവും ആശ്ചര്യകരവുമായ മൃതദേഹ രീതികളുടെ കലവറയാണ്.
2003-ലെ ഈ നോൺ ഫിക്‌ഷൻ ബെസ്റ്റ് സെല്ലർ, പുരാതന ഈജിപ്തുകാർ മൃതദേഹങ്ങൾ മമ്മിയാക്കുന്നത് മുതൽ ആധുനിക ശസ്ത്രക്രിയാ പരിശീലനത്തിനു ദാനം ചെയ്ത ശരീരങ്ങൾ വരെ, മനുഷ്യ ശരീരത്തിന് പിന്നിലെ ശാസ്ത്രവും ചരിത്രവും വിവരിക്കുന്നു. സ്വന്തം ശരീരം ദാനം ചെയ്യുന്ന ആളുകൾ വൈദ്യശാസ്ത്ര പുരോഗതിക്കു നൽകിയ സംഭാവന വളരെ വലുതാണ്. പോസ്റ്റ്മോർട്ടം പഠിക്കാൻ മാത്രമല്ല, കോസ്മെറ്റിക് സർജറി പരിശീലിക്കുവാനും ബാലിസ്റ്റിക് ഗവേഷണം നടത്തുവാനും മൃതദേഹങ്ങളാണ് ഉപയോഗിക്കുക. കാർ ക്രാഷ് ടെസ്റ്റുകൾ, ബഹിരാകാശ യാത്രകള്‍ പോലെ ആഘാതം നിറഞ്ഞ സന്ദർഭങ്ങളിലും കഡാവറുകൾ ഉപകാരപ്പെടുന്നു.
ഡമ്മികൾ ഉപയോഗിച്ചുള്ള ടെസ്റ്റുകള്‍, മൃതദേഹം തട്ടിയെടുക്കലിന്റെ കഥകള്‍, അവയവദാന രീതികൾ എന്നിവയ്‌ക്ക് പുറമെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളും മേരി കൃത്യമായി വിശദീകരിക്കുന്നു. നരഭോജനത്തെക്കുറിച്ചുള്ള അധ്യായങ്ങൾ ആരെയും പിടിച്ചിരുത്തുന്നവയാണ്. ശരീരദാനത്തിന്റെ വിചിത്രമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന കൃതി, ശരീരഘടനാപരമായ വിഭജനത്തിന്റെ ചരിത്രം വിശദമായിത്തന്നെ പറയുന്നുണ്ട്.
വിമാനാപകടത്തിലും കാർ അപകടത്തിലും ഒരു മൃതദേഹത്തിന് സംഭവിക്കുന്നത് വ്യത്യസ്ത മുറിവുകളാണ്. അത്തരം മുറിവുകളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കിയാൽ യഥാർഥത്തിൽ ഒരു അപകടം വരുമ്പോള്‍ സംഭവിക്കാവുന്ന പ്രശ്നത്തെക്കുറിച്ച് ഡോക്ടർക്ക് മുൻധാരണയുണ്ടാകും. എങ്ങനെയാണ് മൃതദേഹങ്ങളിൽ സൈന്യപരിശോധനകൾ, ജീവനോടെ കുഴിച്ചു മൂടപ്പെട്ടവരുടെ ശാസ്ത്രീയ പഠനം തുടങ്ങി വ്യത്യസ്തവും സാധാരണക്കാർക്ക് അറിയാത്തതുമായ പല വിവരങ്ങളും ഈ ഫൊറൻസിക് പുസ്തകത്തിൽ അടങ്ങിട്ടുണ്ട്.
പത്രപ്രവർത്തകയായ മേരി നീണ്ട നാളത്തെ ഗവേഷണം നടത്തിയാണ് കൃതി രചിച്ചത്. 2003-ലെ എന്റർടെയ്മെന്റ് വീക്കിലിയുടെ മികച്ച പുസ്തകങ്ങളിൽ ഒന്നായിരുന്നു സ്‌റ്റിഫ്, ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറുമായിരുന്നു. ഹംഗേറിയൻ, ലിത്വാനിയൻ എന്നിവയുൾപ്പെടെ 17 ഭാഷകളിലേക്ക് സ്റ്റിഫ് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.