അഭയാർഥികൾക്കുണ്ട് വസ്ത്രവും അന്നവും; അവരെന്റെ സൗഹൃദ സുഗന്ധം
Mail This Article
കാൽ നൂറ്റാണ്ടു മുൻപ് ജെസ്സീ നിനക്കെന്തു തോന്നി എന്നു ചോദിക്കുമ്പോൾ നിരാശ്രയ ദുഃഖത്തിന്റെ താഴ്വരയിൽ ഒറ്റയ്ക്കു നിന്ന യൗവ്വനവൃക്ഷമായിരുന്നു കുരീപ്പുഴ. ദുഃഖവും അനാഥത്വവും ഏകാന്തതയും ഒറ്റപ്പെട്ടലും വേട്ടയാടിയ യുവകവികൾ തൊണ്ട പൊട്ടി പാടിയപ്പോഴും കുരീപ്പുഴ ഒരൽപം അകലം പാലിച്ചാണു നിന്നത്. ഞാൻ എന്ന വായ്ത്താരി അന്നും അദ്ദേഹത്തിന്റെ കവിതയ്ക്ക് അന്യമായിരുന്നു. അന്നേ, വ്യക്തിയിൽ നിന്നു പുറത്തു കടന്നിരുന്നു കുരീപ്പുഴയിലെ കവി.
സഹജീവികളോടുള്ള സാഹോദര്യത്തിൽ നിന്നാണ് ജെസ്സി പിറക്കുന്നത്. മാംസദാഹത്തിൻ മഹോന്നത വേദിയിൽ, മാലാഖയെത്തുന്ന ഗൂഡസ്ഥലികളിൽ നഷ്ടപ്പെടുത്തി തിരിച്ചു വന്ന് കഷ്ടകാലത്തിൻ മുഖം മുടി നോക്കവേ, അന്യയെന്ന് ഏവരും തള്ളിപറയവേ, കൈ പിടിക്കാൻ കവിയുണ്ടായിരുന്നു. കവിതയുണ്ടായിരുന്നു. കവിത അദ്ദേഹത്തിന് സ്വസ്ഥതയും അസ്വസ്ഥതയുമായിരുന്നു. വിശ്വസ്തതയും ആത്മാർഥതയുമായിരുന്നു. പ്രാണനോവിന്റെ പരമ്പരയായിരുന്നു. വ്യക്തിദുഃഖത്തിന്റെ തടവറ വിട്ട കവിത, അന്യരെയും അബലകളെയും കൂടെ കൂട്ടി. പുറമ്പോക്കുകളിൽ അലഞ്ഞവർക്ക് സൗഹൃദവും സമാശ്വാസവുമായി. ഒറ്റപ്പെടലിന്റെ തുരുത്തുകളെ കവിതയുടെ കണ്ണീരിലൂടെ അടുപ്പിച്ചു. കുരീപ്പുഴ എന്ന കവി മലയാളത്തിന്റെ ഇഷ്ടമുടിയായി.
പ്രണയമാണ് മൃത്യുവിൻ
ഫണം തകർക്കുമായുധം
പ്രണയമാണ് ജീവിതം പ്രസന്നമാക്കുമാശയം
മരുവിലാകിലും കൊടും–
വനത്തിലാകിലും മഹാ–
പ്രണയമാണ് ജീവികൾക്കു ധന്യവാസ്തവാഭയം.
18 വർഷം മഹാഭാരതത്തിൽ തപസ്സിരുന്നിട്ടുണ്ട് കുരീപ്പുഴ. പ്രശസ്തരും അപ്രശസ്തരുമായ എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ വേദവ്യാസന്റെ കാവ്യപുസ്തകം വായിച്ച്, കവിതയിലൂടെ വ്യാഖ്യാനിച്ചപ്പോൾ തെളിഞ്ഞത് ആസക്തിയും അനാസക്തിയും ആയിരുന്നില്ല. ജീവിതത്തോടുള്ള അത്യുദാരമായ പ്രണയം. പ്രണയത്തിന്റെ അവസാന തുള്ളി നനവും ഇല്ലാതാക്കുന്ന ഗർവിന്റെ അർഥശൂന്യത. യുദ്ധം അദ്ദേഹത്തെ ആവേശം കൊള്ളിച്ചില്ല. യുദ്ധത്തിൽ നിരാലംബരായ സ്ത്രീകളും കുട്ടികളും അഗാധമായി വേദനപ്പിക്കുകയും ചെയ്തു. എല്ലാമെല്ലാം എന്നല്ല, ആരുമേയല്ലെന്ന് വിലപിക്കുക പോലും ചെയ്യാതെ, ഒരു അടയാളവും ബാക്കിവയ്ക്കാതെ മാഞ്ഞും മറഞ്ഞും പോയവരാണ് കവിയെ ആകർഷിച്ചത്. രണ്ടു മുതൽ 8 വരി വരെയുള്ള കവിതകളിലൂടെ കുരീപ്പുഴ അവരെ അടയാളപ്പെടുത്തി; വ്യാസന്റെ സസ്യശാലയെന്ന്.
തുഴയെടുക്കാതെ ജീവിതത്തിൻ കൊടും പുഴ കടക്കുവാൻ പോയ കിനാവ് ആയാണ് കവി സത്യവതിയെ കണ്ടത്. കരയിലേക്കെടുത്തിട്ട പൂമീനിന്റെ പിടയലാണ് ഏതു പെണ്ണിന്റെ ജീവിതവും എന്നു സത്യവതി പറയുമ്പോൾ അതിൽ നിഴലിക്കുന്നത് സ്വന്തം ജീവിതസത്യം മാത്രമല്ല, അനുഭവങ്ങളുടെ ചുടലയിൽ എരിഞ്ഞടങ്ങിയ എണ്ണമറ്റ അബലകളുടെ അവസാന വിചാരവും കൂടിയാണ്. എന്നാൽ ആ ആത്യന്തിക സത്യം പോലും അവരുടെ ജീവിതങ്ങൾക്ക് അടിക്കുറിപ്പ് എഴുതുന്നില്ല. എഴുതാൻ കവി അവരെ അനുവദിക്കുന്നില്ല.
വനം, മനം മനോജ്ഞനാഗ–
സ്നേഹിതർ തരുന്നൊരീ
കനം നിറഞ്ഞ രക്ഷക –
ക്കുടയ്ക്കു കീഴിലിന്നു ഞാൻ
കരഞ്ഞുപോയ്, മകൻ, പ്രിയൻ
മരിച്ച യുദ്ധഭൂമിയിൽ
ജനിച്ചുടൻ വളർന്ന ദുഃഖ–
വൃക്ഷമേ നശിക്കുക.
പൊലിഞ്ഞ വാർത്ത കേട്ടു കൈകൾ
കൊട്ടിയാർത്ത യാദവാ
പൊരുന്നിരിക്കയാണു കാട്ടു–
മക്കളിലൊരായുധം.
വായിച്ച, കേട്ട, കേട്ടു പരിചിതമായ മഹാഭാരതത്തിൽ നിന്ന് കവിതയുടെ അഗ്നി വെളിച്ചത്തിൽ കവി കണ്ടെടുത്തത് ഇതുപോലുള്ള അമൂല്യ രത്നങ്ങളാണ്. വജ്രഭംഗിയുള്ള മുന്നറിയിപ്പുകളാണ്. അഹന്തയ്ക്കും ഗർവിനും അധികാര ആസക്തിക്കും ചതിക്കും വഞ്ചനയ്ക്കും എതിരെയുള്ള കറുത്ത മുന്നറിയിപ്പുകളാണ്.
മഹാഭാരതത്തിൽ നിന്ന് കവി കണ്ടെടുത്ത യുദ്ധത്തിന്റെ മഹാഭാരം ഇന്ന് ലോകത്തെ പൊള്ളിക്കുകയാണ്. യുക്രെയ്നിൽ, ഗാസയിൽ. എണ്ണമറ്റ നാടുകളിൽ ഇരകളാക്കപ്പെടുന്നവരുടെ കണ്ണുനീര് ഒഴുകിയെത്താൻ കവിതയുടെ ചാലു വെട്ടിയ കുരീപ്പുഴ, ഒരിക്കൽക്കൂടി ശിരസ്സുയർത്തി നിൽക്കുന്നു. ആ കണ്ണുകളിൽ ഈ നാടിന്റെ നോവും നനവുമുണ്ട്. രോഷവും പ്രതികാരവുമുണ്ട‌്. പുതിയൊരു ലോകപ്പിറവിയുടെ ദുന്ദുഭിയുണ്ട്.
വാൽമീകി ചൊല്ലുന്നു:
മഞ്ഞിന്റെ തൂവൽ പൊഴിഞ്ഞുവീണു
പൊൻ വെയിൽ മെല്ലെ പരന്ന കാലം
ഒറ്റയാൻ പക്ഷി നിരായുധനായ്
അസ്ത്രക്കിടക്കയിലന്ത്യ ശയ്യ
കണ്ടു വണങ്ങിയ നേരമെന്നിൽ
രണ്ടു ദൃശ്യങ്ങൾ തെളിഞ്ഞുവന്നു
ഒന്നൊരു പെണ്ണിന്റെ കണ്ണുനീര്
മറ്റൊന്നൊരാർദ്ര ജലസമാധി!