ADVERTISEMENT

വില്വമലച്ചെരിവിലെ വടക്കേ കൂട്ടാല വീടിന്റെ ഉമ്മറത്തു നിന്നു സാധ്യമായിടത്തോളം അസാധ്യദർശനങ്ങൾ ലോകത്തെ ഒരെഴുത്ത് ഇടത്തിൽ നിന്നും സാധ്യമാകുമായിരുന്നില്ലെന്നു തോന്നും, പിതാമഹനും ആരോഹണവും പയ്യൻകഥകളുമെല്ലാം വായിക്കുമ്പോൾ. പരേതരെയും പിറക്കാനിരിക്കുന്നവരെയും ജ്യോതിഷത്തെയും ക്രിക്കറ്റിനെയും ജാതിയെയും വിജാതിയെയും കാളിദാസനെയും മോൺസീഞ്ഞോർ നെരൂദയെയും രതിയെയും വിരതിയെയും അദ്വൈത ശങ്കരനെയും കമ്യൂണിസ്റ്റ് ശങ്കരനെയും ശരീരത്തെയും അശരീരികളെയും ഒരേ കയ്യടക്കത്തോടെ എഴുത്തിലേക്ക് ആവാഹിച്ചുവരുത്തുന്ന കടും കൂടോത്രം.

കരതലാമലകമായിരുന്നു കാലം. കലിയുടെയും ചിരിയുടെയും ആലകളിൽ പലകാലങ്ങളെ പഴുപ്പിച്ച് അടിച്ചുപരത്തി, വിചിത്രാനുപാതങ്ങളിൽ കൂട്ടിച്ചേർത്തു. വികെഎൻ വില്വമലയിലേക്കു കല്ലുകൾ ഉരുട്ടിക്കയറ്റിയിട്ടുണ്ടാകില്ല, പക്ഷേ താഴേക്കു കല്ലുകളുരുട്ടി വിട്ട് ലോകത്തിന്റെ അസംബന്ധതകളെ പരിഹസിക്കാതെയിരുന്നതുമില്ല! ‘നാറാണത്തിന്റെ കാലാതീതമായ തത്ത്വജ്ഞാനമുകൾക്കൊണ്ട’വനാണല്ലോ ചാത്തൻസ്. 

book-vkn

രൂക്ഷവിചാരണകളുടെ കുരുമുളകുപൊടി ചേർത്ത് ആരിവ്വണ്ണം ചരിത്രത്തെയും വർത്തമാനത്തെയും ഓംലറ്റടിച്ചിരിക്കുന്നു, വികെഎൻ എന്ന അതികായനല്ലാതെ. അഗാധമായ ചരിത്ര, രാഷ്ട്രീയ ബോധ്യങ്ങളുടെ അരംവച്ച ചിരിയായിരുന്നു അത്; അല്ലാതെ അരാഷ്ട്രീയമായ കോമാളിച്ചിരിയായിരുന്നില്ല.  മുറുക്കിക്കെട്ടുന്നതിൽ വികെഎൻ നമ്മുടെ ഏറ്റവും കയ്യടക്കമുള്ള കവികളെപ്പോലും തോൽപ്പിച്ചു തൊപ്പിയിടീച്ചു. ആണ്ടോടാണ്ടു കഴിയുമ്പോഴും ഉടവുതട്ടാത്ത, വടിവിയന്ന വാക്കുകളുടെ ബലിഷ്ഠശിൽപങ്ങളാണ് അദ്ദേഹം കൊത്തിയത്. തുള്ളിയിറങ്ങുമ്പോൾ വാക്കുകൾ തീണ്ടൽ പാലിച്ചിരുന്നില്ല. പദംപദമുറച്ച് പാടിപ്പാടി പോയി. അർത്ഥഗർഭമായ കാതങ്ങൾ താണ്ടി. അപാരേ കാവ്യസംസാരേ വികെഎൻരേവ പ്രജാപതി. 

വികെഎൻ,  വര: ബേബി ഗോപാൽ
വികെഎൻ, വര: ബേബി ഗോപാൽ

എഡ്വേഡ് ആൽബിയുടെ Who is afraid of Virginia Wolfനെ ‘വെള്ളായണി അർജുനനെ ആർക്കാണു പേടി?’ എന്നു മൊഴിമാറ്റിപ്പറഞ്ഞ വികെഎന്നെ നാം ഇപ്പോഴും പേടിക്കണം. പിടിതരാതെ എത്ര സൂചനകൾ മറഞ്ഞിരിപ്പുണ്ടാകും, ഭാവനയുടെ ആ മഹാവിപിനത്തിൽ. വികെഎൻസൈക്ലോപീഡിയ അതിന്റെ ആഴവും പരപ്പും കൊണ്ടു നമ്മെ വിസ്മയസ്തബ്ധരാക്കുന്നു.

vkn-books-two

മേഘസന്ദേശത്തിലെ ഒരു ശ്ലോകമോ മുഗൾചരിത്രത്തിലെ ഒരു ചീന്തോ വിയറ്റ്നാം യുദ്ധശകലമോ അടി‘യന്ത്രാ’വസ്ഥാ ചരിത്രമോ വായിക്കുമ്പോഴാകും മുൻപു വായിച്ച വികെഎൻ കഥയിൽ അദ്ദേഹം മൈൻ പോലെ നിലത്തു പാകിയിരുന്ന നിഗൂഢസൂചനയുടെ സ്ഫോടനശേഷി നമുക്കു മനസ്സിലാകുക. കുമാരനാശാൻ മാത്രമല്ല, വികെഎന്നും അടരടരായാണ് അഴിയുക. 

‘അശ്വതി’യിൽ ചാത്തൻസ് പറയുന്നതുകേൾക്കുക: ‘പക്ഷികളേ, വേണ്ട. വേണ്ടെന്നു പറഞ്ഞാൽ അരുത്. നിങ്ങൾ പാടിയതുകൊണ്ടൊന്നും മഴപെയ്യാൻ പോകുന്നില്ല. പുതിയ ഭൂനയം മാറാനോ പുതിയ ജമ്മിവർഗ്ഗമായ പാട്ടക്കുടിയാന്റെ മനസ്സു മാറാനോ പോകുന്നില്ല. വരുന്നുമില്ല.കോരൻസിനു പൈതൃകമായ അവന്റെ കുമ്പിൾസ് കൈമോശം വരാനും പോകുന്നില്ല. കൂടുതൽ പാടിയാൽ നിങ്ങൾക്കു വേണ്ടി അൽപ്പം മസാല ചെലവാക്കാനും ചാത്തൻസ് മടിക്കുകയില്ല.പശുഹത്യയെക്കാൾ മീതെയല്ലല്ലോ പക്ഷിഹത്യ. ഒരുങ്ങിപ്പുറപ്പെട്ടവനാകുന്നു ചാത്തൻസ്’. ഭൂപരിഷ്കരണത്തെ തുടർന്നുള്ള സമൂഹക്രമത്തെ ഒപ്പിയെടുക്കുകയാണ് ചാത്തൻസ്. മറ്റ് ഏതെഴുത്തുകാരിലും ചെടിക്കുമായിരുന്നത് വികെഎന്നിൽ തീർത്തും ഉചിതമായി ഇണങ്ങുന്നു.

കുമാരനാശാൻ
കുമാരനാശാൻ

രാഷ്ട്രീയശരിയുടെയും ലിംഗനീതിയുടെയും കാലം വികെഎൻ കഥകളെ രൂക്ഷമായി വിചാരണ ചെയ്യാം. പെണ്ണുടലിനെ മിക്കപ്പോഴും ചരക്കായാണല്ലോ ചാത്തൻസും പയ്യൻസുമെല്ലാം കണ്ടത്. എന്നാൽ ആ കഥകൾക്കൊപ്പം തന്നെ പിറന്നതാണ് വിമർശനങ്ങളും. മാരണനിയമങ്ങളൊന്നും നിലവിലില്ലാത്ത സ്വതന്ത്ര റിപ്പബ്ലിക്കായിരുന്നു വികെഎൻ കഥകൾ. തോന്നുംപടി ചിന്തിക്കുകയും ചിന്തിക്കുംപടി പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ ഇടം. സെൻസർഷിപ്പിനു സെക്സ് അപ്പീലില്ലാത്ത ഇടം. അപകീർത്തിക്കു കീർത്തി കേട്ടിടം. രാഷ്ട്രീയശരിക്കു വിധേയരായി, ഇസ്തിരി വടിവിൽ ആ കഥാപാത്രങ്ങൾ ജീവിക്കുകയില്ല. 

വൈലോപ്പിള്ളിയായിരുന്നു വികെഎന്നിന്റെ ആത്മകവി; ഇടയ്ക്ക് ഇടശ്ശേരിയും നിനവിൽ വരുമായിരുന്നെങ്കിലും. കൾസ് അടിച്ചാലും ഇല്ലെങ്കിലും ‘ക്വൊട്ടേഷൻ’ കിട്ടുമായിരുന്നു കാച്ചിക്കുറുക്കിയ കവിതയ്ക്ക്. ‘കുടിയൊഴിക്കൽ’ ആയിരുന്നു മനസ്സിൽ നിന്നു കുടിയിറങ്ങാത്ത കാവ്യം. പക്ഷേ, അതിലൊരു വരിയോടു വികെഎൻ കഥകൾ കലഹിക്കും: ‘പുഞ്ചിരി ഹാ, കുലീനമാം കള്ളം’.

vyloppilly-sreedhara-menon
വൈലോപ്പിള്ളി

ഒരു ശ്ലോകത്തിൽ കഴിക്കട്ടെ:

‘ഘടം ഭിത്വ പടം ഛിത്വ

മാതരം പ്രഹരന്നപി

യേനകേന പ്രകാരേണ

പ്രസിദ്ധഃ പുരുഷോ ഭവേൽ’.

കുടം പൊട്ടിച്ചോ വസ്ത്രം കീറിയോ അമ്മയെ തല്ലിയോ ഏതെങ്കിലുമൊക്കെ തരത്തിൽ ആളുകൾ പ്രശസ്തരാകുന്നു. ഇങ്ങനെ പേരെടുക്കാനായി എന്തിനും ഒരുമ്പെട്ടുനിൽക്കുന്നവരെ കഥകളിൽ തളച്ചാണ് അതികായൻ പൂർണകായപ്രശസ്തിയിലേക്കു പ്രവേശിച്ചത്.  

English Summary:

Malayalam writer VKN Birth anniversary