ADVERTISEMENT

ഓട്ടുരുളിയിൽ ആദ്യം ഉണക്കലരി നിരത്തി, കൊന്നപ്പൂവിനും വെള്ളരിക്കയ്ക്കുമൊപ്പം സ്വർണം, അഷ്ടമംഗല്യം, നാളികേരം, കസവു മുണ്ട്, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, വെറ്റില, അടയ്ക്ക, പച്ചക്കറികൾ എന്നിവ വെച്ച് ശ്രീകൃഷ്ണ വിഗ്രഹത്തിനു സമീപം നിലവിളക്കു കൂടി ഒരുക്കുമ്പോൾ വിഷുക്കണിയായി... എല്ലാവരുടെയും മനസിൽ ഗ്രാമത്തിന്റെ വിശുദ്ധിയും മണവും മധുരവും ഇത്തിരി കൊന്നപ്പൂവും ഉണ്ടാകട്ടെ എന്നാശംസിച്ച വൈലോപ്പിള്ളി ശ്രീധരമേനോനെ പോലെ ഏവരും ആഗ്രഹിക്കുന്ന നന്മ നിറഞ്ഞ ഒരു പുലരിയ്ക്കായി.

"കണി കാണുവാനാരുമില്ലാതെ വന്നാലുമീ-

കണിക്കൊന്നമേൽ സ്വർണക്കിങ്ങിണി 

വിരിയുമോ?"

എന്ന് പി.എം. പള്ളിപ്പാട് എഴുതുമ്പോൾ ചിലർ വരാൻ പോകുന്ന പുലരികളെ സ്വപ്നം കാണുമ്പോലെ കടന്നുപോയ നാളുകളെയും ഓർക്കുന്നു. ചട്ടപ്രകാരം ആഘോഷങ്ങളും ആചാരങ്ങളും വേണമെന്ന വിശ്വാസക്കാരനായ അച്‌ഛൻ കാരൂർ നീലകണ്ഠപ്പിള്ള നൽകിയ കൈനീട്ടമാണ് എഴുത്തുകാരി ബി. സരസ്വതിയുടെ ഏറ്റവും വലിയ ഓർമ്മയായിരുന്നത്. കണി കണ്ടു കഴിഞ്ഞാൽ കിട്ടുന്ന കാലറപ്പിക കൈനീട്ടത്തേക്കാൾ ടി. പത്മനാഭൻ ബാല്യകാലസ്‌മരണകളിൽ ഏറ്റവും പ്രധാന വിഷുയോർമ്മയായി കാണുന്നത് ഭക്ഷണമാണ്. വയർ നിറഞ്ഞു കവിഞ്ഞാലും അമ്മ പിന്നെയും പിന്നെയും വിളമ്പുന്ന സദ്യ...

"എനിക്കാവതില്ലേ പൂക്കാതിരിക്കാൻ

എനിക്കാവതില്ലേ കണിക്കൊന്നയല്ലേ

വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ

എനിക്കാവതില്ലേ..."

എന്ന അയ്യപ്പപണിക്കർ പാടിയപ്പോൾ അമൂല്യമായൊരു കൈനീട്ടം സാറാ ജോസഫിന് അപ്പൻ ഉള്ളം കയ്യിൽ പതിപ്പിച്ചു വച്ചു തന്ന ഒരണയാണ്. കുരിയച്ചിറക്കാർ ‘വിഷുക്കയ്യട്ടം’ എന്ന് പറയുന്ന ചെമ്പിന്റെ ഒരു ഓട്ടക്കാലണ. നാടകനടിയും നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ സഹോദരിയുമായ ഓമനയ്ക്ക് കൈനീട്ടമായി അമ്മയാണു മിക്കപ്പോഴും ഏറ്റവും കൂടുതൽ പണം തരിക - ഒരു രൂപ. അയൽപക്കങ്ങളിലെ മാലപ്പടക്കങ്ങളുടെ ശബ്‌ദം കേട്ട് ഉണരുമ്പോൾ മാത്രമേ അമ്മ കണികാണിക്കാൻ കൊണ്ടുപോകുന്ന അമ്മയാണ് പ്രിയ എ. എസിന്റെയും വിഷുക്കാലയോർമ്മ. ഉറക്കം മതിയായില്ലെങ്കിൽ കണി കണ്ടശേഷവും ഉറങ്ങാൻ സമ്മതിച്ചിരുന്ന അമ്മ.

പൂത്തുനിൽക്കുന്ന പൊൻകണിക്കൊന്നപ്പൂക്കളോടൊത്ത് വിഷുദിനത്തിൽ പങ്കിടാൻ ഇനിയും ഇത്തരം ഓർമ്മകൾ ഉണ്ടാകും. കാലം കണിയൊരുങ്ങുമ്പോൾ ഇനിയും ഹൃദയങ്ങൾ ഉണര്‍ന്നു പാടും. വീണ്ടും വിഷു കൂടി വന്നിരിക്കുന്നു... ഓർമ്മയിൽ എഴുതിച്ചേർക്കുവാൻ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com