ജീവിതത്തിന്റെ കടലേ മഷിപ്പാത്രം; പരിമളപൂരങ്ങളുടെ കവി
Mail This Article
കടലിലെ തിമിംഗലവേട്ടയുടെ കഥയായ ‘മോബി ഡിക്’ എഴുതുമ്പോൾ മെൽവിൽ പ്രാർഥിച്ചത്, ‘വെസൂവിയസ് പർവതത്തെ എനിക്കൊരു മഷിക്കുപ്പിയായി തരണേ..’ എന്നാണ്. ‘യുഗപരിവർത്തന’ത്തിൽ വൈലോപ്പിള്ളി ഉറച്ചെഴുതിയതാകട്ടെ ‘ജീവിതത്തിന്റെ കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം’ എന്നും. അപ്രവചനീയതകളുടെ കൊടുങ്കാറ്റു കുലയ്ക്കുന്ന കടലാണ് ജീവിതത്തിന് ഇണങ്ങുന്ന രൂപകം; പുഴയേക്കാൾ. വൈരുധ്യങ്ങളുടെയും പൊയ്ത്തിരിച്ചറിവുകളുടെയും ആത്മവിചാരണകളുടെയും തീവ്രസന്ദേഹങ്ങളുടെയും കാറും കോളുമൊഴിയാത്ത പാരാവാരം തന്നെയായിരുന്നു വൈലോപ്പിള്ളിക്കവിത.
തരളതയുടെ തുടുവെള്ളാമ്പൽപ്പൊയ്കകളിൽ അഭിരമിക്കാത്ത കവിയായിരുന്നു അദ്ദേഹം. വിണ്ണിലേക്കു നോക്കിനോക്കിയിരുന്നു മണ്ണിനെ മറന്നില്ല. കയ്പവല്ലരിയിലും കാക്കയിലും കവിത കണ്ടു. ചെന്നിനായകക്കയ്പ്പുള്ള ജീവിതയാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ സന്നദ്ധനായൊരു കവിയുടെ ഊറ്റമാണ് വൈലോപ്പിള്ളിക്കവിത.
‘ഉയിരിൻ കൊലക്കുടു–
ക്കാവും കയറിനെ–
യുഴിഞ്ഞാലാക്കിത്തീർക്കാൻ
കഴിഞ്ഞതല്ലേ ജയം’ എന്നാണു കവി ചോദിച്ചത്.
‘അത്തലിൻ കെടുപായലിൻ മീതേ–
യുൾത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം’ എന്നും ‘ധീരം വായ്ക്കുന്നു കണ്ണുനീർക്കുത്തിൽ നേരമ്പോക്കിന്റെ വെള്ളിമീൻചാട്ടം’ എന്നും കവി കുറിച്ചിട്ടുണ്ട്.
പഴംപുരാണങ്ങളിൽ മതിമറക്കാനോ സുവർണഭൂതകാല മിത്തിൽ അഭയം തേടാനോ പ്രത്യയശാസ്ത്രങ്ങളുടെ പൊത്തുകളിൽ ഒളിച്ചിരിക്കാനിടം തേടാനോ ഒരുങ്ങിയില്ല. എന്നും സൗവർണപ്രതിപക്ഷമാകാനാണു കവി കൊതിച്ചത്.
‘പോവുകക്കഥ; കിനാവിന്റെ പൊൻകസവിട്ട
പാവു നെയ്താലിന്നത്തെ നഗ്നതയ്ക്കുടുക്കാമോ?’ എന്നു തീവ്രമായ യാഥാർഥ്യബോധത്തോടെ വർത്തമാനത്തെ അഭിമുഖീകരിക്കാൻ അദ്ദേഹം ധൈര്യം കാട്ടി. ഭൂതകാലാഭിരതിയിൽ മുങ്ങിക്കിടന്നു ജീവിതനിഷേധത്താൽ പൊങ്ങുപോലെ വൈലോപ്പിള്ളിക്കവിത ചീർക്കാതിരുന്നതും അതുകൊണ്ടുതന്നെ. കെട്ട ജീവിതം നയിക്കുമ്പോഴും മറ്റൊരു കാവ്യജീവിതം മന്നിൽ തനിക്കുണ്ടെന്നു കവി തിരിച്ചറിഞ്ഞിരുന്നു. ആ കാവ്യൗഷധമാണു കവിക്കു ജീവിതത്തരിശിൽ തണലായത്. എങ്കിലും ചിലപ്പോൾ കവിതയോടു പരിഭവിക്കാനും വൈലോപ്പിള്ളി മറന്നില്ല. ‘എന്നിൽ നീയത്രത്തോളം കനിഞ്ഞോ’യെന്ന് ഒരുവേള സംശയിച്ചുപോകുന്ന കവി അടുത്തനിമിഷം തന്നെ ചക്കുകാള തൻ കഴിച്ചിലിൻ നരകത്തിൽ നിന്നും അസുന്ദരമായ നരഹത്യയിൽ നിന്നും ആത്മഹത്യയിൽ നിന്നും തന്നെ കാത്തതിനു കവിതയോടു നന്ദി പറയുന്നുമുണ്ട്.
നിരന്തരമായ ആത്മവിചാരണകളുടെ എത്രയോ മാത്രകളാണു വൈലോപ്പിള്ളിക്കവിതകളിലുള്ളത്.
‘ചെറ്റയാം വിടൻ ഞാനിനിമേലിൽ
കഷ്ടമെങ്ങനെ കണ്ണാടി നോക്കും?’ എന്നതുപോലെ കടുത്ത വിധിയെഴുത്തിന് മലയാളത്തിൽ വളരെക്കുറച്ചു കവികളേ തയാറായിട്ടുണ്ടാകൂ.
‘മറ്റു പൂച്ചെടി ചെന്നു തിന്നാനെൻ
കൊറ്റനാടിനുണ്ടിപ്പൊഴേ മോഹം’ എന്ന ‘വഷളൻ’ വിചാരങ്ങളെ മറച്ചുവയ്ക്കുന്നുമില്ല.
കിണഞ്ഞാലോചിച്ചും വെട്ടിത്തിരുത്തിയും മാത്രം പൂർത്തിയാക്കാവുന്നൊരു പദപ്രശ്നം പോലെയായിരുന്നു കവിക്കു ജീവിതം; കവിതയും. തുറക്കുന്തോറും അടയുന്ന വാതിലുകളും നിവർത്തുന്തോറും വീഴുന്ന ചുളിവുകളും. അത്തരം അനുഭവത്തെക്കുറിച്ചു കവി എഴുതിയിട്ടുണ്ട്.
‘സൊല്ലയാൽ ഞങ്ങളിക്കടുംകെട്ടു
മെല്ലെ മെല്ലെയഴിക്കുവാൻ നോക്കി
ചെറ്റഴിക്കവേ, യെന്തുപബോധ–
വൃത്തിയോ പിണച്ചേറെ മുറുക്കി’.
വൈലോപ്പിള്ളിയുടെ സവിശേഷമായ മാനസികവൃത്തിയിലേക്കുള്ള വിചിത്രമായ വഴികൾ പറഞ്ഞുതരുന്ന ദിശാസൂചിയായി വായിക്കാവുന്നതാണ് ഈ വരികൾ. അഴിക്കുന്നതു മുറുക്കലായി മാറുന്ന ഈ വിപരീതയാഥാർഥ്യം വൈലോപ്പിള്ളിക്കവിതയുടെ പൊരുൾതന്നെയാണ്.
‘ധന്യനാമിടപ്പിള്ളിലെ ഗാനകിന്നരന്റെ’ കവിതകളുടെ എതിർധ്രുവത്തിൽ നിൽക്കുന്നവയാണ് ഈ കവിതകൾ. അവയോടുള്ള പ്രതിസ്പന്ദങ്ങളും പ്രതികരണങ്ങളും വൈലോപ്പിള്ളിക്കവിതകളിലുണ്ട്. എവിടെത്തിരിഞ്ഞുനോക്കിയാലും അവിടെല്ലാം പ്രണയത്തിന്റെ പൂത്തമരങ്ങൾ മാത്രം കണ്ട ചങ്ങമ്പുഴയല്ല, ‘കന്യമാർക്കു നവാനുരാഗങ്ങൾ കമ്രശോണസ്ഫടികവളകൾ’ എന്നെഴുതിയ വൈലോപ്പിള്ളി.
‘നിർഗതബലമെന്നാ–
ലുഗ്രവീര്യം തന്നുടൽ
നിഗ്രഹോത്സുകം സ്നേഹ–
വ്യഗ്രമെങ്കിലും ചിത്തം’.
വസന്തത്തിന്റെ കാലടിമണം കോലുന്ന കാട്ടുപാതയിലൂടെ നീളവേ നടക്കുന്ന സഹ്യന്റെ മകനെ എഴുതിയ വൈലോപ്പിള്ളിയുടെ കവിതയിലെ ഗന്ധങ്ങൾ മുകരുമ്പോൾ അസാധാരണമായ ഫലശ്രുതികളേകുന്ന കാവ്യരസവിദ്യയുടെ സൂക്ഷ്മതകളെയാണു വായനക്കാർ അനുഭവിക്കുന്നത്. ഓർമകളിൽ നിന്നു സൗഗന്ധികസ്വർണത്തെ വാറ്റിച്ചുരന്നെടുക്കുന്ന പെർഫ്യൂമറിയുടെ മാന്ത്രികവഴക്കം. മാമ്പൂക്കളും പാലപ്പൂക്കളും കൊയ്ത്തുനെല്ലും ആദ്യപ്പെയ്ത്തുമണ്ണുമെല്ലാം പരിമളപൂരത്താൽ മദിപ്പിക്കുന്ന വിസ്തൃത ഗന്ധസാമ്രാജ്യമാണത്. ഗന്ധവിദ്യയിൽ ഈ കവിക്കൊപ്പമെത്തുന്നവർ കുറയും.
‘അമൃതിൻ മണമെന്റെ
ജീവനിൽ തളിച്ചിട്ടു–
ണ്ടതിലൽപമെൻ പാട്ടിൽ
വാറ്റുവാൻ കഴിഞ്ഞെങ്കിൽ’ എന്നു കവി കൊതിക്കുന്നു. മൃതിയെ വെല്ലുന്ന അമൃതാണു മണങ്ങൾ. നറുംവാസനകൾ മാത്രമല്ല ജീവിതത്തിൽ നിന്നു സ്രവിക്കുന്നതെന്നു കവിക്കറിയാം. ഉലകമാം ആസ്പത്രിയിൽ നിന്നു പൊന്തുന്ന ജീർണ ജീവിതഗന്ധങ്ങളും വെടിമരുന്നിന്റെ ഗന്ധവുമെല്ലാം കവി മുകർന്നിട്ടുണ്ട്. തലവഴി ചോർന്നീടുന്ന കാവ്യഗന്ധവാരിയെയും അതിന്റെ പ്രേരണകളെയും കുറിച്ചു വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. ‘പിച്ചിപ്പൂമണമോ നിൻ കരളിൻ സുഗന്ധമോ?’ എന്നാണു കവിയുടെ സംശയം. വൈലോപ്പിള്ളിക്കവിത അതിന്റെ തീക്ഷ്ണജീവിതസുഗന്ധങ്ങളാൽ വായനക്കാരെ വീണ്ടും വീണ്ടും ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു.