ADVERTISEMENT

ഒരിക്കൽ കുഞ്ഞുണ്ണി മാഷ് ഒരു കുറ്റസമ്മതം നടത്തി: ‘എനിക്കൊരു രഹസ്യക്കാരിയുണ്ട്– എന്റെ കവിത. ഇവളുള്ളതുകൊണ്ടാണ് ഞാനെന്റെ വീട്ടുകാരിയെ സഹിക്കുന്നത്’. അപ്പോൾ ആരായിരുന്നു വീട്ടുകാരിയെന്നാണോ സംശയം? അതു ജീവിതം തന്നെയായിരുന്നു. ‘എന്നിൽ നീയത്രത്തോളം കനിഞ്ഞോ?’ എന്നു രഹസ്യക്കാരിയോട് ഒരിക്കലും കവിക്കു സന്ദേഹിക്കേണ്ടി വന്നില്ല.

ഓരോ വാക്കും അളന്നുമുറിച്ചാണെങ്കിലും അവൾ അറിഞ്ഞനുഗ്രഹിച്ചു. അപ്പോഴാണു കവിക്കു മനസ്സിലായത്, ‘വാക്കിനോളം തൂക്കമില്ലീയൂക്കൻ ഭൂമിക്കു പോലുമേ’. ജീവിതം സങ്കടങ്ങളാലും നിസ്സഹായതയാലും നിരാശയാലും വീർപ്പുമുട്ടിച്ചപ്പോൾ വാക്കുകൾ കവിയെ അഗാധമായ സ്നേഹത്താലും അനുതാപത്താലും ചേർത്തുപിടിച്ചു. 

kunjunni-maashu-d
കുഞ്ഞുണ്ണി മാഷ്

തുള്ളലുകളും പഴഞ്ചൊല്ലുകളും നമ്പൂരിഫലിതങ്ങളും കുറുങ്കവിതകളും അതികഥകളും വളപ്പൊട്ടുകളും മയിൽപ്പീലികളും കൽക്കണ്ടക്കഷ്ണങ്ങളും നിറഞ്ഞുമറിഞ്ഞ, പലമയുടെ കാലിഡ്സ്കോപ്പായിരുന്നു കുഞ്ഞുണ്ണിയുടെ അത്ഭുതപ്രപഞ്ചം. ഞായപ്പിള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിയമ്മയുടെയും മകനായി 1927 മേയ് 10നു കുഞ്ഞുണ്ണി ഭൂമിമലയാളത്തിൽ അവതരിച്ചു; അനന്തകോടി ജീവജാലങ്ങൾക്കിടയിൽ പൊക്കമില്ലായ്മയുടെ പൊക്കവുമായി ജീവിക്കാൻ.

kunjunni-books-f

കവിതാവാസനയുണ്ടായിരുന്ന അച്ഛനാണ് കവിതയുടെയും കടങ്കഥകളുടെയും പഴഞ്ചൊല്ലുകളുടെയും ഫലിതങ്ങളുടെയും ലോകത്തേക്കുള്ള വാതായനങ്ങൾ കുഞ്ഞുണ്ണിക്കു മുന്നിൽ തുറന്നിട്ടത്. അച്ഛൻ നേരത്തേ പോയി, മകനു പന്ത്രണ്ടു വയസ്സുള്ളപ്പോൾ അമ്മയും. മൂത്ത ചേച്ചിയാണ് കുഞ്ഞുണ്ണിയെ നോക്കിവളർത്തിയത്. ആ കവിതക്കമ്പത്തിനു പന്തലിട്ടു പടർത്തിയത് ചേച്ചിയും സീത ഓപ്പോളുമായിരുന്നു. കുട്ടിക്കാലത്തേ ശൃംഗാരശ്ലോക നിർമാണം നടത്തി വയസ്സറിയിച്ചു.

കുറേ തുള്ളലുകളും സ്വച്ഛന്ദോപന്യാസങ്ങളും നോവലും എഴുതി. ഇതിൽ പലതിലും അച്ചടിമഷി പുരണ്ടില്ല. തനിക്കു യൗവ്വനമുണ്ടായിട്ടില്ലെന്നു കുഞ്ഞുണ്ണി മാഷ് എഴുതി. ബാല്യത്തിനു ശേഷം യൗവ്വനം കാത്തിരുന്ന ശരീരത്തെ അകാലവാർധക്യം പിടികൂടിയത്രേ. അതുകൊണ്ടാകാം കാലം നഷ്ടപരിഹാരമായി ആ വരികൾക്കെന്നും നിത്യയൗവ്വനവും മിക്കപ്പോഴും നിത്യബാല്യവും അനുവദിച്ചത്.

kunjunni-maashu
കുഞ്ഞുണ്ണി മാഷ്

ആശാൻ, ഉള്ളൂർ, വള്ളത്തോൾ കവിതകൾ മലയാളത്തെ അടക്കിവാണ കാലം. എന്നാൽ കുഞ്ഞുണ്ണി കുറച്ചുകൂടി പിറകോട്ടു പോയി ചെറുശ്ശേരിയെയും തുഞ്ചനെയും കുഞ്ചനെയും അടിമുടി വായിച്ചു. ആ കാവ്യവിദ്യാഭ്യാസ കാലത്തെക്കുറിച്ച് കുഞ്ഞുണ്ണി പറഞ്ഞു: ‘അലങ്കാരജടിലമായ കൃഷ്ണഗാഥ വായിച്ചതുകൊണ്ടു കൂടിയാവാം എന്റെ കവിതകളിൽ അലങ്കാരമില്ലാത്തത്. തുള്ളലുകളിൽ തുള്ളിപ്പാഞ്ഞു നടന്ന് ഞാനെന്റെ വാക്കുകളോടുള്ള കമ്പം തീർത്തു. എഴുത്തച്ഛനെന്നെ എങ്ങനെയെല്ലാം സ്വാധീനിച്ചിരിക്കുന്നുവെന്ന് ഇന്നും മുഴുവനായി മനസ്സിലായിട്ടില്ലെനിക്ക്’.

എങ്കിലും ‘എന്റെ കവി’ എന്നു കുഞ്ഞുണ്ണി വിശേഷിപ്പിച്ചത് മറ്റൊരാളെയായിരുന്നു. ‘മധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ’ എന്നെഴുതിയ പൂന്താനമായിരുന്നു അത്. കുഞ്ഞുണ്ണിക്കവിതയിലെ ഇരുത്തംവന്ന തത്വവിചാരങ്ങളുടെ വേരുകൾ പൂന്താനത്തെ വായിച്ച കാലത്തിലാണോ ചെന്നെത്തിനിൽക്കുന്നത്?

kunjunni-books-s

അഷ്ടാംഗഹൃദയവും സഹസ്രയോഗവുമെല്ലാം പഠിച്ച് പ്രയോഗം തുടങ്ങിയെങ്കിലും വൈദ്യമല്ല വഴിയെന്നു തോന്നാൻ തുടങ്ങി. കഷായങ്ങളുടെയും കുഴമ്പുകളുടെയും കൂടിക്കുഴഞ്ഞ വാസന നിറഞ്ഞ വൈദ്യശാല വിട്ട് അധ്യാപനത്തിലേക്കു തിരിഞ്ഞു. വൈദ്യൻ കുഞ്ഞുണ്ണി കുഞ്ഞുണ്ണി മാഷായി. ചേളാരിയിലും രാമനാട്ടുകരയിലും അധ്യാപകനായിരുന്നു. പിന്നീട് ഏറെക്കാലം മീഞ്ചന്ത രാമകൃഷ്ണ മിഷൻ സ്കൂളിലും പഠിപ്പിച്ചു.

വിവാഹം വേണ്ടെന്നുവച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ മാഷ് പറഞ്ഞു, ‘പ്രേമമില്ലാഞ്ഞിട്ടാണ് ഞാൻ വിവാഹം കഴിക്കാത്തത്. എനിക്കിതുവരെ ഒരു പെണ്ണിനോടും പ്രേമം തോന്നിയിട്ടില്ല’. തോളിൽ കവിതയുടെ മാറാപ്പുള്ളവൻ ഒറ്റയാനാകുന്നതാണു നല്ലതെന്നു കവിക്കു തോന്നിയിരിക്കണം. ‘വേളി കഴിച്ചില്ലെങ്കിൽ വേഷമെങ്കിലും മാറ്റിക്കൂടേ?’ എന്നു ചോദിച്ചവരിൽ നിന്ന് അദ്ദേഹം ചെവി തിരിച്ചു.

KUNJUNNI
കുഞ്ഞുണ്ണി മാഷ്

തൊങ്ങലുകളില്ലാത്തൊരു കുപ്പായവും മുട്ടിനു തൊട്ടു താഴെ വരെയെത്തുന്ന മുണ്ടുമായിരുന്നു വേഷം. തന്റെ കവിത പോലെ മതി വേഷവുമെന്ന് അദ്ദേഹം തീരുമാനിച്ചിരിക്കണം. കവിതകളെഴുതുക മാത്രമല്ല, കന്യാകുമാരി മുതൽ ഗോകർണത്തോളം പരന്ന ഭൂമിമലയാളത്തിൽ ചിതറിക്കിടന്ന പഴമൊഴികളെയും കടങ്കഥകളെയും ഫലിതങ്ങളെയും അദ്ദേഹം പത്തായത്തിലാക്കി കാത്തു. അൽപ്പാൽപ്പമായി മരിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുന്ന മലയാളത്തിനു കുഞ്ഞുണ്ണിയുടെ ‘ദയാലിസിസ്’. 

വാക്കെണ്ണത്തിൽ കുഞ്ഞുണ്ണി കവിതയിൽ പരന്നില്ലെങ്കിലും അർഥത്തിന് ആഴമുണ്ടായിരുന്നു. ‘എൻ മനം എൻ മന’ എന്ന ഒറ്റവരി കൊണ്ട് മനുഷ്യാഹംബോധത്തെ കൃത്യമായി രേഖപ്പെടുത്തി. അതേ കുഞ്ഞുണ്ണിയാണ് 

‘ആയി ഠായി മിഠായി

തിന്നപ്പോഴെന്തിഷ്ടായി

തിന്നുകഴിഞ്ഞാൽ കഷ്ടായി’ എന്ന വരികളുമെഴുതിയത്. സെൻബുദ്ധിസത്തിന്റേതെന്നും താവോയിസത്തിന്റേതെന്നും സൂഫിസത്തിന്റേതെന്നും തമിഴ് കുറുങ്കവിതകളുടേതെന്നുമെക്കെ തോന്നിക്കുന്ന വരികൾ കുഞ്ഞുണ്ണിയിലുണ്ട്. ഹൈക്കുവിന്റെതുപോല മനോവേഗവും ദീപ്തിയുമുള്ള കവിതകളുമുണ്ട്. എന്നാൽ ഇതൊക്കെ തോന്നിപ്പിക്കുമ്പോഴും കുഞ്ഞുണ്ണിക്കവിതകളെന്നത് അഗാധമായ മലയാളാനുഭവങ്ങളുടെ ആവിഷ്കാരമായിരുന്നു. 

kunjunni-books

വളവുതിരിവുകളില്ലാത്ത നേർമൊഴിയായിരുന്നു കുഞ്ഞുണ്ണി. കുത്തനെ ഒരു വര, കുറിയ വര കൊണ്ട് ഒന്നെഴുതുന്ന പോലെ ലളിതം. ഒരു വരിയോ വാക്കോ അധികം അനുവദിക്കാത്ത, കർശനക്കാരനായ എഡിറ്ററായിരുന്നു അദ്ദേഹം. കുട്ടികൾ ‘കുട്ടേട്ടന്’ അയച്ചുകൊടുത്ത കഥകളും കവിതകളുമെല്ലാം അദ്ദേഹം ചിന്തേരിട്ടു മിനുക്കിയെടുത്തു, ചിലതു പലകുറി മാറ്റിയെഴുതിച്ചു. കയ്യടക്കത്തിന്റെ കല പഠിപ്പിച്ചു. സ്വന്തം കവിതളോടും നിർദയം അദ്ദേഹം പെരുമാറി. കൊഴുപ്പെല്ലാം കത്തിച്ചുകളഞ്ഞ് വരികൾക്കു പേശീബലമേകി. 

‘കപടമീ ലോകത്തിൽ ആത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം’ എന്നെഴുതിയ ചങ്ങമ്പുഴയുടെ ആത്മാനുരക്തതയും അതിഭാവുകത്വവും കുഞ്ഞുണ്ണിക്കു സഹിച്ചില്ല. ആ വരികളെ അദ്ദേഹം വിരട്ടി ഇങ്ങനെയാക്കി:

‘കപടലോകത്തിലെന്റെ കാപട്യങ്ങൾ

സകലരും കാണ്മതാണെൻ പരാജയം’. 

‘ചെറ്റയാം വിടൻ ഞാനിനി മേലിൽ കഷ്ടമെങ്ങിനെ കണ്ണാടി നോക്കും?’ എന്നെഴുതിയ വൈലോപ്പിള്ളിയുടെ സത്യസന്ധതയായിരുന്നു ഇക്കാര്യത്തിൽ കുഞ്ഞുണ്ണിക്കു പഥ്യം. 

‘ഒരു തുള്ളി അമ്മിഞ്ഞപ്പാലിൻ പരപ്പാണീയാകാശം’ എന്ന വരി തന്നിലൂടെ വാർന്നുവീണപ്പോൾ കുഞ്ഞുണ്ണിയോർത്തത്, അകാലത്തിൽ നഷ്ടമായ അമ്മയെ ആയിരുന്നിരിക്കണം. ‘പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൾ കൊണ്ടല്ലയോ മുന്നോട്ടു പായുന്നിതാളുകൾ’ എന്നതിൽ മനുഷ്യമഹാപ്രയാണത്തിന്റെ ചരിത്രസാരം തന്നെ അടങ്ങിയിട്ടുണ്ട്. 

ഒരിക്കൽ ഒരു പൂന്തോട്ടത്തിൽ നിന്ന്, ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു കൊച്ചുകുന്നിനെ നോക്കിയപ്പോൾ കുഞ്ഞുണ്ണിക്കു തോന്നി, 

‘ഒറ്റയ്ക്കു നിൽക്കും കുന്നിന്റെയൗന്നത്യം

പത്തിരട്ടിയാം’ എന്ന്. ഇപ്പോൾ തെല്ലകലത്തുനിന്ന് കുഞ്ഞുണ്ണിക്കവിതകളെ നോക്കുമ്പോഴും അങ്ങനെത്തന്നെ തോന്നുന്നു.

English Summary:

Celebrating Kunjunni Mash: The Poet of Simplicity and Profoundness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com