കുഞ്ഞുണ്ണി മാഷിന്റെയും അഷിതയുടെയും പ്രിയപ്പെട്ട 'ഹൈക്കു' എന്ന ചെറുകവിത
Mail This Article
വിഷു ദിനത്തിൽ കോട്ടയം നഗരത്തിൽ ഒരോട്ട പ്രദക്ഷിണം നടത്തി. കുറച്ചു കൊന്നപ്പൂ സംഘടിപ്പിക്കാൻ. മഴ പെയ്തു പൂക്കളെല്ലാം കൊഴിഞ്ഞു നിൽക്കുന്നു. ജപ്പാനിലെ സാക്കുറ ഫെസ്റ്റിവൽ പോലെ വിഷുവിനോടനുബന്ധിച്ചുള്ള കൊന്നപ്പൂക്കളുടെ നിറക്കാഴ്ചയ്ക്കു വേണ്ടി ഞാൻ കാത്തിരിക്കാറുണ്ട്. പ്രകാശത്തിന്റെ ചെറുതുള്ളികൾ പോലെയുള്ള ദളങ്ങൾ കൊണ്ട് ഒരു വലിയ പൂക്കാലം തന്നെ സൃഷ്ടിക്കുന്ന കൊന്ന മരവും സാക്കുറയെ പോലെ ഒരു ഹൈക്കു മരമാണ്. വിഷുവിനും ക്രിസ്തുമസിനുമൊക്കെ പ്ലാസ്റ്റിക് മരങ്ങൾക്കു പകരം ജീവനുള്ള, ജീവദായകങ്ങളായ യഥാർഥ മരങ്ങൾ തന്നെ നട്ടു വളർത്തുന്ന സംസ്കാരം വീണ്ടും നാം ബോധപൂർവം വളർത്തേണ്ടിയിരിക്കുന്നു. അതിന് സ്ഥലമില്ലെങ്കിൽ കടകൾക്ക് മുന്നിൽ ബോൺസായികൾ നട്ടു വളർത്താം. ചെറുതുകളുടെ ഒരു വലിയ അത്ഭുത ലോകമാണ് ജപ്പാൻ. പണ്ടേ ഈ രാജ്യം എന്റെ മാനസസഞ്ചാരങ്ങളിൽ നിറഞ്ഞു നിന്നു. ഹൈക്കുവിന്റെ ചിറകുകളിലുള്ള സഞ്ചാരം.
ഹൊക്കുസായ് എന്ന ജാപ്പനീസ് ആർട്ടിസ്റ്റിന്റെ 'ഗ്രേറ്റ് വേവ് ' എന്ന ചിത്രം എന്റെ മുറിയിൽ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. കാളീയനെപ്പോലെ പത്തി വിടർത്തിയാടുന്ന കടൽ. അതിലാടിയുലയുന്ന ജീവിതനൗകകൾ. പശ്ചാത്തലത്തിൽ ഒരു ചെറിയ കുടിൽ പോലെ പൊങ്ങിക്കിടക്കുന്ന മൗണ്ട് ഫിജി. ജപ്പാന്റെ ഹൈക്കു കവിതകൾ ലോക മനസ്സിൽ കോറിയിട്ട ഫിജിയുടെ എത്ര അപദാനങ്ങളുണ്ട്! ചലനവും നിശ്ചലതയും ഒരു പോലെ സന്നിവേശിപ്പിച്ചിട്ടുള്ള 'ഗ്രേറ്റ് വേവ് ' 'ഫിജിയുടെ 36 കാഴ്ചകൾ' എന്ന സീരീസിലെ ഏറ്റവും പ്രശസ്തമായ ചിത്രമാണ്. വലിയ കാഴ്ചകളെ ചെറിയ കാൻവാസിലാക്കുന്ന മിനിയേച്ചർ കാവ്യങ്ങളാണ് ഹൈക്കു. 'കരതലാമലകം പോലെ' എന്ന പ്രയോഗം ഹൈക്കുവിന് നന്നായി യോജിക്കും. കാഴ്ചയുടെയും കേൾവിയുടെയും മുന്തിരിച്ചാർ പോലെ ഊറ്റിയെടുക്കുന്ന സത്താണ് ഹൈക്കു. പ്രകൃതിയുടെ സൂക്ഷ്മ ഭാവങ്ങൾ, അതിലെ ജീവന്റെ മൃദു ചലനങ്ങൾ ഒരു മാന്ത്രികക്കണ്ണാടിയിലൂടെന്ന പോലെ വലുതാക്കി കാണിക്കുന്നു ഹൈക്കു.
ഇന്ന് (ഏപ്രിൽ 17) ലോക ഹൈക്കു ദിനമാണ്. പരമ്പരാഗതമായി മൂന്ന് വരികളിലായി പതിനേഴ് സിലബിളുകൾ 5-7-5 എന്ന ക്രമത്തിൽ സന്നിവേശിപ്പിച്ചാണ് ഹൈക്കു എഴുതുന്നത്. മറ്റ്സുവോ ബാഷോയിലൂടെയാണ് ഹൈക്കു ലോകമറിഞ്ഞത്. ജാപ്പനീസ് പാരമ്പര്യത്തിന്റെ പ്രത്യേകതകളും ശബ്ദ വിന്യാസവും അതേപടി മറ്റു ഭാഷകളിലേക്ക് പകർത്തുക സാധ്യമല്ല. എന്നാൽ ഈ ചുരുക്കിപ്പറയലിന്റെ യുക്തിയുടെയും ആവിഷ്കാരപരതയുടെയും ചുവടു പിടിച്ച് മറ്റു ഭാഷകളിലും ഹൈക്കു കവിതകൾക്ക് വലിയ പ്രചാരം ലഭിച്ചു. ആശയങ്ങളിലും ഘടനയിലും പരിഷ്കാരങ്ങളോടെ ഹൈക്കു ഇന്ന് പല ഭാഷകളിലും രചിക്കപ്പെടുന്നു. സ്ത്രീകളും ഈ മേഖലയിലേക്ക് ധാരാളമായി കടന്നു വന്നിട്ടുണ്ട്.
മലയാളത്തിൽ കുഞ്ഞുണ്ണി മാഷായിരുന്നു ചെറുകവിതകളുടെ ഒരു പ്രധാന പ്രയോക്താവ്. അഷിതയും ഹൈക്കു പരിഭാഷകളിലൂടെയും രചനകളിലൂടെയും പ്രത്യക്ഷത്തിൽ ലളിതമെന്നു തോന്നുന്ന ഈ സാഹിത്യ ശാഖയ്ക്ക് കേരളത്തിൽ പ്രചാരം നൽകി. കന്നട കവി എച്ച്. എസ് ശിവപ്രകാശ് ഹൈക്കുവിലൂടെ ജപ്പാനെയും സെൻബുദ്ധിസത്തെയും സർഗ്ഗാത്മകമായി പുനരാവിഷ്കരിക്കുന്നു 'മബ്ബിന ഹാഗെ കനിവേയാശി', 'ഓട്ടം വെയ്സ്'എന്നീ കൃതികളിൽ. കന്നട വചന കവിതയുടെ പരിഭാഷകനും പ്രചാരകനുമായ ശിവ പ്രകാശ് വിമർശനാത്മകമായ സാമൂഹ്യ നിരീക്ഷണം ഹൈക്കു കവിതകളിൽ ഭാവസാന്ദ്രമായി അവതരിപ്പിച്ചു. വചന കവികളിൽ മുപ്പതിലേറെ സ്ത്രീ വചനകാരുണ്ടായിരുന്നു. അക്ക മഹാദേവിയാണ് ഈ ശാഖയിലെ പ്രമുഖ. കവികൾ സച്ചിദാനന്ദൻ, വിനയചന്ദ്രൻ, ആശാലത തുടങ്ങിയവർ വചനകവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
ഹൈക്കു കവിതകളെക്കുറിച്ച് വിശദമായി ഉദാഹരണ സഹിതം മറ്റൊരിക്കൽ വിവരിക്കാമെന്ന് കരുതുന്നു. തൽക്കാലം, "യൂ വോക് വിത്ത് മീ", എന്ന എന്റെ ഹൈക്കു സമാഹാരത്തിന് ശിവപ്രകാശ് എഴുതിയ മുഖവുരയിൽ നിന്നുള്ള ഈ വരികൾ ഉദ്ധരിച്ച് കൊണ്ട് ഈ ചെറിയ കുറിപ്പ് നിർത്തട്ടെ.
"എന്താണ് ഹൈക്കു? പതിനേഴ് ഏകസ്വര വ്യഞ്ജന ഗണങ്ങളുടെ കൂട്ടിച്ചേർക്കൽ മാത്രമാണോ അത്? അങ്ങനെയെങ്കിൽ കവിതാ രചനകളിൽ ഹൈക്കു എഴുതുന്നത് എത്ര എളുപ്പമായേനെ! ഹൈക്കു എന്നാൽ ഒരനുഭവമാണ് - എല്ലാത്തിനെയും ഞൊടിയിടയിൽ അൽപനേരത്തേക്കെങ്കിലും പ്രകാശിപ്പിക്കുന്ന മിന്നൽപ്പിണർ പോലെ, അപ്രതീക്ഷിതമായ വികാരഭരിതമായ ചുംബനത്തിലൂടെ പുറത്തു വരുന്ന ആഹ്ലാദം പോലെ, വേദന നിറഞ്ഞ ലോകത്തിലെ നീലത്താഴികക്കുടം പോലെയുള്ള പുഷ്പം പോലെ... അങ്ങനെ ഹൈക്കു പാരമ്പര്യത്തിന്റെ ചേതനയായ ഈ ചുരുക്കിപ്പറയൽ അനുഭവങ്ങളുടെ ഒഴിവാക്കാനാവാത്ത നൈമിഷികതയുടെ ആവിഷ്കാരം കൂടിയാണ്."