ADVERTISEMENT

കോഴിക്കോട്∙ ഹോർത്തൂസിനു വേദിയാവുന്ന കോഴിക്കോടിന്റെ സാഹിത്യ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് വാചാലരായി എം.എൻ.കാരശ്ശേരിയും ജോയ്മാത്യുവും നിമ്ന വിജയും.

കോഴിക്കോടിന്റെ സാഹിത്യ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് ചോദിച്ചാണ് അവതാരക നിമ്ന വിജയ് സംവാദം തുടങ്ങിയത്. സാഹിത്യനഗരമെന്ന പേരുകിട്ടുന്നതിനു മുൻപുതന്നെ സത്യത്തിന്റെ നഗരം എന്ന ഖ്യാതി കിട്ടിയ സ്ഥലമാണ് കോഴിക്കോടെന്നും ‘സത്യത്തിന്റെ നഗര’മെന്ന പേരിനാണ് താൻ ഏറെ വിലമതിക്കുന്നതെന്നും എം.എൻ.കാരശ്ശേരി പറഞ്ഞു. 

മഞ്ചുനാഥറാവു നഗരസഭാ പിതാവായിരുന്ന കാലത്ത് തമിഴ്നാട്ടുകാരനായ രാമസ്വാമിയെയാണ് കോഴിക്കോട്ടുകാർ ഡപ്യൂട്ടി മേയറാക്കിയത്. സാഹിത്യം വലിയ കാര്യമാണെന്ന് നമ്മളെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത് എം.ടി.വാസുദേവൻ‍നായരാണ്. അദ്ദേഹം ജീവിക്കുന്ന നഗരമാണ് കോഴിക്കോട്. എൻ.പി.മുഹമ്മദും എംടിയും കരുവാരക്കുണ്ടിൽപോയി താമസിച്ചത് ഒരുമിച്ച് ഒരുനോവലെഴുതാനാണ്. അവരുടെ സൗഹൃദം പോലും എത്ര ഹൃദ്യമാണ്. കോഴിക്കോടിന്റെ ഫുട്ബോളും സംഗീതവും എത്ര രസകരമാണ്. 

ഹോർത്തൂസ് വായന’ സംവാദത്തിൽ ജോയ് മാത്യു സംസാരിക്കുന്നു. എം.എൻ.കാരശ്ശേരി, നിമ്ന വിജയ് എന്നിവർ സമീപം.
ഹോർത്തൂസ് വായന’ സംവാദത്തിൽ ജോയ് മാത്യു സംസാരിക്കുന്നു. എം.എൻ.കാരശ്ശേരി, നിമ്ന വിജയ് എന്നിവർ സമീപം.

ഈ കോഴിക്കോട്ടാണ് ഹോർത്തൂസ് സാംസ്കാരികോത്സവം നടത്തുന്നത്. ഹോർത്തൂസ് എന്ന പേരിനുപോലും ഒരു പ്രത്യേകതയുണ്ട്. മലബാറിന്റെ ഔഷധസസ്യജാലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ഡച്ചുകാരൻ എടുത്തുകൊണ്ടുപോയി പുസ്തകമാക്കിയതാണ് ഹോർത്തൂസ് മലബാറിക്കസ്. ഈ പേരിന് മലബാറിന്റെ ‘പൂക്കളും ചെടികളു’മെന്നാണ് അർഥമെന്നും കാരശ്ശേരി പറഞ്ഞു.

hortus-sponsors

ലോകത്തിന്റെ പലഭാഗങ്ങളി‍ൽ ജീവിച്ചയാളാണ് താനെങ്കിലും കോഴിക്കോട്ടേക്ക് തിരികെവരാൻ എപ്പോഴും കൊതിച്ചിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു.  കൊച്ചിയിലും ബോംബെയിലും ഡൽഹിയിലും ഗൾഫിലുമൊക്കെയായി അലഞ്ഞുതിരിയുമ്പോഴും ഒരു അവധിദിവസം കിട്ടുമ്പോൾ കോഴിക്കോട്ടേക്ക് ഓടിവരുമായിരുന്നു. അമ്മ കോഴിക്കോട്ടായതിനാലാണ് എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ കോഴിക്കോട്ടെ സൗഹൃദങ്ങളാണ് തന്നെ തിരികെ വിളിച്ചതെന്ന് തിരിച്ചറിയുന്നതായും ജോയ് മാത്യു പറഞ്ഞു. തിരികെ വിളിക്കുന്ന നഗരമാണ് കോഴിക്കോട്.

ഒരുകാലത്ത് കോഴിക്കോട് നഗരത്തിലൂടെ സുഹൃത്തുക്കളുമൊത്ത് രാത്രിസർക്കീട്ട് നടത്തുമായിരുന്നു. കോഴിക്കോട് നഗരത്തിലാണ് താൻ ജീവിതത്തിന്റെ എല്ലാവശവും കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതും. രാത്രി കള്ളൻ‍മാരെ കണ്ടിട്ടുണ്ട്. പ്രേതത്തെയും കണ്ടിട്ടുണ്ട്. ആ കഥ പിന്നീടൊരിക്കൽ എതെങ്കിലും പുസ്തകത്തിൽ എഴുതുമെന്നും ജോയ് മാത്യു പറഞ്ഞു.

താൻ കോഴിക്കോട് ഇരുന്നു മാത്രമേ എഴുതിയിട്ടുള്ളൂ. എഴുതിയ എല്ലാ സിനിമയിലും പുസ്തകങ്ങളിലും കോഴിക്കോടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.  

ഗൗരവമുള്ള സാഹിത്യസംവാദ വേദികളിൽ ജനപ്രിയ എഴുത്തിന് ഇടം കിട്ടുന്നതു പുതിയ കാലത്തിന്റെ വായനാശീലങ്ങൾക്കുള്ള അംഗീകാരമായിക്കണ്ട് നിമ്‌നയും അഭിമാനം കൊണ്ടു. 

മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

Hortus Reading Session in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com