ADVERTISEMENT

തൃപ്പൂണിത്തുറ ടെർമിനൽ കാർ പാർക്കിംഗിൽ വണ്ടിയൊതുക്കി മെട്രോ സ്റ്റേഷനിലേക്ക് നടന്നപ്പോൾ  വിദ്യാർത്ഥിനിയായിരുന്നപ്പോൾ മഹാരാജാസിലേക്ക് നടത്തിയിരുന്ന ബസ് യാത്രകളെക്കുറിച്ച് ഓർത്തു. വയലാറിൻറെയും പി ഭാസ്കരൻറെയും ഓ.എൻ.വി.യുടെയും പാട്ടുകൾ ഈണമിട്ട സുഖകരമായ പഴയ ബസ്സോർമകൾ കാതങ്ങൾ പിന്നോട്ടോടി. നിരത്തിൽ വാഹനങ്ങളുടെ എണ്ണം കൂടിയതിനാൽ കോളേജിലേക്കുള്ള കാർ യാത്ര ആദ്യ ദിവസം തന്നെ മതിയായി. മെട്രോയുണ്ടല്ലോ. 

കുറേ നാളുകൾക്കു ശേഷമാണ് പൊതു യാത്രാസംവിധാനത്തിൽ സ്ഥിരമായി യാത്ര ചെയ്യാൻ പോകുന്നത്. ‘കോളേജ് വിട്ടാൽ വീട്, വീട് വിട്ടാൽ കോളേജ്’ എന്ന ഉർവശി പ്രാസത്തിൽ ജീവിതം ഓടാൻ തുടങ്ങിയിട്ട് നാളെത്രയായി. സഹയാത്രികരില്ലാത്ത ഏകാന്തയാത്രകൾ ഇനി അവസാനിക്കുന്നു. ഇതിനോടകം മെട്രോ നല്ല തിരക്കുള്ള യാത്രാസംവിധാനമായി മാറിയിരുന്നല്ലോ.

ഓർമകൾ ഈവിധം എസ്കലേറ്റർ കയറി ടിക്കറ്റ് കൌണ്ടറിനു മുന്നിലെത്തി. രാജകീയനഗരത്തിനു നടുവിലെ മെട്രോ സ്റ്റേഷനും റോയൽ തീമിലാണ് ഒരുക്കിയിട്ടുളളത്. വലിയ നിലക്കണ്ണാടിയും തൂക്കുവിളക്കുകളും തമ്പുരാൻറെ എണ്ണച്ഛായാച്ചിത്രവും രാജകീയ പ്രൌഢി വിളംബരം ചെയ്യുന്നു. പഴമയും പാരമ്പര്യവും കച്ചവടച്ചരക്കായ കാലത്തെക്കുറിച്ചോർത്തു നെടുവീർപ്പിട്ടു, ‘എങ്ങോട്ടേക്കാണ് മാഡം?’ ചില്ലുകൂടിനകത്തെ സുഖകരമായ തണുപ്പിൽ വൃത്തിയിൽ യൂണിഫോം ധരിച്ച കണ്ടക്ടർ യുവതി പുഞ്ചിരിയോടെ മൈക്കിലൂടെ ചോദിക്കുന്നു. ‘മഹാരാജാസ്, ഗൂഗിൾ പേ ആണ്..’

കൊച്ചി മെട്രോ റെയിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/മനോരമ
കൊച്ചി മെട്രോ റെയിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/മനോരമ

നടുറോഡിലെ കിണറോളം പോന്ന കുഴികളിൽ ആടിയുലയുന്ന ബസ്സിലെ ഒറ്റക്കമ്പിയിൽ ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ ചാരിനിന്നു കുശലം ചോദിച്ചു ചീട്ട് കീറുന്ന ബസ് കണ്ടക്ടർമാരുടെ കഷ്ടപ്പാട് വെറുംവെറുതെ ഓർത്തുപോയി. ‘അടുപ്പം വേണ്ട വേണ്ട, അകലം മതി’യെന്നാണല്ലോ ഈ കാലത്തിൻറെ മഹാമന്ത്രം. അപ്പോഴേക്കും പേയ്മെൻറ് ഉറപ്പിച്ചു ടിക്കറ്റ് യന്ത്രത്തിൽനിന്നും ചാടിവന്നതിനെ അമ്പലത്തിലെ പ്രസാദം പോലെ നേരിട്ട് കൈകകളിലേക്ക് സ്വീകരിച്ചുകൊണ്ട് നേരേ സെക്യൂരിറ്റി ചെക്കിലേക്ക്. 

ഒരു കഥാപുസ്തകവും വെള്ളക്കുപ്പിയും മാത്രമുള്ള കൊച്ചുബാഗിനെ പരിശോധിക്കാൻ കൊടുത്തുവിട്ടു ഞാൻ മാറിനിന്നു. മറ്റെന്തുതന്നെ നഷ്ടപ്പെട്ടാലും ഈ ടിക്കറ്റ് അലക്ഷ്യമായി കൈകാര്യം ചെയ്യരുത്, എൻറെ ചിന്ത ടിക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു. ഇതു കാണിച്ചാലേ ഇറങ്ങേണ്ടിടത്ത് ഇറക്കിവിടൂ. അതോർത്ത് പേടിക്കേണ്ട. പണ്ട് കൗതുകത്തിനുവേണ്ടി ബസ് ടിക്കറ്റുകൾ കളയാതെ ശേഖരിച്ചുകൂട്ടിയിരുന്ന കുട്ടിക്കാലവിനോദം നൽകിയ പരിശീലനമുണ്ടല്ലോ. അതിന്ന് പ്രയോജനപ്പെടുന്നു. ഒന്നും വെറുതെയാകുന്നില്ല.

മെട്രോ കള്ളവണ്ടി കയറുന്നവർക്കുള്ളതല്ല, ദയവ് തോന്നിയുള്ള സൌജന്യയാത്രകൾക്കും മെട്രോ അനുയോജ്യമല്ല. ഇത് മാന്യന്മാരുടെയും പണക്കാരുടെയും വാഹനമാണ്. ‘വരവേൽപ്’ എന്ന സിനിമയിൽ ഡ്രൈവറുടെ വകയിലെ ബന്ധുവിനുവേണ്ടി മലർക്കേ തുറക്കുന്ന ‘ഗൾഫ് മോട്ടോർസി’ൻറെ തുരുമ്പിച്ച ഡോറുകളല്ല മെട്രോയുടേത്. സാക്ഷാൽ എം.ഡി വന്നാലും ശരി യന്ത്രവാതിൽ താനേ തുറക്കില്ല. അതിനു പണമടച്ച രസീതിയുടെ സുഖകരമായ ചൂടേൽക്കണം. ക്യൂ ആർ കോഡിൻറെ സാന്ധ്യഭാഷ വശപ്പെടുത്തിയ യന്ത്രക്കൈകൾ തുറന്നുതരുന്ന വാതിലിലൂടെ നിമിഷാർദ്ധംകൊണ്ട് അപ്പുറം കടക്കണം. 

കൊച്ചി മെട്രോ റെയിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/മനോരമ
കൊച്ചി മെട്രോ റെയിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/മനോരമ

മെട്രോയിൽ കയറിപ്പറ്റാൻ വേഗവും കൗശലവും വേണം. ചുറ്റും ലക്ഷ്യസ്ഥാനത്തെക്കുറിക്കുന്ന ബോർഡുകൾ നമ്മെ നയിക്കും. നോക്കിയപ്പോൾ എനിക്കു പോകേണ്ട പ്ലാററ്ഫോമിലേക്ക് കുതിക്കാൻ തയ്യാറായിനിൽക്കുന്നു ഒരു ലിഫ്റ്റ്. തിരക്കിട്ടു മുന്നിലോടിയ ഒരു ചെറുപ്പക്കാരൻ തിരിഞ്ഞുപോലും നോക്കാതെ ബട്ടൺ അമർത്തി കയറിപ്പോയി. ഓടിയെത്തിയപ്പോഴേക്കും അരസെക്കൻറ് വൈകലിൻറെ വിലയറിഞ്ഞു. ഒരു മെട്രോ അതിൻറെ പാട്ടിനുപോയി. ലിഫ്ററിൽ എന്നെക്കൂടി കയറ്റിയിരുന്നുവെങ്കിൽ എനിക്കും പോകാമായിരുന്നു ഈ മെട്രോയ്ക്ക്. സാരമില്ല. എനിക്ക് ധൃതിയില്ലല്ലോ. പാവം, രാവിലെ കിടക്കപ്പായയിൽ റീൽസ് കണ്ടു കിടന്നു ഓഫീസിലെത്താൻ വൈകിയാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ലല്ലോ. ഞാൻ ക്ഷമിച്ചു.

‘ബസ്സെപ്പോൾ വരുമമ്മേ’ എന്നാവർത്തിച്ചു ചോദിച്ചു അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു ചിണുങ്ങിക്കരഞ്ഞിരുന്ന ആറു വയസ്സുകാരിയുടെ അക്ഷമ എന്നേ ജീവിതത്തിൻറെ അനിശ്ചിതത്വത്തിൽ നേർത്തുപോയിരുന്നു. റയിൽവേ സ്റ്റേഷനിലെ മണിക്കൂറുകളുടെ കാത്തിരിപ്പ് കസേരയിൽ മനസ് വെറുതെ ചാഞ്ഞു കിടന്നു. മുകളിലെ കറുത്ത യന്ത്രഫലകത്തിൽ എൽ.ഇ.ഡി. ലെറ്റുകളിൽ മെട്രോയുടെ റണ്ണിംഗ് സ്റ്റാററസ് തെളിഞ്ഞു മിന്നുന്നുണ്ട്. വെറും അഞ്ചേ അഞ്ചു മിനുട്ട്. 

റയിൽവേ സ്റ്റേഷനുകളിലെ അനന്തമായ കാത്തിരിപ്പുകൾ ചിന്തിക്കാനും വായിക്കാനും സൗഹൃദസംഭാഷണങ്ങൾക്കും അവസരം നൽകിയിരുന്നു. കാത്തിരിപ്പിനെ കളിയാക്കുന്ന മെട്രോ. 

കൊച്ചി മെട്രോ റെയിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/മനോരമ
കൊച്ചി മെട്രോ റെയിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/മനോരമ

സമയം ലാഭിക്കാനല്ലെങ്കിൽ പിന്നെ ആമസോൺ പ്രം മെമ്പെർഷിപ്പെടുത്തതും യൂട്യൂബ് പ്രീമിയത്തിലേക്ക് അപ്ഗ്രേഡ് ചെയ്തതും എന്തിനായിരുന്നു. യൂട്യൂബിൽ പ്രീമിയം അപ്ഡേറ്റ് ചെയ്തു സ്ലോ ലിവിംഗ് ദിനചര്യകളെക്കുറിച്ചുളള വീഡീയോ കാണുന്നവരല്ലേ നമ്മൾ. ഞാൻ സ്വയം കുറ്റപ്പെടുത്തി രസിച്ചു. ഇന്ന് ഗൂഗിൾ മാപ് ഇല്ലെങ്കിൽ യാത്ര ചെയ്യാനാകുന്നില്ല. നമ്മൾ എപ്പോൾ എവിടെയെത്തിച്ചേരണമെന്ന് ഗൂഗിൾ നിശ്ചയിക്കുന്നു. അതിനനുസരിച്ച് പ്ലാനുകൾ പിറക്കുന്നു. പ്രവചനങ്ങൾക്കതീതമാണ് ജീവിതമെന്ന പ്രകൃതിതത്വത്തെ ഗൂഗിൾ വെല്ലുവിളിക്കുന്നു. ജീവിതസമസ്യയുടെ കുരുക്കഴിക്കാൻ അഞ്ചു മിനുട്ട് മതിയാവില്ല.

 മെട്രോ നിശബ്ദം വന്നു നിന്നു. ആദ്യ കോച്ചിൽ തന്നെ കയറിപ്പറ്റണം, എന്നാൽ സ്റ്റോപ്പിൽ ലിഫ്റ്റിനു തൊട്ടുമുന്നിൽ ഇറങ്ങാം, തിരിച്ചു വരുമ്പോൾ ഏകദേശം നടുവിലെ കോച്ചാണ് ലിഫ്ററിനു മുന്നിൽ നിർത്തുന്നത്. ഇതിനോടകം മെട്രോയിൽ സുഖപ്രദമായി യാത്ര ചെയ്യാനുള്ള തന്ത്രങ്ങൾ ഞാനും പഠിച്ചു കഴിഞ്ഞു. ഇത് സ്ട്രാറ്റജികളുടെ കാലം.

മെട്രോ നിയമങ്ങളുടെ ലോകമാണ്. തിന്നരുത്, കുടിക്കരുത്, ശല്യമരുത്, താഴെ വീഴരുത് തുടങ്ങിയ സന്ദേശങ്ങൾ യാത്രയിലുടനീളം മുഴങ്ങിക്കൊണ്ടിരിക്കും. പക്ഷേ ചെവിയിൽ ഇയർഫോൺബോളുകൾ തിരുകി, ഫോണിൽ കണ്ണും നട്ടിരിക്കുന്ന യാത്രികർ ഇതെല്ലാം കേൾക്കുന്നുണ്ടോ അതോ കേട്ടുമടുത്തോ. ഇന്ന് ക്ഷമയ്ക്ക് ഒരു റീൽ ദൈർഘ്യമേയുള്ളു. 

മെട്രോ മാന്യന്മാരുടെ സ്ഥലമാണ്. അതുകൊണ്ട് നിയമങ്ങൾ പാലിക്കപ്പെടുന്നു. എന്നാൽ നിയമാവലിയിലില്ലാത്തത് അവർ അഭംഗുരം ചെയ്തുകൊണ്ടിരിക്കും. പരസ്യമായി ചുംബിക്കുന്ന കാമുകീ-കാമുകന്മാരെ കാണാതെയിരിക്കാൻ ഞാൻ മുഖം തിരിച്ചുകളഞ്ഞു. പണ്ടെല്ലാം ബസ്സിൽ ഒന്നുറങ്ങിപ്പോയാൽ സഹയാത്രികനോ കണ്ടക്റ്ററോ സ്റ്റോപ്പായാൽ വിളിച്ചുണർത്തും. ഇവിടെ ആരും ആരെയും വിളിച്ചുണർത്തില്ല. അടുത്ത സ്റ്റോപ്പിനെപ്പറ്റി നിരന്തരം ഓർമിപ്പിക്കുന്ന യന്ത്രമുണ്ടല്ലോ. ഇന്ന് മനുഷ്യന് മനുഷ്യനേക്കാൾ വിശ്വാസം യന്ത്രങ്ങളെയാണ്. 

കൊച്ചി മെട്രോ റെയിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/മനോരമ
കൊച്ചി മെട്രോ റെയിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/മനോരമ

തീവണ്ടിയിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർ കൂട്ടാന് നുറുക്കുന്നതും ബുക്ക് വായിക്കുന്നതും സൗഹൃദസംവാദങ്ങൾ നടത്തുന്നതുമൊന്നും ഈ ആകാശത്തീവണ്ടിയ്ക്ക് തീരെ പരിചിതമല്ല. കുശലം ചോദിച്ചുവരുമ്പോഴേക്കും ലക്ഷ്യസ്ഥാനത്തെത്തിയിരിക്കും. മുഖാമുഖമിട്ടിരിക്കുന്ന സീറ്റുകളിൽ മുഖാമുഖം നോക്കാത്ത യാത്രികർ. ഞാൻ ചെരിഞ്ഞിരുന്നു വഴിയോരക്കാഴ്ചകളിലേക്കു ശ്രദ്ധിച്ചു. വെളുത്തതും കറുത്തുതുമായ വാട്ടർ ടാങ്കുകൾ നിരത്തിയ വിജനവാർക്കപ്പുറങ്ങളുടെ വിഹഗവീക്ഷണം. ആകാശത്തെ ജാലകക്കാഴ്ചകൾ വേഗത്തിൽ മടുക്കും. 

ഭൂമിയിലേക്കിറങ്ങിച്ചെല്ലാൻ കൊതി തോന്നി. അപ്പേഴേക്കും എനിക്കിറങ്ങാനുള്ള യന്ത്രസന്ദേശം കേൾക്കുമാറായി. വേഗത്തിലിറങ്ങിയാൽ ലിഫ്റ്റ് പിടിക്കാം, ഇനി മുതൽ ഞാനും ഈ നഗരത്തിൻറെ സന്തതി, മെട്രോയുടെ സഹയാത്രിക.

English Summary:

From Buses to Metro: A Trip Down Memory Lane in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com