ADVERTISEMENT

സാഹിത്യകാരനാകാൻ തീവ്രമായ ജീവിതാനുഭവങ്ങൾ ആവശ്യമുണ്ടോ ? 

പ്രേംചന്ദിന്റെ 'ഗോദാൻ' എന്ന നോവൽ പഠിപ്പിക്കുന്നതിനു മുൻപായി എംഎ ക്ലാസിൽ ഈ ചോദ്യം ഞാൻ ചോദിച്ചു. 

കംഫർട്ട് സോണുകളിൽ മാത്രം ജനിച്ചു വളർന്നുവന്ന എനിക്ക് തീവ്രമായ ജീവിതാനുഭവങ്ങൾ അത്രയധികമില്ല. അതിന് ചുള്ളിക്കാടിനെപ്പോലെ വീടുവിട്ടിറങ്ങി, തെരുവിലും ഹോസ്റ്റലുകളിലുമായി ഉണ്ണാനോ ഉടുക്കാനോ നേരാവണ്ണമില്ലാതെ ഒരഭയാർഥിയെപ്പോലെ കഴിയണം. അല്ലെങ്കിൽ 'സന്ദേശം' സിനിമയിൽ പറയുന്നതുപോലെ തോപ്പിൽ ഭാസിയെപ്പോലെ ഒളിവിൽ കഴിയണം, അപ്പോൾ മാത്രമേ 'ചിദംബരസ്മരണ'കളും 'ഒളിവിലെ ഓർമ'കളും രചിക്കാനാവൂ.

സന്താന ദുഃഖമാണോ വിശപ്പാണോ ഏറ്റവും തീവ്രതയേറിയത് എന്ന ശ്രീപാർവതിയുടെ ചോദ്യത്തിന്  മഹാദേവൻ ഭൂമിയിലെ ഒരു ദൃശ്യം കാണിച്ചുക്കൊടുത്തു. യുദ്ധത്തിൽ മൂന്നു പുത്രന്മാർ നഷ്ടപ്പെട്ട ഒരമ്മ മക്കളുടെ മൃതദേഹത്തിനരികിൽ ആർത്തലച്ചു കരയുകയാണ്. തീവ്രദുഖത്താലും വിശപ്പിനാലും ക്ഷീണിച്ച അമ്മ മാവിൻ കൊമ്പിലെ തൂങ്ങിയാടുന്ന പഴുത്ത മാമ്പഴം പൊട്ടിക്കാൻ കൈയെത്താതെ വന്നപ്പോൾ മക്കളുടെ മൃതദേഹങ്ങൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവച്ച് മാമ്പഴം കഴിച്ചു വിശപ്പടക്കുന്നു. അതേ ! വിശപ്പിനേക്കാൾ തീവ്രമല്ല ഒരു വേദനയും. പ്രണയനൈരാശ്യം നൽകുന്ന ദുഃഖം പോലും ദാരിദ്ര്യം നൽകുന്ന ദുഃഖത്തിന് ഉപരിയല്ല. 

ഞാൻ ജനിക്കുന്നതിനു മുൻപേ കടന്നുപോയ കാലത്തെ കേരളത്തിലെ ജീവിതം എങ്ങനെയുള്ളതായിരുന്നു എന്നറിയാനുള്ള കൗതുകം കൂടിയാണ് എനിക്ക് പഴയ കാല നോവലുകളുടെ വായന. നന്തനാരുടെ 'അനുഭവങ്ങൾ' എന്ന ആത്മകഥാത്മകമായ നോവൽ അമ്പതുകളിലെ കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ഏകദേശ ധാരണ നൽകുന്നു. എനിക്ക് അത്ഭുതമായിരുന്നു, ഒരു കവിൾ കഞ്ഞിവെള്ളം പോലും കുടിക്കാൻ നിവർത്തിയില്ലാതെ എത്രയെത്ര ദിവസങ്ങളാണ് ഗോപി കഴിച്ചു കൂട്ടുന്നത്.! ഇന്ന് ഒരു നേരം പോലും പട്ടിണി കിടക്കാൻ അവസരമില്ലാത്ത നമുക്ക് തോന്നും ഈ കഥയുടെ സ്ഥായി ഭാവം കരുണയല്ല, മറിച്ച് അത്ഭുതമാണ്. ഇത്രയും ദിവസങ്ങൾ ഒന്നും കഴിക്കാതെയിരുന്നാൽ മരിച്ചു പോകില്ലേ? അപ്പുറത്തെ വീട്ടിൽ ചായ ഉണ്ടാക്കി ഉപേക്ഷിച്ച ചണ്ടി എടുത്തുകൊണ്ടുവന്നു തിളപ്പിച്ച്‌ രണ്ടു  ചുട്ട പപ്പടത്തോടൊപ്പം കഴിച്ചതിനേക്കാൾ തീവ്രതരമാകാൻ മറ്റേതെങ്കിലും അനുഭവത്തിന് സാധിക്കുമോ? കഴിക്കുന്ന ഓരോ ഭക്ഷണത്തിലും വിറ്റാമിൻ, പ്രോട്ടീൻ, കാർബൊ കണക്കെടുക്കുന്ന ഈ കാലത്ത് എനിക്ക് വീണ്ടും അതിശയമായി. ഉഴുന്ന് മാവിലും സത്ത് ഊറ്റി മാറ്റിയ ചായ ചണ്ടിയിലും എന്ത് വിറ്റാമിൻ, എന്ത് അന്നജം! ഇത് ബഡ്ഡ് റോസയ്ക്ക് വളമാക്കാൻ കൊള്ളാം!

ബാലചന്ദ്രൻ ചുള്ളിക്കാട്, നന്തനാർ. ചിത്രം: മനോരമ
ബാലചന്ദ്രൻ ചുള്ളിക്കാട്, നന്തനാർ. ചിത്രം: മനോരമ

'ചിദംബര സ്മരണകളി'ലെ 'ഇരന്നുണ്ട ഓണം', 'ചോരയുടെ വില' എന്നീ കുറിപ്പുകളുടെ കാതലും വിശപ്പും ആത്മാഭിമാനവും തമ്മിലുള്ള സംഘർഷമാണ്. ദാരിദ്ര്യം പലപ്പോഴും മനുഷ്യനെ ആത്മനിന്ദ നൽകുന്ന അനുഭവങ്ങളിലേക്ക് നയിക്കും. 

ഞാൻ എന്നാണ് മനഃപൂർവമല്ലാതെ വിശന്നിരുന്നത്? എപ്പോഴാണ് ഇനി കഴിക്കാൻ സാധിക്കുകയെന്നറിയാതെ വിഷമിച്ചത്? ഒടുവിൽ എനിക്കും  ലഭിച്ചു ഒരവസരം. എന്റെ സർഗ്ഗ പ്രപഞ്ചത്തിലെക്ക് മുതൽക്കൂട്ടായി ഒരപൂർവ ദിനം കഴിഞ്ഞ മാസം കടന്നുവന്നു. ഗ്യാസ് കാലിയായതോടെ ഒരു സഹപ്രവർത്തക നൽകിയ ഇൻഡക്ഷൻ അടുപ്പിലായിരുന്നു തലശ്ശേരിയിലെ ഏകാന്ത ജീവിതത്തിന്റെ അവസാന നാളുകളിൽ പാചകം ചെയ്തിരുന്നത്. സ്ഥലംമാറ്റം കിട്ടിപ്പോകാൻ അധികം നാളുകളില്ലാത്തതിനാൽ ഒഴിഞ്ഞ കുറ്റി നിറച്ചില്ല. അടുപ്പിച്ചു പെയ്ത മഴയിൽ കോളേജിന് തുടർച്ചയായി അവധി ദിനങ്ങളായിരുന്നു. ടിക്കറ്റ് ഇല്ലാത്തതിനാൽ നാട്ടിലേക്ക് പോകാനും വയ്യ. പുറത്ത് കാല വർഷം കടുപ്പത്തിൽ പെയ്തു മുന്നേറുന്നു. അകത്ത് ഞാൻ വാടകവീടിന്റെ ഏകാന്തതയിൽ ചില പുസ്തകങ്ങൾ വായിച്ചു നേരം പോക്കി. 

സമയാസമയത്ത് മാത്രം വയ്ക്കുന്ന തൈര് സാദമോ ഗോതമ്പു ദോശയോ ആയിരുന്നു പ്രധാന ആഹാരം. തലേന്ന് രാത്രിയിൽ പെയ്ത മഴ ഇനിയും അടങ്ങിയിട്ടില്ല. കറന്റ് പോയതിനാൽ കൂടയിൽ അവശേഷിച്ച അവസാനത്തെ ആപ്പിൾ കഴിച്ചാണ് തലേന്ന് കിടന്നത്. നേരം വെളുത്തിട്ടും കറന്റ് വന്നിട്ടില്ല. നന്നായി വിശക്കുന്നു. സോമാറ്റോ, സ്വിഗികളിലൊന്നും രാവിലെ തുറക്കുന്ന ഹോട്ടലുകൾ ഇല്ല, ഉണ്ടെങ്കിൽ തന്നെ മുഴുവൻ നോൺ വെജ്ജ് ഹോട്ടലുകളും. മഴയിൽ അവയുടെ പ്രവർത്തനവും ഏതാണ്ട് നിലച്ച മട്ടാണ്. അനിശ്ചിതത്വത്തിന്റെ തുച്ഛമായ മണിക്കൂറുകൾ പിന്നിട്ട് കറന്റ്‌ രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞു വന്നു. ഈ അനുഭവത്തെ ഇതിൽ കൂടുതൽ വിശദീകരിച്ചു എഴുതാനും വർണ്ണിക്കാനും എനിക്ക് നാണമുണ്ട്. കാരണം തീവ്രമായി വിശന്നിരുന്ന അനുഭവം ഓർമ വച്ചതിനു ശേഷം ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ ഓർമയിൽ വിങ്ങിനിൽക്കുന്ന അത്രയ്ക്ക് ഒന്നുമില്ല. 

chidambarasmaranakal

'മേലെപറമ്പിൽ ആൺവീട്' എന്ന ചിത്രത്തിൽ മീനയുടെ കഥാപാത്രം ഭർത്താവായ നരേന്ദ്ര പ്രസാദിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്‌, 'വിതച്ചാലും കൊയ്താലും മാത്രം പോരാ, തിന്നാനും യോഗം വേണം.' കഴിഞ്ഞ ദിവസം കോളേജിൽ തെക്ക് നിന്നുള്ള ഒരു അധ്യാപകൻ ഇവിടെ വീടും വീട്ടുകാരുമുള്ള മറ്റൊരു അധ്യാപകനോട് ദുഖത്തോടെ പറയുന്നത് കേട്ടു, 'നമുക്കൊന്നും നിങ്ങളെപ്പോലെ വെച്ച് വിളമ്പി തരാൻ ആരുമില്ലല്ലോ. ഇനി ആഴ്ച ഒന്ന് കഴിയണം വീട്ടുകാരി വെച്ച ഊണ് കഴിക്കാൻ. എന്റെ വിധി.' എനിക്ക് തോന്നുന്നു, കാലം മാറിയപ്പോൾ കഴിക്കാൻ ഒന്നുമില്ലെന്ന അവസ്ഥ മാറിയിട്ടുണ്ട്. 'ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്' എന്ന പഴമൊഴി പോലെ, ഇപ്പൊ സ്നേഹത്തോടെ ഊട്ടാൻ എനിക്ക് ആരുമില്ലല്ലോ എന്നതായി നമ്മുടെ ദുഃഖം. 

ഇനി ഒന്ന് ചോദിക്കട്ടെ നിങ്ങൾക്ക് തീവ്രമായ അനുഭവങ്ങൾ വേണോ അതോ സുരക്ഷിതമായ ജീവിതം വേണോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com