ADVERTISEMENT

ഫെമിനിസം എന്ന വാക്കുപോലും എത്ര തെറ്റായ രീതിയിലാണു മനസ്സിലാക്കിയിരുന്നത്. തന്റേടിയെന്നാണു ഫെമിനിസത്തിന്റെ നിർവചനമായി കരുതിയിരുന്നത്. തന്റെ ഇടം കണ്ടെത്തുന്നവളാണു തന്റേടി. ആ വാക്ക് ഉപയോഗിക്കേണ്ടതെങ്ങനെ എന്നറിയാതെ എത്രയോ പേരെ അങ്ങനെ വിളിച്ചു. പക്ഷേ, ഇപ്പോൾ കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു. മറ്റുളളവർക്കു മുൻപിൽ തലകുനിക്കാതെ, മുട്ടുമടക്കാതെ പൊരുതി ജീവിത വിജയം നേടുന്നവർക്കുള്ളതാണ് ആ പേര്’– ചിമമാൻഡ എൻഗോസി അഭീച്ചി എന്ന നൈജീരിയൻ എഴുത്തുകാരിയുടെ ‘ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകം വായിച്ച ശേഷം മണി മധു എന്ന വീട്ടുജോലിക്കാരി എഴുതിയ കുറിപ്പാണിത്.

അടുക്കളപ്പണിക്കിടയിൽ വീണുകിട്ടുന്ന സമയത്തു വായിക്കുന്ന പുസ്തകങ്ങളിലൂടെ സ്ത്രീയുടെ കരുത്തു തിരിച്ചറിയുകയാണ് ഈ നാൽപത്തിയേഴുകാരി. പെരുമ്പാവൂർ ആശ്രം സ്കൂളിനു സമീപം ആശ്രം റസിഡന്റ്സ് അസോസിയേഷനിലെ 41–ാം നമ്പർ വീട്ടിലെ ആലീസ് പൗലോസ് അഡ്മിനായ പ്രചോദന ബുക് ക്ലബ്ബിലെ അംഗമാണു മണി. 2 വർഷം മുൻപാണു മണി വീട്ടുജോലിക്കെത്തിയത്. മണിയുടെ വായനാശീലവും താൽപര്യവും തിരിച്ചറിഞ്ഞാണു ബുക്ക് ക്ലബ്ബിൽ അംഗമാക്കിയത്.

70 അംഗങ്ങളാണ് ബുക്ക് ക്ലബ്ബിലുള്ളത്. മാസത്തിൽ ഒരു പുസ്തകം വായിച്ച് അതിന്റെ ഓഡിയോ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചർച്ച ചെയ്യുകയുമാണു രീതി. ചില ചർച്ചകളിൽ ഗ്രന്ഥകർത്താക്കളും പങ്കെടുക്കും. 42–ാം പുസ്തകമാണ് ഇപ്പോൾ വായിക്കുന്നത്.  39–ാം പുസ്തകത്തിലെ ഏതാനും അധ്യായങ്ങൾ വായിച്ചതു മണിയായിരുന്നു. കോഴിക്കോട് മുൻ കലക്ടർ പ്രശാന്ത് നായരുടെ ‘കലക്ടർ ബ്രോ’ ആയിരുന്നു പുസ്തകം. ഇതിന്റെ ചർച്ചയിൽ പ്രശാന്ത് നായർ പങ്കെടുക്കുകയും മണി ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.

തിരിച്ചറിവുകൾ 

‘പ്രീഡിഗ്രി വരെയാണു പഠിച്ചത്. വിവാഹ ശേഷം കുടുംബത്തിൽ ഒതുങ്ങിക്കൂടി. അഞ്ചു വർഷമായി പലവീടുകളിലും ജോലികൾ ചെയ്യുന്നു. പത്രവായന മുടങ്ങാതെയുണ്ട്. മലയാള മനോരമ പത്രത്തിന്റെ സ്ഥിരം വായനക്കാരിയാണ്. ആലീസ് ടീച്ചറുടെ വീട്ടിലെത്തിയ ശേഷമാണു ഗൗരവമായ വായന തുടങ്ങിയത്. ടീച്ചർ നന്നായി വായിക്കും. ഇംഗ്ലിഷും മലയാളവും അടക്കം വലിയ പുസ്തക ശേഖരമുണ്ടു ടീച്ചറുടെ വീട്ടിൽ. 

ലോകോത്തര പുസ്തകങ്ങൾ ഉൾപ്പെടെ വായിച്ചു. ഭർത്താവ് പെരുമ്പാവൂർ തറപ്പറമ്പിൽ മധുവും 2 മക്കളും നല്ല പ്രോത്സാഹനമാണു നൽകുന്നത്. പി.െക. ബാലകൃഷ്ണന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന പുസ്തകമാണ് ഇപ്പോൾ വായിക്കുന്നത്.’ –മണി പറഞ്ഞു.

ദിവ്യ എസ്. അയ്യരെ കാത്ത്

ചിമമാൻഡ എൻഗോസി അഭീച്ചിയുടെ ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തിലേക്ക് ‘എന്റെ ഏറ്റവും പ്രിയപ്പെട്ടവൾക്ക്’ എന്ന പേരിൽ വിവർത്തനം ചെയ്തതു വിഴിഞ്ഞം തുറമുഖ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യരാണ്. ആലീസ് ടീച്ചറിന്റെ വീട്ടിൽ എത്തിയശേഷം വായിച്ച ആദ്യ പുസ്തകമാണിത്. ടീച്ചറുടെ മകൾ സാറയാണു പുസ്തകം തന്നത്. ഈ പുസ്തകത്തെക്കുറിച്ച് എഴുതിയ കുറിപ്പു ദിവ്യ എസ്. അയ്യർക്ക് അയച്ചു കൊടുക്കാൻ ആഗ്രഹിച്ചിരുന്നു.

‘ഇക്കിഗായ്’

ബുക് ക്ലബ്ബിൽ ആദ്യ പുസ്തകം വായിച്ചശേഷം മണി ഇങ്ങനെ ഒരു കുറിപ്പു പങ്കു വച്ചു.‘ ഇതുപോലൊരു പരിപാടിയിൽ എന്നെ പങ്കെടുപ്പിക്കാൻ ധൈര്യം കാണിച്ച ആലീസ് ടീച്ചർക്കും ഡോ. ഉഷയ്ക്കും നന്ദി. വാക്കിൽ ഒതുക്കേണ്ടതല്ല എന്റെ കടപ്പാടും സ്നേഹവും. പ്രശാന്ത് നായർ എന്ന ഉന്നത വ്യക്തിയോടു ചോദ്യം ചോദിക്കാം എന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. എനിക്ക് ഇതു സാധിക്കുമെന്ന തിരിച്ചറിവ് ഉണ്ടാക്കിയത് ആലിസ് ടീച്ചറാണ്. ഞാൻ എഴുതിയതു രണ്ടാമതൊരാൾ ആദ്യമായി കാണുന്നതും വായിക്കുന്നതും ടീച്ചറാണ്. അതിനുള്ള സമ്മാനമായി 'ഇക്കിഗായ് 'എന്ന ജാപ്പനീസ് പുസ്തകം എനിക്കു സമ്മാനിച്ചതു ടീച്ചറുടെ മകൾ സാറയാണ്. അതിലൂടെയാണ് ഓരോരുത്തർക്കും ഓരോ ഇക്കിഗായ് (ജീവിക്കാനുള്ള കാരണം) ഉണ്ടെന്ന് അറിയുന്നത്. ഓരോ ദിവസവും നമ്മൾ ഉണരുന്നതു നമ്മുടെ ഇക്കിഗായ് കണ്ടെത്താനാണെന്ന സത്യം തിരിച്ചറിഞ്ഞു.

പ്രചോദനം

വായനയിലൂടെ പ്രചോദനവും ആനന്ദവും എന്നതാണു ബുക് ക്ലബ് ലക്ഷ്യമിടുന്നതെന്നു ബുക് ക്ലബ് അഡ്മിൻമാരിൽ ഒരാളായ ആലീസ് പൗലോസ് പറയുന്നു. ദന്ത ഡോക്ടറായ ഉഷാ നാരായണനാണു മറ്റൊരു അഡ്മിൻ. ‘ഒരു വീട്ടുജോലിക്കാരിയായിട്ടല്ല, കൂട്ടുകാരിയായിട്ടാണു മണിയെ കാണുന്നത്. മണിയുടെ വായനയും എഴുത്തും കൊള്ളാമെന്നു തോന്നിയപ്പോൾ പ്രോത്സാഹിപ്പിച്ചു. വീട്ടിലെ പുസ്തകശേഖരം അടുക്കിപ്പെറുക്കി ഒരു മുറിയിൽ ക്രമീകരിക്കണം. അതിനുള്ള ശ്രമത്തിലാണു ഞാനും മണിയും. പെരുമ്പാവൂരിലെ കൗൺസലിങ് സെന്ററായ പ്രചോദനയിലും ലൈബ്രറി ക്രമീകരിക്കണം. മണിയെപ്പോലെയുള്ളവർക്കു വായിക്കാൻ സൗകര്യമൊരുക്കുകയാണു ലക്ഷ്യം’– ആലീസ് പറയുന്നു.

വിദേശത്തും സ്വദേശത്തുമായി 3 പതിറ്റാണ്ട് അധ്യാപകരായിരുന്നു ആലീസും ഭർത്താവ് ഡോ.കെ.വി. പൗലോസും. 2024 ജൂൺ 23നു പൗലോസ് മരിച്ചു. ഇപ്പോൾ കൗൺസലിങ് ക്ലാസുകളും കൗൺസലിങ് സെന്ററുമായി കഴിയുകയാണ് ആലീസ്.

English Summary:

Beyond Chores: Indian Domestic Worker Discovers Passion for Literature and Feminism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com