കൂട്ടിൽനിന്ന് ഒരു കൂട്ടുകാരി...
Mail This Article
ഷൈനിയെ ഞങ്ങളിൽ ചിലർ ചേച്ചിയെന്ന് വിളിച്ചിരുന്നു. വട്ടമുഖത്തിനൊത്ത കണ്ണട ഫ്രെയിം. ഒരു അധ്യാപികയുടെ ഭാവം. പുല്ലരിക്കുന്നിലെ സ്റ്റാസിൽ (സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ്) എംസിഎ ക്ലാസിലിരുന്ന് ഒരു മധ്യാഹ്നത്തിൽ ഷൈനി മൂളി: ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ, കളിച്ചിരിക്കാൻ, കഥപറയാൻ...
നിർബന്ധിക്കണം, ഷൈനിയിലെ ഗായിക ഉണരാൻ. പാട്ടിൽ പാടുപെടുന്ന ദേവിദാസിനെയും സ്റ്റേജിൽ വിറച്ച് പാട്ടു മറന്ന രതീഷിനെയും കൊടൂര ശബ്ദമുള്ള ജോസഫിനെയും പോലുള്ള ഗായകർക്കിടയിൽ ഞങ്ങളുടെ ഗായിക നിശ്ശബ്ദയായിരുന്നു. കോട്ടയം വാരിശേരി വഴി അതിരമ്പുഴയ്ക്ക് പോകുന്ന റോഡിന്റെ ഇടതുവശത്താണ് പുല്ലരിക്കുന്ന്. കുന്നിൻപുറത്ത് രണ്ടു കെട്ടിടങ്ങൾ. ഇടതുവശം ലാറി ബേക്കർ ശൈലിയിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസ്. സമീപത്ത് സ്റ്റാസിന്റെ കോൺക്രീറ്റ് കെട്ടിടം. സാമൂഹ്യശാസ്ത്രക്കാരും സാങ്കേതികവിദ്യക്കാരും തമ്മിലെ വൈരുധ്യം ആ നിർമിതിയിലും കാണാനാകും. രണ്ടായിരത്തിന്റെ തുടക്കം. മൊബൈൽ ഒരാഡംബര വസ്തു, ഓർക്കുട്ട് വന്നിട്ടില്ല. സാങ്കേതികമായി വലിയൊരു ചുവടിന് ലോകം ശ്വാസമെടുക്കുന്ന കാലം. 2002 ബാച്ചിൽ പല ജില്ലക്കാരായ 30 പേർ പണിതീരാത്ത കെട്ടിടത്തിലേക്ക് പഠിക്കാനെത്തുന്നു. കോട്ടയത്തുനിന്ന് രണ്ട് ബസ് കയറണം ക്യാംപസിലെത്താൻ. ബസ് ഇല്ലെങ്കിൽ അരമണിക്കൂർ നടക്കണം. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദം നേടി സെമസ്റ്റർ സംവിധാനത്തിൽ പഠിക്കാനെത്തിയ ഞങ്ങളിൽ ചിലർ നിലാവത്തഴിച്ചുവിട്ട നിലയിലും. അങ്ങനെയാണ് ഷൈനിയും ഞങ്ങളും ബന്ധിക്കപ്പെട്ടത്.
കോട്ടയം-കൊല്ലം പാസഞ്ചറിലെ യാത്രകൾ, പാടിപ്പതിഞ്ഞ പാട്ടുകൾ, പ്ലാറ്റ്ഫോമിലെ ടീഷോപ്പുകളുടെ ചില്ലുഭരണി ശൂന്യമാക്കാൻ കെൽപുള്ള അന്നത്തെ വിശപ്പ്, ഇടുങ്ങിയ വഴികൾ ചുറ്റിവരുന്ന ബസിനുവേണ്ടിയുള്ള നെട്ടോട്ടം, ഇളമ്പള്ളിപ്പാലം കടന്ന് കബീറിന്റെ വീട്ടിലേക്ക് നോമ്പുമുറിക്കാനുള്ള ഭക്ഷണയാത്ര, ഇറങ്ങാൻനേരം ഒരു പാഴ്സൽ കൂടി തരപ്പെടുമോയെന്ന് ഉമ്മയ്ക്ക് നേരെയുള്ള നോട്ടം. അങ്ങനെ എന്തെല്ലാം ഓർമകൾ.
അഞ്ചരയ്ക്ക് പാസഞ്ചർ എടുക്കും. ഷൈനിയും ധന്യയും സൂര്യയും അടങ്ങുന്ന കൊല്ലം സംഘം. തിരുവല്ലയിലിറങ്ങുന്ന നിബുവും ഞാനും. തുരങ്കത്തിലേക്കു തീവണ്ടി ഓടിക്കയറുന്ന ഇരുട്ടത്ത് ഉന്മാദികളായ കൗമാരക്കാർ കൂവിവിളിക്കും. വെളിച്ചത്തിൽ ഉറക്കംനടിക്കും. ഒരു ദിവസം തീവണ്ടി തുരങ്കം കയറിയിറങ്ങിയിട്ടും ശബ്ദം സഹിക്കവയ്യാതെ ഷൈനി കണ്ണടച്ച് ചെവി പൊത്തിയിരിക്കുന്നത് കണ്ടു. ഉണരൂ ഷൈനീ നേരം വെളുത്തു. വിളിച്ചുപറഞ്ഞു.
പെൺകുട്ടികൾ പെട്ടെന്ന് മുതിരുന്നു. ജീവിക്കാൻ പ്രാപ്തരാകുന്നു. പിജിക്കാലം കഴിയും മുൻപേ ക്ലാസിൽ പലരുടെയും കല്യാണം കഴിഞ്ഞു. ചിലർ ഒരുമിച്ച് ജീവിക്കാനുറപ്പിച്ചു പിരിഞ്ഞുപോയി. ഷൈനിയും വിവാഹിതയായി. ഞങ്ങൾ സംഘമായി കൊല്ലത്തേക്ക് പോയി. 2005-ലെ ഒരു വൈകുന്നേരം കുന്നിറങ്ങുമ്പോൾ ലാഘവത്വം കൈമുതലുള്ള മുഹമ്മക്കാരൻ സൂരജ് ചോദിച്ചു. ‘പ്രോജക്ടും വൈവയും കഴിഞ്ഞു, നാളെ മുതൽ പ്രത്യേകിച്ച് പണിയൊന്നുമില്ല. എന്താണ് ഇന്ദുചൂഡന്റെ ഫ്യൂച്ചർ പ്ലാൻ?’
യൗവനത്തിന്റെ തരിപ്പുള്ള അരക്ഷിതസംഘമായി ഞങ്ങൾ നഗരങ്ങളിലേക്ക് ചേക്കേറി. ചിലരവിടെ അടിഞ്ഞു. ചിലരാകട്ടെ കൂട്ടംതെറ്റി. വർഷങ്ങൾ പാഞ്ഞുപോയി. ഇടവേളകളിൽ ഷൈനി ഫോണിലെത്തി. നീണ്ടകാലത്തിനുശേഷം പിറന്ന കുട്ടിയുടെ വിശേഷം, പ്രവാസജീവിതം, പഴയകാലം അങ്ങനെ പലതും പറഞ്ഞു. ഇടയ്ക്കത് നിലച്ചു. 2015ൽ ഒരു വാട്സാപ് ഗ്രൂപ്പുണ്ടായി. അവിടെ ഷൈനിയും വന്നെങ്കിലും കണ്ടുംകേട്ടും നിശ്ശബ്ദയായിരുന്നു. വൈകാതെ ഷൈനിനാഥ് എന്ന നമ്പർ ഡിപിയില്ലാതെ ശൂന്യവൃത്തം തീർത്തു. 2020ന്റെ തുടക്കത്തിൽ, ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു ചരമപേജിന്റെ ഫോട്ടോയായി ഗ്രൂപ്പിൽ ഷൈനി വീണ്ടുമെത്തി. രണ്ടരവർഷം മുൻപത്തെ വാർത്തയായിരുന്നു അത്.
ഭൂമിയിലെ വാസം അവസാനിച്ചിട്ടും ഷൈനി ഭൂമുഖത്തുണ്ടെന്നു കരുതിയ വർഷങ്ങൾ ഞങ്ങളെ പരിഹാസ്യമായി നോക്കി. സാങ്കേതികവിദ്യ പടർന്നുപന്തലിച്ചിട്ടും നിഴൽപോലെ നിന്ന ഒരാളുടെ അസാന്നിധ്യം അറിയാൻ എന്തുകൊണ്ട് വൈകി? പെട്ടെന്നൊരുനാൾ എല്ലാവരിൽ നിന്നും അകലം പാലിക്കാൻ ഷൈനി ശ്രമിച്ചിരുന്നോ? ഒരാളോടും രോഗത്തെപ്പറ്റി പറയാതിരുന്നതിന്റെ കാരണം? പീഡകാലം പിന്നിട്ട് ജീവിതത്തിലേക്ക് ഉടനെ മടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
22 വർഷം കഴിഞ്ഞിരിക്കുന്നു. കോട്ടയത്തെ തുരങ്കത്തിലൂടെ യാത്രാവണ്ടികൾ ഇപ്പോൾ പോകാറില്ല. ഇരട്ടപ്പാതയിൽ അതുപേക്ഷിക്കപ്പെട്ടു. കോവിഡ് വന്നുപോയി. ലോകം ഒരുപാട് മാറി. ജീവിതം കുറച്ചൂടെ വിപുലമായി. എന്നിട്ടും, നേരം വൈകും മുൻപ് യാത്ര തിരിക്കുന്ന ആ പാസഞ്ചർ വണ്ടിയിൽ ഇരുട്ടത്ത് നീ ചെവിയും പൊത്തിയിരിക്കുന്നു. തുരങ്കം പിന്നിട്ട് വെളിച്ചത്തിലേക്ക് വണ്ടി പായുന്നത് നീ അറിഞ്ഞിട്ടില്ല. ഞാൻ വിളിച്ചിട്ട് നീ കേൾക്കുന്നുമില്ല.
(യുവതലമുറയിലെ ശ്രദ്ധേയനായ കവിയാണ് എസ്.കലേഷ്. ഹെയർപിൻ ബെൻഡ്, ശബ്ദ മഹാസമുദ്രം, ആട്ടക്കാരി എന്നീ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു)