യാത്രയുടെ അസാധാരണ അനുഭവങ്ങളിൽ പ്രധാനം അപരിചിതരുടെ സ്നേഹം: ‘ഹോര്‍ത്തൂസ് വായന’യിൽ വേണുവും ഗീത ബക്ഷിയും
Mail This Article
കോട്ടയം ∙ മലയാള മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ സംസ്കാരികോത്സവത്തിനു മുന്നോടിയായി സിഎംഎസ് കോളജിൽ നടന്ന ‘ഹോർത്തൂസ് വായന സംഗമ’ത്തിൽ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനും എഴുത്തുകാരനുമായ വേണുവും മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഗീത ബക്ഷിയും യാത്രകൾ നൽകിയ അസാധാരണ അനുഭവങ്ങൾ ഓർത്തെടുത്തു.
ചിത്രങ്ങൾ പകർത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് പല യാത്രകളും തുടങ്ങുന്നതെങ്കിലും അപരിചിതരുടെ സ്നേഹമാണ് യാത്രകളുടെ അസാധാരണ അനുഭവങ്ങളിൽ ഏറ്റവും പ്രധാനമെന്ന് വേണു പറഞ്ഞു. 26 ദിവസം കൊണ്ട് 6000 കിലോമീറ്ററോളം തനിയെ യാത്ര ചെയ്തപ്പോൾ പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടെങ്കിലും ഒടുവിലവ മനോഹരമായ ഓർമകളായി മാറിയെന്നും വേണു പറഞ്ഞു.
32 വർഷത്തിനു ശേഷം അർധസഹോദരിയെ കണ്ടെത്താനായി അനുജത്തി നടത്തിയ യാത്രയാണ് തന്റെ പുസ്തകമായ 'തായി' എന്ന് ഗീത ബക്ഷി പറഞ്ഞു. ഭയത്തെ മറികടന്ന്, അറിയാത്ത നാട്ടിലേക്ക് അർധസഹോദരിയെ തേടി യാത്ര ചെയ്തതിനെക്കുറിച്ചുള്ള വേണുവിന്റെ ചോദ്യത്തിന്, തീവ്രാനുഭവങ്ങള്‍ വരുമ്പോൾ എല്ലാ പ്രതിസന്ധികളും താണ്ടി ലക്ഷ്യത്തിലെത്താനുള്ള ഊർജം എല്ലാവർക്കും ലഭിക്കുമെന്നും താനും ആ സമയത്ത് അങ്ങനെയൊന്നിലൂടെയാണ് കടന്നു പോയതെന്നും ഗീത മറുപടി പറഞ്ഞു.
നവംബര്‍ 1 മുതല്‍ 3 വരെ കോഴിക്കോട് കടപ്പുറത്ത് മലയാള മനോരമ ഒരുക്കുന്ന ‘ഹോര്‍ത്തൂസ്’ രാജ്യാന്തര സാഹിത്യ - സാംസ്കാരികോത്സവത്തിനു മുന്നോടിയായി ജില്ല തോറും നടത്തിവരുന്ന ‘ഹോർത്തൂസ് വായന’ പരമ്പരയുടെ ഭാഗമായാണ് സിഎംഎസ് കോളജിൽ സംവാദം സംഘടിപ്പിച്ചത്. വേണുവിന്റെ ‘നഗ്നരും നരഭോജികളും’ (യാത്രാപുസ്‌തകം), ഗീത ബക്ഷിയുടെ ‘തായി’ (ജീവിതം) എന്നിവയുടെ ഭാഗങ്ങൾ സിഎംഎസ് കോളജിലെ വിദ്യാർഥികളായ ഓസ്റ്റിന്‍, ഗൗരി എന്നിവർ വായിച്ചു. സദസ്സിന്റെ ചോദ്യങ്ങൾക്ക് എഴുത്തുകാർ മറുപടി നൽകി. മുൻ എംപി സുരേഷ് കുറുപ്പ്, മലയാള മനോരമ കോട്ടയം ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ, മനോരമ ഓൺലൈൻ കോഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.