വൈകാരികമായ ഏതോ ദുരൂഹതകളുടെ സന്ദർശനങ്ങൾ
Mail This Article
മരണശേഷം പപ്പ ഇടയ്ക്കിടെ സ്വപ്നങ്ങളിൽ വരുന്നു. നേരം പുലരുന്നതേയുള്ളു. ഇരുട്ടു മാറിയിട്ടില്ല. നിഴലുകൾ ജനാലച്ചില്ലിനപ്പുറം അനങ്ങുന്നതു നോക്കിക്കിടക്കുന്നു. മരിച്ചുപോയ ആളാണ് ഇത്രയും നേരം സ്വപ്നത്തിനകത്തുനിന്നിരുന്നതെന്ന വിചാരം തെളിയുന്നു. കണ്ടതെല്ലാം എഴുതിവയ്ക്കാൻ തോന്നുന്നു. പക്ഷേ എണീക്കാൻ വയ്യ. പിന്നെയും ഉറങ്ങിപ്പോകുന്നു.
ഞാൻ കാണുന്ന എല്ലാ സ്വപ്നവും ബാലിശമാണ്. എനിക്ക് അതിൽ ലജ്ജ തോന്നുന്നു. അസാധാരണമോ ദു:ഖകരമോ ഒരു സാഹചര്യത്തിലും പപ്പയെ കണ്ടിട്ടില്ല. എന്നാൽ സ്വപ്നങ്ങളിൽ ഒന്നിനും വ്യക്തതയുമില്ല. എങ്ങുമെത്താത്ത വെറും സംസാരങ്ങളല്ലാതെ. മിക്കവാറും വളരെ പഴയ, നാൽപതിലേറെ വർഷം വരെ പഴയ വീടോ തോടോ പറമ്പോ മഴയോ ബാക്ഡ്രോപായി വരുന്നവയാണു പപ്പ വരുന്ന സ്വപ്നങ്ങൾ.
രണ്ടുപേർക്കിടയിലെ വൈകാരികമായ ഏതോ മിസ്റ്ററിയെ ആഖ്യാനം ചെയ്യുന്ന ഗദ്യമാണ് ഈ സ്വപ്നഭാഗങ്ങളെന്നു തോന്നിയിരുന്നു. ചിലപ്പോൾ അങ്ങനെയല്ല, ഇതു ഒരു സാഹിത്യശൈലി മാത്രമാണ്. നാം കാണുന്ന സ്വപ്നങ്ങളൊന്നും ഗദ്യമോ പദ്യമോ അല്ല. ഉണർന്നുകഴിഞ്ഞുള്ള ഓർമയാണ് അതിനെ കടങ്കഥയായോ രൂപകമായോ മാറ്റുന്നത്. ആയിരത്തൊന്നു രാവുകളിൽ സ്വപ്നം ഒരു കഥപറച്ചിൽ ശൈലിയായി തുടർച്ചയായി പരീക്ഷിക്കുന്നതു കാണാം. കഥാരഹസ്യം ഒളിപ്പിക്കുന്ന ഇടം, ഏറ്റവും ദുരൂഹമായത്. ഭാവിയുടെ ബീജം ഫ്രീസ് ചെയ്തത്!
സ്വപ്നം കാണുന്നവർക്കല്ല കേൾക്കുന്നവർക്കാണ് അതുകൊണ്ടു നേട്ടം.
ഓരോ മുറിയും ചോരുന്ന ഒരു വീടിനകത്ത് ഞാനും പപ്പയും നിൽക്കുന്നതായി ഒരു ദിവസം കണ്ടു. ഈർപ്പം നിറഞ്ഞ ചുവരിനോടു ചേർന്നു നിന്ന് എന്താണു സംസാരിച്ചതെന്ന് എനിക്കോർമ ഇല്ല. പക്ഷേ, ചോരുന്ന വീട് എന്നെ അലട്ടി. മഴക്കാലത്ത് അങ്ങനെയൊരു വീട്ടിലെ ഉറക്കം എനിക്ക് അറിയാം. പക്ഷേ ഇപ്പോൾ അതിലെ സൂചന എനിക്ക് കിട്ടുന്നില്ല. പകരം അടുത്ത സ്വപ്നം എന്തായിരിക്കുമെന്ന് വിചാരിക്കുന്നു. അതിനാൽ ഞാൻ ദിവസവും പപ്പയെ മാത്രമല്ല കൊച്ചാപ്പയെയും ഓർക്കുന്നു. ഞങ്ങൾ വല്യാപ്പയ്ക്കൊപ്പം രാജമലയിൽ പോയ ദിവസം. നല്ല ഓർമ്മയാണ്. പർവതങ്ങൾ എടുത്ത് ഉയർത്തിയ രാജമലയുടെ മുകളിലെ ആകാശം, താഴേക്കു വന്നുകൊണ്ടിരിക്കുന്ന മേഘങ്ങൾ... തീർച്ചയായും നല്ലതാണത്.
പപ്പ എഴുപത്തിയേഴാം വയസ്സിൽ മരിച്ചു. എന്നിട്ടും ഞങ്ങൾ ഒരുമിച്ചു ഭൂമിയിൽ ഉണ്ടായിരുന്ന കാലത്ത്, അധികനേരമൊന്നും ഒരുമിച്ചു ചെലവഴിക്കാതെ, കാര്യമായൊന്നും സംസാരിക്കാതെ, ഒരുമിച്ച് ഒരുവട്ടം പോലും ദൂരയാത്ര ചെയ്യാതെയായിരുന്നു ജീവിതം. അങ്ങനെയൊരു കാലത്തിനുള്ളിൽ ശ്രദ്ധിക്കപ്പെടാതെ കിടന്ന ഏതെങ്കിലും ദിവസത്തിലെ ഏതാനും നിമിഷങ്ങളുടെ സ്മരണയാകണം സ്വപ്നദൃശ്യങ്ങളായി പുലരും മുൻപേ എത്തുന്നതെന്ന് എനിക്കു തോന്നുന്നു. അവയിൽ അസാധാരണമായ ഒരു ഉപമ പോലുമില്ല. തോട്ടിൻകരയിലെ അലക്കുകല്ലും കമുകിൻപാത്തിയിലൂടെ ഒഴുകുന്ന വെള്ളവും കാപ്പിത്തോട്ടത്തിലെ നിഴലുകളും വച്ച് നിങ്ങൾ സ്വപ്നങ്ങളെ എങ്ങനെ വ്യാഖ്യാനിക്കാനാണ് – ആ സമയം ഇപ്പോഴില്ല എന്നല്ലാതെ.
സംഭവിക്കാതെ പോയ ചില വിനിമയങ്ങളിൽനിന്നാണ് സ്വപ്നങ്ങൾ ഉണ്ടായിവരുന്നതെന്ന് എനിക്ക് ഉറപ്പാണ്. അതിനാൽ ഉണർന്നു കഴിയുമ്പോൾ അവ മറക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്. ജീവിച്ചിരുന്ന കാലത്ത് ഒരാൾ പറയാതിരുന്ന എന്തുകാര്യമാണ് ഇപ്പോൾ സ്വപ്നമായി, രൂപകമായി, സാഹിത്യഭാഷയായി ഇറക്കിത്തരാൻ ശ്രമിക്കുന്നത്. എന്നാൽ, അത് പൂർണ്ണമായും അങ്ങനെയല്ല.
ഒരിക്കൽ പപ്പ എനിക്കൊരു കത്തെഴുതി. എന്റെ ആദ്യനോവൽ വായിച്ചിട്ട്. സിജെ തോമസ് തകഴിക്ക് എഴുതുന്നതുപോലെ. അല്ലെങ്കിൽ കെ.പി. അപ്പൻ വിക്ടർ ലീനസിന് എഴുതുന്ന പോലെ. കുറച്ചു കനമുള്ള വാക്യങ്ങൾ മാത്രം. മോനേ, നിന്റെ ആരോഗ്യമെങ്ങനെയുണ്ട് എന്ന മട്ടിലൊന്നുമല്ല.
ദൈവമേ! അദ്ദേഹത്തിന് ഉദാരമായ ഭാഷ വശമില്ലായിരുന്നുവെന്നാണോ.? പുതിയ എഴുത്തുകാർക്ക് സ്റ്റെയ്ൻബെക്ക് നൽകിയ ആറു മാർഗനിർദ്ദേശം പോലെ!
എനിക്ക് അന്ന് നിരാശ തോന്നിയിരുന്നിരിക്കണം. പപ്പ മരിച്ചശേഷമാണ് ആ കത്ത് ഞാൻ വീണ്ടും വായിച്ചത്. അപ്പോൾ അത് പറമ്പിലെ ജീർണ്ണിക്കുന്ന മരത്തടിയിൽ, ഒരുപറ്റം ഇളം കൂണുകൾ ഈറനണിഞ്ഞു നിൽക്കുന്നത് ഒരു പുലരിനടത്തത്തിൽ കണ്ടുപിടിച്ചതുപോലെ ആഹ്ലാദകരമായിരുന്നു.
എന്തിനാണ് പപ്പ എന്നോടു സാഹിത്യമെഴുത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതരാൻ ശ്രമിച്ചത്. കെ.ടിയുടെ നാടകങ്ങൾ അവതരിപ്പിക്കാൻ വ്യഗ്രത പൂണ്ടു നടന്ന ഒരാൾ, ബഷീറിനുശേഷം ഒന്നും വായിക്കാൻ കഴിയാതിരുന്ന ആൾ സാഹിത്യത്തിലേക്ക് ഏറ്റവും ഇഷ്ടത്തോട് തിരിച്ചെത്താൻ ആഗ്രഹിക്കുന്നതുപോലെയായിരുന്നു അത്. ഞാൻ കക്കാടുകോയയെ ഓർത്തു. ഇതേ പാഷനോടെ അയാൾ പക്ഷേ സാഹിത്യം വിടുകയായിരുന്നു. പപ്പ പെട്ടെന്ന് ഒരു ദിവസം താൻ സാഹിത്യത്തിന് അകത്താണെന്നും തനിക്ക് അതാണ് യഥാർത്ഥത്തിൽ ഇഷ്ടമെന്നും പ്രഖ്യാപിക്കുന്ന പോലെ എനിക്കു തോന്നി.
ഞാൻ ഒരു കാര്യം ഓർക്കുന്നു. ഞങ്ങൾ ഒരുമിച്ച് എൻ.എൻ. പിള്ളയുടെ നാടകം കാണാൻ പോയത്, പപ്പയുടെ കൂട്ടുകാർക്കിടയിൽ ഇരുന്നത്.
മറ്റൊരിക്കൽ കെപിഎസിയുടെ ‘കയ്യും തലയും പുറത്തിടരുത്’ എന്ന നാടകത്തിനുശേഷം രാത്രി വീട്ടിലേക്ക് നടക്കുമ്പോൾ പടിയിൽ ഇരുന്ന് ഞാൻ കൂടെയുള്ളത് മറന്ന് ഒരു സിഗരറ്റ് കത്തിച്ചുവലിച്ച് അതു തീരും വരെ മിണ്ടാതിരുന്നത്.
ഒരു യാത്ര ചെയ്യണമെന്ന് എന്നോട് പറഞ്ഞിരുന്നു. ഞാൻ ചോദിച്ചു, എവിടേക്ക്? ചെന്നൈയിലേക്ക് എന്നായിരുന്നു മറുപടി. പക്ഷേ പിന്നീടൊരിക്കലും അത് സൂചിപ്പിച്ചില്ല. പപ്പ മരിച്ചശേഷം ചെന്നൈയിൽ ഒരു ഹോട്ടൽ മുറിയിൽ നേരം പുലരും മുൻപേ ഞാൻ ഒരു സ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്നു. തൊട്ടടുത്ത മുറിയിൽ പപ്പയുണ്ട്. അദ്ദേഹം തനിയെ ട്രെയിനിൽ കയറി ചെന്നൈയിൽ എത്തി ഹോട്ടലിൽ മുറിയെടുത്തശേഷം എന്നെ വിളിക്കുകയായിരുന്നു. എം.ഡി. രാമനാഥൻ ആരാണ്? അയാളുടെ സംഗീതകച്ചേരി ഇവിടെയടുത്ത് ഉണ്ടെന്നു പത്രത്തിൽ കാണുന്നു. പക്ഷേ, എനിക്ക് ഒരു നാടകം കാണണം. എവിടെയാണുള്ളത്? നിനക്ക് വരാനാകുമോ?
ഞാൻ ഉറക്കം ഞെട്ടിക്കിടന്നു സൂക്ഷ്മമായി വിചാരിച്ചു: ശരിക്കും അടുത്ത റൂമിൽ പപ്പയുണ്ടാകുമോ? ഒടുവിൽ എണീറ്റ് പുറത്തിറങ്ങി ഇടനാഴിയുടെ വിജനതയിൽ കുറേനേരം നിന്നു. എന്നിട്ട് എല്ലാ മുറിയുടെയും വാതിൽക്കൽ നിമിഷങ്ങളോളം ഒന്ന് കാതോർത്ത് ഞാൻ ഇടനാഴിയുടെ അറ്റത്തെത്തി. മുകൾനിലയിലേക്കുള്ള പടിയിൽ ഇരുന്നതും സുബഹി വാങ്ക് വിളി ഉയർന്നു.