അദൃശ്യതയിൽ നിന്ന് വരുന്ന പ്രചോദനങ്ങൾ
Mail This Article
എഴുത്തിൽ പ്രചോദനം എന്നത് ഒരു യാഥാർഥ്യമാണെങ്കിലും അത് എവിടെ നിന്ന്, എപ്പോൾ, എങ്ങനെ വരുന്നു എന്നു വിശദീകരിക്കാനാവില്ല. പ്രാചീന ഗ്രീക്കുകാർ കലയ്ക്കും ശാസ്ത്രത്തിനുമായിഒൻപതു ദേവതമാരെയുണ്ടാക്കി, മ്യൂസ് എന്നു വിളിച്ചു. നമ്മുടെയിടയിൽ കലാപ്രചോദനത്തിന് ചിലർ സർസ്വതീപ്രസാദം എന്നാണു പറഞ്ഞിരുന്നത്. ഒരു നോവൽ വായിച്ചിട്ട് അതേപോലെ ഗംഭീരസൗന്ദര്യമുള്ള ഒന്ന് എഴുതാൻ കഴിയുമോ എന്ന തോന്നലാണ് ആനന്ദിന്റെ ‘മരുഭൂമികൾ ഉണ്ടാകുന്നത്’ അവശേഷിപ്പിച്ചത്. അങ്ങനെയൊരു തോന്നൽ ആദ്യമായിരുന്നു. ബിരുദവിദ്യാർഥിയായിരുന്ന എനിക്ക് ആ ഗദ്യം ശരിക്കു കൊണ്ടു. ആ കഥാപാത്രങ്ങളും അവർ ഉയർത്തിയ ചോദ്യങ്ങളും എന്നിൽ ഒരു പുതിയ ഭാവുകത്വമുണ്ടാക്കാൻ തുടങ്ങി. ഇതിനർഥം പിറ്റേന്നു മുതൽ ഞാൻ നോവലെഴുതാൻ തുടങ്ങിയെന്നല്ല. ആ വിചാരം അങ്ങനെ അവിടെക്കിടന്നു. വർഷങ്ങൾ കടന്നുപോകുമ്പോൾ മികച്ച എത്രയോ എഴുത്തുകാരെ വായിച്ചു. അപ്പോഴൊന്നും ആ വിചാരം തിരിച്ചുവന്നില്ല. പ്രചോദനം എനിക്ക് സംഭവിക്കില്ലെന്നു കണ്ടു.
ജീവിതത്തിൽ അദൃശ്യത എന്ന ഒരു കാര്യമുണ്ടെന്നു ഞാൻ മനസ്സിലാക്കിവരികയായിരുന്നു. ഷുസെ സരമാഗുവിന്റെ കഥാപാത്രങ്ങളിൽനിന്ന് ഞാൻ മനസ്സിലാക്കിയ കാര്യം, സർഗാത്മകമായ ജീവിതം നരേറ്റ് ചെയ്യുന്ന സംസാരമാണ് ഏറ്റവും മനോഹരമായ ഗദ്യം ഉണ്ടാക്കുന്നതെന്നാണ്.
2012 ന്റെ ആരംഭത്തിലോ മറ്റോ ആണ് ഞാൻ ഹരുകി മുറകാമിയുടെ 'വൈൻഡപ് ബേഡ് ക്രോണിക്കൾ' വായിക്കാൻ തുടങ്ങിയത്. ആ വായന കഴിഞ്ഞ പാതിരാത്രിയിൽ പെട്ടെന്ന് എനിക്ക് കടുത്ത ഏകാന്തതയും സങ്കടവും അനുഭവപ്പെട്ടു. ഞാൻ വിചാരിച്ചു: ഒരു നോവലെഴുതണം. മുറകാമി എഴുതുംപോലെ. ഒറ്റയായി, അനായാസമായി, പൂർവ്വഭാരമില്ലാതെ.
സാഹിത്യസിദ്ധാന്തങ്ങളിൽ പരിജ്ഞാനമോ താൽപര്യമോ ഇല്ലാത്തയാളാണു ഞാൻ. സാഹിത്യചരിത്രത്തിലും തത്വചിന്തയിലും സാമാന്യധാരണയുണ്ടെന്നല്ലാതെ അക്കാദമികമായ ഭാഷയിൽ അതൊന്നും വിവരിക്കാനറിയില്ല. ഞാൻ സ്ഥിരമായി വായിക്കുന്നവരിൽ പ്ലേറ്റോയും നീത്ഷെയും ഫൂക്കോയും ബാർത്തും ഉണ്ട്. അവരുടെ ഗദ്യം എനിക്ക് ഇഷ്ടമാണ്. ദെറീദയുടെ ഒരു പുസ്തകം ഞാൻ മലയാളത്തിലാക്കിയിട്ടുണ്ട്. ബാർത്തിന്റെ 'എ ലവേഴ്സ് ഡിസ്കോഴ്സ്' ഞാൻ പലപ്പോഴും എടുത്തു വായിക്കാറുണ്ട്. 'റൈറ്റിംഗ് സീറോ ഡിഗ്രി' ആണ് അടുത്തത്. എഴുത്തുകാരെ ഇത്രയേറെ പ്രചോദിപ്പിക്കാൻ കഴിയുന്ന സാഹിത്യചിന്ത വേറെ അധികമില്ല. ബാർത്തിന്റെ ആത്മകഥയിൽ അദ്ദേഹം ഒരു നോവലിസ്റ്റിനെപ്പോലെ ധിഷണ വച്ച് എഴുതുന്നു.
ഞാൻ ധിഷണയെ ആരാധിക്കുന്നു. അവിടെയും പ്രോസാണു കാര്യം. തത്വചിന്തയോ സിദ്ധാന്തമോ അല്ല. ധിഷണയുടെ ഗദ്യം, അതുകൊണ്ടുവരുന്ന ചലനങ്ങൾ, വഴിതെറ്റിക്കുന്ന സൂചനകൾ, കവിതയായി തെറ്റിദ്ധരിച്ചേക്കാവുന്ന സന്ദർഭങ്ങൾ.
ഒരേസമയം ഒന്നിലധികം പുസ്തകങ്ങൾ വായിച്ചുകൊണ്ടിരിക്കുക രസകരമാണ്. മുൻപ് ഇതൊരു അസാധ്യതയായി തോന്നിയിരുന്നു. വിശേഷിച്ചും ചരിത്രവും തത്വചിന്തയും സാമൂഹികശാസ്ത്രവും വിഷയങ്ങളായ നോൺഫിക്ഷൻ കൃതികൾ വായിച്ചുകൊണ്ടിരുന്നതിനാൽ. അക്കാലം നിങ്ങൾ ഒരു പുസ്തകം വായിക്കാനെടുക്കുന്നു. അതുതന്നെ കാർന്നുതിന്ന് ആഴ്ചകളോളം കഴിയുന്നു. മറ്റൊന്നും അന്നേരം അവിടേക്കു വരില്ല. പിന്നീടു നോവലുകൾ കൂടുതലായി വായിക്കാൻ തുടങ്ങിയപ്പോഴും ഈ രീതി വിടാൻ കഴിഞ്ഞില്ല. ഇടയ്ക്കുനിർത്തി മറ്റൊന്നിലേക്കു പോയിട്ടു തിരിച്ചുവരുമ്പോഴെക്കും ആദ്യത്തെതിന്റെ കണക്ഷൻ പോകുന്നുവെന്നതായിരുന്നു മുഖ്യപ്രശ്നം. ഒരു ടെക്സ്റ്റിൽ മാത്രം ഉറച്ചുനിൽക്കുമ്പോൾ അതെത്ര കഠിനമായാലും നിങ്ങൾക്കുവഴങ്ങുമെന്നതാണു പ്രധാനനേട്ടം. നോവൽ വായനക്കാർ കഠിനാദ്ധാനികളും ക്ഷമാശീലരുമാണ്. നല്ല വായനക്കാർ ഗദ്യത്തിൽ ശ്രദ്ധ തെറ്റാതെയിരിക്കാൻ നല്ലപോലെ ട്രെയ്ൻഡ് ആയിരിക്കണം. അല്ലെങ്കിൽ അവർക്ക് അത്രയേറെ താളുകളിലെ സഞ്ചാരം ആസ്വദിക്കാനാവില്ല.
ഒരു സമയം ഒരു പുസ്തകം മാത്രം എന്ന ശീലം തെറ്റിക്കാൻ ഒരിക്കൽ യാദൃച്ഛികമായി എനിക്കു കഴിഞ്ഞു. ഓസ്ട്രിയൻ എഴുത്തുകാരനായ ഹെർമ്മൻ ബ്രോഹിന്റെ ‘ദ് ഡെത്ത് ഓഫ് വെർജിൽ’ എന്ന നോവലിന്റെ വായനയിലായിരുന്നു അത്. ചെറിയ ക്ലാസിൽ പഠിക്കുന്ന മകൾക്കു ചൊല്ലാനുളള ചില കവിതകൾ തപ്പാനെടുത്തിട്ടു ഞാൻ വൈലോപ്പിള്ളിക്കവിതകൾ തിരിച്ചുവച്ചില്ല. ബഹിഷ്കൃതനായ റോമൻ കവി വെർജിലിന്റെ അവസാന 18 മണിക്കൂറുകളിലെ ആത്മഗതമാണത്. ഗംഭീരമായ ആ ജർമൻ നോവലിന്റെ വായനയുടെ ഇടവേളകളിൽ ദിവസവും ഞാൻ നാലോ അഞ്ചോ കവിതകൾ വീതം വായിക്കുകയും അതൊരു നല്ല രീതിയായി അനുഭവപ്പെടുകയും ചെയ്തു.
സാധാരണനിലയിൽ കൂട്ടുകാർക്കിടയിലോ ഒരു സംഘത്തിലോ നിശ്ശബ്ദമായി തുടരാൻ ഇഷ്ടപ്പെടുന്ന ഒരാൾ തന്റെ വാക്കുകളെപ്പറ്റി വലിയ പ്രതീക്ഷയുള്ള ആളായിരിക്കും. കുറഞ്ഞ വർത്തമാനത്തിന്റെ സുഖമറിയുന്ന ആൾ വല്ലതും സംസാരിച്ചുതുടങ്ങിയാലോ അതു കൃത്യമായി നടത്തുന്നതിൽ അയാൾ പരാജയപ്പെടുന്നു. നിങ്ങൾക്ക് ഈ അനുഭവമുണ്ടോ? തീരെ സംസാരിക്കാത്ത ഒരാൾ ഒരു കൂട്ടത്തിൽ ഒരിക്കൽ പെട്ടെന്നു സംസാരിക്കാൻ തുടങ്ങുന്നു. താമസിയാതെ അത് കേൾവിക്കാരെ പരമാവധി ബോറടിപ്പിക്കുന്നു. ദയനീയമായ കാര്യം സംസാരിക്കുന്ന ആളും ഇത് മെല്ലെ മനസ്സിലാക്കുന്നുവെന്നതാണ്. താൻ എന്തൊരു ബോറാണ് എന്ന് കേൾവിക്കാർ ഒരിക്കലും മുഖത്തുനോക്കി പറയുന്നില്ലെങ്കിലും താൻ സംസാരിച്ചുപോയല്ലോ എന്നോർത്ത് അയാൾക്കു കുറ്റബോധം തോന്നുന്നു. മൗനത്തിന്റെ നിക്ഷേപം എത്ര ഗംഭീരമാണെന്ന് നിങ്ങൾ അറിയുന്നു.
ഏതാണ്ട് ഇതേ ദയനീയത സംഭവിക്കാറുണ്ട് നിങ്ങൾ സ്വന്തം രചനകളെ വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ. ഞാൻ വിശദീകരിക്കുന്നത് കേൾവിക്കാർ ആഗ്രഹിക്കുന്നതല്ലെന്ന് ഒടുവിൽ എനിക്കു മനസ്സിലാകുകയും ചെയ്യും. ഉദാഹരണത്തിന്, എഴുത്തിൽ എത്ര ആത്മപരത ഉണ്ട് എന്ന് അല്ലെങ്കിൽ ഒരു പ്രത്യേക കഥാപാത്രത്തിൽ എത്ര ആത്മാംശം ഉണ്ട് എന്നു ചോദിച്ചാൽ അതിനു കൃത്യമായ ഉത്തരം എന്റെ കയ്യിലില്ല. എങ്കിലും പറയാൻ ശ്രമിക്കുന്നു. നമ്മുടെ ചുറ്റുപാടുകൾ എന്ന യാഥാർഥ്യം, ചരിത്രത്തിലെയും ഓർമയിലെയും പുസ്തകങ്ങളിലെയും ഭൂതകാലങ്ങൾ എന്ന യാഥാർഥ്യം ഇവയെല്ലാം നോവലിൽ നിഴലുകൾ പോലെയാണു പ്രവർത്തിക്കുക. സൂര്യവെളിച്ചത്തിൽ അതു നീണ്ടും കുറുകിയും കാണുന്നു. നട്ടുച്ചയിൽ അപ്രത്യക്ഷമാകുന്നു. രാത്രിവിളക്കുകളിൽ, നിലാവലയിൽ അവ ഭ്രമാത്മകമായ രൂപാന്തരങ്ങൾ നേടുന്നു. എല്ലായ്പ്പോഴും അവ അവിടെയുണ്ടെങ്കിലും അത് മാംസമായിത്തീരുന്നത് നിങ്ങളുടെ ഭാവന നിർമ്മിക്കുന്ന ഭാഷയിലാണ്. അപ്പോൾ എത്ര അളവിലാണ് യാഥാർഥ്യം അതിന്റെ മജ്ജയിലും ചോരയിലുമെന്നു നിങ്ങൾക്കു വിശദീകരിക്കാനാവില്ല.
യഥാർഥ ജീവിതസന്ദർഭങ്ങൾ നോവലിൽ ഉണ്ടെന്ന് അറിയുന്നതു വായനക്കാർക്കു സന്തോഷകരമാണ്. ‘ഇതു ഭാവനയല്ലെന്ന് എനിക്കറിയാമായിരുന്നു’ എന്നു വായനക്കാർ സന്തോഷിക്കുന്നു. കാരണം ആ സന്ദർഭം യഥാർഥത്തിൽ സംഭവിച്ചതല്ലെങ്കിൽ എങ്ങനെയാണ് അതെഴുതുക?
ഇക്കാരണത്തിലാണ് എന്താണ് ഞാനെഴുതിയതിലുള്ളത് എന്ന് ശരിയായ വിശദീകരിക്കാൻ പലവട്ടം ശ്രമിക്കേണ്ടിവരുന്നത്. നിങ്ങൾ മിണ്ടാതിരുന്നാൽ , മൂഢന്മാർ അതു വിശദീകരിക്കാൻ ഇറങ്ങിപ്പുറപ്പെടുമെന്ന ഭീതി നിങ്ങളെ പിന്തുടരുകയും ചെയ്യും. അവരെ തടയാനോ തിരുത്താനോ നിങ്ങൾക്കാവില്ല. ഒരു നോവൽ യാത്ര തുടങ്ങിയാൽ എഴുത്താളിന് അതിനെ പിന്തുടരാനാവില്ല.
മെക്സിക്കൻ വിവർത്തകനും നോവലിസ്റ്റുമായ സെർഗിയോ പിത്തോൾ യാത്രയും എഴുത്തും തമ്മിലുള്ള സാമ്യം വിവരിക്കുന്നു. രണ്ടും ആകസ്മിതകളുടെ പ്രവൃത്തിയാണ്. സഞ്ചാരിക്കും എഴുത്തുകാരിക്കും പുറപ്പെടൽ മാത്രമാണ് ഉറപ്പുള്ളത്. വഴിയിൽ എന്തെല്ലാം സംഭവിക്കുമെന്ന് ഇരുവർക്കുമറിയില്ല. എല്ലാം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തുമ്പോൾ അവിടെ എന്തായിരിക്കും തങ്ങളെ കാത്തിരിക്കുന്നതെന്നും അവർക്ക് അറിയില്ല.
ഓരോ ദിവസവും ഉറക്കത്തിനു മുൻപുള്ള നേരം അതുവരെ തോന്നാത്ത ഒരു വാക്യം പ്രത്യക്ഷപ്പെടുന്നു, ഒരു ഇലത്തുമ്പിലെ തുള്ളിയുടെ തിളക്കം പോലെ. കിടക്കയ്ക്കരികെ ഒരു പെൻസിലും കടലാസും വച്ചിരുന്നെങ്കിൽ അതെഴുതിയേനെ. എന്നാൽ അടുത്ത വാക്യത്തിനായി കാത്തുകിടന്ന് ഉറക്കത്തിലേക്കു പോകുമ്പോൾ ആദ്യതുള്ളി അടർന്നു മാഞ്ഞുപോകുന്നു.
മരണാനന്തര ജീവിതത്തെപ്പറ്റി ലോകത്തിലെ ഏറ്റവും പൗരാണിക സംസ്കാരങ്ങൾ മുതൽ ആധുനിക മതങ്ങൾ കൃത്യമായ വിവരണങ്ങൾ നൽകിയിട്ടുണ്ട്. പൗരാണിക ഈജിപ്തിൽ മരണാനന്തര ജീവിതം ഒരു മഹാദുഷ്കര യാത്രയാണ്. ആ യാത്രയിൽ നേരിടുന്ന കഠിനമായ പരീക്ഷകളെ ജയിക്കാനുള്ള മന്ത്രങ്ങൾ വിവരിക്കുന്ന പുസ്തകം മൃതദേഹത്തോടൊപ്പം അടക്കം ചെയ്യാറുണ്ടായിരുന്നു. ഫറവോമാരുടെ ശവകുടീരങ്ങളിൽനിന്ന് അത്തരം ലിഖിതങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വർഗപാതയിലേക്കുള്ള ആ യാത്രയിലെ അവസാനപരീക്ഷ ഒരാളുടെ ആത്മാവിന്റെ ഭാരമളക്കലാണ്. ഒരു തൂവലിൽ ഹൃദയമെടുത്തുവച്ചു നോക്കുന്നു. ഹൃദയത്തിന്റെ ഭാരം തൂവൽ താങ്ങുന്നില്ലെങ്കിൽ അയാൾ നിത്യനരകത്തിലെ ഏറ്റവും ക്രൂരമായ പീഢയ്ക്കു വിധിക്കപ്പെടുന്നു. എന്താണ് ആ ശിക്ഷ? ഒരു കുനീലിൽ അനന്തകാലം വെള്ളം കോരുക!
തന്റെ സഹോദരൻ എഴുത്തിലേക്കു കടക്കുന്നു എന്നറിഞ്ഞ ആന്റോൺ ചെക്കോവ്, അയാൾക്കുവേണ്ടി ചില രചനാതന്ത്രങ്ങൾ പറഞ്ഞുകൊടുക്കുന്നുണ്ട്. ആ മാർഗനിർദേശങ്ങൾ അപൂർണമാണ്. ചെക്കോവ് ഒരു നോട്ട്ബുക് വച്ചിരുന്നു. അതിൽ അയാൾ പിന്നീടു കഥയിലോ നാടകത്തിലോ ഉപയോഗിക്കാൻ കൊള്ളാവുന്ന വാക്യങ്ങൾ, സന്ദർഭങ്ങൾ, ഉദ്ധരണികൾ എന്നിവയെല്ലാം എഴുതിയിരുന്നു. 'ചെക്കോവിന്റെ നോട്ട്ബുക്' എന്ന പേരിൽ പിന്നീടത് പുറത്തിറങ്ങി.
ചെക്കോവിന്റെ കഥകളുടെ രചനാശിൽപം എങ്ങനെയാണു കൊത്തിയെടുത്തത്, അതിന്റെ തച്ച് എന്താണെന്ന് കണ്ടുപിടിക്കാൻ ഈ കുറിപ്പുകൾ വഴികാട്ടും. ക്രീയേറ്റിവ് റൈറ്റിംഗ് സ്കൂളുകളൊക്കെ ഉളള ഇക്കാലത്ത് കാഥികന്റെ പണിപ്പുര പോലെ എഴുതിത്തുടങ്ങുന്നവർക്കുവേണ്ടിയുള്ള ഒരു മാർഗദർശിക വന്നാൽ ആകർഷകമാവും. എന്നാൽ പ്രശ്നം, ചെക്കോവു സഹോദരനു നൽകിയ ഉപദേശങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യുമോ എന്നതാണ്. നിങ്ങൾക്ക് ഡെസ്റ്റോയെവ്സ്കിയുടെയോ കാഫ്കയുടെയോ രചനാലോകത്തെ വിലയിരുത്താനുള്ള ടൂൾ ആയി ചെക്കോവിനെ ഉപയോഗിക്കാനാവില്ലെന്നതാണു സത്യം. ബഷീറിലെ കഥാസങ്കൽപം വച്ച് നിങ്ങൾക്ക് പട്ടത്തുവിളയെയോ മേതിലിനെയോ വായിക്കാനാവില്ല.. ആത്യന്തികമായി സ്വന്തം കലാസങ്കൽപത്തെ നിർമിക്കാനാണ് ഓരോ നല്ല എഴുത്താളും ശ്രമിക്കുക.
ആനി കർസന്റെ 'Plainwater' എന്ന കൃതിയിലെ ഒരു ഭാഗം : “കുളി കഴിഞ്ഞ സോക്രട്ടീസ് തിരക്കിടാതെ സ്വന്തം സെല്ലിലേക്കു തിരിച്ചെത്തി ഹെംലോക് കുടിച്ചു. മറ്റുള്ളവർ കരഞ്ഞു. അരയന്നങ്ങൾ അദ്ദേഹത്തിനു ചുറ്റും നീന്തുണ്ടായിരുന്നു. വരാനിരിക്കുന്ന യാത്രയെപ്പറ്റി അദ്ദേഹം സംസാരിക്കാൻ തുടങ്ങി. അവരുടെ കണ്ണീരിൽനിന്നകലെയുള്ള അജ്ഞാത ലോകത്തെപ്പറ്റി. ആ കണ്ണീരാകട്ടെ അദ്ദേഹത്തിനു മനസ്സിലാക്കാനായില്ല. മനുഷ്യർ പരസ്പരം തീരെക്കുറച്ചേ മനസ്സിലാക്കുന്നുള്ളു.”