ADVERTISEMENT

ഒരു വർഷം ഭൂമിയുടെ അന്തരീഷത്തിലേക്കു വീഴുന്നത് മുപ്പതിനായിരം ടൺ ബഹിരാകാശ ധൂളികളാണെന്നു ഞാൻ വായിച്ചിട്ടുണ്ട്‌. കോസ്മിക് ഡസ്റ്റ് എന്നു വിളിക്കപ്പെടുന്ന അവ ഭൂമിയുടെ ഉപരിതലത്തിലെത്തുമ്പോഴേക്കും ഘർഷണം മൂലം എരിഞ്ഞു നേർത്തു സൂക്ഷ്മകണങ്ങളായിട്ടുണ്ടാകും. ഭൂമിയിൽ പതിക്കുന്ന അവ മറ്റു ധാതുക്കൾക്കൊപ്പം സമുദ്രാടിത്തട്ടിലും അന്റാർട്ടിക്കയിലെ ഹിമാന്തർഭാഗങ്ങളിലും അടിയുന്നു. 

ശാസ്ത്രജ്​ഞൻമാർ അന്റാർട്ടിക്കയിൽ കിലോമീറ്ററോളം ഐസ്പാളികൾ തുരന്നെടുത്ത് അതിനകത്തു കലർന്നുപോയ ബഹിരാകാശകണങ്ങളെ  അരിച്ചെടുക്കുകയാണു ചെയ്യുന്നത്. ഓരോ ക്യൂബിക് മീറ്റർ ഐസ്പാളിയും ഉരുക്കി അരിച്ചെടുത്തുകഴിയുമ്പോൾ അതിൽനിന്ന് ഇരുപതോ മുപ്പതോ സൂക്ഷ്മഗോളങ്ങളാണു ലഭിക്കുക. ഇവയിലേറെയും ഏതെങ്കിലും വാൽനക്ഷത്രത്തിൽനിന്നോ ഉൽക്കയിൽനിന്നോ വന്നതാകാം. ഇവയിൽ സിലിക്കോൺ, മഗ്നീഷ്യം, അയേൺ, നിക്കൽ, ഓക്സിജൻ എന്നിവ അടങ്ങിയിട്ടുണ്ടാവും. ദക്ഷിണധ്രുവത്തിൽനിന്നു കണ്ടെടുക്കുന്ന ബഹിരാകാശ ധൂളികളിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരുണ്ട്‌. 

അവരിലൊരാളായ ഒരു ഫിസിസിസ്റ്റ് ഒരിക്കൽ ഇപ്രകാരം അരിച്ചെടുത്ത ഒരു ബഹിരാകാശ കണത്തെ സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിക്കുകയായിരുന്നു. അതിന്റെ ഘടന വളരെ നിഗൂഢമായിരുന്നു. ആഴ്ചകളോളം ആ ഒരൊറ്റ സൂക്ഷ്മ ഗോളത്തെ അയാൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒരു ദിവസം മൈക്രോസ്കോപ്പിനു താഴെ അയാളുടെ കണ്മുന്നിൽ നിന്ന് പെട്ടെന്ന് ആ ഗോളം അപ്രത്യക്ഷമായി. 

ബാഷ്പീകരിച്ച് അതൊരു കുമിള മാത്രമായി!

ജീവിതത്തിൽനിന്ന് നാം കണ്ടെടുത്തു എന്ന് വിശ്വസിച്ചിരുന്നതും വർഷങ്ങളുടെ ഘർഷണത്തിൽ തേഞ്ഞുതീർന്നതും ആയ ഒരു സൗഹൃദമോ പുസ്തകമോ ഇങ്ങനെ നിരീക്ഷിക്കുകയാണെങ്കിൽ, അതിന്റെ അപൂർവ്വതയിൽ അതിശയിക്കുകയോ അഭിമാനിക്കുകയോ ചെയ്തുകൊണ്ടിരിക്കെ, പൊടുന്നനെ അവ നീർക്കുമിള മാത്രമായിത്തീരുന്നതു കാണാം! 

എന്നാൽ യഥാർഥത്തിൽ ഈ പരിണാമം, വിസ്മയമായ ഒരു അനുഭവം ഇല്ലാതാകുന്നത്‌, നാം ചിലപ്പോൾ ശ്രദ്ധിക്കുക പോലുമില്ല, അതൊരു കാവ്യരൂപകമായി തിരിച്ചെത്തുംവരെ.

എഴുത്തിൽ പെർഫെക്ഷൻ  നേടിയ സാഹിത്യത്തെപ്പറ്റി ചിലർ പറയാറുണ്ട്‌. ഒരു താൾ പെർഫെക്ടായി, ഒരു തിരുത്തലിനു സാധ്യത ഇല്ലാത്തത്ര തികവ്‌ സാഹിത്യശൈലി ആർജ്ജിക്കുമെന്ന സിദ്ധാന്തത്തിൽ എനിക്കും വിശ്വാസം തോന്നിയിരുന്നു. സാഹിത്യലോകത്ത്‌ അത്തരം ചില എഴുത്ത്‌ ഉണ്ടെന്നും കരുതിയിരുന്നു. പക്ഷേ പിന്നീട്‌ ചോദ്യങ്ങൾ ഉയർന്നു: തിരുത്താൻ കഴിയാത്തത്ര പെർഫെക്ട്‌ ആയ ഒരു ടെക്സ്റ്റ്‌ ഉണ്ടോ? ഓരോ വട്ടം തിരുത്തുമ്പോഴും പുതിയ അർത്ഥങ്ങൾ ഉണ്ടാകുമെന്നിരിക്കേ, ഇനി ഒരു വാക്കു പോലും മാറ്റാനാവില്ലെന്ന് ഉറപ്പിക്കാനാകുമോ?

‘പെർഫെക്ഷൻ ഓഫ്‌ സ്റ്റൈൽ’ എന്നത്‌ ഒരു മിത്താണെന്നു ബോർഹെസ്‌ എഴുതി. ഒരു വാക്കു പോലും അടർത്തിമാറ്റാൻ കഴിയാത്ത ഒരു പേജ്‌ എന്ന തികവ്‌ സാഹിത്യത്തിൽ ഒരിടത്തുമില്ല, അത്തരം പാഠം മതത്തിലാണുള്ളത്‌.

വിവർത്തനം താഴ്‌ന്ന കലയാണെന്ന ചിന്ത വരുന്നതും പെർഫെക്ഷൻ ഓഫ്‌ സ്റ്റൈൽ എന്ന കാഴ്ചപ്പാടിൽ നിന്നാണ്‌. കാരണം ഭാഷയിൽ ഓരോ വട്ടം തിരുത്തുമ്പോഴും അർത്ഥഛായകൾ മാറുന്നു. മറ്റൊരു ഭാഷയിലേക്കു മാറ്റുമ്പോഴാകട്ടെ ആദ്യ ടെക്സ്റ്റ്‌ ഇല്ലാതായി അതിന്റെ സ്ഥാനത്തു പുതിയതു വരുന്നു. ബോർഹെസ്‌ ഈ വാദം സമർത്ഥിക്കാനായി സെർവാന്റസിന്റെ ഡോൺ കിഹോത്തെയാണ്‌ ഉദാഹരിക്കുന്നത്‌. ശൈലീപരമായി ഒരുപാടു പ്രശ്നങ്ങൾ ഉള്ള കൃതിയാണതെന്ന് ബോർഹെസ്‌ പറയുന്നു, അതിശയിപ്പിക്കുന്ന ഒരു തുടക്കമോ ബ്രില്യന്റ്‌ എന്നു വിശേഷിപ്പിക്കാവുന്ന ഭാഗങ്ങളോ അതിലില്ല. വിരസമായ വിവരണങ്ങൾ ഒരുപാടുണ്ടുതാനും. പക്ഷേ ഒരു  ഫിക്‌ഷൻ എന്ന നിലയിൽ, ഡോൺ കി ഹോത്തെ എന്ന അടിത്തറയിലാണ്‌ ആധുനിക യൂറോപ്യൻ നോവൽ കെട്ടിപ്പൊക്കിയിരിക്കുന്നതെന്ന കാര്യത്തിൽ നമുക്ക് തർക്കമില്ല. ശൈലിയുടെ തികവല്ല ഇതിനു കാരണമെന്നും ബോർഹെസ്‌ പറയുന്നു. 

ഈ കാഴ്ചപ്പാടിൽ നിന്ന് നോക്കിയാൽ ബഷീറോ ആനന്ദോ കലാപരമായ തികവ്‌ ഭാഷയിൽ നേടിയവരല്ല എന്നു കാണാം. എങ്കിലും അവർ രണ്ടുപേരും മലയാളത്തിൽ ഉറപ്പുള്ള രണ്ടുതരം ഭാവുകത്വം നിർമ്മിച്ചിട്ടുണ്ട്‌. അത്‌ അവർക്കുശേഷം മികച്ച എഴുത്തുകാരെ ഭാഷയിൽ രൂപപ്പെടുത്താനുള്ള ഊർജ്ജസ്രോതസ്സാവുകയും ചെയ്തുവെന്ന് എനിക്കു തോന്നാറുണ്ട്‌. 

ഞാനെഴുതുന്നത്‌ വേണ്ടത്ര സാഹിത്യപരം അല്ലെന്ന തോന്നൽ എനിക്ക്‌ ഉണ്ടായിരുന്നു. എന്റെ കാലത്തും അതിനു മുൻപും ഉള്ള സാഹിത്യം കുറച്ചു വായിച്ചപ്പോൾ  സ്വന്തമായി എന്തെങ്കിലും വേണം എന്നു തീരുമാനിച്ചു. മറ്റാർക്കും കിട്ടാത്ത ഒരു നോട്ടം എനിക്കുണ്ടോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഞാൻ ബുക്‌ റിവ്യൂ എഴുതിക്കൊണ്ടിരുന്ന വർഷങ്ങളിൽ ഈ സാഹിത്യപരമായ ഭാവന മറ്റെവിടെയോ ഇരിക്കുകയാണ് , ഒരിക്കലും എന്റെ അടുത്തേക്ക്‌ അത്‌ വരാനിടയില്ലെന്നു തോന്നിയിരുന്നു. 

എസേ എന്നത്‌ കഥയുടെ അഥവാ ഫിക്ഷന്റെ വിപുലീകരണം ആയാണു ഞാൻ സങ്കൽപിച്ചത്‌. ഒരൊറ്റ രൂപകം മതി ഗദ്യമെഴുതാൻ; വിവരങ്ങളും ഭാവനയും ഇഴചേർന്ന് ഭാഷയിൽ പ്രവർത്തിക്കുമ്പോൾ എസേ ഉണ്ടാകുന്നു. അതാണ് ഏറ്റവും ആത്മകഥാപരമായ ആവിഷ്കാരം എന്നും ഞാൻ അറിഞ്ഞു. അതൊരു തെളിച്ചമായിരുന്നു. നോൺ ഫിക്ഷൻ എന്നത്‌ നോവലാകുകയും ഫിക്ഷൻ എസേയാകുകയും ചെയ്യുന്ന കാലമാണിതെന്ന് ഇപ്പോൾ ചിലർ പറയാറുണ്ട്‌. അതിൽ വാസ്തവം ഇല്ലാതില്ല. 

ഒരാൾ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്നത്‌, കൺഫെഷൻസ്‌, ഒരു സവിശേഷസാഹിത്യരൂപമായി ലോകമെങ്ങും വായനക്കാരുടെ മതിപ്പ്‌ നേടുന്നുണ്ട്‌. നൊബേൽ സമ്മാന ജേതാവായ ഫ്രഞ്ച്‌ എഴുത്തുകാരി ആനി എർനോയെ നോക്കൂ, പരമ്പരാഗതമായ ഭാവനാസാഹിത്യം അവർ എഴുതിയിട്ടില്ല. പകരം സ്വജീവിതാനുഭവങ്ങൾ ജേണലിസത്തോടു മുട്ടിനിൽക്കുന്ന ഭാഷയിൽ തുറന്നെഴുതുകയാണു ചെയ്തത്‌. എർനോയുടെ ഗദ്യം ഒരുപാി ജേണലിസവും മറുപാതി ഏറ്റുപറച്ചിലുമാണ്‌. 50 വർഷം മുൻപായിരുന്നുവെങ്കിൽ അവരെ നൊബേൽ സമ്മാനത്തിനു പരിഗണിക്കില്ലായിരുന്നു. 

annie-ernaux-book-getting-lost

സാഹിത്യരൂപങ്ങളുടെ ശുദ്ധി നഷ്ടമായിക്കഴിഞ്ഞുവെന്നു തിരിച്ചറിയുന്നിടത്താണ്‌ ഇക്കാലത്ത്‌ എഴുത്തിന്റെ ദിശ തെളിഞ്ഞുകിട്ടുക. അപ്പോഴാണ്‌ ഭാവനയുടെ ഏറ്റവും സൂക്ഷ്മമായ ധാതുവിലേക്കു നോട്ടം കിട്ടുന്നത്‌. വായനാക്ഷമതയുള്ള ഭാഷ എഴുതൂ എന്ന് എന്നോട്‌ കാൽനൂറ്റാണ്ടു മുൻപ്‌ ഒരു കൂട്ടുകാരൻ ഉപദേശിക്കുമായിരുന്നു. ജേണലിസത്തിൽ അത്‌ നിർബന്ധം തന്നെ. എന്നാൽ സാഹിത്യത്തിൽ അതൊരു പ്രലോഭനമാണ്‌. ഭാവനയുടെ ഭാഷ ഏതെങ്കിലും വായനക്കാരുടെ നിലവാരത്തിന്‌ അനുസരിച്ച്‌ അല്ല സംഭവിക്കുക. 

ചില എഴുത്തുകാരുടെ തലച്ചോറ്, നിരന്തര വായനയാലും ജീവപ്രപഞ്ചത്തിൽ മുങ്ങിക്കിടപ്പിനാലും കളങ്കിതമായി, കൂടിക്കുഴഞ്ഞ്‌, വിവശമായി ഒരുനാൾ ഒരു സ്വകാര്യഭാഷ നിർമ്മിക്കുന്നു. അതിന്റെ നിഗൂഡതയിലേക്ക്‌ മെല്ലെ വായനക്കാരെ പിടിച്ചുകൊണ്ടുപോകുകയും ആ രഹസ്യങ്ങളുടെ കെട്ടഴിച്ചുകൊടുക്കുകയും ചെയ്യുന്നു. ശക്തമായ അനുഭൂതികളുടെ ഈ സമ്പർക്കത്താൽ ഏറ്റവും ദുഷ്കരമായ ശൈലിയും ഹരമുള്ളതായിത്തീരും. വായനാക്ഷമത എന്ന ഗുണവിചാരം നല്ലതുതന്നെ. എന്നാലത്‌ പലപ്പോഴും എഴുത്തിന്റെ  സ്ഥൂലതയെയും ഉദാസീനതയെയും തന്ത്രപൂർവ്വം ഒളിപ്പിക്കുകയാണു ചെയ്യുന്നത്‌. 

ബോർഹെസ്‌ പറഞ്ഞത്‌, താൻ ലളിതമായ കഥകൾ  എഴുതാനാണ്‌ ശ്രമിച്ചത്‌ എന്നാണ്‌. “എന്നാൽ എന്റെ കഥകൾ ലളിതമായിരുന്നുവെന്നു ഞാൻ പറയില്ല. കാരണം ലളിതമായ ഒരു താളോ ഒരു വാക്കോ ഭൂമിയിൽ ഇല്ല - എല്ലാ താളുകൾക്കും എല്ലാ വാക്കുകൾക്കും അടിസ്ഥാനമായി പ്രപഞ്ചമാണുള്ളത്‌. പ്രപഞ്ചത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ ഗുണം അതിന്റെ സങ്കീർണ്ണതയാണ്‌".

English Summary:

Ezhuthumesha column by Ajay P Mangatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com