അവസാന പുസ്തകത്തിനു തൊട്ടുമുൻപ് എന്താണുള്ളത്?
Mail This Article
വർഷങ്ങളോളം ഞങ്ങളുടെ ഗ്രാമീണപട്ടണത്തിലെ ചന്തദിവസം ഞായറാഴ്ചയായിരുന്നു. രാവിലെ തുടങ്ങുന്ന പട്ടണത്തെരുവിലെ തിരക്ക് രാത്രി വരെ തുടരും. സിനിമാടാക്കീസിൽ ഞായറാഴ്ച മാത്രമായിരുന്നു സെക്കൻഡ് ഷോ. ചില ഞായറാഴ്ചകളിൽ രാത്രി ഉറക്കം ഞെട്ടുമ്പോൾ താഴെ വഴിയിലൂടെ സിനിമ കഴിഞ്ഞ് ആളുകൾ സംസാരിച്ചുപോകുന്നതു കേട്ടിരുന്നു. രാത്രിയിലെ നടത്തങ്ങൾ ഇപ്പോഴും ഒരു ദേജാവു കൊണ്ടുവരും. തെരുവിനോടു ചേർന്ന വീടുകളിൽ ആരെങ്കിലും ഉണർന്നു കിടക്കുന്നുണ്ടാകുമോ എന്ന വിചാരത്തിൽ നിന്നാണത്.
ഞായറാഴ്ചകളിൽ പട്ടണത്തിൽ തെരുവുകച്ചവടക്കാരുടെ വലിയൊരു സംഘമുണ്ടാകും. എലിവിഷം മുതൽ ഒറ്റമൂലി വരെ തെരുവിൽ നിരക്കും. അക്കാലത്ത് എല്ലാ മാസവും ദൂരെയെവിടെനിന്നോ ഒരു ചെറുപ്പക്കാരൻ പട്ടണത്തെരുവിൽ വന്ന് കടകളിൽ മറ്റും കയറിയിറങ്ങി ഉപയോഗശൂന്യമായ ബൾബുകളും ട്യൂബ് ലൈറ്റുകളും ശേഖരിക്കും. എന്നിട്ടു റോഡരുകിൽ നിന്ന് അതെല്ലാം സ്വന്തം ശരീരം കൊണ്ട് ഉടയ്ക്കും. ഒടുവിൽ ആ കുപ്പിച്ചില്ലുകൾ ചവച്ചരച്ചു തിന്നുന്നതോടെ ആ പ്രകടനം അവസാനിക്കുന്നു.
ശരീരമാസകലം ചോരപ്പൊട്ടുകളുമായി അയാൾ കടകൾ തോറും കൈനീട്ടി നടക്കുന്നത് വല്ലാത്ത കാഴ്ചയായിരുന്നു. ഞായറാഴ്ചയിലെ ചന്തകൾ അവസാനിച്ചു. പഴയകാല വ്യാപാരങ്ങൾ അവസാനിച്ചു പോകുകയും പട്ടണം നേർത്തുനേർത്തു പോകുകയുംചെയ്തു.
വർഷങ്ങൾ കഴിഞ്ഞു ഞാൻ ബോഡിനായ്കനൂരിൽ വച്ചു തെരുവിൽ സർക്കസ് നടത്തിയിരുന്ന ഒരു മനുഷ്യനെ പരിചയപ്പെട്ടു. ഞാൻ പരിചയപ്പെടുമ്പോൾ അയാൾ തേനിയിലോ മറ്റോ ഒരു മദ്യശാലയിൽ ജോലിയെടുക്കുകയായിരുന്നു. അയാൾ താൻ തെരുവിൽ ചെയ്തിരുന്നത് എന്നോടു പറഞ്ഞു. ടെലിഫോൺ പോസ്റ്റിന്റെ നീളമുള്ള ഒരു കമ്പിന്റെ അറ്റത്ത് നാലോ അഞ്ചോ വയസ്സുള്ള മകളെ കിടത്തിയിട്ട് ആകാശത്തേക്ക് സ്വന്തം കൈവെള്ളയിൽ കുത്തിയുയർത്തും. സ്വന്തം കൈവെള്ളയിൽ നിർത്തിയ ആ കമ്പുമായി നൃത്തം ചെയ്യുന്ന അഭ്യാസമായിരുന്നു അയാൾ ചെയ്തിരുന്നത്. കൈകൾ രണ്ടുവശത്തേക്കു വിരിച്ചുപിടിച്ച് കാലുകൾ നീട്ടി ആ കുട്ടി കമ്പിനു മുകളിൽ മിനിറ്റുകളോളം നിശ്ചല ചിത്രമായി കിടക്കും. ഒടുവിൽ അയാൾ കമ്പിൽനിന്ന് പൊടുന്നനെ കൈവിടും. അപ്പോൾ കൊട്ട് നിലയ്ക്കും. ആ നിശ്ശബ്ദതയിലൂടെ താഴേക്കു വീഴുന്ന കുട്ടിയെ ഇരുകൈകളിൽ പിടിക്കുകയും ചെയ്യും. ഈ ഭയങ്കരകൃത്യത്തിന്റെ ഒരു പഴയ ചിത്രം അയാൾ എന്നെ കാണിച്ചു.
തെരുവുസർക്കസിന്റെ കാലത്ത് അയാളും ദേഹത്തു ട്യൂബ് ലൈറ്റ് അടിച്ചു പൊട്ടിച്ച് അഭ്യാസം കാട്ടിയിരുന്നു. അയാൾ ഷർട്ടൂരിയപ്പോൾ ശരീരത്തില്‍ നിറയെമായാത്ത മുറിപ്പാടുകൾ കണ്ടു. ഞങ്ങളുടെ ചെറിയ പട്ടണത്തിൽ ഇയാളായിരുന്നിരിക്കണം വന്നത്. ചുമ്മാതെ തോന്നുന്നതാണ്. ഒരു ഓർമ്മ അതിന്റെ അതേ ജനിതകമുള്ള മറ്റൊന്നുമായി കണക്ട് ചെയ്യാൻ വ്യഗ്രതപ്പെടും.
വർഷം ചെല്ലുന്തോറും നമ്മുടെ ഓർമയിൽ പുതിയ മനുഷ്യരും വസ്തുക്കളും തെളിഞ്ഞുവരുകയും മറ്റു പലതും മാഞ്ഞുപോകുകയും ചെയ്യുന്നുണ്ട്. ഇത് നമ്മുടെ സ്വഭാവത്തെയും മാറ്റുന്നു. നാമത് അറിയുന്നില്ല. ഞാൻ പഴയ ആൾ തന്നെ, എനിക്കൊരു മാറ്റവും ഇല്ല എന്ന് വാശിപിടിക്കുകയും ചെയ്യുന്നു.
തെരുവിലെ അഭ്യാസിയായ ആ ചെറുപ്പക്കാരന്റെ പേരറിയില്ലെങ്കിലും അയാളെ ഞാൻ നന്നായി ഓർമിക്കുന്നു. അയാളുടെ വായിൽനിന്നു വന്ന ചോര ഇപ്പോഴും തിളങ്ങുന്നു. അതെസമയം അക്കാലത്തു നിറഞ്ഞുനിന്നതെല്ലാം മാഞ്ഞുപോയിരിക്കുന്നു. അന്നത്തെ സ്നേഹങ്ങളുടെ പേരും ഊരും മറന്നെങ്കിലും വായിച്ച പുസ്തകങ്ങൾ മണ്ണടിഞ്ഞെങ്കിലും അവ വച്ചിരുന്ന അലമാരലിലെ പൂപ്പൽ ഇപ്പോഴുമോർക്കുന്നു. പൊടിക്കുറയ്ക്ക്, പൂപ്പലിന് വിശേഷിച്ച് ഒരു പ്രാധാന്യവും ഇല്ലെങ്കിലും ഒരു മനുഷ്യന് സ്വന്തം ഇടം ഓർക്കേണ്ടിവരുമ്പോൾ ഇത്തരം അപ്രധാനങ്ങൾക്ക് മൂർച്ചയേറിയ വക്കുകൾ ഉണ്ടായിത്തീരുന്നു.
മനുഷ്യശരീരത്തിൽ നിമിഷം തോറും അനവധി കോശങ്ങൾ വിഭജിക്കപ്പെട്ടു പുതിയ ഉണ്ടാകുകയും പഴയതു നശിക്കുകയും ചെയ്യുന്നു. മരിച്ച കോശങ്ങൾ പുതിയ കോശങ്ങളിലൂടെ തുടരുന്നതുപോലെ ഓർമ്മകളിലും ചില ഘടകങ്ങൾ വിഭജിക്കപ്പെട്ടു പുതിയത് ഉണ്ടാകുന്നു. പഴയത് ഇല്ലാതാകുന്നു. അതിനിടെ ചിലത് കാൻസറസ് ആകുന്നത് തടയാനാണ് അവ ഭാഷയിലേക്കു പരിവർത്തനം ചെയ്യപ്പെടുന്നത്. ആത്മരക്ഷാർഥമുള്ള ഒരു പ്രതിരോധമായാണു ഭാഷ അന്നേരം പ്രവർത്തിക്കുന്നത്. ഒരാളുടെ സ്മരണയിൽ നിന്ന് സ്വതന്ത്രമാകുന്നതു ഭാഷയുടെ ആകാരം സ്വീകരിക്കുമ്പോഴും അവയുടെ പൂർവ്വരൂപം മനുഷ്യനുള്ളിൽ തുടരുന്നുണ്ട്. ഈ അപൂർണ്ണത വായനക്കാരന്റെ സ്മരണകൊണ്ടു പൂരിപ്പിക്കപ്പെടുകയാണുചെയ്യുന്നത്. ഒരു പ്രത്യേക
സ്ഥലം, വെളിച്ചം, ഇരുട്ട്, കാറ്റ് എന്നിവയിൽ പൊടുന്നനെ ഒരുപൂർവ്വസ്മരണയുടെ അനക്കം അനുഭവപ്പെടുന്നു, അടുത്ത ക്ഷണം നഷ്ടമാകുകയും ചെയ്യുന്നു, ഇത് പിടിച്ചുനിർത്താനുള്ള ദാഹമാണ് ഒരാളുടെ ഭാവനയായി പ്രവർത്തിക്കുന്നത്. ഇത് പുറത്തുനിന്നേൽക്കുന്ന മിന്നലാണ്. അത് അകത്ത് വൈദ്യുതപ്രവാഹമായി പ്രസരിക്കുന്നു. അതുവരെ പ്രാധാന്യവുമില്ലാതിരുന്നതോ ഫോസിലായിരുന്നതോ ആയ കോശങ്ങളെ ഊർജ്ജഭരിതമാക്കുന്നു.
ഒരുകാര്യം ശരിയാണ്, ചില കഥാപാത്രങ്ങൾ കുറച്ചുകൂടി മിഴിവുറ്റതാക്കാമെന്ന്, കുറെക്കൂടി വിവരങ്ങളാകാമായിരുന്നുവെന്ന് വായന തീരുമ്പോൾ ചിലർക്കെങ്കിലും തോന്നാറുണ്ട്. എഴുത്തുകാർ ആകട്ടെ തനിക്കുള്ളിലെ ഏറ്റവും വിലപിടിപ്പേറിയ ഒരു അംശം പൂർണ്ണമായി എഴുതപ്പെട്ടാൽ ഭാവനാശൂന്യമായി, താൻ ദരിദ്രമാക്കപ്പെടുമോ എന്ന ഭയത്തിലാണ് പെട്ടെന്ന് എഴുത്ത് ഒരിടത്ത് നിർത്തുന്നത്.
എഴുതിയതു മതിയെന്ന് തോന്നാറുണ്ടോ? ഇത്രമതി, ഇനി പഴയ പട്ടണത്തിൽ രാത്രിയിലെ അവസാന ബസിറങ്ങി ഒറ്റയ്ക്ക് അരണ്ട വിജനതയിൽ നിൽക്കുമ്പോൾ തോന്നിയിരുന്ന ഒരുതരം ആനന്ദത്തിൽ വീണ്ടും പോയിനിൽക്കുകയാണു വേണ്ടതെന്ന് സങ്കൽപിക്കാറുണ്ടോ? അല്ലെങ്കിൽ വായനക്കാരാൽ വിസ്‌മരിക്കപ്പെട്ട്, താൻ ഒരിക്കൽ എഴുത്തുകാരനായിരുന്നു എന്നതുവരെ മറന്ന് ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന വർഷങ്ങൾ എന്നാണു സംഭവിക്കുന്നത് എന്ന് ആലോചിക്കുകയാണോ? ഇത് നല്ല രസമുള്ള വിഷയമാണ്. ഒരാളുടെ ഐഡിന്റിറ്റി മ്യുട്ടേറ്റ് ചെയ്ത് മറ്റൊന്നായിത്തീരുന്നത്.
ഇതാണ് അവസാനത്തെ നോവൽ എന്ന് വിചാരിച്ചാണ് എഴുതുന്നത്. എല്ലാം പിഴിഞ്ഞെടുത്ത് ഊറ്റണം. എന്നാൽ എഴുത്തിനു ബദലായി പ്രവർത്തിക്കുന്ന നിസ്സംഗമായ ആത്മഭാവം ഓർമ്മയുടെ ഒരു ഓഹരിയെ പിടിച്ചുവയ്ക്കുന്നു. അതിനെ വാക്കോ സ്വരമോ ആകാൻ അനുവദിക്കാതെ മൂടിവയ്ക്കുന്നു. എഴുത്തു കഴിഞ്ഞ് പുസ്തകം അച്ചടിച്ചു വിട്ടുപോയിട്ടാണ് അറിയുന്നത്, എഴുതാൻ ഉദ്ദേശിച്ചത് സത്യത്തിൽ എഴുതിയിട്ടില്ല. അതിനാൽ ഈ വായിക്കുന്നത് അവസാനത്തെത് അല്ല, അവസാനപുസ്തകത്തിനു തൊട്ടുമുൻപുള്ളതാണ്.