ADVERTISEMENT

ഒരു പ്രത്യേക പ്രായം കഴിഞ്ഞാൽ നമ്മുടെ പരിസരത്തു സംഭവിക്കുന്ന ഓരോ മാറ്റവും  അസഹനീയമായിത്തീരും. വ്യക്തിപരമായ അംഗഛേദനം പോലെ, മരണഭയമുണ്ടാക്കുന്ന ഒരു തമാശ പോലെ തോന്നും. ബോർഗെസിന്റെ 'ദി അലിഫ്‌' എന്ന കഥയിൽ, ബ്രിയാട്രിസ്‌ വിട്ടർബോയിലിന്റെ മരണം വിവരിക്കുന്ന പ്രാരംഭം, ഈ പ്രപഞ്ചം മാഞ്ഞുപോകുന്നത്‌, എടുത്തെഴുതിയാണ്‌ ഏജിങ്‌ എങ്ങനെയാണു നമ്മിൽ ഞെട്ടലോ ശൂന്യതയോ ഉണ്ടാക്കുന്നതെന്നു മെക്സിക്കൻ എഴുത്തുകാരനായ സെർഗിയോ പിത്തോൾ വിശദീകരിക്കുന്നത്‌. 

മെമ്മറി ട്രിലജിയുടെ ആദ്യപുസ്തകമായ ദി ആർട്ട് ഓഫ് ഫ്ളൈറ്റിൽ ‘കാലത്തിന്റെ മുറിവുകൾ’എന്ന പേരിൽ ഒരു അധ്യായമുണ്ട്.  1950കളുടെ ഒടുക്കം, പിത്തോളിന്റെ ഇരുപതുകളിൽ, റോമിൽ താമസിച്ച നാളുകളിൽ പതിവായി പോയിരുന്ന ഒരു ബുക് ഷോപ്പിനെപ്പറ്റി പറയുന്നു: പ്രായം ചെന്ന ദമ്പതികളായിരുന്നു അത്‌ നടത്തിയിരുന്നത്‌. അവർക്ക് എത്രവയസ്സായി എന്ന് ആർക്കും അറിയില്ലായിരുന്നു.

പ്രായമേറുന്തോറും യൗവനം പ്രസരിപ്പിക്കുന്ന രണ്ടുപേരായി അവർ കാണപ്പെട്ടു. മികച്ച പുസ്തകങ്ങൾ മാത്രം തിരഞ്ഞെടുക്കുകയും അതു മനോഹരമായി ഡിസ്പ്ലേ ചെയ്തു വയ്ക്കുകയും ചെയ്തിരുന്ന ബുക്ക് ഷോപ്പിൽ ക്സാസിക്കുകളും ഏറ്റവും പുതിയ മികച്ച പുസ്തകങ്ങളും മാത്രം പ്രത്യക്ഷപ്പെട്ടു. ‘ലൈറ്റ്‌ ലിറ്ററേച്ചറി’ന്‌ ഇടമില്ലാത്ത അവിടെ, നല്ല വായനക്കാർ മാത്രം വന്നാൽ മതിയെന്നായിരുന്നു അവരുടെ നിലപാട്‌. ഒരിക്കൽ പോലും ആ നിലപാടിൽ അവർ മാറ്റം വരുത്തിയതുമില്ല. റോമിലെ സന്ദർശനത്തിൽ ഓരോ തവണ അതുവഴി പോകുമ്പോഴും പിറ്റോൾ അവിടെപ്പോയി പുസ്തകം വാങ്ങി. അവിടെ ചെലവഴിക്കുന്ന സമയം മനോഹരമായി അനുഭവപ്പെട്ടു. താൻ ഒരിക്കൽ എഴുത്തുകാരനായിത്തീരുമെന്ന് ഉറച്ചു വിശ്വസിക്കാനും പുസ്തകങ്ങളുടെ ആനന്ദം  അറിയാനും ആ സന്ദർശനങ്ങൾ ഉപകാരപ്പെട്ടു.

സെർഗിയോ പിത്തോൾ, Image Credit: Facebook/lajornadaonline
സെർഗിയോ പിത്തോൾ, Image Credit: Facebook/lajornadaonline

എതാനും വർഷത്തിന്റെ ഇടവേളയ്ക്കുശേഷം അവിടെച്ചെല്ലുമ്പോൾ ആ സ്ത്രീയെ മാത്രമാണു കണ്ടത്. പുസ്തകമെടുത്തു കൊടുക്കാനും വിൽപന നടത്താനും ഒരു ചെറുപ്പക്കാരി അവിടെയുണ്ടായിരുന്നു. ഏതാനും മാസം മുൻപ്‌ സ്ത്രീയുടെ ഭർത്താവ്‌ മരിച്ചുപോയെന്ന് ആ പെൺകുട്ടിയാണു പറഞ്ഞത്. ആ സ്ത്രീ പഴയ ആൾ ആയിരുന്നില്ല. അവരുടെ പ്രസാദം വാർന്നുപോയിരുന്നു. ശൂന്യമായ കണ്ണുകളോടെയാണ്‌ അവിടെ ഇരുന്നത്‌. ഭർത്താവ് മരിച്ചശേഷം അവർ വിഷാദരോഗത്തിന്റെ പിടിയിൽ വീണുപോയി. അപാർട്ട്മെന്റിൽ അവർ തനിച്ചു കഴിഞ്ഞാൽ എന്തെങ്കിലും സംഭവിക്കുമെന്നു പേടിച്ചു ബന്ധുവായ പെൺകുട്ടി അവരെ എന്നു

കടയിൽ കൊണ്ടുവന്ന് ഇരുത്തുകയാണ്. ഏതാനും മാസത്തിനുശേഷം ആ തെരുവിലൂടെ വീണ്ടും കടന്നുപോകുമ്പോൾ പുസ്തകങ്ങൾ നിരത്തിവച്ച ആ ജാലകങ്ങൾ അപ്രത്യക്ഷമായിക്കണ്ടു. ആ കട നിർത്തിപ്പോയിരുന്നു. ആ തെരുവ്‌ അപ്പോൾ കടുത്ത ശൂന്യത പരത്തുന്ന ഒന്നായി. ഈ അനുഭവത്തെയാണ്‌ കാലത്തിന്റെ മുറിവ്‌ എന്നുപറയുന്നത്‌. ഇതേ പുസ്തകത്തിൽ റോമിലെ മറ്റൊരു തെരുവിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ  ഇറ്റലിയിലെ കമ്യൂണിസ്റ്റുകാരും അസ്തിത്വവാദികളും പതിവായി പോയിരുന്ന ഒരു ഭക്ഷണശാലയെപ്പറ്റിയുള്ള വിവരണമുണ്ട്.

സാർത്ര് ആയിരുന്നു അക്കാലത്ത് അവിടെത്തെ അസ്തിത്വവാദികൾക്കും കമ്യൂണിസ്റ്റുകാർക്കും പ്രിയങ്കരനായ എഴുത്തുകാരൻ. സാർത്രിനു ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുമായി വിശേഷിച്ചൊരു ബന്ധവുമുണ്ടായിരുന്നു. 'ക്രിട്ടിക് ഓഫ് ഡയലക്റ്റിക്കൽ റീസൺ' ആണ് ചർച്ച ചെയ്തിരുന്ന ഒരു പുസ്തകം! സദാസമയം പുകവലിക്കുകയും അതിനിടെ മനോഹരമായ സംസാരിക്കുകയും ചെയ്യുന്ന മരിയ എന്ന സ്ത്രീയായിരുന്നു ആ കടയുടെ മുഖ്യ ആകർഷണം. അവരായിരുന്നു നടത്തിപ്പുകാരി. വർഷങ്ങൾക്കുശേഷം പിത്തോൾ ആ വഴിയെ വീണ്ടും പോകുമ്പോൾ ആ കടയോ ആ തെരുവോ പോലും  കാണാനില്ലായിരുന്നു. കാലമേൽപിക്കുന്ന മറ്റൊരു മുറിവായി സാർത്രെയും വിസ്മരിക്കപ്പെട്ടു. 

ഒരിക്കൽ നമ്മെ പ്രചോദിപ്പിക്കുകയും മാറ്റിമറിക്കുകയും ചെയ്ത ഒരു നഗരത്തിന്റെ സർഗാത്മകമായ തെരുവുകൾ കാലക്രമേണ നഷ്ടമാകുന്നു. വാർധക്യം യൗവനത്തെ അപഹരിക്കുകയും വാർധക്യത്തെ മരണം അപഹരിക്കുകയും ചെയ്യുന്ന സമയലീലയെപ്പറ്റിയാണു പിത്തോൾ എഴുതിയത്.  ഈ കാലഭ്രമത്താൽ എഴുത്തിൽ ഭൂതവും ഭാവനയും ഇടകലർന്നുപോകുന്നതിനെപ്പറ്റിയും പിത്തോൾ എഴുതുന്നുണ്ട്.

ബാല്യകാലത്തിൽ നമ്മെ ആനന്ദിപ്പിക്കുകയും എഴുത്തുകാരനെ നിലയിൽ പിന്നീടു പ്രചോദിപ്പിക്കുകയും ചെയ്ത സ്ഥലങ്ങൾ പിന്നീട് ചെന്നുനോക്കുമ്പോൾ അവിടെയില്ലെന്നു കാണുമ്പോഴുള്ള ശൂന്യതയാണത്‌. ചെറുപ്പകാലത്തെ സ്ഥലത്തിന്റെ ഓർമയിൽനിന്ന് താനെഴുതിയതിൽ ഒന്നും വർഷങ്ങൾക്കുശേഷം അവിടെച്ചെന്നു നോക്കുമ്പോൾ ഇല്ലെന്നു കണ്ടു നിരാശനായെന്നും പിത്തോൾ പറയുന്നു. കാലത്തിന്റെ മുറിവുകൾ.

ലൂയി ഗ്ലിക്ക്, Photo by Don J. Usner
ലൂയിസ്‌ ഗ്ലൂക്ക്, Photo by Don J. Usner

'Parable of a flight' എന്ന ലൂയിസ്‌ ഗ്ലൂക്കിന്റെ കവിത, നമ്മുടെ തീവ്രമായ അഭിനിവേശങ്ങൾ നഷ്ടമായിത്തീരുന്നത്‌ എപ്രകാരമാണു നാം അനുഭവിക്കേണ്ടതെന്ന് “അന്തിയാകുന്നു വെയിൽപക്ഷികൾ പറന്നെങ്ങു പോകുന്നു” എന്ന വിനയചന്ദ്രൻ കവിതയുടെ മട്ടിൽ വിവരിക്കുന്നുണ്ട്‌. വേനലാരംഭത്തിലെ വെങ്കല സന്ധ്യയ്ക്കെതിരെ കറുപ്പു വിരിച്ച്‌ ഒരുപറ്റം പക്ഷികൾ മലയുടെ പക്കത്തിലൂടെ പറന്നുപോകുന്നു. അവയെങ്ങുപോകുന്നുവെന്നത്‌ ഒരു കാര്യമാണോ? അവ ഏതിനം പക്ഷികൾ ആയിരിക്കുമെന്നതും? അവ ഇവിടം വിട്ടുപോകുന്നുവെന്നു മാത്രം. ആദ്യം അവയുടെ ഉടലുകൾ, പിന്നീട്‌ അവയുടെ പാവംകരച്ചിലുകളും. പിന്നീട്‌ അവ ഇല്ലേയില്ല. നമ്മുടെ പ്രണയവും ഇതുപോലെയാണെന്ന് നാം വിചാരിക്കണം. "ഓരോ ചുംബനവും യഥാർഥമായിരുന്നു. ഓരോ ചുംബനവും ഭൂമിയുടെ മുഖംവിട്ടു പോകുകയും ചെയ്തു".

ഈ ആഴ്ചയിൽ എന്താണു ചിന്തിക്കാനുള്ളത്‌? വർഷങ്ങൾക്കുമുൻപ്‌ നമ്മൾ ഒളിച്ചുപോയിത്താമസിച്ച കടലോരപ്പട്ടണത്തിലെ ആ ഹോട്ടൽ സൂനാമിക്കുശേഷവും അവിടെയുണ്ടോ എന്നാണോ? ബാൽക്കണിയിലേക്കുള്ള വാതിൽ തുറക്കുമ്പോൾ മാത്രം കടൽ കേൾക്കുന്ന ആ ഹോട്ടൽമുറിയിൽ നാം ചുംബിച്ച നിമിഷങ്ങൾ നമ്മുടെ ഹൃദയത്തിൽനിന്ന്, നമ്മുടെ ഉടലിൽനിന്ന് എങ്ങനെ മാഞ്ഞുപോയി എന്നാണോ? അല്ലെങ്കിൽ സൂനാമിക്കുശേഷം അതേ ഹോട്ടൽത്തേടി തനിച്ചുപോകാൻ ധൈര്യമുണ്ടാകുമോ എന്നാണോ? ആരാണ്‌ ഒരു പ്രേമത്തിന്റെ മുഴുവൻ ദൂരവും പോകുക? കുറച്ചുപേർ മാത്രം. ആ കൂട്ടത്തിലല്ലെങ്കിലും, കുറച്ചുനേരം നാം കൂട്ടായിനിന്നു.

ബുദ്ധിമതിയായ, നല്ല വാക്കുകൾ പറയുന്ന ഒരു സ്ത്രീയുടെ പ്രേമം സമ്പാദിക്കാനാകുക ഒരു പുരുഷന്റെ വിജയമാണ്‌. അയാൾക്ക്‌ അതിൽപരം ആനന്ദം മറ്റൊന്നുമില്ല. നാളെ ദരിദ്രനായിത്തീരും എന്നറിഞ്ഞുകൊണ്ടുള്ള ക്ഷണികമായ ധന്യതയിലാണു നാം കഴിഞ്ഞത്‌. ഒരുപക്ഷേ, ഒരു കലാസൃഷ്ടിക്കു യോഗ്യമായ ആ സമയദംശനത്തിന്റെ മുറിവ്‌ ഉള്ളിൽ വയ്ക്കുമ്പോഴും അതു ഭാവന ചെയ്യാനോ എഴുതാനോ മറ്റൊരു സമയം ലഭിക്കില്ലെന്നും തോന്നുന്നു.

എങ്കിലും ഒരൊറ്റ കാര്യം: ആ മുറിയിലെ ജനാലകൾ പൂതലിച്ചിരുന്നു. വെള്ളവിരിയിലേക്ക്‌ തരിതരിയായി അതു വീണുകൊണ്ടിരുന്നു. വിയർത്ത ശരീരത്തിൽ ആ പൊടി പറ്റിപ്പിടിച്ചിരുന്നു. നീയും അതു ശ്രദ്ധിച്ചിരുന്നുവെങ്കിലും കാലം പൊടിഞ്ഞുകൊണ്ടിരിക്കുന്നുവെന്നു പറഞ്ഞില്ല. പക്ഷേ ആ ഹോട്ടൽമുറി ഇപ്പോഴും അവിടെ ഉണ്ടാകുമോ? ആ പൂതലിച്ച ജനാലപ്പാളികൾ ഒരു സിംബോളിസം ആയിരുന്നോ? 

English Summary:

Ezhuthumesha about Sartre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com