ADVERTISEMENT

വഴികൾ രണ്ടാണ്. ശാന്തിയും സമാധാനവും. അല്ലെങ്കിൽ ക്രോധവും സംഘർഷവും. വാർധക്യത്തിൽ ഇതു രണ്ടുമല്ലാതെ മറ്റെന്താണു ബാക്കി. ജീവിതവുമായി മാത്രമല്ല, ലോകവുമായി, വിധിയുമായി പൊരുത്തപ്പെടുക. അനിവാര്യതയെ അംഗീകരിച്ച് സമാധാനത്തെ വരിക്കുക. മറുവഴി സംഘർഷത്തിന്റേതാണ്. എന്റെ അനുഭവം ഇതു രണ്ടുമാണ്. ഒരു നിമിഷത്തിൽ‌ സമാധാനമെങ്കിൽ തൊട്ടടുത്ത നിമിഷം ക്രോധം. ഇവയിലൊന്നിൽ മാത്രമായി കുടുങ്ങാനാവില്ല. 

knife-salman

77–ാം വയസ്സിൽ സൽമാൻ റുഷ്ദി പറയുന്നതു വാർധക്യത്തെക്കുറിച്ചാണ്. അവസാനിക്കുന്ന ദിവസങ്ങളെക്കുറിച്ചും അടുത്തുവരുന്ന ഇരുട്ടിനെക്കുറിച്ചും. പൊതുവേദിയിലെ വധശ്രമത്തെ ഒരു കണ്ണ് മാത്രമായി അതിജീവിച്ച ശേഷം കത്തിമുനയിൽ (നൈഫ്) കടന്നുപോയ നിമിഷങ്ങളെക്കുറിച്ച് എഴുതിയ അദ്ദേഹം പുതിയ കൃതി പ്രഖ്യാപിച്ചു. മൂന്നു നോവല്ലകളുടെ സമാഹാരം. 

ജീവിതത്തിലെ വേർപിരിയാത്ത മൂന്നു ലോകങ്ങളെക്കുറിച്ചാണു എഴുപതോളം പേജുകൾ നീളുന്ന നോവെല്ലകൾ പറയുന്നത്. ഇന്ത്യ. ഇംഗ്ലണ്ട്. അമേരിക്ക. മൂന്നും വ്യത്യസ്തവും സ്വതന്ത്രവുമെങ്കിലും കൂട്ടിയിണക്കുന്ന ഘടകങ്ങളുമുണ്ട്. ആക്രമണത്തിനു ശേഷമാണു പ്രസിദ്ധീകരിച്ചതെങ്കിലും വിജയനഗരം (വിക്ടറി സിറ്റി) മുന്നേ എഴുതിയതാണ്. തിരിച്ചുകിട്ടിയ ജീവിതത്തിലെ ആദ്യ ഫിക്‌ഷൻ എന്നതാണ് ഉടൻ പുറത്തിറങ്ങുന്ന കൃതിയുടെ പ്രത്യേകത. 70 വയസ്സ് കഴിയുമ്പോൾ ഇനി എത്ര നാൾ ബാക്കി എന്ന ചിന്ത തടയാനാവില്ല. എഴുതാനുള്ള 22 നോവലുകൾ ഇനി എന്നിൽനിന്നു പ്രതീക്ഷിക്കേണ്ടതില്ല. ഭാഗ്യം അനുഗ്രഹിച്ചാൽ ഒന്നോ രണ്ടോ പുസ്തകങ്ങൾ കൂടി എഴുതിയേക്കും. യുക്രെയ്ൻ സാഹിത്യോത്സവത്തിൽ ഓൺലൈനായി പങ്കെടുത്ത റുഷ്ദി ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും മറയില്ലാതെ സംസാരിച്ചാണ് കയ്യടി നേടിയത്. 

rushdie-book

കരിയറിന്റെ അവസാനമാകുമ്പോൾ പലരുടെയും ശൈലി മാറാറുണ്ട്. ഞാനും അതേക്കുറിച്ച് ആലോചിക്കാറുണ്ട്. എന്റെ പുതിയ ശൈലി വരാനിരിക്കുന്ന നോവെല്ലയിൽ വായിക്കാനാവും: ആത്മവിശ്വാസത്തോടെ റുഷ്ദി വ്യക്തമാക്കി. യുക്രെയ്ൻ ജനതയുടെ അവസ്ഥ സ്വകാര്യ ജീവിതത്തിൽ താൻ കടന്നുപോയതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. മരണത്തെ മുന്നിൽ കണ്ടുള്ള നിമിഷങ്ങൾ. ജീവിതത്തോടുള്ള അടങ്ങാത്ത ആസക്തി. എല്ലാറ്റിനെയും അതിജീവിക്കുമെന്ന പ്രത്യാശ. 

rushdie-book-s

യുക്രെയ്ൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച റുഷ്ദി, വിഷയത്തിന്റെ ഒരു വശം മാത്രമാണു റഷ്യ പറയുന്നതെന്നും ഏകപക്ഷീയ കാഴ്ചപ്പാട് ചരിത്രത്തിൽ അടിച്ചേൽപിക്കാനാണു ശ്രമിക്കുന്നതെന്നു കുറ്റപ്പെടുത്തി. എനിക്കെതിരെയുണ്ടായ ആക്രമണം ആർക്കുമെതിരെ ഇനി ആവർത്തിക്കരുത്. അതുപോലെ തന്നെ യുക്രെയ്ന് എതിരായ യുദ്ധവും. ആക്രമണം എന്റെ ഭാഷയിൽ ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ കഥയിലെ ഒരു കഥാപാത്രം മാത്രമാണ് അക്രമി. അയാളുടെ കഥയുടെ ഭാഗമാകാൻ പാടില്ലെന്ന ദൃഡനിശ്ചയത്തിന്റെ ഫലമാണ് നൈഫ്. 

അക്രമത്തിന് അപ്പുറം ജീവിതത്തിന്റെ സൗന്ദര്യവും പ്രണയത്തിന്റെ വശ്യതയും കൂടി താൻ അറിഞ്ഞെന്നും റുഷ്ദി പറഞ്ഞു. അഞ്ചാം ഭാര്യ റേച്ചൽ എലീസ ഗ്രിഫിത്തിലൂടെയാണത്. വധശ്രമത്തിനു ശേഷം എല്ലാ ദിവസവും എഴുത്തുകാരന്റെ ഒരു ദൃശ്യമെങ്കിലും വിഡിയോഗ്രഫർ കൂടിയായ ഗ്രിഫിത്ത് പകർത്താറുണ്ട്. ഇതു പിന്നീട് ഒരു ഡോക്യുമെന്ററിയായി പുറത്തിറക്കുകയാണ് ലക്ഷ്യം. ബോംബും ഫാഷിസവും മാത്രമല്ല ജീവിതം. അഴിമതിയും മരണവും മാത്രമല്ല. പ്രണയവും സൗന്ദര്യവും കൂടിയാണ്: വൈകിയെത്തിയ തിരിച്ചറിവിൽ അദ്ദേഹം പറയുന്നു.

English Summary:

"Victory City" and Beyond: Salman Rushdie's Literary Renaissance at 77

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com