നൊബേൽ ലഭിച്ചിട്ടും ഹാൻ കാങ് ആഘോഷം ഒഴിവാക്കിയതെന്തിന് ? മറുപടിയുമായി പിതാവ്
Mail This Article
സാഹിത്യത്തിനുള്ള നൊബേൽ സമ്മാന പ്രഖ്യാപനത്തിനു പിന്നാലെ ജേതാക്കൾ മാധ്യമ പ്രവർത്തകരെ കാണുന്ന പതിവുണ്ട്. അഭിമുഖങ്ങൾ പുറത്തുവരാറുമുണ്ട്. എന്നാൽ, പ്രഖ്യാപനം വന്ന് 6 ദിസവമായിട്ടും നൊബേൽ നേടിയ ആദ്യ ദക്ഷിണകൊറിയക്കാരി മാധ്യമങ്ങളെ കണ്ടിട്ടില്ല. ആഘോഷ ചടങ്ങുകളിലൊന്നും പങ്കെടുത്തിട്ടുമില്ല. കാരണം അന്വേഷിച്ചവർക്ക് ഒടുവിൽ മറുപടി നൽകിയിരിക്കുകയാണ് കാങ്ങിന്റെ അച്ഛനും എഴുത്തുകാരനുമായ ഹാൻ സിയോങ് വോ.
തന്റെ മൗനത്തിന്റെ കാരണം വ്യക്തമാക്കാൻ എഴുത്തുകാരി അച്ഛനെ ചുമതലപ്പെടുത്തിയെന്നാണ് സൂചന. യുക്രെയ്ൻ, പലസ്തീൻ യുദ്ധങ്ങൾ തുടരുകയും ദിവസേന മരണ സംഘം കൂടുകയും ചെയ്യുന്നതിനിടെ ഒരു ആഘോഷത്തിലും പങ്കെടുക്കാനില്ലെന്നാണ് മകൾ പറയുന്നതെന്ന് അച്ഛൻ പറയുന്നു. ഇത്തരമൊരു നിലപാട് എടുക്കാൻ നിർബന്ധിതയായത് മനസ്സിലാക്കുക എന്നും പിതാവ് അഭ്യർഥിച്ചു.
2012ൽ മോ യാനു ശേഷം നൊബേൽ നേടുന്ന ആദ്യ ഏഷ്യക്കാരി കൂടിയായ ഹാൻ കാങ്ങിന്റെ പുസ്തകങ്ങൾ പുരസ്കാര പ്രഖ്യാപനത്തിനു ശേഷം ലോകമെങ്ങും വലിയ തോതിൽ വിൽക്കുന്നുണ്ട്. കൊറിയ ഒന്നാകെ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ അപൂർവ നേട്ടം ആഘോഷിക്കുന്നുമുണ്ട്. എന്നാൽ, എല്ലാ ബഹളത്തിൽ നിന്നും അകന്നു നിൽക്കുകയാണ് ഹാൻ കാങ്.
ഭരണകൂട ഭീകരതയാണ് ഇക്കാര്യത്തിൽ എഴുത്തുകാരിയെ ആശങ്കപ്പെടുത്തുന്നതെന്നാണ് സൂചന. എല്ലാത്തരത്തിലുള്ള അടിച്ചമർത്തലിനും എതിരെയാണ് വെജിറ്റേറിയൻ ഉൾപ്പെടെയുള്ള നോവലുകൾ പ്രതിഷേധിക്കുന്നത്. അടിച്ചമർത്തലും കിരാത നിയമങ്ങളും വ്യക്തിയുടെ മാനസിക നില തകർക്കുന്നതിന്റെ ഉദാഹരണമായി വെജിറ്റേറിയൻ വ്യാഖ്യാനിക്കുന്ന നിരൂപകരുമുണ്ട്. പ്രതിഷേധത്തിന് ഹാൻ കാങ്ങിന്റെ നായികമാർ സ്വീകരിക്കുന്ന മാർഗത്തിലും സവിശേഷതയുണ്ട്. അവരുടെ വേദി സ്വന്തം മനസ്സ് തന്നെയാണ്; എരിഞ്ഞു തീരുന്നത് ജീവിതവും. അതിനെ സ്വയം പീഡനം എന്നോ ആത്മഹനനം എന്നോ വിശേഷിപ്പിക്കാനാവില്ല.
ഒരൊറ്റ വ്യക്തിക്ക് ഭരണകൂടത്തിനെതിരെ, അധികാര ശക്തികൾക്കെതിരെ എന്തു ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് കാങ്ങിന്റെ എഴുത്ത്. ബദൽ ജീവിതത്തിന്റെ സാധ്യതയും ഈ നോവലുകൾ തുറന്നിടുന്നു. ഹാൻ കാങ് ജനിച്ചുവളർന്ന ഗ്വാങ്‌യുവിൽ 1980ൽ നടന്ന പ്രക്ഷോഭവും കാങ് ഡോങ് ഹോ എന്ന യുവാവിന്റെ മരണവുമാണ് ഹ്യൂമൻ ആക്ട്സ് എന്ന നോവലിന്റെ പ്രമേയം. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ടു പേരിലൂടെയാണ് ഗ്രീക്ക് ലെസൻസ് പുരോഗമിക്കുന്നത്. ചരിത്രത്തിന്റെ ആഘാതങ്ങൾ ഏറ്റുവാങ്ങിയ വ്യക്തി ദുരന്തങ്ങൾ യുദ്ധത്തിലൂടെ ആവർത്തിക്കുന്ന കാലത്ത് ആഘോഷം ഒഴിവാക്കി പ്രതിഷേധിക്കുകയാണ് ഹാൻ കാങ്; തന്റെ നായികമാരെപ്പോലെ സ്വതസിദ്ധമായി.