ADVERTISEMENT

പ്രശസ്ത‌മായ ജെസിബി പുരസ്‌കാരത്തിനുള്ള (25 ലക്ഷം രൂപ) ചുരുക്കപട്ടികയിൽ ഇടം നേടി മലയാളികൾ എഴുതിയ 2 നോവലുകൾ. എറണാകുളം സ്വദേശി സന്ധ്യാമേരിയുടെ 'മരിയ വെറും മരിയ' എന്ന നോവലിനു ജയശ്രീ കളത്തിൽ തയാറാക്കിയ വിവർത്തനം 'മരിയ ജസ്‌റ്റ് മരിയ', മലപ്പുറം സ്വദേശി സഹറു നുസൈബ കണ്ണനാരിയുടെ പ്രഥമ ഇംഗ്ലിഷ് നോവൽ 'ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്' എന്നിവയാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. 

പതിനാറ് സംസ്ഥാനങ്ങളിൽ നിന്ന് പുരസ്കാരത്തിനായി സമർപ്പിക്കപ്പെട്ട എഴുത്തുകാരുടെ കൃതികളിൽ നിന്നാണ് 5 നോവലുകളെ തിരഞ്ഞെടുത്തത്. ബംഗാളിയിൽ നിന്ന് ഋതുപർണ മുഖർജി വിവർത്തനം ചെയ്‌ത ശാക്യജിത് ഭട്ടാചാര്യയുടെ വൺ ലെഗ്ഗ്ഡ്, മറാത്തിയിൽ നിന്ന് പരോമിത സെൻഗുപ്ത വിവർത്തനം ചെയ്‌ത ശരൺകുമാർ ലിംബാലെയുടെ സനാതൻ,  എന്നിവയാണ് പട്ടികയിലെ മറ്റ് രണ്ട് വിവർത്തന കൃതികൾ. ഉപമന്യു ചാറ്റർജിയുടെ ലോറെൻസോ സെർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ് ആണ് പട്ടികയിലെ അവസാന പുസ്തകം.

jcb
സന്ധ്യാമേരി, സഹറു നുസൈബ കണ്ണനാരി, ജയശ്രീ കളത്തിൽ

മൂന്നാമത്തെ തവണയാണു ജയശ്രീ കളത്തിലിന്റെ വിവർത്തനം ജെസിബി പട്ടികയിൽ ഇടംപിടിക്കുന്നത്. 2024ലെ പുരസ്‌കാര പട്ടികയിൽ അഞ്ചെണ്ണം ഇംഗ്ലീഷില്‍ എഴുതിയവയും അഞ്ചെണ്ണം പ്രദേശിക ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തവയുമായിരുന്നു. കവിയും വിവര്‍ത്തകനുമായ ജെറി പിന്റോ ചെയര്‍മാനായ ജൂറിയിൽ, ചലച്ചിത്രകാരന്‍ ഷൗനക് സെന്‍, വിവര്‍ത്തകനായ ത്രിദിപ് സുഹൃദ്, കലാചരിത്രകാരിയും ക്യുറേറ്ററുമായ ദീപ്തി ശശിധരന്‍, ചിത്രകാരന്‍ അക്വി താമി എന്നിവരാണ് അംഗങ്ങള്‍.

വിജയിയെ നവംബർ 23നും പ്രഖ്യാപിക്കും. വിവർത്തന കൃതിക്കാണ് പുരസ്കാരമെങ്കിൽ 10 ലക്ഷം രൂപ വിവർത്തകർക്ക് ലഭിക്കും. അന്തിമ പട്ടികയിൽ എത്തുന്ന നോവലുകൾക്ക് ഓരോ ലക്ഷം രൂപ വീതവും വിവർത്തകർക്ക് അര ലക്ഷം രൂപ വീതവും സമ്മാനമുണ്ട്.

English Summary:

malayalam writers in JCB shortlist