എഴുത്തും വായനക്കാരിയും
Mail This Article
എഴുത്തിന്റെ രീതികളെപ്പറ്റി ആലോചിക്കുമ്പോൾ എനിക്കു തോന്നാറുള്ളത് പുസ്തകങ്ങളിലെ പ്രേമം, സൗഹൃദം, രതി തുടങ്ങി ആഹ്ലാദകരമായ കാര്യങ്ങളെല്ലാം നമ്മുടെ ഭാവനയിൽനിന്നാണു വരുന്നതെന്നാണ്. അങ്ങനെയൊരാൾ ഉണ്ടായിരുന്നെങ്കിൽ, ചില കാര്യങ്ങൾ സംഭവിച്ചിരുന്നെങ്കിൽ നന്നായേനെ എന്ന സ്വപ്നമാണ് എഴുത്തായി പരിണമിക്കുന്നത്
മറുവശത്ത് എഴുത്തിലെ ചോരയും വേദനയും ഏകാന്തതയും ഭീതിയും യഥാർഥജീവിതത്തിൽനിന്നു പകർത്തിയതാവും. സന്തോഷം നാം ഭാവന ചെയ്യുന്നു, വേദന നാം അനുഭവിക്കുകയും ചെയ്യുന്നു. ഇതൊരു സിദ്ധാന്തം എന്ന നിലയിലല്ല, എഴുത്തിന്റെ ഘടന എന്ന നിലയിൽ പങ്കുവച്ചതാണ്.
മുൻപൊരിക്കൽ പൊള്ളാച്ചിയിൽ കൂട്ടുകാരനൊപ്പം ഏതാനും ദിവസം ചുറ്റിക്കറങ്ങിയിരുന്നു. അവിടെത്തെ ഒരു കടവിൽ ഇറങ്ങിയപ്പോൾ നിറയെ പൊത്തുകളുള്ള കരിമ്പാറകൾ കണ്ടു. ഞണ്ടുകൾ അതിൽനിന്ന് ഇറങ്ങിവരുമായിരിക്കും എന്നു കരുതി.
എനിക്ക് നാട്ടിലെ പുഴ ഓർമവന്നു. അപകടകരമായ കിടങ്ങുകളുള്ള പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിവരുന്ന വെള്ളം ഒരു തടാകം പോലെ വട്ടംചുറ്റുന്നിടത്തായിരുന്നു നാട്ടിലെ കുളിക്കടവ്. പൊളളാച്ചിയിലെ വെള്ളത്തിൽ ഞങ്ങൾ കുറേനേരം നീന്തി. തിരിച്ചുപോരുമ്പോൾ ആ സ്ഥലം ഏതോ വിഷാദം കൊണ്ടുവരുന്നതാണെന്ന് എനിക്കു തോന്നി. അന്നു രാത്രി ഇന്റർനെറ്റിൽ തെന്നവേ ഞാൻ അമേരിക്കൻ കവി എയ്ഡ ലിമോണിന്റെ (Ada Limon) ‘ഓപ്പൺ വാട്ടർ’ എന്ന കവിത കണ്ടു. എനിക്ക് അഭ്ഭുതം തോന്നി. അത് ഒരു പെണ്ണിന്റെ നീന്തലിന്റെ കഥയായിരുന്നു. വെള്ളത്തിൽ ശരീരത്തിന്റെ ഒച്ച ഗാഢമാണ്, തിരയാണോ നീയാണോ ചലിക്കുന്നതെന്ന് പെട്ടെന്ന് അറിയാനാവില്ല എന്നു തുടങ്ങുന്ന കവിത: മരണത്തിന് ഒരുമാസം മുൻപ് പഴയ കൂട്ടുകാർക്ക് എഴുതിയ കത്തിൽ നീ പറഞ്ഞു, ഒരു പറ്റം ഡോൾഫിനുകൾക്കൊപ്പം നീന്തിയെന്ന്. എന്നാൽ എന്നോടു നീ പറഞ്ഞത് ഒരു കണ്ണിനെപ്പറ്റിയാണ്. നീന്തലിനിടെ തന്നെക്കടന്നുപോയ ഒരു ഭീമൻ അജ്ഞാത മൽസ്യത്തിന്റെ കണ്ണ്. ആ കണ്ണിന്റെ ഓർമ വിട്ടുപോകുന്നില്ലായിരുന്നു. നോർത്ത് പസിഫിക്കിന്റെ ആഴങ്ങളിൽ, മെല്ലെ ചലിക്കുന്ന നീലയാർന്ന ഒരു മഹാഭീമൻ.
കവി ഇക്കാര്യം ഓർമിക്കുന്നതു അവൾ മരിച്ച് വർഷങ്ങൾക്കുശേഷം പെരുമഴയത്തു വെള്ളം പൊങ്ങിയ ഒരു ദിവസംഅടുക്കളയിൽനിന്നാണ്.
പേരറിയാത്ത ആ മീനിന്റെ നോട്ടം:
നീ ആരുടെയും അമ്മയോ ഭാര്യയോ അല്ലാത്ത കടലിൽ നിന്റെ ഉടലിനെ അത് കണ്ടു. മരണത്തിനു തൊട്ടു മുൻപേ അതു നിനക്കു സാക്ഷിയായി. അതോർക്കുമ്പോൾ, ആ നോട്ടം നിനക്കു കിട്ടിയതിൽ ആഹ്ലാദം തോന്നുന്നുവെന്ന് കവി പറയുന്നു.
എന്തിനാണ് എഴുതുന്നത് ? അത് ഉള്ളിൽ സുഖം നിറയ്ക്കുന്നു. സുഖമാണ് നമ്മെ അതിൽ പിടിച്ചുനിർത്തുന്നത്. പ്രശസ്തിക്കുവേണ്ടിയാണ് എഴുതുന്നതെന്നും ചിലർ കരുതാറുണ്ട്. പ്രശസ്തി അംഗീകാരങ്ങളും ബന്ധങ്ങളും കൊണ്ടുവരുന്നു. അതും നമ്മെ ആനന്ദിപ്പിക്കുന്നു. കുറച്ചുകൂടി ആലോചിച്ചാൽ, എഴുത്തിൽ ഒരാൾ തന്റെ അസ്തിത്വഭീതിയോ വിഷാദമോ മറികടക്കാൻ ശ്രമിക്കുന്നുണ്ടാകാം. തന്നെ ഗാഢമായി നോക്കുന്ന കണ്ണുകളുണ്ടെന്ന് സങ്കൽപിക്കുന്നതാകാം. അതുണ്ടാക്കുന്ന നിറവാകാം എഴുത്തിലേക്ക് അയാളെ വലിക്കുന്നത്.
ആദ്യമായി എഴുതാൻ ഞാൻ ശ്രമിച്ചത് ഒരു പെണ്ണിന്റെ മതിപ്പു പിടിച്ചുപറ്റാനായിരുന്നു. സ്കൂൾ അവധിക്ക് ആ വീട്ടിൽ ചെല്ലുമ്പോഴെല്ലാം, വായിച്ചുകൊണ്ടിരിക്കുന്ന അവൾ എന്റെ മനസ്സിൽ പതിഞ്ഞു. എന്നെക്കാൾ നാലോ അഞ്ചോ വയസ്സ് മുതിർന്ന അവൾക്കു വായിക്കാനായി, ഞാൻ അന്നുവരെ വായിച്ചതിന്റെ ഒരുതരം അനുകരണമായിട്ടാണ് ഒരു നോട്ട്ബുക്കിൽ ആദ്യമെഴുതിയത്. ഒരു നോവലാണെന്നു പറഞ്ഞാണ് അവൾക്കു വായിക്കാൻ കൊടുത്തത്. അവൾ അതു താൽപര്യത്തോടെ വായിക്കുകയും എന്റെ കണ്ണുകളിൽ നോക്കി ഇനിയും എഴുതണമെന്ന് പറയുകയും ചെയ്തു. ആ നിമിഷങ്ങളെക്കാൾ വലിയ പ്രചോദനം പിന്നീടുണ്ടായിട്ടില്ല. ആ നിമിഷങ്ങളുടെ നോട്ടത്തിനകത്താണു ഞാനുണ്ടായതുതന്നെ. ആ നോട്ടം മറഞ്ഞു. വായനക്കാരി തെളിഞ്ഞു. എഴുത്തുണ്ടായി.
സ്കൂൾകാലം കഴിഞ്ഞ്, ഒരുപാടു വർഷങ്ങൾക്കുശേഷം ഞങ്ങൾ വീണ്ടും കാണുമ്പോൾ അവൾ രോഗക്കിടക്കയിലായിരുന്നു. ഹൃസ്വമായ സംസാരം. ദീർഘമായ മൗനം. എന്നോടു പറഞ്ഞു, എന്റെ പുസ്തകം ഒന്നും വായിച്ചിട്ടില്ല, പണ്ടു നോട്ട്ബുക്കിൽ എഴുതിയതല്ലാതെ. ഞാൻ പറഞ്ഞു, ഇനി വരുമ്പോൾ പുസ്തകങ്ങൾ കൊണ്ടുവരാം.
ഒരു പെണ്ണിന്റെ മതിപ്പോ ഇഷ്ടമോ ലഭിക്കാനാണ് എഴുത്ത് തുടങ്ങുന്നതെങ്കിൽ, അല്ലെങ്കിൽ എഴുത്തിന്റെ ആരംഭം അതാണെങ്കിൽ, ആ പെണ്ണ് പോയാലും അവൾ എന്ന, അവൾ നിമിത്തമായ
വായനക്കാരി അവിടെയുണ്ടാകും. അവളെ നിശ്ശബ്ദമായി അഭിസംബോധന ചെയ്താവും പിന്നിടു നാമെഴുതുക. കഥ പറച്ചിലുകൾ എല്ലാംആദ്യം ഇപ്പറഞ്ഞ ‘ഇമാജിനറി റീഡർ’ ആണു കേൾക്കുന്നത്. ഇത് സത്യത്തിൽ, എഴുത്തുകാരന്റെ സങ്കൽപത്തിൽനിന്ന് ഇറങ്ങിവന്നു കടലാസിനടുത്തു നിൽക്കുന്നതാണ്. അങ്ങനെയൊരാൾ (സങ്കൽപത്തിൽ) ഉണ്ടെങ്കിൽ എഴുത്ത് സ്വതന്ത്രമായി സഞ്ചരിക്കുകയും ചെയ്യും. യഥാർത്ഥ ജീവിതത്തിൽ വായനക്കാർ ഒരു ആൾക്കൂട്ടം ആണ്. ഡോൾഫിനുകൾക്കൊപ്പമെന്നവിധം എഴുത്തുകാർ അവർക്കൊപ്പം നീന്തുന്നു. എന്നാൽ ആ ഒരൊറ്റ ഇമാജിനറി റീഡർ, ഉള്ളിലിരുന്ന് എഴുത്താളിനെ നോക്കുന്നു. ഓരോ വരിയും കേൾക്കുന്നു. മറ്റുള്ളവർക്ക് ഇതറിയില്ലല്ലോ..!