കരയാതെ വായിക്കണം; കരുത്തോടെ പോരാടണം
Mail This Article
തോൽക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തിൽ ഒറ്റയ്ക്ക് പട നയിച്ചവർ അധികമില്ല. യുദ്ധത്തിന്റെ ഒരു ഘട്ടത്തിലും ഒരു പ്രതീക്ഷയുമില്ലാതിരുന്നിട്ടും അവസാനം വരെ പോരാടിയവരും കുറവ്. രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും ശ്രമിക്കാതെ കൊലയാളികൾക്കു മുന്നിലേക്ക് നിരായുധരായി എത്തിയവർ അതിലും കുറവ്. അത്തരമൊരാൾ നമ്മുടെ കാലത്ത് ജീവിച്ചിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടിയേക്കും. എന്നാൽ, അതു സത്യമാണ്. ആ സത്യത്തിന്റെ പേരാണ് അലക്സി നവൽനി. 47–ാം വയസ്സിൽ 19 വർഷം നീളുന്ന ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ, വിദൂരസ്ഥമായ ആർടിക്കിലെ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച റഷ്യയുടെ പ്രതിപക്ഷ ശബ്ദം. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകൻ. മുഴുവൻ സമയവും ക്യാമറ നിരീക്ഷണത്തിൽ ആയിരുന്നിട്ടും നവൽനി എഴുതി ജീവിതം എന്ന സമരത്തെക്കുറിച്ച്. പേട്രിയട്ട്. രാജ്യത്തെ സ്നേഹിക്കുന്നു എന്നവകാശപ്പെട്ട് കൊല്ലാക്കൊല ചെയ്യുന്നവരുടെ ഇടയിലെ യഥാർഥ രാജ്യസ്നേഹി.
ജയിലിൽ കാണാനെത്തിയ ഭാര്യ യൂലിയയോട് നവൽനി തന്റെ അവസാനം പ്രവചിച്ചിരുന്നു. ഇനിയുള്ള വാർഷികങ്ങൾ ഞാനില്ലാതെ കടന്നുപോകും. കൊച്ചുമക്കളെ കാണാൻ എനിക്ക് ഭാഗ്യം ലഭിക്കില്ല. എല്ലാ ചിത്രങ്ങളിൽ നിന്നും ഞാൻ ഒഴിവാക്കപ്പെടും. ഏകാധിപത്യ ഭരണകൂടം തകരുകയാണെങ്കിൽപ്പോലും അതിനു മുന്നേ അവർ എനിക്കു വിഷം തരും. യുലിയയുടെ മുഖത്ത് ഭാവഭേദമുണ്ടായില്ല. കണ്ണീരൊഴുക്കാതെ ഇതു കേട്ടല്ലോ... നല്ലത്... നവൽനി പ്രതികരിച്ചു.
കൊലപ്പെടുത്താനുള്ള ശ്രമം അതിജീവിച്ചതിനെക്കുറിച്ചാണ് ആദ്യ അധ്യായം. സൈബീരിയയിൽ വിമാനത്തിൽ ഇരിക്കുമ്പോഴായിരുന്നു കൊലപാതകിയുടെ വരവ്. എന്റെ ഉള്ളിൽ വിഷം ചെന്നിരിക്കുന്നു. ഞാൻ മരിക്കുന്നു: വിമാനത്തിലെ സഹായിയോട് നവൽനി പറഞ്ഞു.
എന്നാൽ ആദ്യഭാഗം മാത്രമായിരുന്നു വാസ്തവം. നവൽനി മരിച്ചില്ല. 18 ദിവസത്തിനു ശേഷം ബെർലിനിലെ ആശുപത്രിയിൽ അദ്ദേഹം കോമയിൽ നിന്ന് ഉണർന്നു. പുട്ടിനെതിരെയുള്ള പോരാട്ടം പൂർവാധികം ശക്തമായി തുടരുമെന്ന് വീണ്ടും പ്രതിജ്ഞ ചെയ്തു. മരണത്തിൽ നിന്ന് ജീവിതത്തിലേക്കല്ല വീണ്ടും മരണത്തിലേക്കു തന്നെ യാത്ര ചെയ്തു.
റഷ്യയിൽ എത്തിയ ഉടൻ അദ്ദേഹം വീണ്ടും അറസ്റ്റിലായി. ഒരിക്കൽക്കൂടി തന്റെ പ്രതിയോഗി രക്ഷപ്പെടരുതെന്ന് പുട്ടിൻ ഉറപ്പിച്ചിരിക്കണം. നവൽനിയുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ചു. ജയിലിൽ സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട എല്ലാവരുടെയും ശരീരത്തിൽ ക്യാമറ ഘടിപ്പിച്ചിരുന്നു. എഴുത്തുമേശയുടെ മുകളിൽ എല്ലാം കാണുന്ന ക്യാമറ ഉണ്ടായിരുന്നു. നവൽനി പേടിച്ചില്ല. കൈ കുഴയും വരെ എഴുതി. തന്നെ തടവിലാക്കിയവർക്ക് എതിരെ. തന്റെ വാക്കുകൾ എന്നെങ്കിലും ലോകം വായിക്കുമെന്ന അവസാന പ്രതീക്ഷയിൽ.
അരങ്ങ് കിട്ടാത്ത നടൻ ആയിരുന്നു നവൽനി. എന്നാൽ ഡിജിറ്റൽ യുഗം അദ്ദേഹത്തിനു സമ്മാനിച്ച യുട്യൂബിലൂടെ അഴിമതിക്കെതിരെ പടയോട്ടം തുടങ്ങി. വിഡിയോകൾക്കു വേണ്ടി ജനം കാത്തിരിക്കാൻ തുടങ്ങി. ആരുമറിയാത്ത യുവാവിൽ നിന്ന് രാജ്യം ശ്രദ്ധിക്കുന്ന പ്രതിപക്ഷമായി അദ്ദേഹം മാറി.
രാസായുധങ്ങൾ ഉപയോഗിച്ച് തനിക്കെതിരെ നടന്ന വധശ്രമത്തെ അതിജീവിക്കുന്നതിൽ ആത്മകഥ അവസാനിപ്പിക്കണം എന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്നാൽ, മരണത്തെക്കുറിച്ചുള്ള വാക്കുകളിൽ എഴുതിപ്പൂർത്തിയാക്കാതെ ജീവിതകഥ ഉപേക്ഷിക്കേണ്ടിവന്നു. യൂലിയ ആ ഉപഹാരം ഏറ്റെടുത്തു. ഭർത്താവ് എന്നതിനേക്കാൾ, റഷ്യയുടെ വിമോചനം സ്വപ്നം കാണുന്ന എല്ലാ ജനാധിപത്യ വാദികൾക്കും വേണ്ടി. സമാധാനത്തിന്റെയും ശാന്തിയുടെയും വിപ്ലവപ്പുലരിക്കു വേണ്ടി.
ഏകാധിപത്യത്തെ അംഗീകരിക്കാത്തതിന് രാജ്യത്തു നിന്നു പുറത്താക്കപ്പെട്ട ആന്ദ്രേ സഖറോവിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട് നവൽനിക്ക്. അപ്പോഴും അദ്ദേഹത്തിന് ഉറപ്പായിരുന്നു; തന്റെയും വിധി മറിച്ചാവില്ലെന്ന്. എന്നാൽ, പിന്തിരിയാൻ തയാറായില്ല. എന്തു ചെയ്യണം എന്ന് റഷ്യക്കാരോട് പറയാൻ തയാറായില്ല. പകരം, സ്വന്തം ജീവിതം തന്നെ സന്ദേശമാക്കി. മരണത്തിനു മുന്നിൽപ്പോലും പേടി വേണ്ടെന്ന് ആവർത്തിച്ചു.
സൈനിക ഓഫിസറായിരുന്നു നവൽനിയുടെ അച്ഛൻ. അമ്മ ബുക് കീപ്പറും. പഠിക്കാൻ മിടുക്കനായിരുന്നു. മോസ്കോയ്ക്ക് പുറത്ത് ചെർണോബിൽ ആണവ ദുരന്തം വേട്ടയാടുന്ന പ്രദേശത്ത് കുട്ടിക്കാലത്തിൽ നിന്ന് യൗവ്വനത്തിലേക്ക് കുതിച്ചു. യുക്രെയ്നിൽ മുത്തശ്ശിക്കൊപ്പമായിരുന്നു കുട്ടിക്കാലം. റഷ്യയോ യുക്രെയ്നോ... ഇഷ്ടം കൂടുതലെന്ന ചോദ്യത്തിന് അച്ഛനോ അമ്മയോ എന്നായിരുന്നു മറുചോദ്യം.
പുതിയ ലോകക്രമത്തിൽ അവശേഷിക്കുന്നത് സാമ്പത്തിക വിദഗ്ധൻ, അഭിഭാഷകൻ എന്നീ ജോലികളായിരിക്കുമെന്ന് നവൽനി മുൻകൂട്ടിക്കണ്ടു. രണ്ടാമത്തേത് തിരഞ്ഞെടുത്തു. അതിനിടെയാണ് യൂലിയയെ കാണുന്നത്. ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. ആദ്യ മകളുടെ ജനന ശേഷം യാഥാസ്ഥിതിക രീതിയിൽ പ്രതിപക്ഷ പാർട്ടിക്ക് അദ്ദേഹം രൂപം കൊടുത്തു. പിന്നീടാണ് ബ്ലോഗ് തുടങ്ങിയത്. ഒടുവിൽ യുട്യൂബിൽ പുതിയ സമര മുഖം തുറന്നു.
പേട്രിയട്ടിൽ ജയിലിൽ അനുഭവിക്കേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് നവൽനി എഴുതിയിട്ടുണ്ട്.
എന്നെ ഇല്ലാതാക്കുന്നതിൽ അവർ വിജയിക്കുകയാണെങ്കിൽ വാക്കുകൾ എനിക്കു സ്മാരകമാകട്ടെ..
നവൽനി പ്രത്യാശിച്ചു. അതിലും വലിയ സ്വപ്നം ആ രാജ്യസ്നേഹിക്ക് നിഷേധിക്കപ്പെട്ടിരുന്നു.