'ഷോട്ടുകൾക്കിടെ വായിച്ചു, തീർത്തത് മൂന്നു ദിവസം കൊണ്ട്'; പ്രിയപ്പെട്ട പുസ്തകത്തെക്കുറിച്ച് ആലിയ ഭട്ട്
Mail This Article
ബോളിവുഡിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. വായന ഇഷ്ടപ്പെടുന്ന താരം തന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകത്തെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് തുറന്നു പറഞ്ഞത്.“എനിക്കൊരു പ്രിയപ്പെട്ട പുസ്തകമുണ്ട്. ചിത്ര ബാനർജി ദിവാകരുണി എഴുതിയ 'ദ് പാലസ് ഓഫ് ഇല്യൂഷൻസ്' എന്നാണ് അതിന്റെ പേര്. ഞാൻ മൂന്ന് ദിവസം കൊണ്ട് വായിച്ച പുസ്തകമാണത്. മനോഹരമായ ഒരു പുസ്തകം. മഹാഭാരതകഥയാണ് പറയുന്നതെങ്കിലും ദ്രൗപദിയുടെ വീക്ഷണകോണിൽ അവതരിപ്പിക്കുന്ന കഥ, ഇതിഹാസത്തെ കുറിച്ച് വളരെ രസകരമായ ഒരു കാഴ്ചയാണ് നൽകുന്നത്. ഇന്ത്യൻ സംസ്കാരത്തിൽ വേരൂന്നിയ ഒന്നാണ് ആ പുസത്കം.”
ഷൂട്ടിംഗിന്റെയും ഒന്നിലധികം പ്രൊജക്റ്റുകളിൽ ജോലി ചെയ്യുന്നതിന്റെയും തിരക്കേറിയ ഷെഡ്യൂൾ ഉണ്ടായിരുന്നിട്ടും, വെറും മൂന്ന് ദിവസം കൊണ്ട് ഈ പുസ്തകം വായിച്ച് പൂർത്തിയാക്കിയെന്നും ഷോട്ടുകൾക്കിടയിലാണ് വായിക്കാൻ സമയം കണ്ടെത്തിയതെങ്കിലും പുസ്തകം താഴെ വയ്ക്കാൻ കഴിഞ്ഞില്ലെന്നും ആലിയ ഭട്ട് പറഞ്ഞു. "ഞാൻ ജോലി ചെയ്യുന്നതിനിടയിൽ മൂന്ന് ദിവസം കൊണ്ട് അക്ഷരാർഥത്തിൽ ഷോട്ടുകൾക്കിടയിലാണ് അത് പൂർത്തിയാക്കിയത്. ഞാൻ ആ പുസ്തകം വളരെ ആസ്വദിച്ചു."
മഹാഭാരതത്തിന്റെ നവോന്മേഷദായകവും ചിന്തോദ്ദീപകവുമായ പുനരാഖ്യാനമാണ് 'ദ് പാലസ് ഓഫ് ഇല്യൂഷൻസ്' എന്ന പുസ്തകം. ദ്രൗപദിയുടെ ആന്തരിക പോരാട്ടങ്ങൾ, നീതിക്കായുള്ള വാഞ്‌ഛ, സ്‌നേഹത്തിലൂടെയും വിധിയിലൂടെയുമുള്ള യാത്ര എന്നിവയാണ് പുസ്തകത്തിന്റെ പ്രധാന ഘടകം.
2008ൽ പ്രസിദ്ധീകരിച്ച കൃതി, ദ്രൗപദിയുടെ ആഗ്രഹങ്ങളെയും നിരാശകളെയും ചുറ്റുമുള്ളവരുമായുള്ള സങ്കീർണ്ണമായ ബന്ധങ്ങളെയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. രണ്ടര ലക്ഷം കോപ്പികൾ വിറ്റു പോയ പുസ്തകം നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ സംസ്കാരത്തിന്റെയും മിത്തോളജിയുടെയും മനോഹരമായ ഒരു മിശ്രിതമാണ് 'ദ് പാലസ് ഓഫ് ഇല്യൂഷൻസ്'. മഹാഭാരതത്തെ തികച്ചും പുതിയ വെളിച്ചത്തിൽ കാണാൻ അനുവദിച്ച നോവൽ, വിധി, സ്വതന്ത്ര ഇച്ഛ, സ്വയം ശാക്തീകരണത്തിനായുള്ള ശാശ്വത പോരാട്ടം എന്നീ പ്രമേയങ്ങളിലേക്കും ശ്രദ്ധയാകർഷിക്കുന്നു. മഹാഭാരതത്തിലെ ബഹുമുഖ കഥാപാത്രങ്ങളും അർഥതലങ്ങളും ഇന്നും പ്രസക്തമാണെന്ന് കൃതി കൂടിയാണിത്.
കൽക്കട്ടയില്‍ ജനിച്ച ചിത്ര ടെക്സാസിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ഹ്യൂസ്റ്റൺ സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് പഠിപ്പിക്കുന്നു. ക്വീൻ ഓഫ് ഡ്രീംസ്, ദി മിസ്ട്രസ് ഓഫ് സ്‌പൈസസ്, സിസ്റ്റർ ഓഫ് മൈ ഹാർട്ട്, ബിഫോർ വി വിസിറ്റ് ദി ഗോഡ്‌സ്, വൺ അമേസിങ് തിംഗ്, ഓലിയൻഡർ ഗേൾ, ദി വൈൻ ഓഫ് ഡിസയർ എന്നിവയാണ് മറ്റു പ്രധാന രചനകൾ.