ADVERTISEMENT

ആ കഥ തുടങ്ങിയതു നല്ല രസത്തോടെയാണ്. ‘ഒരു സ്ത്രീയുടെ മൂന്നാമത്തെ പുരുഷനാണ് അവളുടെ ഏറ്റവും മികച്ച പ്രേമം’ എന്നായിരുന്നു വാക്യം. ആകാംക്ഷ ജനിപ്പിക്കുന്ന ഈ ആദ്യവാക്യത്തിനുശേഷം അയാൾ പെട്ടെന്ന് ചോദിച്ചു – നീയാണോ ആ മൂന്നാമൻ? അറിയില്ല എന്ന് ഞാൻ അമ്പരപ്പോടെ പറഞ്ഞു. ശരിയാണ് നീയാവില്ല, അയാൾ തുടർന്നു, താനൊരു മൂന്നാമനാണെന്ന്‌ അവനറിയുന്നില്ല.

ആൾക്കൂട്ടത്തിനിടയിൽ അവൾക്കുമാത്രം അറിയാവുന്ന ഒരാളായി അയാൾ മറഞ്ഞുനിൽക്കും. നിങ്ങൾക്കു രണ്ടാമനെ കണ്ടുപിടിക്കാനാകും. പക്ഷേ മൂന്നാമനെയോ? അല്ലെങ്കിൽ നിങ്ങൾ ആ സ്ത്രീയോടു ചോദിച്ചുനോക്കൂ, ആരാണ് മൂന്നാമനെന്ന്. അവൾ ഒന്നു പുഞ്ചിരിക്കും. അത്രമാത്രം. ഭാവിയിൽ എഴുതപ്പെടുമെന്നു കരുതുന്ന കഥയിലോ പണ്ട് എഴുതി പരാജയപ്പെട്ട കഥയിലോ അവൻ ഉണ്ടെന്നതു മനസ്സിലാക്കാതെ നിങ്ങൾ അവന്റെ തെളിവു തേടുന്നു. മൂന്നാമത്തെ ആൾ ഒരു കുസൃതി മാത്രമാണെന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. അല്ലെങ്കിൽ ഗദ്യം കൊണ്ട് ഒരു അസംബന്ധം. 

അവിടെ ഒരു സ്ത്രീ നിൽപുണ്ടായിരുന്നു. അവരെ നോക്കിയാണോ അയാൾ ആദ്യവാക്യം പറഞ്ഞതെന്നും ഞാൻ സംശയിച്ചു. എന്തായാലും അതിന്റെ അർത്ഥം  കിട്ടിയില്ല, ഉണ്ടായ ഉടൻ അതു നഷ്ടപ്പെട്ടിരിക്കണം. 

2

ആയുസ്സും വായനയും തമ്മിലുള്ള ബന്ധം വിസ്തരിക്കേണ്ടതാണെന്നു തോന്നുന്നു. ആയുസ്സ് കൊണ്ടുമാത്രം വായിക്കാൻ കഴിഞ്ഞ പുസ്തകങ്ങളെ ഓർക്കുമ്പോഴാണത്. 2003ൽ ആണു ഞാൻ മാർസൽ പ്രൂസ്റ്റിന്റെ ‘ഇൻ സേർച് ഓഫ് ലോസ്റ്റ് ടൈം’ പരമ്പരയിലെ ആദ്യപുസ്തകമായ ‘ദ്‌ വേ ബൈ സ്വാൻസ്‌ ’ വാങ്ങുന്നത്. ലിഡിയ ഡേവിസിന്റെതായിരുന്നു ഇംഗ്ലിഷ് പരിഭാഷ. ആ പുസ്തകം വാങ്ങിയ സന്ധ്യയിൽ ബുക്ക്‌ ഷോപ്പിൽനിന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ ഈ വായനയോടെ ഞാൻ മറ്റൊരാളാകുമെന്ന് സങ്കൽപിച്ചു. പുസ്തകം കയ്യിലുള്ളപ്പോൾ അതു വായിക്കാതെയും ഒരു നിറവു വരും. വീട്ടിലേക്ക്‌

Image Credit: facebook/MarcelProustAuthor
Image Credit: facebook/MarcelProustAuthor

കയറുമ്പോൾ മുറ്റത്തു ചെടികൾക്കിടയിൽനിന്നാണു ഞാൻ കഥാകൃത്ത്‌ ഉണ്ണി ആറിനു ഫോൺ ചെയ്തത്. പ്രൂസ്റ്റിനെ വായിക്കാൻ പോകുന്നുവെന്ന് അറിയിക്കാനായിരുന്നു അത്. ആ സംസാരം ഓർമയില്ലെങ്കിലും അന്നു സന്ധ്യയിലെ ഇളംഇരുട്ടും തൊട്ടടുത്ത റോഡിലെ വാഹനങ്ങങ്ങളുടെ ഒച്ചയും അടുത്തുണ്ട്. 

ആറു വോള്യമുള്ള ഒരു യൂറോപ്യൻ നോവൽ മുഴുവനായും വായിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ആ സന്ധ്യ കടന്നുപോയത്. നിങ്ങൾ, പ്രൂസ്റ്റ് മുഴുവനായും വായിച്ച ആളായിത്തീരുമ്പോൾ ഉണ്ടാകുന്ന ആനന്ദവും അഹന്തയും ചെറുതല്ലല്ലോ. പക്ഷേ നൂറു പേജ് കഴിയും മുൻപ് വായന നിന്നു. എന്തായിരിക്കും ഇങ്ങനെ സംഭവിക്കാൻ കാരണം? മറ്റു പുസ്തകങ്ങൾ വന്നുകയറുമ്പോഴുണ്ടാകുന്ന ഒരുതരം തിടുക്കമായിരിക്കാം. ആ തിടുക്കങ്ങളിൽ പ്രൂസ്റ്റിനു കൊടുക്കേണ്ട സമയം ചോർന്നുപോയി. പിന്നീടു തിരിച്ചുചെല്ലാമെന്നു കരുതിയിട്ടും  ഉണ്ടായില്ല. 

2023ൽ ആണു വീണ്ടും പ്രൂസ്റ്റ് വായിക്കാനെടുക്കുന്നത്. അടിവരയിട്ടു വായിച്ച നൂറോളം താളുകൾ 20 വർഷത്തിനിടെ മറന്നുപോയിരുന്നു. എന്തിനാണു ഞാൻ വീണ്ടും അവിടേക്കു മടങ്ങിയെത്തിയതെന്നു ചോദിച്ചാൽ കൃത്യമായി ഉത്തരമില്ല. ആ വർഷങ്ങളിലത്രയും എന്റെ വായനകളിൽ പലപ്പോഴും നല്ല പരാമർശങ്ങളായി, വിചിത്രമായ ഉന്മേഷമായി ഫ്രഞ്ച് എഴുത്തുകാരൻ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. 

ഫ്രഞ്ച് ഉപരിവർഗത്തിൽ ജനിച്ച, ജീവിതം മുഴുവൻ മുറിക്കു പുറത്തിറങ്ങാതെ എഴുതിക്കൊണ്ട്‌, പൈതൃകസ്വത്തു കൊണ്ടു മാത്രം ജീവിച്ച ഒരെഴുത്തുകാരനാണു പ്രൂസ്റ്റ്. അയാളിൽനിന്ന് എന്താണ് കിട്ടാനുള്ളത്? സ്വാൻസ് വേ നിശ്ചയമായും വായിക്കണമെന്ന് ആ 20 വർഷവും എനിക്ക് തോന്നിയില്ലല്ലോ. ഈ വിചാരങ്ങൾ പുരോഗമിച്ചതോടെ വായനാപരാജയത്തിന് മറ്റ് കാരണങ്ങൾ കൂടി ‍തെളിഞ്ഞു – മലയാളിക്കു ഗ്രഹിക്കാനാവാത്ത സാംസ്കാരികാന്തരീഷത്തിൽ പിറന്ന ഒരു രചന ആസ്വദിക്കാൻ നമ്മുടെ ഭാവുകത്വത്തിന്റെ പരിമിതി കൊണ്ടു കഴിയാത്തതാവാം. പ്രൂസ്റ്റിന്റേത് വിരസമായ കഥപറച്ചിലാണെന്നതിൽ തർക്കവുമില്ല. അത് നോവലെന്ന പേരിലുള്ള ദീർഘമായ തത്വചിന്താധ്യാനമാണെന്ന നിരീക്ഷണം കൂടി ഞാൻ കണ്ടു.

ആൻ കർസൻ, Image Credit: OFICIO DE POETA/facebook
ആൻ കർസൻ, Image Credit: OFICIO DE POETA/facebook

സിവിയെയും വികെഎന്നിനെയും ഒഴിവാക്കിയതുപോലെ, പ്രൂസ്റ്റിനെ വായിച്ചുതീർക്കാതെയും കാലം കഴിക്കാനാകും. എന്നാൽ എനിക്കും പ്രൂസ്റ്റിനുമിടയിൽ മൗനം നിറഞ്ഞ 20 വർഷം വീണ്ടും ലഭിക്കാൻ സാധ്യത കുറവാണല്ലോ എന്നോർത്തു.

ആയുസ്സും വായനയും തമ്മിലുള്ള വൈചിത്ര്യത്തിൽ അതിശയിച്ച് പ്രൂസ്റ്റിനെ വീണ്ടുമെടുത്തു. മുൻപ് വായിച്ചതത്രയും മറന്നുപോയതിൽ ആദ്യം മുതൽ വായിച്ചു. രണ്ടുമാസത്തിൽ വായന 'സ്വാൻസ്‌ വേ' പൂർത്തിയാക്കുമ്പോൾ, 20 വർഷമെടുത്താണ്‌ ആ വായന പൂർണ്ണമായതെന്ന് എനിക്കു തോന്നാൻ തുടങ്ങി. അഥവാ എനിക്കും പ്രൂസ്റ്റിനുമിടയിലെ 20 വർഷങ്ങൾ ആയുസ്സും വായനയും തമ്മിലുള്ള മനോഹരമായ ഒരു ബന്ധമാണെന്നും ഞാൻ കണ്ടു. 2023വരെ ഞാൻ ജീവിച്ചിരിക്കുമെന്നും, എന്നിട്ട്‌ അതുവരെ വായിച്ചതും തൊട്ടതുമായ പല പുസ്തകങ്ങളുടെ കാലത്തിലൂടെ ആ സന്ധ്യയിലെ ഇളം ഇരുട്ടിലേക്ക്‌, നഷ്ടപ്പെട്ട ഇടത്തിലേക്ക് ഞാൻ മടങ്ങിയെത്തുമെന്നും ആ പുസ്തകത്തിനു വിശ്വാസമുണ്ടായിരുന്നുവെന്നു ഞാൻ സങ്കൽപിച്ചു.

2024 മുതൽ പ്രൂസ്റ്റിന്റെ മറ്റു വോള്യങ്ങൾ ഓരോന്നായി വായിക്കാൻ ‍ഞാൻ അങ്ങനെയാണു തീരുമാനിച്ചത്. ഒരു വർഷം കൊണ്ടു പൂർണമായും വായിക്കാൻ എനിക്കാകുമെന്നു ഞാൻ കണക്കുകൂട്ടി. പക്ഷേ ഈ വർഷം ഞാൻ മൂന്നാം പുസ്തകത്തിലെത്തിയതേയുള്ളു. എന്റെ തിടുക്കം കൂടിയിരിക്കുന്നു. മറ്റു പുസ്തകങ്ങൾ വന്നുകയറിയപ്പോൾ പ്രൂസ്റ്റിനെ മാറ്റിവയ്ക്കുന്നതാണു നല്ലതെന്നു ഞാൻ കരുതി. അങ്ങനെയാണു സമയം നഷ്ടമാകുന്നത്‌. ഒടുവിൽ പുസ്തകവും സമയവും മാത്രം ശേഷിക്കുകയും ആയുസ്സു തീർന്നുപോകുകയും ചെയ്യുന്ന ഒരു നിമിഷത്തിലേക്കാണ് നാം യാത്ര ചെയ്യുന്നത്‌. 

3

എഴുത്തിലെ മിസ്റ്ററി വായനക്കാരിലേക്കും സംക്രമിക്കുമ്പോഴാണ്‌ സാഹിത്യാനുഭൂതി പിറക്കുന്നത്‌. കവി, മിസ്റ്ററി, റീഡർ. ഇതിൽ മൂന്നാമത്‌ ആരാണ്‌, കവിയോ റീഡറോ? ആരാണു രഹസ്യം കൊണ്ടുനടക്കുന്നത്‌? ആരാണ്‌ അത്‌ പൊളിക്കുന്നത്‌? മൂന്നാമത്തേതാണു വലിയ പ്രേമമെങ്കിൽ പറയൂ, നീയാണോ അത്‌? 

ആൻ കർസൻ എഴുതുന്നു:

‘പിറകോട്ട്‌ നടക്കരുതെന്ന് എന്റെ അമ്മ വിലക്കി. മരിച്ചവരാണു പിന്നോട്ടു നടക്കുന്നത്‌, അവർ പറഞ്ഞു. അമ്മയ്ക്കെവിടെനിന്നാണ്‌ ഈ ആശയം കിട്ടിയത്‌? ഒരുപക്ഷേ തെറ്റായ വിവർത്തനത്തിൽനിന്നാവും. മരിച്ചവർ എന്തായാലും, പിന്നാക്കം നടക്കാറില്ല. അവർ നമ്മുടെ പുറകിലാണു നടക്കുക. അവർക്ക്‌ തൊണ്ടയില്ലാത്തതിനാൽ നമ്മെ വിളിക്കാറില്ല. പക്ഷേ നമ്മൾ തിരിഞ്ഞുനോക്കുന്നത്‌ അവർക്കിഷ്ടമാണ്‌. അവരിലേറെപ്പേരും പ്രണയത്തിന്റെ ഇരകളാണ്‌.’ 

English Summary:

Ezhuthumrsha Column By Ajay P Mangatt about reading Marcel Proust

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com