ADVERTISEMENT

ചിലപ്പോള്‍ പല വര്‍ഷങ്ങളുടെ അകലങ്ങളിൽ ഒരു പുസ്തകത്തില്‍ നാം സ്‌നേഹിക്കുന്ന ചില ഇടങ്ങളിലേക്കു മാത്രമായി തിരിച്ചുപോയി നോക്കാന്‍ ആഗ്രഹിക്കുന്നു. അതേ സ്‌നേഹപ്രാപ്തിയോടെ ആ വാക്യങ്ങള്‍ അവിടെ ഇപ്പോഴും ഉണ്ടോ എന്നറിയാനാണത്. അല്ലെങ്കില്‍ അതു നമ്മുടെ സ്വഭാവവും സമീപനവും പോലെ മാറിമറിഞ്ഞു പോയിട്ടുണ്ടാകുമോ - നരയോ മടുപ്പോ വിരസതയോ ബാധിച്ചിട്ടുണ്ടാകുമോ എന്നറിയാനുള്ള ജിജ്ഞാസയാണ്. അങ്ങനെ ചെന്നുനോക്കിയാല്‍, ചില താളുകള്‍ നമ്മോടു മിണ്ടുന്നതു നിര്‍ത്തിയിട്ടുണ്ടാകും, ഈ വര്‍ഷങ്ങളുടെ അകലങ്ങളില്‍. മറ്റു ചില ഇടങ്ങളാകട്ടെ ആദ്യത്തേതിനെക്കാള്‍ മിഴിവോടെ തെളിയുകയാവും. അനിശ്ചിതത്വം ഉണ്ടാക്കുന്ന ആധി കാരണം യഥാര്‍ഥ ജീവിതത്തില്‍ ഒരിക്കലും ചെയ്യരുതാത്തതാണു പുറപ്പെട്ട സ്ഥലത്തേക്കോ മനുഷ്യരിലേക്കോ വീണ്ടും പോയി നോക്കുക എന്നത്. 

വായിച്ച പുസ്തകങ്ങള്‍ വീണ്ടും വായിക്കുക സാധാരണനിലയില്‍ എളുപ്പമല്ല. എന്തെന്നാൽ വീണ്ടും അത്രയും സമയം നീക്കിവയ്ക്കാൻ ചില മനുഷ്യരുടെ കയ്യിലുണ്ടാവില്ല. മറ്റൊരു കാരണം, ഒരു റീഡര്‍ വായിച്ചിടത്തുതന്നെ നില്‍ക്കാതെ മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാൽ വിട്ടുപോന്ന താളിലേക്കു മടങ്ങുന്നത് മുന്‍ഗണനയില്‍ വരില്ലെന്നതാണ്‌. അഥവാ തിരിച്ചുപോക്ക് ഉണ്ടായാൽപോലും അത്‌ വായനാരസത്തെക്കാള്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിലാകും. ഉദാഹരണത്തിന്, ഒരു പിഎച്ച്ഡി എടുക്കാനോ സെമിനാറില്‍ പ്രസംഗിക്കാനോ ലേഖനമെഴുതാനോ  ആ കൃതി വീണ്ടും പരിശോധിക്കേണ്ടത് ആവശ്യമാണല്ലോ. നോവല്‍ രണ്ടാമതും വായിക്കാന്‍ തോന്നുമ്പോള്‍ പിന്നെച്ചെയ്യാവുന്നത് ചില ഭാഗങ്ങള്‍ മറിച്ചുനോക്കാമെന്നതാണ് - അടിവരയിട്ട ആ താളുകൾ മാത്രം! വായിക്കാത്ത പുസ്തകങ്ങള്‍ നിങ്ങളെ കാത്തുനില്‍ക്കുന്നുവെന്നതുകൊണ്ടാണ് ഈ നയം ചില വായനക്കാരെങ്കിലും സ്വീകരിക്കുന്നത്. ഇന്നത്തെ കാലത്ത് എംടിയുടെ നായികയെപ്പോലെ ‘വായിക്കാനൊന്നുമില്ല’ എന്ന് ഒരാളും പറയില്ല - അത്രയേറെയാണു പുസ്തകലഭ്യത. 

എം.ടി വാസുദേവൻ നായർ
എം.ടി വാസുദേവൻ നായർ

എന്റെ ഒരു പഴയ അനുഭവം പറഞ്ഞാൽ, സരമഗുവിനെക്കുറിച്ച് ഒരു പഠനം എഴുതാൻ നേരം ആ നോവലുകളില്‍ ചിലതു രണ്ടാമതും വായിക്കേണ്ടിവന്നത് എന്നെ ആശയക്കുഴപ്പത്തിലാക്കുകയാണു ചെയ്തത്. അതായത് ആദ്യവായനയിൽ നിന്നുള്ള  അനുഭവം നഷ്ടപ്പെടുകയും പകരം പുതിയൊരു അനുഭൂതി കുടിയേറുകയും ചെയ്തു. 

എന്നാല്‍ വായനാരസങ്ങള്‍ കാലാന്തരത്താല്‍ കൂടുതൽ അഗാധമായി അനുഭവപ്പെടുന്നതും അപൂര്‍വമല്ല. ചെക്കോവിന്‌റെ 'ദ് സ്റ്റുഡന്‌റ്' എന്ന കഥ അങ്ങനെയൊരു സന്ദർഭം വിവരിക്കുന്നു:

സുവിശേഷത്തില്‍, യേശുവിനെ പീറ്റര്‍ മൂന്നുവട്ടം തള്ളിപ്പറയുന്ന രംഗം. കോഴി കൂവുന്നതോടെ പീറ്റര്‍ ഒറ്റയ്ക്കിരുന്നു തേങ്ങിക്കരയുന്നതാണു സുവിശേഷത്തില്‍ നാം വായിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലെ റഷ്യയിലെ ഒരു കുഗ്രാമത്തില്‍ ദരിദ്രയായ ഒരു സ്ത്രീയോട്‌ ഒരു വൈദികവിദ്യാർത്ഥി ഈ രംഗം, കുറ്റബോധത്താൽ ഉരുക്കിയ  മനുഷ്യാത്മാവിന്റെ ഹൃദയം പിളർന്ന വിലാപം, ഒരു കഥയായി വിവരിക്കുന്നു. അതുകേട്ടു ആ സ്ത്രീ പൊടുന്നനെ ഉടുപ്പിൽ മുഖം മറച്ചു തേങ്ങിക്കരയുന്നു. പീറ്ററിനെ കരയിപ്പിച്ച അതേ വേദന, നൂറ്റാണ്ടുകള്‍ സഞ്ചരിച്ച് ആ സ്ത്രീയില്‍ എത്തിച്ചേര്‍ന്നുവെന്നതു മനുഷ്യനിലുള്ള പ്രത്യാശ വര്‍ധിപ്പിക്കുന്നുവെന്ന് ചെക്കോവിന്റെ വിദ്യാർഥിയിൽ സന്തോഷമുണ്ടാക്കുന്നു. ഇതെപോലെ സാഹിത്യകൃതികളിലും മറ്റൊരു രീതിയില്‍ ആത്മീയചേതന വസിക്കുന്നുണ്ട്‌. മനുഷ്യനെ മനുഷ്യനോട്‌ ഉപാധികളില്ലാതെ ചേർത്തുനിർത്താനുള്ള വാസനയാണത്‌. വിജയന്റെ ‘കടല്‍ത്തീരത്ത്’ എന്ന കഥ നോക്കൂ. കാലം ചെല്ലുന്തോറും അത്‌ കൂടുതല്‍ മനുഷ്യരുടെ ഹൃദയം വിമലീകരിക്കുന്നു. 

ഫ്രാന്‍സ് കാഫ്ക, Image Credit: Atelier Jacobi, Sigismund Jacobi, Wikimedia Commons
ഫ്രാന്‍സ് കാഫ്ക, Image Credit: Atelier Jacobi, Sigismund Jacobi, Wikimedia Commons

ചെറുകഥകളോ കവിതകളോ പുനര്‍വായനയ്ക്ക് അധികം നേരം എടുക്കാത്തതിനാൽ, തിരക്കുള്ള വായനക്കാര്‍ക്കും ആ ദിശയിൽ പോകാനാവും. ചെക്കോവ്, കാഫ്ക, ബോര്‍ഹെസ്, ഒ.വി. വിജയന്‍, ബഷീര്‍, ആനന്ദ് എന്നിവരുടെ കഥകളാണ് ഈ മട്ടില്‍ ഇടയ്ക്കിടെ ഞാന്‍ വായിക്കാറുള്ളത്. ചില കവിതകളുടെ സ്ഥിരവായന വിശേഷപ്പെട്ട ഒരു വികാരമായി മാറാറുണ്ട്. ‘വെളിച്ചമന്യോനം’ എന്ന ലേഖനസമാഹാരത്തില്‍, ജി. ശങ്കരക്കുറുപ്പിന്റെ വരികള്‍ തുടക്കത്തില്‍ എടുത്തുകൊടുത്തത് ആ ലേഖനങ്ങളെഴുതിയ കാലത്ത് ജിയുടെ കവിതകളുടെ അനുഭൂതിമണ്ഡലത്തിലായിരുന്നു ഞാന്‍ ജീവിച്ചത് എന്നതുകൊണ്ടാണ്. ‘വെളിച്ചമന്യോന്യം’ എന്ന പേരും ജിയുടെ കവിതയില്‍നിന്ന് കടംകൊണ്ടതാണ്. ജീവിതാനുഭവങ്ങള്‍ അതെന്തുതന്നെയായാലും വര്‍ഷങ്ങള്‍ക്കുശേഷവും ഒരു മെറ്റഫറോ ഒരു ഉപമയോ നമ്മില്‍ ബാക്കിവയ്ക്കുമെങ്കില്‍ അത് നിശ്ചയമായും പുനര്‍സന്ദര്‍ശനത്തിനു യോഗ്യമായ ഒരിടം തന്നെയായിരിക്കും.

കഴിഞ്ഞ ദിവസം ഒരു സംസാരത്തിനിടെ പെട്ടെന്നു ഞാന്‍ ദേവസ്യയെ ഓര്‍ത്തു. പള്ളിവാസല്‍ ദേവസ്യ എന്ന പേരില്‍ അയാളെഴുതിയ കഥകളുടെ ഒരു കയ്യെഴുത്തുപ്രതി ഞാന്‍ കണ്ടിരുന്നു, ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു കടത്തിണ്ണയില്‍ അയാള്‍ വന്നുനിന്നു. ഒറ്റമുണ്ടും നിറം മങ്ങിയതെങ്കിലും വൃത്തിയുള്ള ഷര്‍ട്ടും ധരിച്ച് ഒരു തോള്‍സഞ്ചിയുമായി അയാള്‍ അവിടെ നിശ്ശബ്ദം കാത്തുനിന്നു, ഞാന്‍ ചെല്ലുംവരെ. ഞങ്ങള്‍ അവിടെനിന്ന് തൊട്ടടുത്തു കുന്നിന്‍മുകളിലേക്ക് കൊങ്ങിണിക്കൂട്ടത്തിനിടയിലൂടെ കന്നുകാലികള്‍ തെളിച്ച വഴിയിലൂടെ നടന്നു പോയിരുന്നു. വെയില്‍ച്ചൂടു താണുവന്ന്, കാറ്റ് ഏറ്റവും സാന്ദ്രമാകുന്ന ആ സമയത്ത് വീണമരത്തിന്റെയോ പാറക്കെട്ടിന്റെയോ മുകളിലിരുന്നു ഞങ്ങള്‍ ആകാശവും മലയടിവാരവും നോക്കി സംസാരിച്ചു. പള്ളിവാസല്‍ ദേവസ്യയുടെ ഏതാനും കഥകള്‍ അക്കാലത്ത് അച്ചടിച്ചു വന്നിരുന്നു. അച്ചടിക്കാനുള്ളവയുടെ കയ്യെഴുത്തുപ്രതിയുടെ ഒരുകെട്ട് എപ്പോഴും സഞ്ചിയില്‍ വച്ചായിരുന്നു നടത്തം. ചില ഭാഗങ്ങളൊക്കെ അയാള്‍ ഉറക്കെ വായിച്ചിരുന്നു. ഞാന്‍ ആ കഥകളുടെ ഉള്ളടക്കമോ വാക്യങ്ങളോ ഞാന്‍ ഓര്‍മിക്കുന്നില്ല. ദേവസ്യയുടെ മുഖം മറന്നുപോയി, ആ സംസാരങ്ങളുടെ ഉള്ളടക്കവും വിസ്മരിക്കപ്പെട്ടു. എന്നിട്ടും ആ സമയം, ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന സമയം, എനിക്കുള്ളില്‍ നിത്യമായ ഒരു മെഴുതിരി പോലെ എരിഞ്ഞുകൊണ്ടിരുന്നു. ദേവസ്യയുടെ ഒരു പ്രത്യേകത അയാള്‍ റീഫില്‍ ഉപയോഗിച്ച് എഴുതുന്നതായിരുന്നു. പേന കൊടുത്താലും അയാള്‍ക്കു റീഫില്‍ മാത്രം വച്ച് എഴുതാനായിരുന്നു ഇഷ്ടം. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്തു പൊടുന്നനെ ഒരുദിവസം റീഫില്‍ മാത്രം ഉപയോഗിച്ച് എഴുതാനായി പരിശീലിക്കാൻ തുടങ്ങി. ഒരു മനുഷ്യന്റെ ഓര്‍മ എന്റെ ശീലമായി പരിവര്‍ത്തനം ചെയ്ത ആ സന്ദർഭം ആഹ്ലാദകരമായിരുന്നു.

ജി. ശങ്കരക്കുറുപ്പ്
ജി. ശങ്കരക്കുറുപ്പ്

കോതമംഗലത്തു ബിഎയ്ക്കു ചേര്‍ന്ന കാലത്തു ആദ്യ ഒരാഴ്ച ഞാന്‍ താമസിച്ചത് ഒരു വീടിന്റെ ചായ്പിലായിരുന്നു. ഒരു മേശയും കസേരയും കയറുകട്ടിലും മാത്രമുള്ള കൊച്ചുമുറി. അതിനോടു ചേര്‍ന്ന് ഒരു ആട്ടിന്‍കൂട് ഉണ്ടായിരുന്നു. ആ മുറിയില്‍ സദാസമയവും ആട്ടിന്‍ഗന്ധം നിറഞ്ഞുനിന്നു. ഒരാഴ്ചയ്ക്കുശേഷം ഞാന്‍ മറ്റൊരിടത്തേക്കു താമസം മാറിയിട്ടും രാത്രികളില്‍ മൃഗഗന്ധം എന്നെ വിട്ടുപോയില്ല. ആ സ്ഥലത്തിന്റെ വിശദാംശങ്ങളെല്ലാം എന്നേ ഞാന്‍ മറന്നിരിക്കുന്നു. എങ്കിലും ആ ഗന്ധം എനിക്ക് എഴുതാനാകും. വിദൂരമായിത്തീര്‍ന്ന അനുഭവങ്ങളുടെ ഉള്ളില്‍നിന്നു പിറക്കുന്ന ഭാവന എത്ര വിചിത്രമായ പ്രദേശങ്ങളെയാണ് ഉണ്ടാക്കുന്നത്. അത്‌ അന്നത്തെ വിഷാദങ്ങളെ തിളക്കമുള്ള വാക്കുകളാക്കി മാറ്റുകയും ചെയ്യുന്നു.

English Summary:

Ezhuthumesha column by Ajay P Mangatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com