പൊരുളാർന്ന ബ്ലോക്ക്ബസ്റ്റർ; ബാർബറ ടെയ്‌ലർ ബ്രാഡ്ഫഡ് ഇനിയില്ല
Mail This Article
ന്യൂയോർക്ക് ∙ സാധാരണക്കാരിയായ ഒരുവൾ മനക്കരുത്തും കഠിനാധ്വാനവും കൊണ്ടു നേടുന്ന അസാധാരണ ജീവിതവിജയങ്ങൾ – ജനപ്രിയ എഴുത്തുകാരി ബാർബറ ടെയ്‌ലർ ബ്രാഡ്ഫഡ് പറഞ്ഞതെല്ലാം മനോഹര കഥകളായിരുന്നു. ആദ്യ നോവലിന്റെ തലക്കെട്ടുപോലെ, ബാർബറ എന്ന എഴുത്തുകാരിയും സവിശേഷം: ‘എ വുമൻ ഓഫ് സബ്സ്റ്റൻസ്’.
പത്രപ്രവർത്തകയായി തിളങ്ങി, ബ്ലോക്ബസ്റ്റർ നോവലിസ്റ്റായി ഇക്കാലമത്രയും ഉദിച്ചുനിന്ന ബാർബറ (91) വിടപറയുമ്പോൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു വായനക്കാരുടെ മുഖം വാടുന്നു. ന്യൂയോർക്ക് സിറ്റിയിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.
ജനപ്രീതിയിലും പുസ്തകവരുമാനത്തിലും ബാർബറ ഒരു വിജയകഥയായിരുന്നു. 1979 ൽ പ്രസിദ്ധീകരിച്ച ‘എ വുമൻ ഓഫ് സബ്‌സ്റ്റൻസ്’ 3 കോടി കോപ്പികൾ വിറ്റഴിഞ്ഞ വിഖ്യാത രചനയാണ്. ബാർബറ ആകെ 40 നോവലുകളെഴുതി; 9 കോടി കോപ്പികൾ വിറ്റുപോയി. 90 രാജ്യങ്ങളിലായി നാൽപതിലേറെ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നാൽപതാമത്തെ നോവൽ കഴിഞ്ഞ വർഷമാണു പുറത്തിറങ്ങിയത്.
എമ്മ ഹാർട്ട് നോവൽ പരമ്പര, ദ് റേവൻസ്കാർ ട്രിലജി, ആക്ട് ഓഫ് വിൽ, ദ് വിമൻ ഇൻ ഹിസ് ലൈഫ് തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ കൃതികൾ.
ജർമൻകാരനായ ചലച്ചിത്ര നിർമാതാവ് റോബർട് ബ്രാഡ്ഫഡിനെ വിവാഹം കഴിച്ച ശേഷം അദ്ദേഹത്തിനൊപ്പം യുഎസിലായിരുന്നു താമസം. ബാർബറയുടെ നോവലുകളിൽ പത്തെണ്ണം റോബർട് ബ്രാഡ്ഫഡ് തന്നെ സിനിമയാക്കിയിട്ടുണ്ട്.