സുന്ദരനാകാൻ ആത്മാവ് പണയം വെച്ചു; കാമുകിയുടെ ആത്മഹത്യയടക്കം ദുരന്തങ്ങൾ, ‘ഗ്രേ’യുടെ ജീവിതം
Mail This Article
വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും മികച്ച നാടകകൃത്തുക്കളിൽ ഒരാളായിരുന്നു ഓസ്കർ വൈൽഡ്. ഐറിഷുകാരനായിരുന്ന അദ്ദേഹം, നാടകകൃത്ത്, നോവലിസ്റ്റ്, കവി, നിരൂപകന്‍ എന്നീ നിലകളിൽ സാഹിത്യത്തിന് നിരവധി സംഭാവനകൾ നൽകിട്ടുണ്ട്. ഓസ്കർ വൈൽഡിന്റെ ഏറ്റവും പ്രശസ്തമായ നോവലുകളിലൊന്നാണ് 'ദ് പിക്ചർ ഓഫ് ഡോറിയൻ ഗ്രേ'. 1890 ജൂൺ ഇരുപതിനു പ്രസിദ്ധീകരിച്ച ഈ ഗോഥിക് നോവലിലെ പ്രധാന കഥാപാത്രമാണ് ഡോറിയൻ ഗ്രേ. അതിസുന്ദരനായ ഡോറിയൻ എന്ന യുവാവ് തന്റെ യൗവനത്തെ അമിതമായി വിലമതിക്കുന്നു. ഇരുപതുകാരനെങ്കിലും കൗമാരപ്രായം മാത്രമേ തോന്നിക്കൂ. അത് നിലനിർത്താൻ എന്തും ചെയ്യാൻ അയാൾ തയ്യാറാണ്.
ബേസിൽ ഹോൾവാർഡിന്റെ ആർട്ട് സ്റ്റുഡിയോയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അതിസുന്ദരനായ ഡോറിയനോട് ചിത്രകാരൻ ബേസിലിന് തീവ്രമായ ആകർഷണം അനുഭവപ്പെടുന്നു. ഡോറിയന്റെ സാന്നിധ്യത്തിൽ താൻ വരച്ച ചിത്രങ്ങൾക്ക് അസാമാന്യമായ മിഴിവും ആഴവുമുണ്ടെന്ന് മനസ്സിലാക്കുന്ന ബേസിൽ, തന്റെ സർഗശക്തിക്ക് പ്രചോദനവും ഉത്തേജനവും പകരുന്ന സ്രോതസ്സ് ഡോറിയനാണെന്നും ഉറച്ചു വിശ്വസിച്ചു. ഡോറിയൻ ഗ്രേയുടെ ഒരു പൂർണകായചിത്രം വരയ്ക്കുന്ന ബേസിൽ, ഡോറിയനോട് തനിക്കു തോന്നുന്ന വികാരം നിർവചിക്കാനാവുന്നതല്ലെന്ന് സുഹൃത്തായ ഹാരി വുൾട്ടണോട് (ഹെൻറി പ്രഭു) പങ്കുവെയ്ക്കുന്നു.
ഡോറിയന്റെ ആ പൂർണകായചിത്രത്തിന് അസാധാരണ ചൈതന്യമുണ്ടെന്നും ആ ചിത്രം പ്രദർശിപ്പിച്ചാൽ ബേസിലിന്റെ യശസ് പതിന്മടങ്ങു വർധിക്കുമെന്നും പറയുന്ന ഹാരിയോട്, താനാ ചിത്രം ഒരു കാരണവശാലും വിൽക്കുകയോ പൊതുപ്രദർശനത്തിന് വെക്കുകയോ ചെയ്യില്ലെന്ന് ബേസിൽ തറപ്പിച്ചു പറയുന്നു. ചിത്രത്തിലെ യുവാവ് കാലാകാലം അതേപടി സുന്ദരനായി നിലനിൽക്കുമെങ്കിലും ഡോറിയൻ കാലാന്തരത്തിൽ വൃദ്ധനും വിരൂപിയുമായിത്തീരുമല്ലോ എന്ന് ഹാരി പറയുന്നയിടത്താണ് കഥയുടെ വഴിത്തിരിവ് വരുന്നത്.
ബേസിൽ ആ ചിത്രം ഡോറിയന് കൈമാറുന്നു. അത് കണ്ട്, തനിക്ക് നിത്യഹരിതയുവാവായി ജീവിതം ആസ്വദിക്കാൻ കഴിഞ്ഞെങ്കിലെന്നും തന്റെ വാർധക്യം ആ ചിത്രത്തെ ബാധിക്കുകയും ചെയ്തിരുന്നെങ്കിലെന്നും ഡോറിയൻ ആഗ്രഹിച്ചു പോകുന്നു. എന്നും സുന്ദരനായി നിലനിൽക്കാൻ തന്റെ ആത്മാവ് പോലും പണയം വെയ്ക്കാൻ ഡോറിയൻ തയ്യാറാണ്. തന്റെ ആഗ്രഹം സാധിക്കാൻ പോവുകയാണെന്നും അതിന്റെ പരിണിത ഫലം ദുരന്തമാണെന്നും അറിയാതെയാണ് അയാൾ അത് പറഞ്ഞു പോകുന്നത്.
ഇതിനിടെ ഡോറിയൻ ഒരു സുന്ദരിയായ നടിയെ കണ്ടുമുട്ടി, പ്രണയത്തിലാകുന്നു. സിബിൽ വെയ്ൻ എന്ന ആ പെൺകുട്ടിയുടെ കാണാൻ ബേസിലിനെയും ഹാരിയെയും ഡോറിയൻ ക്ഷണിക്കുന്നു. എന്നാൽ ഡോറിയന്റെ സാന്നിധ്യത്തിൽ സിബിലിന് അഭിനയത്തിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. അവളുടെ സൗന്ദര്യമാണ്, കഴിവല്ല ഡോറിയനെ സ്വാധീനിച്ചതെന്ന് അവർ കരുതുന്നു. ഇതിൽ ക്ഷുപിതനായ ഡോറിയൻ, അഭിനയമായിരുന്നു അവളുടെ സൗന്ദര്യമെന്നും അതില്ലാത്ത അവളെ വേണ്ട എന്നും പറഞ്ഞ് സിബിലിനെ ഉപേക്ഷിക്കുന്നു. വീട്ടിലെത്തിയ ഡോറിയൻ, തന്റെ ഛായാചിത്രത്തിന്റെ മുഖഭാവം ക്രൂരമായി മാറിയത് ശ്രദ്ധിക്കുന്നു. തന്റെ മനസ്സിന്റെ വൈകൃതമാണ് ആ ചിത്രത്തിൽ പ്രതിഫലിക്കുന്നതെന്ന് അയാൾ മനസ്സിലാക്കുന്നു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ് സിബിലിനെ തേടി ചെന്നപ്പോള്‍ അവൾ ആത്മഹത്യ ചെയ്തു എന്ന വിവരമാണ് അയാൾക്ക് ലഭിക്കുന്നത്.
തന്റെ ജീവിതം നയിക്കുന്നത് കാമവും സൗന്ദര്യവും മാത്രമാണെന്ന് മനസ്സിലാക്കുന്ന ഡോറിയൻ, തന്റെ സ്വാർഥതയുടെ പ്രതീകമായ ഛായാചിത്രം എടുത്തു പൂട്ടി വെയ്ക്കുന്നു. പിന്നീട് പതിനെട്ട് വർഷം അയാൾ തെറ്റുകളിലൂടെ മാത്രം കടന്നു പോകുന്നു. വർഷങ്ങൾക്കു ശേഷം താൻ വരച്ച ചിത്രം ഒരിക്കൽ കൂടി കാണണം എന്ന ബേസിലിന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ, ആ ചിത്രം പുറത്തേക്കെടുത്ത ഡോറിയൻ ഞെട്ടി പോകുന്നു. വികൃതരൂപമായ ആ രൂപം തിരിച്ചറിയാൻ കൂടി സാധിക്കുന്നുണ്ടായിരുന്നില്ല. ഭയചകിതനായ ബേസിൽ, പശ്ചാത്തപിക്കുവാനും പാപമോചനത്തിനായി പ്രാർഥിക്കാൻ ഡോറിയനോട് അപേക്ഷിക്കുന്നു. കുപിതനായ ഡോറിയൻ തന്റെ വിധിക്ക് കാരണം ബേസിലാണെന്ന് പറഞ്ഞ് അയാളെ കൊല്ലുന്നു. ബേസിലിന്റെ ശരീരം നശിപ്പിക്കാൻ രസതന്ത്രശാസ്ത്രജ്ഞനായ പഴയ സുഹൃത്ത് അലൻ കാംബെല്ലിനെ നിർബന്ധിക്കുന്നു. അതിന്റെ കുറ്റബോധം സഹിക്കാനാകാതെ അലൻ പിന്നീട് ആത്മഹത്യ ചെയ്യുന്നു.
പിന്നീട് സിബിലിന്റെ സഹോദരന്റെ മരണമുൾപ്പെടെ പല ദുരന്തങ്ങളും ഡോറിയൻ കാരണം സംഭവിക്കുന്നു. കഴിഞ്ഞ പതിനെട്ടു വർഷമായി യുവാവായി തന്നെ തുടരാൻ ഭാഗ്യം ലഭിച്ചെങ്കിലും തന്റെ ജീവിതം ഒരു നരകമാണെന്ന് തിരിച്ചറിഞ്ഞ ഡോറിയൻ ഛായാചിത്രം നശിപ്പിക്കാന്‍ തീരുമാനിക്കുന്നു. രോഷാകുലനായ അയാൾ ബേസിലിനെ കൊലപ്പെടുത്തിയ കത്തി എടുത്ത് ചിത്രത്തിൽ കുത്തുന്നു. നിലവിളി കേട്ടെത്തുന്ന ഭൃത്യന്മാർ കാണുന്നത്, വെറുപ്പുളവാക്കുന്ന രൂപമുള്ള ഒരു വൃദ്ധൻ തറയിൽ നെഞ്ചിൽ കുത്തെറ്റു മരിച്ചിരിക്കുന്നതാണ്. അരികിൽ സുന്ദരനായ യുവാവിന്റെ രൂപമുള്ള ഡോറിയന്റെ ഛായാചിത്രവും കാണുന്നയിടത്ത് നോവൽ അവസാനിക്കുന്നു.
വിക്ടോറിയൻ ഇംഗ്ലണ്ടിനെ വിമർശിച്ചുവെന്നും സ്വവർഗാനുരാഗത്തെ പ്രതിനിധീകരിച്ചുവെന്നും ആരോപിച്ച് വിവാദങ്ങളിൽ കുടുക്കിയിടാനുള്ള ശ്രമങ്ങളെ അതിജീവിച്ച് കൃതിയാണ് 'ദ് പിക്ചർ ഓഫ് ഡോറിയൻ ഗ്രേ'. ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക്കായിത്തീർന്ന ഈ നോവൽ, നിരവധി സിനിമകള്‍ക്ക് പ്രചോദനമായി. 1945ൽ ആൽബർട്ട് ലെവിൻ സംവിധാനം ചെയ്ത സിനിമ മൂന്ന് അക്കാദമി അവാർഡ് നോമിനേഷനുകൾ നേടി. 'ദ് പിക്ചർ ഓഫ് ഡോറിയൻ ഗ്രേ'യെ പരാമർശിച്ച്, വൈൽഡിന്റെ ബഹുമാനാർത്ഥം 2010 മുതൽ സാഹിത്യ പ്രതിഭകളെ ആദരിക്കാൻ ഡോറിയൻ അവാർഡും ആരംഭിച്ചു.
ഡോറിയൻ ഗ്രേ എന്ന കഥാപാത്രത്തിന്റെ മാനസിക ആഴങ്ങളിലേക്ക് കടന്നുചെല്ലുന്ന നോവൽ, നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തെയാണ് ചിത്രീകരിക്കുന്നത്. ഡോറിയനിലെ നല്ല മനുഷ്യനും തിന്മയ്ക്ക് അടിമയാകുന്ന മനുഷ്യനും തമ്മിലുള്ള പോരാട്ടമാണ് കഥയുടെ കാതൽ. യൗവനം, അഴക്, പാപം, നന്മ, തിന്മ എന്നീ മനുഷ്യ സ്വഭാവങ്ങളെ ആഴത്തിൽ ചർച്ച ചെയ്യുന്ന ഈ നോവൽ സാഹിത്യലോകത്തെ ഒരു മികച്ച കൃതിയായി കണക്കാക്കപ്പെടുന്നു.