തലങ്ങും വിലങ്ങും അപ്രധാന വിവരങ്ങൾ, ഡിജിറ്റൽ ലോകത്തിനു ‘ആദരം’; ‘ബ്രെയിൻ റോട്ട്’ ഓക്‌സ്‌ഫഡ് ‘വേഡ് ഓഫ് ദി ഇയർ’
Mail This Article
അമിതമായ ഓൺലൈൻ ഉള്ളടക്ക ഉപഭോഗം, മാനസിക ക്ഷേമത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ആശങ്കയെ തുറന്നു കാട്ടുന്ന 'ബ്രെയിൻ റോട്ട്' എന്ന വാക്ക് ഓക്‌സ്‌ഫഡ് ഡിക്ഷ്നറിയുടെ ഈ വർഷത്തെ 'വേഡ് ഓഫ് ദി ഇയറായി' തിരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള ഭാഷാ വിശദാംശങ്ങളുടെ വിശകലനത്തിനും 37,000ത്തിലധികം ആളുകൾ പങ്കെടുത്ത പൊതുവോട്ടിങ്ങിനും ശേഷമാണ് ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് ഈ പദം കണ്ടെത്തിയത്.
ഓൺലൈൻ, സമൂഹമാധ്യമ ഉള്ളടക്കം ഇടതടവില്ലാതെ കണ്ടും കേട്ടും പുകയുന്ന ഇക്കാലത്തെ തലകൾക്കുള്ള ഉചിതമായ ‘ആദരമായി’ ഇത്. ഭാഷയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവത്തെ പ്രതിനിധീകരിക്കുവാനാണ് ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് എല്ലാ വർഷവും കൂടുതലായി ഉപയോഗിക്കുന്ന വാക്ക് തിരഞ്ഞെടുക്കുന്നത്.
കുറഞ്ഞ നിലവാരമുള്ളതോ നിസ്സാരമായമോ ആയ ഓൺലൈൻ ഉള്ളടക്കത്തിന്റെ അമിത ഉപഭോഗം മൂലമുണ്ടാകുന്ന മാനസികമോ ബൗദ്ധികമോ ആയ അപചയ അവസ്ഥയെയാണ് 'ബ്രെയിൻ റോട്ട്' എന്ന പദം സൂചിപ്പിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഈ വാക്കിന്റെ ഉപയോഗം 230 ശതമാനമാണ് വർധിച്ചത്. ബുദ്ധിശൂന്യമായ സ്‌ക്രോളിങ്ങിന്റെ നെഗറ്റിവ് ഫലങ്ങളെ സൂചിപ്പിക്കാൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും മറ്റു ഡിജിറ്റൽ സ്‌പെയ്‌സുകളിലും ഉപയോഗിക്കുന്ന പ്രധാന വാക്കായി 'ബ്രെയിൻ റോട്ട്' മാറിയിരിക്കുന്നു.
1854ൽ ഹെൻറി ഡേവിഡ് തോറോയുടെ 'വാൾഡൻ' എന്ന ഗ്രന്ഥത്തിലാണ് 'ബ്രെയിൻ റോട്ട്' എന്ന വാക്ക് ആദ്യമായി രേഖപ്പെടുത്തിയതെന്ന് കരുതുന്നു. എന്നാൽ കാലങ്ങൾക്കുശേഷം, സാങ്കേതിക ലോകത്തിന്റെ പശ്ചാത്തലത്തിൽ അതിന് ഒരു പുതിയ അർഥം കൈവരിച്ചു. സമൂഹമാധ്യമത്തിന്റെ പ്രതികൂല സ്വാധീനത്തെയും ഡിജിറ്റൽ യുഗത്തെയും കുറിച്ച് വർധിച്ചുവരുന്ന ആശങ്കകളെ പ്രതിഫലിപ്പിക്കുന്ന വാക്കിന്റെ അമിത ഉപയോഗം, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നമ്മുടെ ജീവിതത്തിൽ എത്രത്തോളം ആധിപത്യം പുലർത്തുന്നു എന്നതിന്റെ തെളിവാണ്. കുറഞ്ഞ മൂല്യമുള്ള ഉള്ളടക്കത്തിനായി മണിക്കൂറുകൾ ചെലവഴിക്കുന്നതിന്റെ പ്രതികൂല ഫലത്തെക്കുറിച്ച് വിദഗ്ധർ പല തവണ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഉൾവലിഞ്ഞ സ്വഭാവത്തെ അർഥമാക്കുന്ന 'ഡെമ്യൂർ' (demure), ഡിമാൻഡിനെ അടിസ്ഥാനമാക്കിയുള്ള സാധനങ്ങളുടെ വിലവ്യതിയാനത്തെ കാട്ടുന്ന 'ഡൈനാമിക് പ്രൈസിങ്' (dynamic pricing), വസ്തുതകളെയും അറിവിനെയും സൂചിപ്പിക്കുന്ന ലോർ (lore), റൊമാൻസ്, ഫാന്റസി എന്നിവ സംയോജിക്കുന്ന ഹൈബ്രിഡ് വിഭാഗമായ 'റൊമാന്റിസി' (romantasy), എഐ സൃഷ്ടിച്ച കുറഞ്ഞ നിലവാരമുള്ള ഓൺലൈൻ ഉള്ളടക്കത്തെ പറയുന്ന 'സ്ലോപ്പ്' (slop) എന്നീ വാക്കുകളും ഷോർട്ട് ലിസ്റ്റിലടങ്ങിയിരുന്നു. 2023ൽ 'റിസ്', 2022ൽ 'ഗോബ്ലിൻ മോഡ്', 2021ൽ 'വാക്സ്' എന്നിവയാണ് ഓക്‌സ്‌ഫഡ് 'വേഡ് ഓഫ് ദി ഇയറായി' തിരഞ്ഞെടുത്തത്.