വരുന്നു, നെറ്റ്ഫ്ലിക്സിന്റെ ‘വെനസ്ഡേ സീസൺ 2’; സീരീസിന് മുന്നോടിയായി പുസ്തകം പുറത്തിറക്കുന്നു
Mail This Article
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ വെബ് സീരീസാണ് ‘വെനസ്ഡേ’യുടെ രണ്ടാം സീസൺ. ഇതിന്റെ റിലീസിന് മുൻപ് പ്രേക്ഷകർക്ക് ആവേശകരമായ അനുഭവം നൽകാൻ പെൻഗ്വിൻ റാൻഡം ഹൗസ് പുതിയ പുസ്തകമിറക്കുന്നു. 'വെനസ്ഡേ - ബുക്ക് ഓഫ് ഔട്ട്‌കാസ്റ്റ്സ്' എന്ന പേരിൽ 2025 മേയ് ആറിന് വിൽപ്പനയ്ക്കെത്തുന്ന കൃതി നെവർമോർ അക്കാദമിയുടെ ഔദ്യോഗിക ഗൈഡായിരിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഷോയുടെ രചയിതാക്കളുമായി സഹകരിച്ച് ആലി റസ്സൽ എഴുതിയ 'വെനസ്ഡേ - ബുക്ക് ഓഫ് ഔട്ട്‌കാസ്റ്റ്സ്' നെവർമോർ അക്കാദമിയുടെ ലോകത്തേക്ക് വായനക്കാരെ കൂട്ടികൊണ്ടു പോവുകയും സീരീസിന്റെ കഥാപരിസരത്തോടും കഥാപാത്രങ്ങളോടും കൂടുതൽ അടുക്കാനും സഹായിക്കുകയും ചെയ്യും. ഇറ്റ് കേം ഫ്രം ദി ട്രീസ് പോലുള്ള മുൻകാല കൃതികൾക്ക് പേരുകേട്ട ആലി, 2025ൽ 'മിസ്റ്ററി ജെയിംസ് ഡൈജേഴ്‌സ് ഹെർ ഓൺ ഗ്രേവ്' എന്ന പുസ്തകവും പുറത്തിറക്കുന്നുണ്ട്.
ആമസോൺ, ടാർഗെറ്റ്, വാൾമാർട്ട്, ബാർൺസ് ആൻഡ് നോബിൾ തുടങ്ങിയ പ്രമുഖ പുസ്തകശാലകളില്‍ പുസ്തകം മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. നെറ്റ്ഫ്ലിക്സിന്റെ വെനസ്ഡേ രണ്ടാം സീസൺ ചിത്രീകരണം പൂർത്തിയാക്കി, നിലവിൽ പോസ്റ്റ്-പ്രൊഡക്ഷനിലാണ്. സീസണിന്റെ ഔദ്യോഗിക റിലീസ് തീയതിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾക്കിടയിലും ആരാധകർക്ക് ഒരു വിരുന്നായിരിക്കും പുതിയ പുസ്തകം.
'വെനസ്ഡേ'യെ മുന്‍നിർത്തി ടെഹ്‌ലോർ കേ മെജിയ എഴുതി, 2024 സെപ്റ്റംബർ മൂന്നിന് പ്രസിദ്ധീകരിച്ച 'എ നോവലൈസേഷൻ ഓഫ് സീസണ്‍ വൺ' എന്ന പുസ്തകം നിലവിൽ പുസ്തകശാലകളിൽ ലഭ്യമാണ്. ഈ പരമ്പരയെ അടിസ്ഥാനമാക്കിയുള്ള ഒരു കോമിക് പുസ്തകവും പാചകപുസ്തകവും വരാനിരിക്കുന്നുണ്ട്.